ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

8 November 2016

ഉപനിഷത്തുക്കളെ പരിചയപ്പെടാം

ഉപനിഷത്തുക്കളെ പരിചയപ്പെടാം

ഭാരതീയ സംസ്കൃതിയിലെ അനേകം ഉപനിഷത്തുക്കളില്‍ ദശോപനിഷത്തുകള്‍ എന്നറിയപ്പെടുന്ന പ്രധാനപ്പെട്ട പത്തുപനിഷത്തുക്കളെ ചെറിയ രീതിയില്‍ ഒന്നു പരിചയപ്പെടാം.

1 . ഈശാവസ്യോപനിഷത്ത്
ദശോപനിഷത്തുക്കളില്‍  ചെറുതെങ്കിലും ഏറ്റവും പ്രധാനപ്പെട്ട ഉപനിഷത്താണിത്. ഇതിൽ പതിനെട്ട് മന്ത്രങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഈശ്വരന്റെ സര്‍വ്വ വ്യാപകത്വം, വിദ്യയും സംഭൂതിയും തുടങ്ങിയ വിഷയങ്ങള്‍ ആണ് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നത്.

2. കേനോപനിഷത്ത്
നാല് ഖണ്ഡങ്ങളിലായി അറുപത്തിനാല് മന്ത്രങ്ങള്‍ ഇതില്‍
അടങ്ങിയിരിക്കുന്നു.
മനസ്സ് ആരുടെ പ്രേരണയാല്‍ വിഷയക്കുടുക്കുളില്‍ വീഴുന്നു ?
വാക്കുകള്‍ ഉച്ചരിക്കപ്പെടുന്നത് ആരുടെ പ്രേരണകൊണ്ട് ?
തുടങ്ങിയ ചോദ്യോത്തരങ്ങളിലൂടെ ഈ ഉപനിഷത്ത് കടന്നുപോകുന്നു.

3. കഠോപനിഷത്ത്
മൂന്നു " വല്ലി " കളിലായി രണ്ട് അദ്ധ്യായങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ ഉപനിഷത്ത്. യമദേവന്‍ നചികേതസ്സിനു ആത്മവിദ്യ ഉപദേശിക്കുന്നതാണ് ഇതിലെ പ്രതിപാദ്യം.
മരണം എന്നതിന്റെ സത്യവും പൊരുളും ഈ ഉപനിഷത്ത് വ്യക്തമാക്കുന്നു.

4. പ്രശ്നോപനിഷത്ത്
സത്യകാമന്‍ ,ഭരദ്വാജൻ, ഗാര്‍ഗ്ഗ്യൻ, ആശ്വലായനൻ, ഭാര്‍ഗ്ഗവന്‍, കാത്യായനന്‍ എന്നീ ആറ് ഋഷിമാര്‍  പിപ്പലാദമഹര്‍ഷിയെ സമീപിച്ചു ആറ് ചോദ്യങ്ങള്‍ ചോദിക്കുന്നു. മഹര്‍ഷി ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനോടൊപ്പം അവര്‍ക്ക്
ബ്രഹ്മവിദ്യ  ഉപദേശിച്ചു നല്‍കുകയും ചെയ്യുന്നു. ആകെ അറുപത്തിനാല് മന്ത്രങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു.

5. മുണ്ഡകോപനിഷത്ത്
രണ്ട് ഖണ്ഡങ്ങള്‍ വീതമുള്ള മൂന്ന് മുണ്ഡകങ്ങള്‍ ഇതില്‍
ഉള്‍പ്പെടുന്നു. ഇതില്‍ ബ്രഹ്മാവ്  സ്വപുത്രനായ അഥർവ്വന്  ബ്രഹ്മവിദ്യ ഉപദേശിച്ചു കൊടുക്കുന്നു . ഇതില്‍ പരാവിദ്യ,  അപരാവിദ്യ, നാമരൂപാത്മകമായ ജഗത്ത്, പ്രണവമാകുന്ന ധനുസ്സ്,
ആത്മാവാകുന്ന ശരം,  ബ്രഹ്മമാകുന്ന ലക്‌ഷ്യം തുടങ്ങിയ വിഷയങ്ങളെ പ്രതിപാദിക്കുന്നു .

6. മാണ്ഡുക്യോപനിഷത്ത്
ഇതില്‍ പ്രധാനമായും പ്രണവസ്വരൂപത്തെക്കുറിച്ചു പ്രതിപാദിക്കുന്നു . കൂടാതെ ആത്മാവിന്റെ നാല് അവസ്ഥകളായ ജാഗ്രത്‌, സ്വപ്നം, സുഷുപ്തി,  തുരീയം തുടങ്ങിയതിനെക്കുറിച്ചും ഇതില്‍ വിവരിക്കുന്നു.

7. തൈത്തിരീയോപനിഷത്ത്
ഇതില്‍ നാല് " വല്ലികള്‍ " ഉണ്ട്. വര്‍ണ്ണസ്വരമാത്രകള്‍, അഞ്ച്
അധികരണങ്ങള്‍,  മൂന്ന് വ്യാഹൃതികള്‍ എന്നിവയെപ്പറ്റി പ്രതിപാദിക്കുന്നു. കൂടാതെ വേദപഠനം കഴിഞ്ഞിറങ്ങുന്ന ശിഷ്യന്മാര്‍ക്ക് വേണ്ടവിധം ഉപദേശങ്ങള്‍ നല്‍കുകയും
ചെയ്യുന്നു.

8. ഐതരേയോപനിഷത്ത്
മൂന്ന് അദ്ധ്യായങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു. ആത്മശക്തിയുടെ
വികാസം,  ആത്മചൈതന്യത്താല്‍ ഇന്ദ്രിയങ്ങള്‍ പ്രവൃത്തിക്കുന്ന വിധം,  പുരുഷന്റെ ത്രിവിധ ജന്മങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഈ ഉപനിഷത്തില്‍ പ്രതിപാദിക്കുന്നു.

9. ഛാന്ദോഗ്യോപനിഷത്ത്
അനേകം ഖണ്ഡങ്ങള്‍ ഉള്‍ക്കൊള്ളുന്ന എട്ട്‌ അദ്ധ്യായങ്ങളോട് കൂടിയ ഉപനിഷത്താണിത് . പ്രണവോപാസന മുതല്‍ സനത്കുമാരന്‍ നാരദനെ ഉപദേശിക്കുന്നത് വരെയുള്ള
വിശാലമായ വിഷയങ്ങള്‍ വിശകലനം ചെയ്യുന്ന മഹത്തായ ഉപനിഷത്താണിത്.

10. ബൃഹദാരണ്യകോപനിഷത്ത്
ഉപനിഷത്തുക്കളില്‍ ഏറ്റവും വലിയ ഉപനിഷത്ത് ആണിത്.  ഇതില്‍ ആകെ ആറ് അദ്ധ്യായങ്ങള്‍ ഉണ്ട്. പ്രപഞ്ചത്തിലെ സൃഷ്ടിയെ വിശദമാക്കുന്ന അതിവിശാലമായ ഒരുപനിഷത്താണിത്. ആചാര്യന്മാരുടെ വംശപരമ്പരയുടെ വിവരണത്തോടുകൂടിയാണ് ഈ ഉപനിഷത്ത് അവസാനിക്കുന്നത്.

ശങ്കരാചാര്യർ ഭാഷ്യം രചിച്ച ഏറ്റവും പ്രധാനപ്പെട്ട പത്ത് ഉപനിഷത്തുകളാണ് മുകളിൽ പറഞ്ഞത്.

3 comments:

  1. 1.ശന്കരാചാര്യര് ഭാഷ്യം രചിച്ചതുകൊണ്ടാണോ ഈ പത്തെണ്ണം important ആയത്? Or vice versa?

    2. ആത്മാവിന് 3 അവസ്ഥകളേ ഉള്ളൂ-ജാഗ്രത്‌, സ്വപ്നം, സുഷുപ്തി-എന്ന് വേറൊരു ലേഖനത്തില് കണ്ടു. ഏതാണ് ശരി? ഈ അവസ്ഥകള് തമ്മിലുള്ള difference മനസിലായില്ല

    ReplyDelete
    Replies
    1. നിര്‍വാണവാന്നിര്‍മനന: ക്ഷീണചിത്ത: പ്രശാന്തധീ:

      ആത്മന്യേവാസ്സ്വ ശാന്താത്മാ മൂകാന്ധബധിരോപമ: (6/125/4)


      രാമന്‍ ചോദിച്ചു: ഭഗവാനേ, ജാഗ്രദ്-സ്വപന-സുഷുപ്തികളിലൂടെ തിരിച്ചറിയപ്പെടാതെ കടന്നുപോകുന്ന തുരീയം എന്ന അവസ്ഥ എന്താണെന്ന് വിവരിച്ച് തന്നാലും.


      വസിഷ്ഠന്‍ തുടര്‍ന്നു: നാലാമത്തെ അവസ്ഥയാകുന്ന തുരീയം അഹങ്കാരത്തിന്റെയോ അനഹന്കാരത്തിന്റെയോ; സത്തിന്റെയോ അസത്തിന്റെയോ, വരുതിയില്‍പ്പെടാത്ത സമതയാണ്. അതാണ്‌ പ്രബുദ്ധമുനിമാരുടെ ബോധതലം. അവിച്ഛിന്നമായ സാക്ഷിബോധത്തിന്റെ അനുസ്യൂതമായ സാന്നിദ്ധ്യമാണത്.


      ചിന്താസഞ്ചാരങ്ങളാല്‍ ബന്ധുരമായ ജാഗ്രദ്-സ്വപ്ന അവസ്ഥകളില്‍ നിന്നും തുലോം വിഭിന്നമായ ഒരു തലമാണത്. മന്ദതയാലും അജ്ഞാനത്താലും ചലനരഹിതമായിരിക്കുന്ന ദീര്‍ഘസുഷുപ്തിയുടെ തലവുമല്ല അത്. അഹങ്കാരം ഉപേക്ഷിക്കുമ്പോള്‍ സമ്പൂര്‍ണ്ണസമതയെന്ന സമതുലിതാവസ്ഥ സംജാതമാവുന്നു. അവിടെ തുരീയം സ്വയമുണരുന്നു.


      ഞാന്‍ അതിനെപ്പറ്റി ഇനിയൊരു കഥപറയാം. നീ പ്രബുദ്ധതയില്‍ എത്തിയെങ്കിലും ഈ കഥാശ്രവണം ഒരുവനെ പ്രബുദ്ധനാക്കാന്‍ പോന്ന ഒന്നാണ്. ഒരു വനത്തില്‍ ഒരു മാമുനി വാണിരുന്നു.അനിതരസാധാരണനായ മുനിയെക്കണ്ട് ഒരു വേടന്‍ അദ്ദേഹത്തോട് ഇങ്ങിനെ ചോദിച്ചു. ‘എന്റെ അമ്പ്‌ കൊണ്ട് മുറിവേറ്റ ഒരു മാന്‍പേട ഇപ്പോള്‍ ഇതിലേ ഓടിപ്പോയി. അതെങ്ങോട്ടാണ് പോയത്?’


      മുനി പറഞ്ഞു: ഞങ്ങള്‍ വനവാസികളായ താപസന്മാരാണ്. ഞങ്ങളുടെ സ്വഭാവം അഹങ്കാരരഹിതമായ പ്രശാന്തതയാണ്. അഹങ്കാരവും മനസ്സുമാണ് ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്. എന്നാല്‍ ഇന്ദ്രിയങ്ങള്‍ എന്നില്‍ വിശ്രാന്തിയടഞ്ഞിരിക്കുകയാണ്. ജഗ്രദ്-സ്വപ്ന-സുഷുപ്തി അവസ്ഥകള്‍ എന്തെന്ന് എനിക്കറിയില്ല. ഞാന്‍ തുരീയത്തില്‍ ആമഗ്നനാണ്. ഈ അവസ്ഥയില്‍ കാണാന്‍ ഒരു വസ്തു എന്നില്‍ നിന്നും വേറിട്ടില്ല.’


      വേടന് മുനി പറഞ്ഞ കാര്യം എന്തെന്ന് മനസ്സിലായില്ല. അയാള്‍ അവിടെ നിന്നും പോയി. അതാണ്‌ രാമാ തുരീയത്തിന്റെ അവസ്ഥ. അത് ഉപാധിരഹിതമായ ബോധമാണ്. ആ ബോധം മാത്രമേയുള്ളൂ. ജഗ്രദ്-സ്വപ്ന-സുഷുപ്തി അവസ്ഥകള്‍ മനസ്സിന്റെയാണ്. അവ, മനസ്സൊടുങ്ങുന്നതോടെ അവസാനിക്കുന്നു. സത്വം മാത്രമേ അവശേഷിക്കുന്നുള്ളൂ. അതാണ്‌ യോഗികള്‍ എത്താന്‍ ശ്രമിക്കുന്ന ഇടം. ഇതാണ് എല്ലാ ശാസ്ത്രഗ്രന്ഥങ്ങളും ഉദ്ഘോഷിക്കുന്നത്. അവിദ്യയും, മായയും ഇല്ലാത്ത വസ്തുക്കളാണ്. 


      ബ്രഹ്മം മാത്രമേയുള്ളൂ. ചിലരതിനെ നിശ്ശൂന്യത എന്ന് പറയുന്നു.ചിലര്‍ ഭഗവാന്‍ എന്നും പറയുന്നു. എന്നിട്ട് അവരതിനെക്കുറിച്ച് തര്‍ക്കിക്കുന്നു. ഈ ധാരണകളെഎല്ലാം ഉപേക്ഷിക്കൂ.


      “ചിന്താസഞ്ചാരമില്ലാത്ത നിര്‍വാണപദത്തിലഭിരമിക്കൂ. മനസ്സിനെ ഏറെ നേര്‍മ്മയുള്ളതാക്കി ബുദ്ധിയെ പ്രശാന്തമാക്കി, മൂകനെപ്പോലെ, അന്ധനെപ്പോലെ, ബധിരനെപ്പോലെ,  ആത്മാവിലഭിരമിച്ചാലും” 


      ഉള്ളില്‍ എല്ലാറ്റിനെയും ഉപേക്ഷിക്കൂ. പുറമേ ഉചിതമായ പ്രവൃത്തികളില്‍ ഏര്‍പ്പെടൂ. മനസ്സ് തന്നെയാണ് സുഖങ്ങളും ദുഖങ്ങളും. നിര്‍മനാവസ്ഥയില്‍ ഇവയെല്ലാം താനേ ഇല്ലാതെയാവട്ടെ. ആകര്‍ഷണീയം അനാകര്‍ഷണീയം എന്നിങ്ങനെ വസ്തുക്കളെ തരം തിരിക്കാതിരിക്കുക. ഈ ആത്മീയതകൊണ്ട് സംസാരത്തെ മറികടക്കാം. സുഖദുഖങ്ങളെയും അവകള്‍ക്കിടയിലുള്ളതിനെയും തിരിച്ചറിഞ്ഞ് അവയ്ക്ക് അസ്ഥിത്വം നല്‍കാതെ അവയ്ക്കതീതനവൂ. സ്വപ്രയത്നമായ ഈ സാധന അനന്തതയെ സാക്ഷാത്ക്കരിക്കാന്‍ നിനക്കുതകും.   

      Delete
    2. മറുപടി തന്ന നല്ല മനസ്സിന് നന്ദി... തുരീയം എന്തെന്ന് ഒരു ധാരണ കിട്ടി. സ്വപ്നസുഷുപ്തിജാഗ്രത്തുക്കളെ കുറിച്ച് വിശദമായ പോസ്റ്റ് വേറെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കട്ടെ...

      Delete