തിരുവാതിരവ്രതം
ആണ്ടിലൊരിക്കല്‍ മാത്രം അനുഷ്ഠിക്കുന്ന വ്രതമാണിത്. പ്രത്യേകിച്ച് സ്ത്രീകള്‍ അനുഷ്ഠിക്കുന്ന വ്രതമാണ് തിരുവാതിരവ്രതം. ദീര്‍ഘമംഗല്യത്തിനും ഭര്‍ത്താവിന്ടെ ശ്രേയസ്സിനും വേണ്ടിയാണ് ഇതനുഷ്ഠിക്കുന്നത്.
ധനുമാസത്തിലെ തിരുവാതിര നക്ഷത്രമാണ് വ്രതദിനം. അന്ന് പരമശിവന്ടെ ജന്മദിനമാണ്. ധനുവിലെ തിരുവാതിരക്കു മുന്‍പുള്ള രേവതി മുതല്‍ തിരുവാതിരവരെയുള്ള ഏഴുദിവസം കുളിച്ച് ശുദ്ധമാച്ചരിക്കുന്നു. ഉച്ചക്കുമാത്രം അരിയാഹാരവും രാത്രി പഴങ്ങളും മറ്റുമായി ആറു ദിവസം കഴിക്കുന്നു. തിരുവാതിരനാളില്‍ അരിഭക്ഷണം പൂര്‍ണമായി ഉപേക്ഷിക്കുന്നു. പഴങ്ങളാണ് അന്നത്തെ പ്രധാന ഭക്ഷണം. ചില പ്രദേശങ്ങളില്‍ കൂവപ്പൊടി കുറുക്കിയതോ, കൂവപ്പൊടികൊണ്ട് അടയുണ്ടാക്കിയതോ കഴിക്കുന്നു. മദ്ധ്യകേരളത്തില്‍ തിരുവാതിരപ്പുഴുക്ക് എന്നൊരു വിഭവം പതിവുണ്ട്. വെള്ളപ്പയര്‍ അഥവാ വന്‍പയര്‍, നേന്ത്രക്കായ, കൂര്‍ക്ക, കാച്ചില്‍, ചേന, ചേബ് എന്നിവ കൂട്ടി വേവിച്ച് തേങ്ങയും മുളകുമരച്ചുചേര്‍ത്ത് ആവികയറ്റി ഇളക്കിവാങ്ങി പച്ചവെളിച്ചെണ്ണ അല്പമൊഴിച്ചുണ്ടാകുന്നതാണ് തിരുവാതിരപ്പുഴുക്ക്.
തിരുവാതിരനാളില്‍ പുലരുംമുമ്പേ കുളിച്ച് വ്രതമെടുക്കുന്നു. ഊഞ്ഞാലാട്ടം, തിരുവാതിരക്കളി മുതലായ വിനോദങ്ങളിലേര്‍പ്പെട്ട് രാത്രി ഉറക്കമൊഴിക്കുകയും അര്‍ദ്ധരാത്രിക്കുശേഷം കളി അവസാനിപ്പിച്ച് കുളത്തിലോ പുഴയിലോ കുളിച്ച് പാതിരാപ്പുവ് ചൂടി ശിവക്ഷേത്രദര്‍ശനം നടത്തി വ്രതം അവസാനിപ്പിക്കുന്നു.
മകയിര്യം നാളില്‍ സന്ധ്യക്ക് എട്ടങ്ങാടി ചുടുന്നു. എട്ടങ്ങാടി എന്നാല്‍ രണ്ടുതരം ചേമ്പ്, ചേന ,കാച്ചില്‍, ചെറുകിഴങ്ങ് , കൂര്‍ക്ക, നനകിഴങ്ങ്, മധുരകിഴങ്ങ് എന്നെ എട്ടു കിഴങ്ങുകളും നേന്ത്ര കായും കൂടെ തീകനലില്‍ ചുട്ടെടുത്തതും, വന്‍പയര്‍ വേവിച്ചത്, തെങ്ങകൊത്ത്, കരിക്കിന്‍ വെള്ളം ശര്‍ക്കര എന്നിവയും ചേര്‍ത്ത് ഇളക്കി എടുക്കുന്നതാണ്.
ദക്ഷ പ്രജാപതിയുടെ മകളായ സതിയുടെ ആത്മ ത്യാഗത്തിനു ശേഷം കുപിതനായ ശിവന്‍ ഒരു ഗുഹയില്‍ കഠിനതപസില്‍ ഏര്‍പ്പെട്ടിരിക്കുന്ന കാലത്ത് പാര്‍വതി ദേവി ശിവനില്‍ അനുരക്തയായി ശിവനെ പൂജിച്ചിരുന്നു. ശിവന്റെ തപസിനെ ഇളക്കാന്‍ സാധിക്കാതെ വിഷമിച്ച പാര്‍വതി കാമദേവന്റെ സഹായത്താല്‍ ശിവന്റെതപസിനു ഭംഗം വരുത്തുന്നു. ഇതില്‍ കോപിതനായ പരമശിവന്‍ തന്റെ മൂനാമത്തെ കണ്ണ് തുറന്നു കാമദേവനെഭസ്മം ആക്കുന്നു. തുടര്‍ന്ന് രതീദേവിയുടെ അപേക്ഷ പ്രകാരം കാമദേവന് പുനര്‍ജ്ജന്മം ലഭിക്കുമെന്ന് പരമശിവന്‍ പറയുന്നു. ഇതിന്റെ സന്തോഷത്തില്‍ സ്ത്രീകള്‍ ആടിപ്പാടി ആഘോഷിച്ചതാണ് തിരുവാതിര എന്നും പറയപ്പെടുന്നു.
മകയിര്യം നാളില്‍ എട്ടങ്ങാടി നേദിച്ച് കത്തിച്ചു വെച്ച നിലവിളക്കിനു മുന്‍പില്‍ കുരവയുടെ മംഗള ശബ്ദത്തോടെ സ്ത്രീകള്‍ കാമദേവനെ പൂജിച്ചു , ഗണപതിയെയും സരസ്വതിയും സ്തുതിച്ചു കൊണ്ട് തിരുവാതിര കളിച്ചുതുടങ്ങും. പല പാട്ടുകള്‍ പാടിക്കളിച്ചു കഴിയുമ്പോള്‍ സദസില്‍ ഉള്ളവര്‍ക്ക് എട്ടങ്ങാടി നല്‍കുന്നു.
പിറ്റേന്നാണ് തിരുവാതിര. ഈ പറഞ്ഞപോലെ അതിരാവിലെ വെള്ളത്തില്‍ തുടിച്ചു കുളി കഴിഞ്ഞു സ്ത്രീകള്‍ശിവ ക്ഷേത്ര ദര്‍ശനം കഴിഞ്ഞു തിരുവാതിര പുഴുക്ക് പുഴുങ്ങുന്നു. പുഴുക്ക് കഴിച്ചതിനു ശേഷം ഉല്ലാസത്തിനായിഊഞ്ഞാലാട്ടം നടത്തുന്നു. സ്ത്രികൾ വെറ്റില മുറുക്കുന്ന ഒരു ചടങ്ങും ഉണ്ടായിരുന്നു.
കല്യാണം കഴിഞ്ഞു വരുന്ന ആദ്യത്തെ തിരുവാതിര ഒരുപെണ്‍കുട്ടിയുടെ പൂത്തിരുവാതിര ആണ്. പൂത്തിരുവാതിര പെണ്‍കുട്ടിയുടെ വീട്ടില്‍ സ്ത്രീകള്‍ എല്ലാവരും കൂടെസന്ധ്യ ആകുമ്പോള്‍ ഒത്തു കൂടി ആണ് ബാക്കി ചടങ്ങുകള്‍ നടത്തുക.
സുമംഗലി മാരും കന്യകമാരും നടുമുറ്റത്ത് അരിപ്പൊടി കലക്കി അമ്മിക്കല്ലിനെ അര്‍ദ്ധനാരീശ്വര സങ്കല്‍പ്പത്തില്‍ വെക്കുകയും വിളക്ക് ഗണപതിയായി സങ്കല്പിച്ചു പൂജ നടത്തുകയും ചെയുന്നു. പൂജ പുഷ്പ്പം അടക്കമണിയെന്‍ എന്ന ചെടിയുടെ നാമ്പ് ആണ്. എല്ലാ സ്ത്രീകളും കുങ്കുമം ചന്ദനം, ചാന്ത് എന്നിവ നെറ്റിയില്‍ തൊട്ടു കണ്ണെഴുതിമൂന്ന് വെറ്റില അടക്കമാനിയെന്റെ നാമ്പ് എന്നിവ കൊണ്ട് അര്‍ദ്ധ നാരീശ്വരന്‍ ഗണപതി എന്നിവരെ അര്‍ച്ചിക്കുന്നു. തുടര്‍ന്ന് അരുന്ധതീ ദേവിയെ പ്രാര്‍ഥിച്ചു നെടുമംഗല്യത്തിനും മംഗല്യത്തിനും ആയി പ്രാര്‍ത്ഥിച്ചു തിരുവാതിര കളി തുടങ്ങുന്നു.
വല്യ ചുവടുകള്‍ ഇല്ലാതെ നിലവിളക്കിനു ചുറ്റും വട്ടത്തില്‍ ആണ് തിരുവാതിര കളിക്കാറ് ഉള്ളത്. ഭാവാഭിനയം ഇല്ല. പടവിന്യസങ്ങളും കൈ, മെയ്യ് ചലങ്ങലുമാനുള്ളത്. പാട്ട് പാടിക്കൊണ്ട് ശരീരവും കൈകളുംചലിപ്പിക്കണം. കൈപ്പത്തികള്‍ കമിഴ്തുകയും മലര്‍ത്തുകയും ആണ് ചെയ്യാറുള്ളത്. കഥകളിയുടെയും മോഹിനിയാട്ടത്തിന്റെയും ചുവടുകളാണ് ഇതില്‍ കൂടുതലും.
ചടങ്ങുകള്‍ തുടങ്ങുന്നതിനു മുന്‍പ് കുരവയുടെ മംഗള ശബ്ദവും കൂടെ ഉണ്ടാവും. പ്രധാനമായുള്ള പാട്ടുകള്‍ പാടിതിരുവാതിര കളിച്ചു കഴിയുമ്പോള്‍ പാതിരാപ്പൂ ചൂടാന്‍ സമയമാകും. പത്തു തരം പുഷ്പങ്ങള്‍ ആണ് (ദശപുഷ്പ്പങ്ങള്‍) പാതിരാ പൂ ആയി എടുക്കുന്നത്. ദശപുഷ്പങ്ങള്‍ എന്ന് പറഞ്ഞാല്‍ പത്തു തരം സസ്യങ്ങള്‍ ആണ്. കറുക, കൃഷ്ണക്രാന്തി, പൂവാംകുരുന്നില, നിലപ്പന, കൈയ്യോന്നി, മുക്കുറ്റി, തിരുതാളി, ഉഴിഞ്ഞ, ചെറൂള ( ചെരുപൂള), മുയല്‍ച്ചെവിയന്‍. ഇതില്‍ കറുക പുഷ്പ്പിക്കാത്തതും ബാക്കി ഒന്‍പതും പുഷ്പ്പിക്കുന്നവയും ആണ്. ഓരോ പൂവിനും അതിന്റെതായ ദേവനും മഹാത്മ്യങ്ങളും ഉണ്ട്.
നേരത്തെ തന്നെ തീരുമാനിച്ചിരിക്കുന്ന ഒരു സ്ഥലത്ത് ദശപുഷ്പ്പങ്ങള്‍ ഒരു ഇലയില്‍ എടുത്തു കൊണ്ട്വെച്ചിരിക്കും. പതിരപ്പൂ ചൂടെണ്ട സമയമാകുമ്പോള്‍ സ്ത്രീകള്‍ എല്ലാവരും പാട്ടും കുരവയുംഅര്‍പ്പുവിളികളുമായി പൂ തിരുവാതിര പെണ്ണ് മുന്പെയും ബാക്കിയുള്ളവര്‍ പിന്നാലെയും ആയി ദശപുഷ്പം വെച്ചിരിക്കുന്ന സ്ഥലത്ത് എത്തുന്നു. തുടര്‍ന്ന്
സാരസാക്ഷിമാര്‍ കേള്പ്പിനെല്ലാരും
സാരമാം മമ ഭാഷിതം
ഒരു മീ വിധം ലീല കളിനി നേരം പാതിരാവയല്ലോ
ധന്യമാം ദശപുഷ്പ്പങ്ങള്‍ ചൂടാന്‍
മന്ദമേന്നിയെ പോകനാം......
ചൊല്ലെഴും അതിന്‍ നാമങ്ങള്‍
സത് ഗുണങ്ങളെ വര്‍ണ്ണിച്ചു കേള്‍പ്പാന്‍
എന്ന പാട്ടും പാടി ഓരോ പൂവിന്റെയും പേരും ചൊല്ലി പാലക്കു നീര് കൊടുക്കുന്നു എന്ന ചടങ്ങ് നടത്തുന്നു. ഓരോ പൂവിന്റെയും പേരിനനുസരിച്ചു കിണ്ടിയില്‍ നിന്നും വെള്ളം മരത്തിന്റെ ചുവട്ടില്‍ ഒഴിക്കുകയാണ് ചെയുന്നത്. തുടര്‍ന്ന് ദശപുഷ്പ്പവും എടുത്തുകൊണ്ടു കളിക്കളത്തിലേക്ക് മടങ്ങുന്നു. നിലവിളക്കിനു മുന്‍പില്‍ അഷ്ടമംഗല്യവും ( ചെപ്പ്, കണ്ണാടി, അക്ഷതം, വസ്ത്രം, ഗ്രന്ഥം, സ്വര്‍ണ്ണം, കിണ്ടി, ചന്ദനം ) ദശപുഷ്പ്പവും വെച്ച്പൂത്തിരുവാതിര പെണ്ണിനെ ഒരു പലകയില്‍ ഇരുത്തി ഓരോ പൂവിന്റെയും പേരുപറഞ്ഞു എടുത്തു തലയില്‍ചൂടിക്കുന്നു. ഇതേപോലെ മറ്റുള്ളവരും ചെയ്യുന്നു. തുടര്‍ന്ന് വീണ്ടും തിരുവതിരകളിച്ചു മംഗളവും പാടികുരവയും ഇട്ടു അവസാനിപ്പിക്കുന്നു. അപ്പോളേക്കും നേരം പുലരും .തുടര്‍ന്ന് കുളിച്ചു വന്നു നോയമ്പ്അവസാനിപ്പിക്കുന്നു.
ഗംഗാസ്‌നാനം നടത്തിയാണ് വ്രതം അനുഷ്‌ഠികേണ്ടത്. അതിനാല്‍ കുളിക്കാനുപയോഗിക്കുന്ന ജലത്തില്‍ വിരല്‍മുക്കി മൂന്നുതവണ
'ഓം ഗംഗേ ച യമുന ചൈവ ഗോദാവരി സരസ്വതി നര്‍മ്മദേ സിന്ധു കാവേരി ജലേസ്‌മിന്‍ സിന്നിധി കുരു'
എന്ന മന്ത്രം ചൊല്ലി വെള്ളത്തെ ശുദ്ധീകരിക്കണം. കുളികഴിഞ്ഞ് മഞ്ഞളും ചന്ദനവും ചേര്‍ത്ത് നെറ്റിയില്‍ തൊടണം. കണ്ണെഴുതി കുങ്കുമം സീമന്തരേഖയില്‍ തൊടുക. അരി ആഹാരം വര്‍ജ്‌ജ്യമാണ്. ചേന, ചേമ്പ്, കാച്ചില്‍, കൂര്‍ക്ക, നനകിഴങ്ങ്, ചെറുചേമ്പ്, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്, ഏത്തക്കായ ഇവ പുഴുങ്ങി നിവേദിക്കുക. എട്ടങ്ങാടി, ഗോതമ്പ്, പയറ്, കടല, പഴവര്‍ഗം, കരിക്കിന്‍ വെള്ളം എന്നിവ കഴിക്കാം.
'ഓം ശിവശക്‌തിയൈക്യരൂപിണിയേ നമഃ'
എന്ന് 108 പ്രാവശ്യം ഉരുക്കഴിക്കുന്നത് ഭാര്യ ഭര്‍തൃബന്ധത്തിന്റെ ഐക്യത്തിന് ഉത്തമമാണ്.
ഉദ്ദിഷ്‌ട വിവാഹം നടക്കാന്‍ പെണ്‍കുട്ടികള്‍ 'ഓം സോമായ നമഃ' എന്ന് 108 പ്രാവശ്യം ഉരുക്കഴിക്കുക.
'ഓം ഉമാമഹേശ്വരായനമഃ' എന്ന് 108 തവണ ഉരുക്കഴിക്കുന്നതിലൂടെ ആണ്‍കുട്ടികള്‍ക്ക് നല്ല ഭാര്യമാരെ ലഭിക്കുന്നതാണ്.
തിരുവാതിര ദിനം ഉറക്കമിളയ്‌ക്കുന്നതും ഭജന, ശിവസഹസ്രനാമ പാരായണം, ഹാലാസ്യ മാഹാത്മ്യ പരായണം, നമഃശിവായ മന്ത്രജപം എന്നിവ നല്ലതാണ്. പുണര്‍തം ദിവസം ശിവനെ മനസ്സില്‍ ധ്യാനിച്ച് ശിവക്ഷേത്രദര്‍ശനം നടത്തി തീര്‍ത്ഥം സേവിച്ച് വ്രതമവസാനിപ്പിക്കുക.
തിരുവാതിര ആഘോഷവുമായി ബന്ധപ്പെട്ട് ഒട്ടനവധി ഐതിഹ്യങ്ങൾ പ്രചാരത്തിലുണ്ട്. ഇന്ദ്രദേവാദികൾ പാലാഴിമഥനം നടത്തിയപ്പോൾ നാഗരാജാവ് വാസുകിയുടെ വായിൽനിന്ന് പുറത്തുവന്ന കാളകൂടവിഷം ഭൂമിയിൽ വീണ് ഭൂമി നശിക്കാതിരിക്കാൻ ദേവന്മാർ ശിവനോട് സഹായം അഭ്യർത്ഥിക്കുകയും ശിവൻ ആ വിഷം വിഴുങ്ങുകയും, ശിവനു അത് വിഴുങ്ങിയിട്ട് കുഴപ്പം ഇല്ലാതിരിക്കാൻ പാർവ്വതീദേവി ശിവന്റെ കഴുത്തിൽ അമർത്തിപ്പിടിച്ച് ഉറക്കമൊഴിഞ്ഞ് പ്രാർഥിച്ചു എന്നതാണ് ഒരു കഥ. തിരുവാതിര ആഘോഷത്തിൽ ഉറക്കമൊഴിക്കൽ വന്നത് അങ്ങനെ ആണത്രേ.
പരമശിവനും പാർവതിയും തമ്മിൽ വിവാഹം നടന്ന തിരുനാൾ ആണ് തിരുവാതിര എന്നും ഐതിഹ്യം ഉണ്ട്.
നെടുമംഗല്യത്തിന്
ലളിതേ സുഭഗേ ദേവി സുഖസൗഭാഗ്യദായിനി
അനന്തം ദേവി സൗഭാഗ്യം
മഹ്യം തുഭ്യം നമോ നമഃ
ഈ മന്ത്രം ചൊല്ലി നിത്യേന ദേവിയെ ധ്യാനിക്കുന്നതും ദീർഘമംഗല്യത്തിനും കുടുംബസൗഭാഗ്യത്തിനും ഉത്തമമാണ്.
ദശപുഷ്പവും അതു ചൂടിയാലുളള ഫലവും
കറുക – ആധിവ്യാധി നാശം
പൂവാങ്കുരുന്നില – ദാരിദ്ര ദുഃഖശമനം
നിലപ്പന – പാപനാശം
കയ്യോന്നി – പഞ്ചപാപശമനം
മുക്കുറ്റി – ഭർത്തൃസുഖം, പുത്രസിദ്ധി
തിരുതാളി – സൗന്ദര്യ വർദ്ധനവ്
ഉഴിഞ്ഞ– അഭീഷ്ടസിദ്ധി
ചെറൂള – ദീർഘായുസ്സ്
മുയൽ ചെവിയൻ – മംഗല്യസിദ്ധി
കൃഷ്ണക്രാന്തി – വിഷ്ണു ഫലപ്രാപ്തി
No comments:
Post a Comment