ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 November 2016

നാമജപം

നാമജപം

നാമജപം ജീവിതയാത്രയില്‍ അനുഭവിക്കേണ്ടിവരുന്ന ദുഃഖങ്ങളില്‍ നിന്നും ഒരു കവചംപോലെ മനുഷ്യര്‍ക്ക്‌ ശാന്തി നല്‍കുന്നു. അതുപോലെ മനസ്സിന് ശുദ്ധി നല്‍കുന്നതിന് നാമജപംപോലെ ഫലപ്രദമായ മറ്റൊരു മാര്‍ഗ്ഗമില്ല. ചിത്തശുദ്ധി കൈവരിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഭക്തിപൂര്‍വ്വമായ നാമജപം. നിരന്തരമായ നാമജപംകൊണ്ട് നമ്മുടെ മനസ്സ് നിര്‍മ്മലമാകുകയും അവിടെ ഈശ്വരചൈതന്യം ഉണരുകയും ചെയ്യുന്നു. നിരന്തരമായ നാമജപത്തിലൂടെ നമ്മുടെ മനസ്സില്‍ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങളെയും പാപക്കറകളെയും കഴുകിക്കളഞ്ഞ് അവിടം നിര്‍മ്മലമാകുമ്പോള്‍ അവിടെ നന്മയുടെ ഈശ്വരചൈതന്യവും കൂടുതല്‍ തെളിമയോടെ വിളങ്ങുന്നു. ഭൌതികദുഃഖങ്ങളില്‍ നിന്നുള്ള മോചനവും ആത്മീയമായ ഉന്നതിയും ഇവിടെ നിന്നാണ് ആരംഭിക്കുന്നത്. നിരന്തരമായ നാമജപം നമ്മിലെ താമസ രാജസ ഭാവങ്ങളുടെ പ്രഭാവത്തെ നശിപ്പിച്ച് സാത്ത്വികത ഉണര്‍ത്തുന്നു. നാമജപം മൂലം മനുഷ്യമനസ്സിലും സമൂഹമനസ്സിലും സാത്വികഭാവം വളരുമ്പോള്‍ അത് ലോകത്തിന് അത്ഭുതകരമായ വിധത്തില്‍ ശാന്തി പ്രദാനം ചെയ്യും.

കലിയുഗത്തില്‍ ഈശ്വരോപാസനയ്ക്ക് ഏറ്റവും ഫലപ്രദമാണ് നാമജപം. ഭോഗവും ഒടുവില്‍ മോക്ഷവും സിദ്ധിക്കുന്നു. സഗുണോപാസനയ്ക്കുള്ള വിവിധ മാര്‍ഗ്ഗങ്ങളില്‍ പലതും കലിയുഗ മനുഷ്യന് അനുഷ്ഠിക്കാന്‍ പ്രയാസം നേരിടുന്നു. സത്യയുഗത്തില്‍ "ധ്യാനം" ഏറ്റവും പ്രധാന ഉപാസനാമാര്‍ഗ്ഗമായിരുന്നു. ആ യുഗത്തില്‍ മനുഷ്യമനസ്സ് നിര്‍മ്മലമായിരുന്നതിനാല്‍ ധ്യാനം സുഗമവും ഫലപ്രദവുമായിരുന്നു. തുടര്‍ന്ന് ത്രേതായുഗത്തില്‍ "യാഗവും", ദ്വാപരയുഗത്തില്‍ "പൂജയും" പ്രധാന ഉപാസനാമാര്‍ഗ്ഗങ്ങളായിരുന്നു. കലിയുഗത്തില്‍ മനുഷ്യമനസ്സ് കൂടുതല്‍ മലിനവും ഏകാഗ്രത നഷ്ടപ്പെട്ടതുമായിരുന്നു. അതുകൊണ്ടാണ് ഈ യുഗത്തില്‍ നാമസങ്കീര്‍ത്തനം ഏറ്റവും ഉത്തമമായ ഉപാസനാമാര്‍ഗ്ഗമായി നിര്‍ദ്ദേശിയ്ക്കപ്പെടുന്നത്.

No comments:

Post a Comment