ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

2 November 2016

ഹൈന്ദവ ആരാധനയിലെ വിശേഷപുഷ്പങ്ങൾ

ഹൈന്ദവ ആരാധനയിലെ വിശേഷപുഷ്പങ്ങൾ

ആത്മീയവും ലൗകികവുമായ അഭിലാഷങ്ങളുടെ , ഭക്തിയുടെ പ്രതീകമാണ് പൂക്കൾ. പുഷ്പാർച്ചന ഇല്ലാതെ ഒരു ഹൈന്ദവ ദേവതാരാധനയും പൂർണ്ണമാവില്ല..

ദേവതമാർക്ക് പ്രിയപ്പെട്ട പൂക്കൾ അർപ്പിക്കാതെ അവരുടെ പൂജക്ക് പൂർണ്ണത ഉണ്ടാവുകയില്ല. ഓരോ പുഷ്പവും ഓരോ ദേവതമാരുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ട്. പുഷ്പത്തിന്റെ നിറത്തിനും പ്രധാന പങ്കുണ്ട്.
ദേവപൂജക്ക് യോഗ്യമായ പൂക്കൾ ......
നല്ല സുഗന്ധമുള്ള പൂക്കളാണ് ദേവപൂജക്ക് ഉപയോഗിക്കുക..അമിതഗന്ധം ഉള്ളവയൊ തീരെ ഗന്ധം ഇല്ലാത്തവയൊ പൂജക്ക് ഉപയോഗിക്കാറില്ല. പൂർണ്ണമായി വിടർന്നവ മാത്രമെ എടുക്കാവൂ. കേടുള്ളവ , ചതവൊ വാടലൊ ഉള്ളവ ഉപയോഗിക്കാൻ പാടില്ല. പൂന്തോട്ടത്തിൽ വളർത്തുന്നതും കാട്ടിൽ വളരുന്നവയുമായ പൂക്കള് ഉത്തമമാണ്. പുഷ്പങ്ങളെ അവയുടെ ഗന്ധം, രൂപം , നിറം , ഉൽഭവം എന്നിവയുടെ അടിസ്ഥാനത്തിൽ സാത്വികം , രാജസികം , താമസികം എന്നിങ്ങനെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. സാത്വികവും രാജസികവുമായ പുഷ്പങ്ങള് നിത്യപൂജകൾക്കും താമസികപുഷ്പങ്ങള് വിശേഷ അവസരങ്ങളിലും ഉപയോഗിക്കുന്നു.

സാത്വികപുഷ്പങ്ങള് -

നന്ദ്യാർവട്ടം , മന്ദാരം , വെള്ളഎരുക്ക് , തുമ്പ , മുല്ല , വെള്ളത്താമര എന്നിവ.

രാജസപുഷ്പങ്ങൾ

പാടലപുഷ്പം , ഉമ്മം , ചുവന്ന താമര എന്നിവ.

താമസപുഷ്പങ്ങൾ

കാശപുഷ്പം , പരുത്തി ,കൈതപ്പൂവ് , ചെമ്പരുത്തി എന്നിവ.

പുഷ്പങ്ങൾ ഹൈന്ദവശാസ്ത്രത്തിൽ ....

ദേവതകൾക്ക് അർപ്പിക്കേണ്ട പുഷ്പങ്ങളെകുറിച്ച് വിരോചനന്റെ പുത്രൻ ബാലിയോട് ശുക്രാചാര്യർ പറഞ്ഞു -''ആദ്യം തപസ് ഉണ്ടായി. പിന്നെ ധർമ്മം ഉണ്ടായി. ഇവയുടെ മദ്ധ്യത്തില് വള്ളികളും ഔഷധച്ചെടികളും ഉണ്ടായി..''(മഹാഭാരതം , അനുശാസനപർവ്വം.)
പുഷ്പങ്ങള് മനസിനെ സന്തോഷിപ്പിക്കുന്നു , ഐശ്വര്യം തരുന്നു..അതുകൊണ്ട് നല്ലത് ചെയ്യുന്നവരെ സുമതുല്യര് അല്ലെങ്കില് സുമനസ് എന്നു വിളിക്കുന്നു. പരിശുദ്ധ മനസുള്ളവര് ദേവതകൾക്ക് പൂക്കൾ അർപ്പിക്കുന്നതില് ഉൽസാഹമുള്ളവരായിരിക്കും. അവരുടെ അർപ്പണത്തിൽ പ്രീതരാകുന്ന ദേവതകൾ അവർക്ക് സമ്പൽസമൃദ്ധി കൊടുക്കുന്നു. (മഹാഭാരതം -അനുശാസനപർവ്വം )
ദേവതകളുടെ വിശേഷപുഷ്പങ്ങൾ .

ഉമ്മത്തിൻപൂവ് ശിവപൂജയില് സാധാരണയായി ഉപയോഗിക്കാറുണ്ട്. ചെമ്പകവും കൈതപ്പൂവും ശിവപൂജക്ക് ഉപയോഗിക്കാറില്ല. മഹാവിഷ്ണുവിന് വെള്ളപുഷ്പങ്ങളാണ് പ്രിയം. ശക്തിപൂജയിൽ കാളിക്കും ചാമുണ്ഡിക്കും ചെമ്പരുത്തി പൂവാണ് ഉപയോഗിക്കേണ്ടത്. പശ്ചിമബംഗാളിൽ കാളീപൂജാസമയത്ത് 108 ജപാകുസുമം/ചുവന്നചെമ്പരുത്തി പൂവുകൊണ്ട് ഉണ്ടാക്കിയ മാല കാളീവിഗ്രഹത്തില് അണിയിക്കാറുണ്ട്. ഗണേശപൂജയില് നല്ല നിറമുള്ള പുഷ്പങ്ങളാണ് ഉപയോഗിക്കേണ്ടത്. മഞ്ഞ/ഓറഞ്ച് നിറമുള്ള ചെണ്ടുമല്ലിപൂക്കൾ ഗണേശപൂജക്ക് ഉയോഗിക്കുന്നു.
ഹൈന്ദവരുടെ ഏറ്റവും പൂജ്യമായ പുഷ്പം താമരയാണ്. സൃഷ്ടികർത്താവായ ബ്രഹ്മാവ് ഉണ്ടായതുതന്നെ താമരയിൽനിന്നാണല്ലൊ. സൂര്യദേവനും ദുർഗക്കും സരസ്വതിക്കും താമരപുഷ്പം അർപ്പിക്കാറുണ്ട്. പൊതുവെ എല്ലാ ദേവതകൾക്കും പ്രിയമായ പുഷ്പമാണ് താമര. ഹൈന്ദവവിശ്വാസപ്രകാരം മാവിൻപൂവ് കാമദേവന്റെ പ്രതീകമാണ്. ശനിപൂജക്ക് നീലനിറമുള്ള പൂക്കൾ മാത്രമെ ഉപയോഗിക്കുകയുള്ളൂ. ഇലകളും പുഷ്പമായി ഉപയോഗിക്കാറുണ്ട്. വിഷ്ണുപൂജക്ക് ഏറ്റവും വിശേഷമായത് തുളസിയും ശിവപൂജക്ക് ഏറ്റവും വിശേഷമായത് വില്വദളവുമാണ്.

ചില പുഷ്പങ്ങൾ ചില ദേവതമാർക്ക് നിഷിദ്ധമാണ്. ഇത് അറിഞ്ഞിരിക്കണം.
ഉപയോഗിക്കാൻ പാടില്ലാത്ത പുഷ്പങ്ങൾ

ശിവന് കൈതപ്പൂവ് അർച്ചിക്കാൻ പാടില്ല.
ഗണപതിക്ക് തുളസിപ്പൂവ് അർച്ചിക്കാൻ പാടില്ല.
പാർവ്വതിക്ക് എരുക്കിൻപൂവ് , നെല്ലിപൂവ് ഇവ നിഷിദ്ധമാണ്.
ശ്രീരാമന് അരളിപ്പൂവ് നിഷിദ്ധമാണ്.
സൂര്യദേവന് വില്വദളം നിഷിദ്ധമാണ്.
ഭൈരവന് നന്ദ്യാർവട്ടം നിഷിദ്ധമാണ്.

No comments:

Post a Comment