ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

31 May 2020

നാരദൻ്റെ ഗന്ധർവ്വജന്മം

നാരദൻ്റെ ഗന്ധർവ്വജന്മം

ബ്രഹ്മപുത്രനായി ജനിച്ചതിനുശേഷമുള്ള നാരദന്റെ രണ്ടാം ജന്മമാണ് ഉപബർഹണൻ എന്ന ഗന്ധർവ്വൻ,  ബ്രഹ്മശാപത്തിന്റെയും ഗന്ധർവ്വജന്മത്തിന്റെയും കഥ " ഭാഗവതം  ദശമസ്കന്ധ'ത്തിലുള്ളതാണ്

ബ്രഹ്മദേവന്റെ പുത്രനായിപ്പിറന്ന് നാരദൻ ബ്രഹ്മലോകത്തു കഴിയുന്ന കാലം. ബാല്യം മുതൽക്കേ നാരദനു ഭക്തിയിലായിരുന്നു താൽപര്യം . ഭഗവത്കീർത്തനങ്ങൾ മനഃ പാഠമാക്കി പാടി നടക്കുന്നതിൽ അദ്ദേഹം അത്യധികം ആനന്ദം കണ്ടത്തി. ലൗകിക ജീവിതത്തിലെ സുഖഭോഗങ്ങളോട് അദ്ദേഹത്തിന് തെല്ലും താൽപര്യം തോന്നിയില്ല. വളർന്നുവന്നപ്പോൾ നാരദന്റെ ഈ ഭക്തിപക്ഷപാതം വർദ്ധിച്ചതേയുള്ളൂ . ബ്രഹ്മാവിന്റെ മറ്റു പുത്രന്മാരായ മരീചിയും സനകനും മറ്റും ബ്രഹ്മചര്യം സ്വീകരിച്ചത് നാരദനും പ്രചോദകമായി. മായാ ബന്ധങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഭൗതികജീവിതമല്ല, ആത്മശാന്തി നൽകുന്ന സന്ന്യാസജീവിതമാണ് താൻ കാംക്ഷിക്കുന്നതെന്ന് നാരദൻ പിതാവിനോട് ഉണർത്തിച്ചു. എന്നാൽ, ബ്രഹ്മാവിന് അതു തെല്ലും സ്വീകാര്യമായില്ല. മറ്റു പുത്രൻമാർ ബ്രഹ്മചാരികളായ സ്ഥിതിക്ക് നാരദൻ ഗാർഹസ്ഥ്യം സ്വീകരിച്ച് പ്രജാസൃഷ്ടി നടത്തണമെന്ന് അദ്ദേഹം കല്പിച്ചു. പിതൃകല്പ്പന അനുസരിക്കാൻ തനിക്കു നിർവ്വാഹമില്ലെന്ന് നാരദനും തീർത്തുപറഞ്ഞു. മകന്റെ പിടി വാശി ബ്രഹ്മദേവനെ കോപാകുലനാക്കി. അദ്ദേഹം നാരദനു നേരേ ശാപവചനങ്ങൾ ചൊരിഞ്ഞു."പിതാവിന്റെ ആജ്ഞകൾ അനുസരിക്കാത്തതിന്റെ ശിക്ഷ നീയനുഭവിക്കും. വരും ജന്മത്തിൽ അമ്പതു കന്യകമാരെ ഭാര്യയാക്കേണ്ട അവസ്ഥ നിനക്കു കൈവരും! ഈ ജന്മം കഴിഞ്ഞാൽ ഒരു ഗന്ധർവ്വജന്മമാണ് നിനക്ക് വിധിക്കപ്പെട്ടിട്ടുള്ളത്. ഒന്നാന്തരം ഗായകനായും വീണാവാദന വിദഗ്ദ്ധനായും നീ പേരെടുക്കും. മഹാവിഷ്ണുവിന്റെ ഉത്തമഭക്തനായി ജീവിക്കുമ്പോഴും എന്റെ ശാപത്തിൽ നിന്നും നിനക്കു രക്ഷപ്പെടാനാവില്ല. അമ്പതു ഭാര്യമാരുണ്ടായിട്ടും നിന്റെ സ്ത്രീലമ്പടത്വം നിനക്ക് ദോഷമാവും.  സുഖകരമല്ലാത്ത ഒരന്ത്യത്തിനുശേഷം നീ വീണ്ടും എന്റെ മകനായി  പിറക്കും! അതിനിടയിൽ വൃഷലീ പുത്രനും പരമഭക്തനുമായി ജനിക്കാനുള്ള നിയോഗവും നിന്നിൽ ഞാൻ കാണുന്നുണ്ട്.  നാരദൻ ഈ വാക്കുകൾ കേട്ട് സ്തംഭിച്ചു നിന്നുപോയി. അങ്ങനെ കാലം കുറെ കഴിഞ്ഞു. സന്താനഭാഗ്യം നിഷേധിക്കപ്പെട്ട ചിത്രകേതു എന്ന ഗന്ധർവ്വൻ തന്റെ ആഗ്രഹപ്രാപ്തിക്കായി ശ്രീപരമേശ്വരനെ തപസ്സുചെയ്തു തുടങ്ങി. പുഷ്കര തടാകത്തിലെ ആ തപസ്സ് നൂറുവർഷക്കാലം തുടർന്നു. ചിത്രകേതുവിന്റെ കഠിന തപസ്സുകണ്ട് മനമലിഞ്ഞ ശിവൻ അദ്ദേഹത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു ചോദിച്ചു :“ഭക്താ, നിന്റെ കൊടും തപസ്സ് എന്നെ സംതൃപ്തനാക്കിയിരിക്കുന്നു! അഭീഷ്ടവരം നൽകാൻ തയ്യാറായി ഞാനിതാ വന്നിരിക്കുന്നു . എന്തുവേണമെങ്കിലും ധൈര്യമായി ചോദിച്ചുകൊള്ളൂ. ഖജനാവുനിറയെ പണമോ, അളവറ്റസമ്പാദ്യങ്ങളോ എന്താണ് നിനക്കു വേണ്ടത് ? ” ഭഗവാന്റെ ഈ ചോദ്യം കേട്ട് ചിത്രകേതു അത്ഭുതപരതന്ത്രനായി. “ഭഗവാനേ, പൊന്നിലും പണത്തിലുമൊന്നും എനിക്ക് തെല്ലും ആശയില്ല. വിവാഹം കഴിഞ്ഞ് വർഷം പലതു കഴിഞ്ഞിട്ടും ഒരു കുഞ്ഞിക്കാലു കാണാനുള്ള ഭാഗ്യം എനിക്കും ഭാര്യയ്ക്കും ലഭിച്ചില്ല. സ്വന്തം വംശം സന്തതികളില്ലാതെ കുറ്റിയറ്റു പോകാൻ ആരെങ്കിലും ആഗ്രഹിക്കുമോ? അതുകൊണ്ട്, എന്റെ അവകാശിയായി ഒരു കുഞ്ഞുണ്ടാവണമെന്നേ എനിക്കാഗ്രഹമുള്ളൂ" ഭഗവാനെ വണങ്ങി ചിത്രകേതു അപേക്ഷിച്ചു .“നീ വിഷമിക്കണ്ട അടുത്ത ഭാവിയിൽത്തന്നെ നിന്റെ ഭാര്യ ഗർഭംധരിച്ച് ഉത്തമനായ ഒരു പുത്രനെ പ്രസവിക്കും.  ബ്രഹ്മാവിന്റെ പുത്രനായിപ്പിറന്ന് മരണം വരിച്ച സാക്ഷാൽ  നാരദൻ പുനർജന്മത്തിനു സജ്ജമായിരിക്കുകയാണ്. അദ്ദേഹം ഗന്ധർവ്വപുത്രനായി ജനിക്കുമെന്ന് ബ്രഹ്മാവ് പ്രവചിച്ചിട്ടുമുണ്ട്. അതിനാൽ, നാരദന്റെ പുനർജന്മമാവും നിങ്ങളുടെ പുത്രൻ! കുമാരനെ ഉപബർഹണൻ എന്ന പേരിട്ട് വളർത്തിക്കൊള്ളുക. നിങ്ങൾക്കു നല്ലതു വരും! ”വരം നൽകി അനുഗ്രഹിച്ച് ശിവൻ മറഞ്ഞു. കുറച്ചുനാൾ കഴിഞ്ഞതും ചിത്രകേതുവിന്റെ ഭാര്യയ്ക്ക് ഗർഭലക്ഷണങ്ങളുണ്ടായി. അവർ യഥാകാലം തേജസ്വിയായ ഒരാൺകുഞ്ഞിനു ജന്മം നൽകി. നാരദന്റെ പുനർജന്മമാണ് തങ്ങളുടെ കുഞ്ഞന്ന തിരിച്ചറിവ് ചിത്രകേതുവിനെയും ഭാര്യയെയും ഏറെ സന്തോഷിപ്പിച്ചു. ശ്രീപരമേശ്വരന്റെ നിർദ്ദേശ പ്രകാരം അവർ കുഞ്ഞിന് " ഉപബർഹണൻ' എന്നു നാമകരണം ചെയ്തു. ബാല്യകാലം തൊട്ടേ കറകളഞ്ഞ വിഷ്ണുഭക്തി ഉപബർഹണന്റെ മനസ്സിൽ നിറഞ്ഞു. അവൻ വളർന്നു വന്നതും ഭക്തി അതിന്റെ പരമ്യത്തിലായി സദാസമയവും ഈശ്വരചിന്തയും നാമജപവുമായി നേരം കഴിച്ചു. മകനെ വിഷ്ണുപൂജ അഭ്യസിപ്പിക്കാൻ ബൃഹസ്പതിയെത്തന്നെ. ചിത്രകേതു നിയോഗിച്ചു. അഭ്യസനത്തിലും അവൻ മികവുകാട്ടി. യൗവനദശയിലെത്തിയ ഗന്ധർവ്വൻ മനസ്സിനെ പൂർണ്ണമായും ഈശ്വരനിൽ ലയിപ്പിച്ച്ഹി മാലയപർവ്വതനിരയിലെത്തി. അവിടെയൊരു കുടിൽ കെട്ടി ഈശ്വരധ്യാനത്തിൽ മുഴുകി ഉപബർഹണൻ കഴിഞ്ഞു. അങ്ങനെയിരിക്കെ ഒരുനാൾ, ഗന്ധർവ്വൻ ധ്യാനത്തിൽ മുഴുകി കണ്ണടച്ചിരിക്കവെ ചിരിയും ആർപ്പുവിളികളുമായി അമ്പതു സുന്ദരികൾ അതിലെവന്നു. അവരുടെ ബഹളം കേട്ട് അയാളുടെ ഏകാഗ്രത നഷ്ടപ്പെട്ടു. കോപത്തോടെ കണ്ണുതുറന്നു നോക്കിയ ഗന്ധർവ്വൻ കണ്ടത് ലോകൈകസുന്ദരികളായ അമ്പതു തരുണീമണികളെയാണ് ! അതോടെ, അയാളുടെ ദേഷ്യമെല്ലാം അലിഞ്ഞില്ലാതായി. അവരുടെ കണ്ണുകൾ തമ്മിലിടഞ്ഞു. ഗന്ധർവ്വന് സുന്ദരികളോടും സുന്ദരികൾക്ക് ഗന്ധർവ്വനോടും അനുരാഗമുദിച്ചു. ഉപബർഹണൻ പുഞ്ചിരിയോടെ അവരോടു ചോദിച്ചു :“ ഹേ, സുന്ദരീമണികളേ, അലൗകിക സൗന്ദര്യത്തിനുടമകളായ നിങ്ങൾ ആരാണ്? അപ്സരസ്സുകൾക്കും ദേവനാരികൾക്കും ഇത്ര സൗന്ദര്യം കാണില്ല! നിങ്ങളെ കണ്ടുമുട്ടാനായത് എന്റെ സുകൃതം കൊണ്ടാണ്. ഇനി നിങ്ങളെ പിരിഞ്ഞിരിക്കാനും എനിക്കു കഴിയുമെന്നുതോന്നുന്നില്ല. അതിനാൽ, കാര്യങ്ങൾ തുറന്നു പറഞ്ഞ് നമ്മുടെ സൗഹൃദം ഉറപ്പിക്കുന്നതല്ലേ ഉചിതം? ”“ ഗന്ധർവ്വകുമാരാ, ഞങ്ങളും അവസ്ഥയിൽത്തന്നെയാണിപ്പോൾ. ഞങ്ങൾ ചിത്രരഥ ഗന്ധർവ്വരാജാവിന്റെ പെൺമക്കളാണ്. ക്രീഡാലോലുപരായി സഞ്ചരിക്കവെ അങ്ങയെ കണ്ടെത്തിയതാണ്. ഞങ്ങൾ അമ്പതു പേർക്കും അങ്ങയുടെ സാന്നിധ്യം സന്തോഷവും ലജ്ജയും പകരുന്നുണ്ട്. വൈവാഹിക ജീവിതം അങ്ങയുടെ തപോവൃത്തിക്കു വിഘാതമാവില്ലെങ്കിൽ മാത്രം ഞങ്ങളെ ഭാര്യമാരായി സ്വീകരിച്ചാലും ! ”കന്യകമാർ ലജ്ജയോടെ പറഞ്ഞു. ഉപബർഹണനാവട്ടെ, കൂടുതലൊന്നുമാലോചിക്കാതെ അതിനു സമ്മതം മൂളി. ആ മംഗളമുഹൂർത്തത്തിൽ ഗന്ധർവ്വൻ അമ്പതു കന്യകമാരെയും വരിച്ചു. അനന്തരം, തന്റെ തപോവൃത്തി അവസാനിപ്പിച്ച്, അവരെയും കൂട്ടി അയാൾ കൊട്ടാരത്തിലേയ്ക്കു മടങ്ങി. അമ്പതു കന്യകമാരെ വരിച്ച് മടങ്ങിയെത്തിയ മകനെ ചിത്രകേതു സന്തോഷത്തോടെ സ്വീകരിച്ചു. പിന്നീട്, തികച്ചും സുഖലോലുപമായ ജീവിതമാണ് ഉപബർഹണൻ നയിച്ചത്. അമ്പതു യുവതികളുമൊത്തുള്ള മദാലസജീവിതം ഗന്ധർവ്വനെ കൂടുതൽ സ്ത്രീലമ്പടനാക്കി മാറ്റി.

അതിനിടെ, ദേവലോകത്ത് ഹരികഥാഗാനങ്ങൾ അരങ്ങേറി. ദേവയക്ഷകിന്നരഗന്ധർവാദികളെല്ലാം ആ ആഘോഷത്തിൽ പങ്കുചേർന്നു. ഗാനത്തിനൊപ്പം ദേവനർത്തകിമാരുടെ ആനന്ദനൃത്തവുമുണ്ടായി. അതു കണ്ടു കൊണ്ടിരുന്ന ഉപബർഹണൻ രംഭയുടെ മെയ്യഴകിൽ മയങ്ങി, സ്ഥലകാലബോധം മറന്ന് അയാൾ അവർക്കിടയിലേക്കു കടന്നു ചെല്ലുകയും രംഭയെ കാമചാപല്യത്താൽ കയറിപ്പിടിക്കുകയും ചെയ്തു! ഔചിത്യമില്ലാത്ത ഈ പെരുമാറ്റം പ്രജാപതിയെ ദേഷ്യം പിടിപ്പിച്ചു. അദ്ദേഹം ആ ക്ഷണത്തിൽത്തന്നെ ഉപബർഹണനെ ശപിച്ചു : "..“ഹേ സംസ്കാരശൂന്യനായ ഗന്ധർവ്വാ, നിന്റെ മരണം അടുത്തുകഴിഞ്ഞിരിക്കുന്നു. സുന്ദരികളായ അമ്പതു ഭാര്യമാരുണ്ടായിട്ടും തൃപ്തിയാകാതെ ദേവനർത്തകിയെ മോഹിച്ച നീ ഉടനെ ഭാര്യമാരുടെ മുന്നിൽക്കിടന്ന് നരകിച്ചു ചാവും! "പ്രജാപതിയുടെ ശാപവാക്കുകൾ ഇടിനാദം കണക്കെ ഗന്ധർവ്വന്റെ മനസ്സിൽ പതിച്ചു. ദുഃഖിതനായ അയാൾ വീട്ടിലേക്കു മടങ്ങി. ഭർത്താവിന്റെ മങ്ങിയ മുഖം കണ്ട് ഭാര്യമാർ കാര്യം തിരക്കി. അയാൾ കണ്ണീരോടെ പ്രജാപതിയുടെ ശാപവാക്കുകൾ അവരോടു പറഞ്ഞു. അവർക്കും അതിരറ്റ ദുഃഖമുണ്ടായി. അവർ ഭർത്താവിനുവേണ്ടി ദർഭവിരിച്ചു. അതിൽക്കിടന്ന് പശ്ചാത്തപിച്ചും വേദനിച്ചും രണ്ടു നാൾക്കകം ഗന്ധർവ്വൻ മരിച്ചു! ഭർത്താവിന്റെ മരണത്തിനു കാരണക്കാരനായ പ്രജാപതിയോടും മറ്റുദേവന്മാരോടും ഭാര്യമാർക്കു കോപം തോന്നി. അവരിൽ മൂത്തവളായ മാലതി ബ്രഹ്മാവിനെയും യമദേവനെയും ശപിക്കാനൊരുങ്ങി. മാലതിയുടെ ശാപം തങ്ങളെ ബാധിക്കുമെന്നു തിരിച്ചറിഞ്ഞ ദേവന്മാർ പരിഭ്രമിച്ച് മഹാവിഷ്ണുവിനെ അഭയം തേടി. താൻ ഈകാര്യത്തിൽ നിസ്സഹായനാണെന്നും മാലതിയുടെ കോപം തണുപ്പിക്കുക മാത്രമാണ് ശാപത്തിൽനിന്നും രക്ഷപ്പെടാനുള്ള മാർഗമെന്നും അദ്ദേഹം പറഞ്ഞു. ദേവന്മാർ നേരെ മാല തിയുടെ അടുത്തെത്തി അഭ്യർത്ഥിച്ചു. “ ദയവുചെയ്ത് ഭവതി ഞങ്ങളെ ശപിക്കരുത്. ഭവതിയുടെ മനം നീറിയുള്ള ശാപം ഞങ്ങളെ ബാധിക്കും ഉപബർഹണൻ സ്വയം വരുത്തിവെച്ച വിപത്താണിത്. അയാളുടെ സ്ത്രീലമ്പടത്വം കൊണ്ടാണ് ഇങ്ങനെയൊരുഗതിയുണ്ടായത്. തെറ്റുചെയ്തവൻ ശിക്ഷയനുഭവിക്കണമെന്നത് സർവ്വത്ര അംഗീകരിക്കപ്പെട്ട ഒരു ലോകതത്ത്വമല്ലേ? "  ബ്രഹ്മാവിന്റെ ചോദ്യത്തിനു മുന്നിൽ മാലതിക്ക് ഉത്തരം മുട്ടി. അപ്പോൾ ബ്രാഹ്മണരൂപം ധരിച്ച ഒരാൾ അവിടെയെത്തി ബ്രഹ്മാവിനുനേരെ ഒരു ചോദ്യമെറിഞ്ഞു." ഭഗവാനേ, അങ്ങു പറഞ്ഞത് ഭാഗികസത്യം മാത്രമേ ആകുന്നുള്ളൂ . അപരാധി ദണ്ഡനാർഹനാണെന്നതിൽ രണ്ടു പക്ഷമില്ല. പക്ഷേ, ആയുസ്സ് തികയാതെ ഒരാൾക്ക് മരണശിക്ഷ നൽകാനുള്ള അധികാരം അങ്ങേയ്ക്കക്കോ യമരാജനോ ഉണ്ടോ? കണക്കനുസരിച്ച് ഇനിയും ആയിരം സംവത്സരം ജീവിക്കാനുള്ള ആയുസ്സ് ഈ ഗന്ധർവ്വനുണ്ട്. പ്രജാപതിയുടെ ശാപം ഒന്നുകൊണ്ടുമാത്രമല്ലേ നീതിയല്ലാത്ത ഈ ശിക്ഷാനടപടി നടപ്പായത്? ” ബ്രാഹ്മണന്റെ വാക്കുകൾ ബ്രഹ്മാവിനെ അസ്വസ്ഥനാക്കി. അദ്ദേഹം അപ്പോൾത്തന്നെ ഗന്ധർവ്വന്റെ ആയുസ്സിനെ സംബന്ധിക്കുന്ന രേഖകൾ പരിശോധിച്ചു. ബ്രാഹ്മണൻ പറഞ്ഞതെല്ലാം അക്ഷരംപ്രതി ശരിയാണെന്നു മനസ്സിലായപ്പോൾ അദ്ദേഹം പശ്ചാത്താപ സ്വരത്തിൽ പറഞ്ഞു "ഭവതി എന്നോടു ക്ഷമിച്ചാലും! "ബ്രഹ്മാവ് ഒരു മന്ത്രം ചൊല്ലിയതും ഗന്ധർവ്വൻ ദീർഘ നിദ്രയിൽ നിന്നെന്നപോലെ എഴുന്നേറ്റുവന്നു! അപ്പോൾ അവിടെ നിന്ന ബ്രാഹ്മണൻ മഹാവിഷ്ണുവായി രൂപം മാറുകയും ചെയ്തു! ഉപബർഹണൻ സന്തോഷത്തോടെ ദേവൻമാരെ വണങ്ങി. അയാളുടെ ഭാര്യമാർക്കും അതിരറ്റ ആനന്ദമുണ്ടായി. ദേവൻമാർ ഗന്ധർവ്വനെ അനുഗ്രഹിച്ചു മറഞ്ഞു. അനന്തരം, ഗന്ധർവ്വൻ തന്റെ ഭാര്യമാരുമൊത്ത് സുഖ ജീവിതം തുടർന്നു. യഥാകാലം അവർക്ക് മക്കളും ചെറുമക്കളും പിറന്നു. ആയിരം സംവത്സരം പിന്നിട്ടതും തന്റെ മരണസമയമായെന്ന് അയാൾ തിരിച്ചറിഞ്ഞു. ശിഷ്ടകാലം ഗംഗാതീരത്ത് തപസ്സനുഷ്ഠിച്ച് അയാൾ മരണം വരിച്ചു.

No comments:

Post a Comment