ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

6 May 2020

ലങ്കാധിപതി വൈശ്രവണൻ

ലങ്കാധിപതി വൈശ്രവണൻ

ലങ്കാധിപതി രാവണൻ എന്നാണ് നാം കേട്ടിരിക്കുന്നത്. എന്നാൽ രാവണൻ ലങ്കാധിപതി ആവുന്നതിന് മുൻപ് വൈശ്രവണനായിരുന്നു ലങ്കയുടെ അധിപതി.

പണ്ട് കൃതയുഗത്തിൽ പുലസ്ത്യൻ എന്ന ഒരു ബ്രഹ്മർഷി ഉണ്ടായിരുന്നു. സ്വഭാവ വൈശിഷ്ട്യത്താലും, ധർമ്മശീലങ്ങളാലും ബ്രഹ്മാവിന് തുല്യനായിത്തീർന്ന പുലസ്ത്യനെ ദേവന്മാർക്കൊക്കെ വളരെ ഇഷ്ടമായിരുന്നു. ഒരിക്കൽ പുലസ്ത്യൻ തപസ്സ് ചെയ്യാൻ ഹിമാലയപാർശ്വത്തിലെ തൃണബിന്ദു മഹർഷിയുടെ ആശ്രമപരിസരം തിരഞ്ഞെടുത്തു. എല്ലാ പക്ഷിമൃഗാദികളും മനുഷ്യരും യാതൊരു വിദ്വേഷവും കൂടാതെ സൗഹാർദ്ദത്തോടെ വസിച്ചിരുന്ന സ്ഥലമായിരുന്നു ഇത്. ദേവന്മാരുടെയും, ഉരഗങ്ങളുടെയും, ഋഷിമാരുടെയും കുമാരിമാർ കളിച്ച് ചിരിച്ച് അവിടെ സ്വച്‌ഛന്ദം വിഹരിച്ചിരുന്നു. അവർ ചിലപ്പോൾ, നൃത്തമാടും, വീണ തുടങ്ങിയ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ പാട്ടുപാടും. ആരും അവരോട് അരുത് എന്ന് പറഞ്ഞിരുന്നില്ല.

അവരുടെ പാട്ടും വാദ്യവും മൂലമുണ്ടാകുന്ന ബഹളം തന്റെ തപസ്ചര്യയ്ക്ക് തടസ്സമാകുന്നു എന്ന് പുലസ്ത്യന് തോന്നി. ഇതിന് നിയന്ത്രണം വരുത്താനായി അദ്ദേഹം താൻ തപസ്സ് ചെയ്യുന്ന പരിസരങ്ങളിൽ തരുണീമണികൾ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി. എന്നിട്ടും പ്രയോജനമുണ്ടായില്ല. എന്നാൽ ഇതവസാനിപ്പിച്ചേ തീരൂ എന്ന നിശ്ചയത്തോടെ  'എന്റെ മുന്നിൽ വരുന്ന കന്യക ആരായാലും അവൾ ഗർഭിണിയായിത്തീരും' എന്നൊരു ശാപവചനവും പ്രഖ്യാപിച്ചു. ഇതറിഞ്ഞ് ഭയപ്പെട്ട കന്യകമാരാരും പിന്നീട് അവിടെ പ്രവേശിക്കാതെയായി. ആത്മീയസാധനകൾക്ക് തടസ്സം സൃഷ്ടിക്കുന്നത് എന്തായാലും അതിനെ നിഷ്കാസനം ചെയ്യണം. അല്ലാതെ ആത്മീയ പാതയിൽ ഉയർന്നു പോകാൻ കഴിയില്ല. ഇങ്ങനെയുള്ള ഒരു ശാപം നിലനിൽക്കുന്ന വിവരം തൃണബിന്ദുവിന്റെ മകൾ അറിഞ്ഞിരുന്നില്ല. ഒരു ദിവസം തോഴിമാരെ കാണാതെ അന്വേഷിച്ച് നടന്ന് അവൾ പുലസ്ത്യൻ തപസ്സ് ചെയ്യുന്ന സ്ഥലത്തെത്തി. മഹർഷിവര്യൻ വേദസൂക്തങ്ങൾ ഉരുവിട്ടു കൊണ്ടിരുന്ന സമയമായിരുന്നു അത്. പെട്ടെന്ന് തന്റെ ശരീരത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ടാവുന്നതായി തൃണബിന്ദുവിന്റെ പുത്രിക്ക് അനുഭവപ്പെട്ടു.

ഭീതിയോടെ അവൾ അച്ഛന്റെ സമീപത്ത് ഓടിയെത്തി. മകളിൽ ഗർഭചിഹ്നങ്ങൾ കണ്ട തൃണബിന്ദു ജ്ഞാനദൃഷ്ടിയിൽ നടന്ന സംഭവങ്ങൾ മനസിലാക്കി കുമാരിയെയും കൂട്ടി മാമുനിയുടെ മുന്നിലെത്തി. തപസ്സിൽ മുഴുകിയ മുനീന്ദ്രൻ കണ്ണ് തുറക്കാനായി കാത്തിരുന്നു.

അൽപ്പം കഴിഞ്ഞപ്പോൾ മുനി കണ്ണു തുറന്നു. തൻ്റെ മുന്നിൽ നിൽക്കുന്നവരെ ചോദ്യഭാവത്തിൽ നോക്കി. തൃണബിന്ദു മഹാമുനിയോട് പറഞ്ഞു: "അല്ലയോ ഭഗവാനേ, ഇവൾ എന്റെ മകളാണ്. സത്ഗുണസമ്പന്നയായ ഇവൾ അറിയാതെ ചെയ്തുപോയ ഒരു അപരാധം കൊണ്ട് ദുഃഖിക്കുകയാണ്. അങ്ങ് ആവശ്യപ്പെടാതെ കിട്ടിയ ഒരു ഭിക്ഷയായി കരുതി ഇവളെ സ്വീകരിക്കണേ. ഇവൾ അങ്ങയെ വേണ്ടപോലെ പരിചരിക്കും എന്ന കാര്യത്തിൽ സംശയമില്ല." പുലസ്ത്യന് കാര്യങ്ങളെല്ലാം മനസ്സിലായി. അദ്ദേഹം പരമസാത്വികനാണ്, കരുണാമയനുമാണ്. അദ്ദേഹം മനസ്സിൽ പറഞ്ഞു. താൻ കാരണമാണ് നിർദ്ദോഷിയായ ഈ കന്യകക്ക് ഇങ്ങനെയൊരു ഗതി വന്നു ചേർന്നത്. അതിന് പരിഹാരവും താൻ തന്നെ കാണണം. അദ്ദേഹം ആ കുമാരിയെ സ്വീകരിച്ചു. അവളാകട്ടെ തികഞ്ഞ ഭക്തിയോടും നിഷ്ഠയോടും കൂടെ മഹാമുനിയെ പരിചരിക്കുകയും അദ്ദേഹത്തിന്റെ പ്രീതി സമ്പാദിക്കുകയും ചെയ്തു.

ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ മാമുനീശ്വരൻ അവളോട് പറഞ്ഞു. "കോമളാംഗി, നിന്റെ സദ്ഗുണങ്ങളിൽ ഞാൻ അതീവസന്തുഷ്ടനായിരിക്കുന്നു. നിന്റെ ഉദരത്തിൽ വളരുന്ന പുത്രൻ നമ്മുടെ രണ്ടു പേരുടെയും വംശത്തിന് അഭിമാനമായിരിക്കും. വേദം ഉച്ചരിക്കുന്നത് കേട്ട് ജന്മമെടുത്തത് കൊണ്ട് അവൻ വിശ്രവസ്സ് എന്ന പേരിൽ പ്രസിദ്ധനാകും."

ഗർഭം പൂർണ്ണമായപ്പോൾ അവൾ തേജസ്വിയായ ഒരാൺകുട്ടിക്ക് ജന്മം നൽകി. പുലസ്ത്യ ബ്രഹ്മർഷിയുടെ പുത്രൻ വിശ്രവസ്സ് സത്യനിഷ്ഠനും, സൽസ്വഭാവിയും, ശാന്തനും തപസ്സിലും വ്രതാചാരങ്ങളിലും അച്ഛന് പ്രിയപ്പെട്ടവനുമായി. തേജസ്സിൽ അവൻ പിതാവിന് തുല്യനായിത്തീർന്നു. യൗവനപ്രായമായപ്പോൾ ഭരദ്വാജൻ എന്ന മഹർഷി തന്റെ ദേവവർണ്ണിനി എന്ന പുത്രിയെ വിശ്രവസ്സിന് വിവാഹം ചെയ്തു കൊടുത്തു.

വിശ്രവസ്സിനും ദേവവർണ്ണിനിക്കും അതി വീര്യവാനായ ഒരു പുത്രൻ ജനിച്ചു. തന്റെ പൗത്രൻ അതിബുദ്ധിമാനും, ലോകർ മുഴുവൻ ബഹുമാനിക്കുന്നവനുമായി തീരുമെന്ന് പുലസ്ത്യൻ പ്രവചിച്ചു. "ഇവൻ ധനാധീശ്വരനായി ഭവിക്കും" എന്ന് അരുളിച്ചെയ്ത് കൊണ്ട് മാമുനീന്ദ്രൻ കുഞ്ഞിന് വൈശ്രവണൻ എന്ന് പേർ വിളിച്ചു. അതീവ ബുദ്ധിയോടെയും തപോനിഷ്ഠയോടെയും ആ ബാലൻ വളർന്നുവന്നു.

യുവാവായപ്പോൾ ഗഹനവനം എന്ന കാട്ടിൽ പോയി വൈശ്രവണൻ തപസ്സ് ചെയ്യാൻ ആരംഭിച്ചു. ആദ്യമൊക്കെ മിതഭക്ഷണം കഴിച്ചു. ഏതാനും ദിവസം കഴിഞ്ഞപ്പോൾ ഭക്ഷണം ഒരു നേരമാക്കി. പിന്നീട് ജലപാനം മാത്രമായി. ഒടുവിൽ ഭക്ഷണമൊന്നും കഴിക്കാതെ തപസ്സ് തുടർന്നു. വൈശ്രവണൻ്റെ നിശ്ചയദാർഢ്യത്തിലും നിഷ്ഠയിലും സംപ്രീതനായ ബ്രഹ്മാവ് ഇന്ദ്രാദിദേവകളോടു കൂടി പ്രത്യക്ഷനായി.

മുന്നിൽ തൊഴുതു നിൽക്കുന്ന വൈശ്രവണനോട് ബ്രഹ്മാവ്  പറഞ്ഞു: "ഉണ്ണി, ഞാൻ നിൻ്റെ തപസ്സിൽ അതീവസന്തുഷ്ടനായിരിക്കുന്നു. വളരെ അപൂർവ്വമായി മാത്രം ചെയ്യാൻ കഴിയുന്ന തപോനിഷ്ഠകൾ നീ ഏറ്റവും ഭംഗിയായി നിർവ്വഹിച്ചു. നീ ആഗ്രഹിക്കുന്ന വരങ്ങൾ ചോദിച്ചാലും."

വൈശ്രവണൻ വിനയാന്വിതനായി ബ്രഹ്മാവിനോട് ഇപ്രകാരം ഉണർത്തിച്ചു: "ഭഗവാനേ, പൂർവ്വദിക്കിനും, ദക്ഷിണദിക്കിനും, പശ്ചിമദിക്കിനും ഇപ്പോൾ പാലകന്മാരുണ്ട്. എന്നെ ഉത്തരദിക്കിൻ്റെ നാഥനാക്കാൻ കനിവുണ്ടാകണം. കൂടാതെ ധനപാലകനാകാനും ഞാൻ ആഗ്രഹിക്കുന്നു." ബ്രഹ്മാവിന് സന്തോഷമായി. ഇന്ദ്രൻ, യമൻ, വരുണൻ എന്നിവരെ ദിക്പാലന്മാരായി അവരോധിച്ച ശേഷം പൂർവ്വദിക്കിന് ഒരു നാഥനെ സൃഷ്ടിക്കാനുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം. അതിപ്പോൾ സാദ്ധ്യമായിരിക്കുന്നു.

വരങ്ങൾ അനുവദിച്ച് കൊണ്ട് ബ്രഹ്മാവ് പറഞ്ഞു: "അങ്ങിനെയാവട്ടെ. നീ ആഗ്രഹിക്കുന്ന സ്ഥാനത്തേക്ക് പോവുക. നിധികളുടെ നാഥനുമായിത്തീരുക. ആദിത്യസങ്കാശമായ പുഷ്പകം എന്ന വിമാനത്തെയും ഞാൻ നിനക്ക് തരുന്നു. യഥേഷ്ടം എങ്ങോട്ട് വേണമെങ്കിലും നിനക്ക് യാത്ര ചെയ്യാം. ഞങ്ങൾ കൃതാർത്ഥരായി." ഇങ്ങനെ അരുളിച്ചെയ്ത് ബ്രഹ്മാവും ദേവന്മാരും അന്തർധാനം ചെയ്തു. വൈശ്രവണൻ പിതാവിൻ്റെ മുന്നിൽ ചെന്ന് നമസ്കരിച്ച് നടന്ന സംഭവങ്ങൾ അദ്ദേഹത്തെ ധരിപ്പിച്ചു.

മകൻ്റെ വാക്കുകൾ കേട്ട് അത്യധികം സന്തുഷ്ടനായ വിശ്രവസ്സ് വൈശ്രവണനോട് പറഞ്ഞു: മകനേ, നീ നേടിയത് ഏറ്റവും ശ്രേഷ്ഠമായവ തന്നെയാണ്. ഇനി നിനക്ക് ആവശ്യം സ്വന്തമായ ഒരു വാസസ്ഥാനമാണ്. ദക്ഷിണസാഗരത്തിൽ ത്രികുടം എന്നൊരു പർവ്വതമുണ്ട്. അതിൻ്റെ മുകളിൽ രാക്ഷസന്മാർക്ക് വേണ്ടി വിശ്വകർമ്മാവ് നിർമ്മിച്ച അത്യുത്തമമായ ഒരു നഗരിയുണ്ട്. ലങ്ക എന്നാണ് അതിൻ്റെ പേര്. ഒരു കാലത്ത് അതീവബലശാലികളും തപോനിധികളുമായ നിരവധി നിശാചരന്മാർ ലങ്കയിൽ വസിച്ചിരുന്നു. അവരിൽ ധർമ്മിഷ്ഠനായ സുകേശനും മക്കളായ മാല്യവാൻ, സുമാലി, മാലി എന്നിവരും ബ്രഹ്മാവിനെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്തി വരങ്ങൾനേടി. അവർ വിശ്വകർമ്മാവിനെ സമീപിച്ച് ത്രികുട പർവതത്തിൻ്റെ ഉച്ചിയിൽ രാക്ഷസർക്ക് വേണ്ടി ലങ്കാനഗരം പണിയിച്ചു. എന്നാൽ അതിമനോഹരമായ ലങ്കാപുരിയിൽ ഇപ്പോൾ ആരും വസിക്കുന്നില്ല. നിനക്ക് അവിടെ സസുഖം വസിക്കാവുന്നതാണ്.

വിശ്വകർമ്മാവ് രാക്ഷസർക്ക് വേണ്ടി പണിത അത്ഭുതകരവും, രത്നം, സ്വർണ്ണം, സഫടികം എന്നിവ കൊണ്ട് അലംകൃതവുമായ ലങ്ക എന്ന മനോജ്ഞനഗരി വിജനമാവാൻ എന്തായിരുന്നു കാരണം?

ലങ്കാനഗരി നിർമ്മിച്ചതിനു ശേഷം വിശ്വകർമ്മാവിൻ്റെ നിർദ്ദേശമനുസരിച്ച് മാല്യവാൻ, സുമാലി, മാലി എന്നിവർ നർമ്മദ എന്ന ഗന്ധർവവനിതയുടെ മൂന്ന് പെൺമക്കളെ വിവാഹം ചെയ്ത് ലങ്കയിൽ വാസം തുടങ്ങി. ഇവർക്കുണ്ടായ പുത്രന്മാർ, ദേവന്മാർ, ഋഷിവര്യന്മാർ, യക്ഷശ്രേഷ്ഠന്മാർ എന്നിവരെ ഉപദ്രവിക്കാൻ തുടങ്ങി. ആർക്കും തടുക്കുവാൻ കഴിയാത്ത ഈ രാത്രീഞ്ചരന്മാർ ലോകം മുഴുവൻ കൊടുങ്കാറ്റ് പോലെ ചുറ്റിക്കറങ്ങി യാഗങ്ങൾ മുടക്കി ഋഷിമാരെയും ദേവന്മാരെയും ധ്വംസനം ചെയ്തു. മാമുനിമാരും ദേവന്മാരും ഭയപ്പെട്ട് ഈ ദുരവസ്ഥയിൽ നിന്ന് തങ്ങളെ രക്ഷപ്പെടുത്താനായി കൈലാസത്തിലെത്തി പരമേശ്വരനെ കാര്യം ധരിപ്പിച്ചു. കൈലാസപതി അവരോട് മഹാവിഷ്ണുവിനെ അഭയം പ്രാപിക്കാൻ നിർദ്ദേശിച്ചു. അങ്ങിനെ അവർ വൈകുണ്ഠത്തിൽ ചെന്ന് ശ്രീഹരിയെ സ്തുതിച്ച് സങ്കടം ഉണർത്തിച്ചു.

മാല്യവാൻ ഈ വിവരം അറിഞ്ഞു. ശ്രീ നാരായണൻ ദേവാദികളെ സഹായിക്കാമെന്ന് ഏറ്റ കാര്യം അയാൾ സഹോദരന്മാരോട് പറഞ്ഞു. അനുജന്മാരുടെ അഭിപ്രായം അനുസരിച്ച് മാല്യവാൻ മഹാവിഷ്ണുവിനെതിരേ യുദ്ധസജ്ജരാകാൻ സൈന്യത്തിന് കൽപ്പന കൊടുത്തു. ശംഖ്, ചക്രം, ഗദ, ശാർങ്ഗം എന്നിവ ധരിച്ചു കൊണ്ട് ശ്രീ നാരായണനും രാക്ഷസപ്പടയെ നശിപ്പിക്കാൻ തയ്യാറെടുത്തു. തുടർന്ന് നടന്ന ഘോരയുദ്ധത്തിൽ വിഷ്ണുഭഗവാൻ മാലിയെ വധിച്ചു. ഇത് കണ്ട ദാനവർ ജീവൻ രക്ഷിക്കാൻ വേണ്ടി ലങ്കയിലേക്ക് പോകാതെ പാതാളത്തിലേക്ക് ഓടിയൊളിച്ചു. ഇതോടെ പരാജയഭീതി പൂണ്ട് സുമാലിയും മാല്യവാനും അതീവലജ്ജയോടെ തങ്ങളയുടെ ഭാര്യമാരും മക്കളും സഹിതം പാതാളത്തിലേക്ക് താമസം മാറ്റി. മഹാവിഷ്ണുവിനെ ഭയപ്പെട്ട് പിന്നീട് രാക്ഷസർ ലങ്കയിൽ വസിക്കാൻ ധൈര്യപ്പെട്ടില്ല.

ആൾപ്പാർപ്പില്ലാതെ ലങ്ക വർഷങ്ങൾ പലത് പിന്നിട്ടു. ഇപ്പോൾ ധനാധിപനായ വൈശ്രവണൻ അച്ഛൻ്റെ നിർദ്ദേശാനുസരണം ലങ്കാരാജ്യത്തിൽ വസിക്കാൻ തുടങ്ങി. ലങ്കയിൽ സമൃദ്ധിയും സന്തോഷവും കളിയാടി. സർവ ജനങ്ങൾക്കും ഹിതകാരിയായി വൈശ്രവണൻ ലങ്കാധിപതിയായി പുഷ്പകവിമാനത്തിൽ ലോകം ചുറ്റി സഞ്ചരിച്ചു. ഇങ്ങനെയാണ് വൈശ്രവണൻ ലങ്കാധിപതിയായത്‌.

കഥാവലംബം: ഉത്തരരാമായണം

No comments:

Post a Comment