"സന്താന ഗോപാലം"
പണ്ട് ദ്വാരകയില്‍ കൃഷ്ണാര്‍ജ്ജുനന്‍മാര്‍ ഒന്നിച്ചിരുന്ന് കുശലങ്ങള്‍ പങ്കുവെക്കുന്ന നേരം. ഒരു ബ്രാഹ്മണന്‍ ഇവര്‍ക്കിടയിലേക്ക് കയറിവരുന്നു നെഞ്ചത്തടിച്ച് നിലവിളിച്ച് ദ്വാരകയുടെ ഗോപുരവാതിൽക്കൽ വന്നു കയ്യിൽ ഒരു കുഞ്ഞിന്റെ ജഡവും'
അയാള്‍ കൃഷ്ണന്റെ ഓരോ അത്ഭുത
പ്രവൃത്തികളെയും വാഴ്ത്തുന്നുമുണ്ട്.. രാജ നിയമത്തിലുള്ള ലംഘനം മൂലമാണ് തന്റെ കുട്ടി മരിച്ചത് എന്ന് സങ്കടം മൂലം ഭഗവാനെ അധിക്ഷേപിക്കുന്നുമുണ്ട്. ഇത്രയൊക്കെ ധീരനായ കണ്ണന്റെ രാജ്യത്തെ കേവലനായ ഒരു പ്രജയാണ് താൻ.
പക്ഷെ തന്റെ ദുഃഖം വളരെ വലുതാണ്. ചക്രവര്‍ത്തിയായ ഭഗവാന്‍ തന്റെ സങ്കടം കേള്‍ക്കണം. ഭഗവാൻ കേട്ട ഭാവം നടിച്ചില്ല.
അങ്ങനെ ആ സാധു മനുഷ്യന് എട്ട് കുട്ടികൾ ജനിച്ചു എട്ടു പേരും അപ്പോൾ തന്നെ മരിച്ചു. എട്ടു കുട്ടികളുടേയും ജഡവും ഗോപുരവാതിൽക്കൽ കൊണ്ടുവന്നു സങ്കട പറയുകയും കൂടെ കണ്ണനെ അധിക്ഷേപിക്കുകയും ചെയ്തു.
അവസാനം ഒൻപതാമതും വിപ്രപത്നി
പ്രസവിച്ചു ആ കുട്ടിയും അപ്പോൾ തന്നെ മരിച്ചു ആ കുട്ടിയേയും ദ്വാരകയുടെ ഗോപുര വാതിൽക്കൽ കൊണ്ടുവന്നു അപ്പോൾ രാജസഭ നടക്കുകയായിരുന്നു. ആരും തിരിഞ്ഞു നോക്കിയില്ല. അയാൾ അലറിക്കരഞ്ഞു. കണ്ടു നിന്ന അര്‍ജ്ജുനനു വിഷമമായി. പാവം ബ്രാഹ്മണന്‍ അദ്ദേഹം മനസ്സിലോര്‍ത്തു.
എന്നാല്‍ കൃഷ്ണന്‍ മറുപടിപറഞ്ഞില്ല.
ഒരു പ്രജ ചക്രവര്‍ത്തിയോട് സങ്കടം പറഞ്ഞാല്‍ അതു പരിഹരിക്കാമെന്ന് പറയേണ്ടതാണ്. പക്ഷെ ഇവിടെ കണ്ണന്‍ മൗനം. ചിലതെല്ലാം ഒരു മൗനം
കൊണ്ട് അല്ലെങ്കിലൊരു ചിരികൊണ്ട്
അദ്ദേഹം നേരിടും. പക്ഷെ ആ ചിരിക്ക് ഒരുപാട് അര്‍ത്ഥങ്ങള്‍ ഉണ്ടാവും.
ഏതായാലും ഭഗവാന്റെ മൗനം അര്‍ജ്ജുനനു പിടിച്ചില്ല. ശ്ശേ ഇങ്ങിനാണോ സങ്കടമുള്ള ഒരാളെ ആശ്വസിപ്പിക്കുക. അതും ഉണ്ണികളെ നഷ്ടമാവുന്ന അച്ഛനാണ് ആ സങ്കടം കണ്ടില്ലെന്നു വെച്ചാലോ.
അവസാനം അര്‍ജ്ജുനന്‍ ആ ബ്രാഹ്മണനെ ആശ്വസിപ്പിച്ചു.
ഇതാ ഈ അര്‍ജ്ജുനന്‍ വാക്കു തരുന്നു. എന്റെ ഈ ഗാണ്ഡീവം സത്യം അങ്ങയുടെ അടുത്ത ഉണ്ണിയെ ഞാന്‍ തരും ജീവനോടെ അത് യമലോകത്ത് പോയിട്ടാണെങ്കിലും ഞാന്‍ തരും അങ്ങേക്ക്. അതിനു കഴിഞ്ഞില്ലെങ്കില അര്‍ജ്ജുനന്‍ ആഴികൂട്ടി അഗ്നിയില്‍ ചാടി ആത്മാഹുതി ചെയ്യും. അത് കേട്ട് ആ സാധു ആശ്വാസത്തോടെ സ്വഗൃഹത്തിലേക്ക് മടങ്ങി.
ഇതെല്ലാം കേട്ടുകൊണ്ടിരുന്ന കണ്ണന്‍ ചിരിയോടെ സുഹൃത്തിനോട് പറഞ്ഞു.
ഹേ അര്‍ജ്ജുനാ ജനന മരണങ്ങള്‍ അതാതു ജീവികളുടെ കര്‍മ്മഫലമാണ്. കര്‍മ്മഫലം അരജനേയും യാചകനേയും ജന്തുക്കളേയുമെല്ലാം പിന്‍തുടരും. അത് സ്വയം അനുഭവിക്കേണ്ടതാണ്. നിയതിയെ എതിര്‍ക്കാന്‍ ആരാലും സാധ്യമല്ല. അതുകൊണ്ട് നീ വിഡ്ഢിത്തമാണിപ്പോള്‍ ചെയ്തത്.
അര്‍ജ്ജുനന്‍ അല്‍പ്പം അഹങ്കാരത്തോടെ തന്നെ പറഞ്ഞു എന്നാല്‍ അങ്ങു കണ്ടോളു. ആ വിധി
ഈ അര്‍ജ്ജുനന്‍ തിരുത്തിയെഴുതും.
അപ്പോഴും കണ്ണനൊന്നു പുഞ്ചിരിച്ചു.
മാസങ്ങൾ കഴിഞ്ഞു ബ്രാഹ്മണ പത്നി
നിറഗര്‍ഭിണിയാണ്. അത് ആ സ്ത്രീയുടെ പത്താമത്തെ കുഞ്ഞാണ്. ഒന്‍പതു
കുഞ്ഞുങ്ങളും മരിച്ചു. ആ സാധു ഇത് തനിക്കു കിട്ടണേ എന്ന പ്രാര്‍ത്ഥനയിലാണ്.
ആലോചിച്ചു നോക്കു.. ഈറ്റുനോവെന്ന
പരമ സങ്കടം ഒരു സ്ത്രീ കടന്നു പോവേണ്ട വലിയ വേദന. എന്നിട്ടോ കുഞ്ഞ് ജീവനില്ലാതെ. ആ ദുഃഖം എത്ര വലുതാണ്. അതും ഒന്‍പത് കുഞ്ഞുങ്ങളെ നഷ്ടമായ ഒരു അമ്മയുടെ അവസ്ഥ.
ഇത്തവണ. അര്‍ജ്ജുനന്‍ വന്നു. പേറ്റ് നോവിനു മുന്‍പെ സൂതികാ ഗൃഹത്തിനു ചുറ്റും ശരകൂടം തീര്‍ത്തു. ഗാണ്ഡീവത്തിലെ ശരങ്ങളാണ്. ഇനി
ആ വഴി ഈച്ചപോലും ആ സ്ത്രീയുടെ അരികിലെത്തില്ല.
കാത്തു നിന്ന സമയം വന്നു. ആ സ്ത്രീ
ഒരാണ്‍കുഞ്ഞിനു ജന്‍മം നല്കി. പെട്ടെന്ന്,ആ കുഞ്ഞിന്റെ ശരീരം അപ്രത്യക്ഷമായി.
ബ്രാഹ്മണന്‍ അലമുറയിട്ടു കരഞ്ഞുകൊണ്ട് അര്‍ജ്ജുനനെ പഴി പറയാൻ തുടങ്ങി
'ആണും പെണ്ണുമല്ലാത്ത ഒരുവൻ പറഞ്ഞ വാക്കുകൾ
''അഹോ കഷ്ടം ഞാൻ വിശ്വസിച്ചല്ലോ"
നിങ്ങളുടെ ശരകൂടം കാരണം. കുഞ്ഞിന്റെ ശരീരം പോലും കണ്ടില്ല. കഷ്ടം മരിച്ചിട്ടാണെങ്കിലും ആ ദേഹം ഒരു നോക്കുകാണാന്‍ കിട്ടിയിരുന്നതാ ഇത്തവണ അതിനും കഴിഞ്ഞില്ല.ആ ബ്രാഹ്മണന്റെ ശാപവാക്കുകൾ കേട്ട് അയാളുടെ മുന്നില്‍ വല്ലാതെ ചെറുതായി അര്‍ജ്ജുനന്‍ ശിരസ്സു കുനിച്ചു നിന്നു.
താനിനി ജീവിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് അദ്ദേഹത്തിനു തോന്നി. പോയിടത്തെല്ലാം ജയിച്ചവനാണ് ' വില്ലാളി വീരനെന്നു ലോകം പുകഴ്ത്തുന്നവന് ഒന്നിനും കഴിവില്ലാ. കേവലം ഒരു സാധാരണക്കാരനെ രക്ഷിക്കാനാവാത്തവന്‍ എന്തു രാജാവ്.
അര്‍ജ്ജുനന്‍ ഉടനെ തന്നേ അഗ്നി കൂട്ടി
ആളുന്ന തീയിലേക്ക് കാലെടുത്തു വെച്ചതും. ഒരു കൈ അദ്ദേഹത്തെ തടുത്തു. തിരിഞ്ഞു നോക്കിയപ്പോള്‍ കൃഷ്ണന്‍. അര്‍ജ്ജുനന്‍ പൊട്ടികരഞ്ഞു. കരയുന്ന തോഴനെ മാറോട് ചേര്‍ത്ത് കണ്ണനിങ്ങനെ പറഞ്ഞു..
കരയേണ്ട.. കണ്ണടക്കൂ..
കണ്ണടച്ച അര്‍ജ്ജുനനേയും കൊണ്ട് ഭഗവാൻ തന്റെ രഥത്തിൽ കയറി വൈകുണ്ഠത്തിലേക്ക് യാത്രയായി ഈരേഴു പതിനാല് ലോകവും കടന്ന് അതിഘോരമായ അന്ധകാരത്തിൽ പ്രവേശിക്കുന്നു 'അന്ധകാരത്തെ സഹിക്കാൻപറ്റാതെ മുന്നോട്ടു പോകാൻ കഴിയാതെ നിൽക്കുന്ന കൃഷ്ണാർജുനന്മാരുടെ മുമ്പിലിതാ ആയിരം സൂര്യന്മാർ ഒന്നിച്ച് ഉദിച്ച പോലെ ഭഗവാന്റെ സുദർശന ചക്രം വെട്ടം കാണിച്ച് മുന്നോട്ട് ആ അന്ധകാരത്തിന് അപ്പുറത്ത് സാക്ഷാൽ ഭഗവാന്റെ വിശ്വരൂപം 'ആ പ്രഭയുടെ ശക്തിയാൽ ഒന്നുംകാണാൻ വയ്യാതെ അവർ കണ്ണുകൾ അടച്ചു'.കൃഷ്ണ ഭഗവാൻ തന്നെ തന്റെ രൂപത്തെ തന്നെ വന്ദിക്കുന്നു. ആ പ്രഭയിൽ അർജ്ജുനൻ കാണുന്നു. സാക്ഷാൽ വൈകുണ്oനാഥനും വൈകുണ്ഠവും.
"തസ്മിൻ മഹാഭീമമനന്ത മദ്ഭുതം
സഹസ്ര മുർദ്ധന്യ ഫണാമണിദ്യുദി:
വിഭ്രാജമാനം ദ്വിഗുണോല്ബണേക്ഷണം
സിതാചലാഭം ശിതി കണ്ട്oജിഹ്വം"
അവിടെ അർജുനൻ കണ്ടു ഭഗവാനും ലക്ഷമീ ദേവിയും മുപ്പത്തു മുക്കോടി ദേവന്മാരും
സനകാദി മഹര്‍ഷികളും. അവരോടൊപ്പം തങ്കക്കുടം പോലെ പത്തു ഉണ്ണികളും.
എല്ലാം ഭഗവാന്റെ പരീക്ഷണങ്ങളായിരുന്നെന്നു അർജുനനു മനസ്സിലാവുന്നു.
നരനാരായണന്‍മാരായി ധർമ്മരക്ഷക്കായ് ഭൂമിയിൽ എന്റെ അംശ ഭൂതരായി അവതരിച്ച നിങ്ങളെ കാണാനുള്ള എന്റെ ആഗ്രഹത്താൽ ഞാൻ തന്നെയാണ് ഈ ബ്രാഹ്മണ പുത്രന്മാരെ ഇവിടെ എത്തിച്ചത് എന്ന് ആദി വിരാട് പുരുഷനായ നാരായണൻ അർജുനനോട് പറയുന്നു.
പ്രസവിച്ച കാലാവസ്ഥകളെ അനുസരിച്ച രൂപത്തോടും വയസ്സോടും കൂടി തന്നെ ആ പുത്രന്മാരെ ആ ബ്രാഹ്മണനു നൽകി. കൃഷ്ണാര്‍ജ്ജുനന്‍മാര്‍ മടങ്ങുന്നു.
ഈ സന്താന ഗോപാലം കഥ കേൾക്കുകയും
പഠിക്കുകയും ചെയ്യുന്നവർക്ക് സകല പാപങ്ങളും നീങ്ങി സന്താന സൗഭാഗ്യം ലഭിക്കുന്നു എന്നു വിശ്വാസം. ഭഗവാന്റെ കാരുണ്യം ഇത്ര വാക്കുകളിൽ പറഞ്ഞ് തീർക്കാൻ സാധിക്കില്ല 'ഭഗവാന്റെ സഹായം ഇല്ലാതെ ഏതൊരാൾക്കും ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന പാഠം ഇതിൽ നിന്നു വ്യക്തമാകുന്നു.
സന്താന ഗോപാലം
" ദേവകീ സുത ഗോവിന്ദ:
വാസുദേവോ ജഗല്‍പ്പതേ
ദേഹി മേ തനയം കൃഷ്ണ:
ത്വാമഹം ശരണം ഗത:"
ഫലം: സന്താന ലബ്ധി
No comments:
Post a Comment