ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

7 May 2020

അഷ്ടപദിയെഴുതിയ കണ്ണൻ

അഷ്ടപദിയെഴുതിയ കണ്ണൻ

ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ എല്ലാം തന്നെ അദ്ദേഹത്തിന് ഉച്ചയുറക്കത്തിനും മറ്റ് ചിലപ്പോൾ ഉണർത്തുപാട്ടായും അഷ്ടപദി പാടുന്നത് നിങ്ങൾ എല്ലാം കേട്ടിട്ടുണ്ടാകുമല്ലോ. അഷ്ടപദി രചിച്ചത് ഭഗവാന്റെ അദമ്യ ഭക്തനും ശുദ്ധനും അതിലുപരി കണ്ണൻ ഹൃദയത്തിലേറ്റിയ ആളുമായ ശ്രീ ജയദേവ കവികൾ ആയിരുന്നു എന്ന് നിങ്ങള്ക്ക് അറിയാമല്ലോ. എന്നാൽ അഷ്ടപദിയിലെ വരികളിൽ കണ്ണന്റെ വിരൽ സ്പർശം ഉണ്ട് എന്ന് അറിയുമോ? 

ഒരിക്കൽ പുരി ജഗന്നാഥ ക്ഷേത്ര ദർശനം കഴിക്കാൻ പോയ ശ്രീ ജയദേവന് കൃഷ്‌ണനും രാധയുമായുള്ള വൃന്ദാവന കേളികളുടെ സ്വപ്ന ദർശനം ഉണ്ടാകുകയും അദ്ദേഹം അത് കവിത ആക്കാൻ തീരുമാനിക്കുകയും ചെയ്തു എന്നാണ് ചരിത്രം ...

ജയദേവൻ ഭക്തിരസത്തിൽ മുഴുകി രാധയുമായുള്ള കണ്ണന്റെ പ്രേമലീലകൾ എഴുതി കൊണ്ടിരിക്കെ ഒരു കവിതയുടെ വരികൾ എത്ര ആലോചിച്ചിട്ടും എഴുതാൻ ആയില്ല.

"സ്മരഗള ഖണ്ഡനം മമ ശിരസിമണ്ഡനം" എന്ന വരി പൂർത്തിയാക്കാൻ കഴിയാതെ വിഷണ്ണനായിരുന്ന ജയദേവനോട് സ്വാധിയും പതിവ്രതാരത്നവുമായ ഭാര്യ പത്മാവതി ഇപ്രകാരം പറഞ്ഞു " അങ്ങ് ഗംഗയിൽ പോയി കുളിച്ച് പൂജ പ്രാർത്ഥനകൾ നടത്തി കണ്ണനോട് പ്രാർത്ഥിക്കൂ. അപ്പോൾ വരി എഴുതാൻ കണ്ണൻ സഹായിക്കും ". ജയദേവൻ ഈ ആശയം സ്വാഗതം ചെയ്തു. ഗംഗ അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും കുറച്ചകലെ ആണ്. അദ്ദേഹം സ്നാനത്തിനായി പോയി. ഭാര്യ പത്മ വൈകുന്നേരത്തെ ഭക്ഷണത്തിനുള്ള വിഭവങ്ങൾ ഒരുക്കുന്നതിൽ മുഴുകി.

അൽപ സമയം കഴിഞ്ഞപ്പോൾ മുറ്റത്തു നിന്നും " പത്മ ഇങ്ങോട്ടു വരൂ " എന്ന വിളി കേട്ട് അവർ ഓടിയിറങ്ങി ചെന്നപ്പോൾ കുളിക്കുവാനായി ഗംഗയിലേക്കു പോയ ജയദേവൻ മുറ്റത്ത് നിൽക്കുന്നു. അദ്ദേഹം ഭാര്യയോട് ഇപ്രകാരം പറഞ്ഞു, " പത്മാ സ്നാനത്തിനായി പോകുമ്പോൾ എനിക്ക് ആ രണ്ടു വരി എഴുതാനുള്ള പ്രാസം ഓർമ വന്നു. ആ ഓല ഇങ്ങെടുക്ക്. മറക്കുന്നതിന് മുൻപേ എഴുതട്ടെ. "

അവർ ഓല എടുത്ത് കൊടുത്തു. അദ്ദേഹം അത് പൂർത്തീകരിച്ചു. (ദേഹിമേ പദ പല്ലവമുദരം.. എന്ന് എഴുതി പൂർത്തിയാക്കി ) എന്നാൽ ഇനി ഞാൻ ഗംഗയിൽ പോകുന്നില്ല സ്നാനത്തിന്. ഞാൻ ഇവിടെ തന്നെ സ്നാനം കഴിക്കുകയാണ്. ആഹാരം എടുത്ത് വെക്കൂ എന്ന് പറഞ്ഞ് കുളിക്കാനായി പോയി. വേഗം കുളി കഴിഞ്ഞ് വന്നു. പത്മ ആഹാരം വിളമ്പി അടുത്തിരുന്ന് വീശി കൊടുത്തു.  അദ്ദേഹം ആഹാരം കഴിച്ചെണീറ്റു. അല്പം കിടക്കട്ടെ എന്ന് പറഞ്ഞ് ഉറക്കറയിലേക്കു പോയി. പത്മാവതി പതിവ് പോലെ ഭർത്താവ് കഴിച്ചെണീറ്റ ഇലയിൽ നിന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോൾ... മുറ്റത്തു നിന്ന് പത്മ എന്ന് വിളിച്ചു കൊണ്ട് ആരോ കതകിൽ മുട്ടുന്നു. അവർ എണീറ്റ് പോയി നോക്കിയപ്പോൾ ജയദേവൻ ഗംഗാ സ്നാനം കഴിഞ്ഞ് വന്നിരിക്കുകയാണ്. പത്മ ഒരു നിമിഷം സ്തബ്ദയായി. ഇത് ജയദേവൻ എങ്കിൽ അകത്ത് ഉറങ്ങുന്നത് ആര്? കവിത എഴുതിയത് ആര്? ഞാൻ ഭക്ഷണം കൊടുത്തത് ആർക്ക്? ഇങ്ങനെ ഉള്ള അനേകം ചോദ്യങ്ങൾ അവരുടെ മനസ്സിൽ കൂടെ കടന്ന് പോയി. അവർ പുറത്ത് നിൽക്കുന്ന ആളിനെ അത്ഭുതത്തോടെ തുറിച്ച് നോക്കി " അങ്ങ് ആരാണ് " എന്ന് ചോദിച്ചു...

പത്മക്ക് എന്ത് പറ്റി എന്ന് അത്ഭുതപെട്ട് കൊണ്ട് കവി വിവരങ്ങൾ ആരാഞ്ഞു ... പത്മ ഉണ്ടായ സംഭവങ്ങൾ എല്ലാം പറഞ്ഞു .. വരൂ അദ്ദേഹത്തെ ഞാൻ കാണിച്ച് തരാം എന്ന് പറഞ്ഞ് കൊണ്ട് ജയദേവന്റെ കൈ പിടിച്ച് അകത്തേക്ക് കൊണ്ട് പോയി..

എന്നാൽ അവിടെ ആരും ഉണ്ടായിരുന്നില്ല. പത്മാ എല്ലാം നിന്റെ തോന്നൽ തന്നെ. എപ്പോഴും എന്നെ കുറിച്ച് ചിന്തിച്ച് ഇരിക്കുന്നതിനാൽ തോന്നിയതാണ് എന്ന് പറഞ്ഞ ഭർത്താവിന്റെ മുമ്പിലേക്ക് അവർ ഗീത ഗോവിന്ദം എഴുതിയ ഓല എടുത്തു കൊണ്ട് വന്നു കൊടുത്തു. ജയദേവൻ അത്ഭുതത്തോടെയും അതിലുപരി ആനന്ദ കണ്ണീരിനിടയിലൂടെയും ആ അത്ഭുതം ദർശിച്ചു. പൂർത്തിയാക്കാൻ കഴിയാതെ വിട്ടുപോയ വരി ആരോ എഴുതി ചേർത്തിരിക്കുന്നു. അതും മനോഹരമായ ലയത്തിൽ.

ജയദേവൻ കണ്ണീർ പൊഴിച്ച് കൊണ്ട് ഹേ വിട്ടലാ..  ഹേ ജഗന്നാഥ ..  ഹേ കണ്ണാ ... മഹാപ്രഭോ ..  എന്ന് വിളിച്ചു കൊണ്ട് അതിഥിയായി ജഗന്നാഥൻ വന്നു സ്നാനം ചെയ്ത് ബാക്കി വന്ന ജലം ഭക്തി പരവേശത്താൽ ദേഹത്തേക്ക് തൂകുകയും  പത്മ കഴിച്ചു കൊണ്ടിരുന്ന ഭക്ഷണത്തിന്റെ ബാക്കി ഇത് ജഗന്നാഥൻ കഴിച്ചതിന്റെ ബാക്കിയല്ലേ പ്രിയേ ഇതെനിക്ക് തരൂ എന്ന് കണ്ണീർ വാർത്ത് കൊണ്ട് പറയുകയും കഴിക്കുകയും ചെയ്തു.

അവിടുന്ന് പത്മക്ക് ദർശനം കൊടുത്തില്ലേ കണ്ണാ അടിയനെ അകലെയാക്കിയത് എന്തിന് എന്ന് പറഞ്ഞു കരഞ്ഞു കൊണ്ടേ ഇരുന്നു.

ആ സംഭവത്തിന് ശേഷം അദ്ദേഹം പൂർണമായ സാധനയോട് കൂടി ഗീത ഗോവിന്ദം പൂർത്തീകരിച്ചു.

ഗീത ഗോവിന്ദത്തിലെ ഓരോ വരികളും കണ്ണന് എത്ര പ്രിയപ്പെട്ടതാണ് എന്ന് അഷ്ടപദി കേട്ടുറങ്ങുന്ന കണ്ണനെ കാണുമ്പോൾ ഓരോ ശ്രീകൃഷ്ണ ക്ഷേത്രത്തിലും ചെല്ലുമ്പോൾ അന്ന് കണ്ണൻ വന്ന് എഴുതിവെച്ച വരിയും നമ്മൾ കേൾക്കുന്നുണ്ടല്ലോ...

No comments:

Post a Comment