ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

3 May 2020

പഞ്ചാക്ഷരി മന്ത്രരഹസ്യം - 21

പഞ്ചാക്ഷരി മന്ത്രരഹസ്യം - 21

(അവസാന ഭാഗം )

ശ്ലോകം :- 

നമോ ബ്രഹ്മ നിരാകാരം,
ശിവായം ശിവ സർവദാ
അതോfഹം ച നമാ ഭദ്ര
ശിവായോfഹം ന സംശയം:

അർത്ഥം :-

ഹേ ശംഭോ അവിടത്തേക്ക് പരിണാമമില്ല. അങ്ങ് വികാരരഹിതനാണ്. നിരാകാരനായ അങ്ങേയ്ക്ക് നമസ്കാരം.അങ്ങയെ നിർഗുണം നിഷ്ക്രിയം ശാന്തം എന്നീ വിശേഷണങ്ങൾ കൊണ്ട് വേദങ്ങൾ സ്തുതിക്കുന്നു.പരമാത്മാവ് അഥവാ ഈശ്വരൻ ചേതനതത്ത്വമാണ്. അത് മറ്റൊന്നായി പരിണമിക്കുകയില്ല. അത് അവ്യയമാണ്.ശിവൻ ആപ്തകാമനാകയാൽ കാമ ക്രോധാദി വികാരങ്ങളുമില്ല. ഈശ്വരന് ആകൃതിയില്ല. ഏകദേശിക്കേ ആകൃതിയുണ്ടാവൂ. സകലയിടത്തും അതിനപ്പുറവും വ്യാപിച്ചിരിക്കുന്നവന് ആകൃതിയില്ല. ഈശ്വരൻ ഒരിക്കലും ശരീരമെടുക്കുന്നില്ല." സപര്യഗാത് ശുക്രമകായമ വ്രണമ സ്നാവിരം'' (ഈശം.8) ഈശ്വരൻ എല്ലായിടത്തും വ്യാപിച്ചവനും പ്രകാശവാനും സ്ഥൂല സൂക്ഷ്മ ശരീരങ്ങളില്ലാത്തവനുമാണ്. " അപാണി പാദോ ജവനോഗ്രഹീതാ, പശ്യത്യക്ഷു: സശൃണോത്യകർണ:, സവേത്തി വേദ്യം ന ച തസ്യാസ്തി വേത്താ, തമാഹുര ഗ്ര്യം പുരുഷം മഹാന്തം.( ശ്വേതാശ്വത രോപനിഷത് 3.19 ) അവൻ പാദങ്ങളില്ലാതെ നടക്കുന്നു. കൈകളില്ലാതെ പിടിക്കുന്നു. കണ്ണുകളില്ലെങ്കിലും കാണുന്നു. ചെവികളുടെ സഹായം കൂടാതെ കേൾക്കുന്നു. അവയവ രഹിതനായ പരമേശ്വരന് സൃഷ്ടിസ്ഥിതി സംഹാരാദി ജഗദ് വ്യാപാരങ്ങൾ ചെയ്യുന്നതിന് കരചരണാദി അവയവങ്ങളുടെ ആവശ്യമില്ല. ഈശ്വരൻ നിഷ്ക്രിയനാണ്. കർമങ്ങൾ രണ്ടു വിധം - സ്വാർഥ കർമവും നിസ്വാർഥ കർമവും. സ്വാർഥ കർമത്തിന് സകാമ കർമമെന്നും നിസ്വാർഥ കർമത്തിന് നിഷ്കാമ കർമമെന്നും നാമം. ഈശ്വരൻ നിഷ്ക്രിയൻ എന്നതിന് സകാമ കർമം ചെയ്യാത്തവൻ എന്നർഥം. ഈശ്വരന്റെ ജഗത് സൃഷ്ടി ജീവാത്മാക്കളുടെ ഭോഗത്തിനും അപവർഗത്തിനുമാണ്. ഭോഗാപവർഗാഭ്യാം ദൃശ്യം ( യോഗദർശനം) ഈശ്വരൻ നിർഗുണ നാണ്. ഈശ്വരനിൽ പ്രകൃതി ഗുണങ്ങളായ സത്വര ജസ്തമോഗുണങ്ങളില്ല. അതിനാൽത്തന്നെ ശാന്തനാണ്.അശാന്തിയുടെ കാരണം രജോഗുണമാണ്.ശിവൻ നിരാകാരനും പൂർണനും ബൃഹത്തുമാവുന്നു.അതു കൊണ്ട് ഹേ മംഗളരൂപ, ഞാനും വികാരരഹിതനും ശിവനെ പ്രാപിച്ചവനുമാകുന്നു. ഇതിൽ സംശയമേയില്ല. ശിവൻ ബ്രഹ്മമാണ്. ഏറ്റവും ബൃഹത്താണ്. ബൃഹത്വാത് ബ്രഹ്മ.വിശ്വതോ വൃത്വാദ് അത്യതിഷ്ഠദ്ദശാംഗുലം.(യ ജു. 31. 1) എല്ലായിടത്തും വ്യാപിച്ച് പത്തംഗുലം അതിക്രമിച്ചു നില്ക്കുന്ന പരമാത്മാവ് ഏറ്റവും വലുതാണ്. അതിനേക്കാൾ വലുതായി മറ്റൊന്നില്ല. ശിവൻ നിരാകാരമാണ്. ആകാരം അതായത് ആകൃതിയില്ലാത്തവനാണ്. അതിരുകളും അളവുമുള്ള തിനേ ആകൃതിയുണ്ടാവൂ. ന തസ്യ പ്രതിമാ അസ്തി. യസ്യ നാമ മഹദ്യശ:( യജുർവേദം) ഈശ്വരന് അളവില്ല.അതിനാൽ ആകാരവുമില്ല. സർവവ്യാപിയായ പരമേശ്വരന് സ്ഥൂല സൂക്ഷ്മ കാരണ ശരീരങ്ങളില്ല.അതിനാലും നിരാകാരനാണ്.ശിവൻ ശിവായനും കൂടിയാണ്. പരമാത്മാവ് തന്റെ നിരതിശയമഹിമയോലുന്ന സൃഷ്ടിയിലൂടെ മനനശീലരായ മനുഷ്യരെ തന്നിലേക്കാകർഷിക്കുന്നു. ശിവനിലേക്കുള്ള അയം -ഗതി -നല്കുന്നു. അങ്ങനെ ശിവനെ പ്രാപിച്ചവനും വികാരരഹിതനാണ്. യമ നിയമാദി യോഗ സാധനയിലൂടെ ശിവനെ പ്രാപിക്കുന്നവന്റെ ചിത്തവൃത്തികൾ നിരുദ്ധമാവുന്നു. ചിത്തവൃത്തികൾ നിരുദ്ധമായവൻസം പ്രജ്ഞാത സമാധിയുടെ അന്തിമ തലത്തിൽ ഋതംഭര പ്രജ്ഞ നേടുന്നു. തത്ഫലമായി മുൻ ചിത്തവൃത്തികളുടെ ഫലമായുണ്ടായ സംസ്കാരം വെന്തുപോവുന്നു. അതോടു കൂടി അസംപ്രജ്ഞാത സമാധിയിൽ പരമാത്മ ദർശനമുണ്ടാവുന്നു. ആത്മാവിൽ പരമാത്മ ദർശനം. ഈ സന്ദർഭത്തിൽ, "ഭിദ്യന്തേ ഹൃദയ ഗ്രന്ഥി:, ഛിദ്യന്തേ സർവ സംശയാ: ,ക്ഷീയന്തേ ചാസ്യ കർമാണി, തസ്മിൻ ദൃഷ്ടേ പരാവരേ.(മുണ്ഡകം.2.2.9) സാധകന്റെ ഹൃദയ ഗ്രന്ഥി പൊട്ടുന്നു. സകല സംശയങ്ങളും തീരുന്നു. സകല കർമങ്ങളും ക്ഷയിക്കുന്നു. ഈ അവസ്ഥയിൽ പരനെ - ശ്രേഷ്ഠനെ - അവരൻ - ശ്രേഷ്Oത കുറഞ്ഞവൻ സാക്ഷാത്കരിക്കുന്ന. പരൻ പരമാത്മാവാണ്. അവരൻ ജീവാത്മാവും.ഹൃദയം വാസനകളുടെ ഇരിപ്പിടമാണ്. ഹൃദയ ഗ്രന്ഥി പൊട്ടുന്നതോടെ വാസനാ ബീജം ദഗ്ദ്ധമാവുന്നു. വിത്തിന് മുളയ്ക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു. വാസനകളുടെ ബന്ധനത്തിൽ നിന്നും ജീവൻ മുക്തനാവുന്നു. ഈ ബന്ധനവിമുക്തിയാണ് ഹൃദയഗ്രന്ഥി വി ഭേദനം. ശിവ സാക്ഷാത്കാരത്തോടെ കിട്ടേണ്ടതെല്ലാം കിട്ടിക്കഴിഞ്ഞു. അറിയേണ്ടതെല്ലാം അറിഞ്ഞു കഴിഞ്ഞു സംതൃപതി സന്തുഷ്ടിയായിത്തീരുന്നു. സദ്യയിൽ പ്രഥമൻ വിളമ്പി ക്കഴിഞ്ഞാൽ പിന്നൊന്നും കിട്ടാനില്ല. പിന്നെയെല്ലാം ശാന്തം. 
ഓം ശാന്തി: ശാന്തി: ശാന്തി: 

No comments:

Post a Comment