ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

8 May 2020

കുളത്തൂപ്പുഴ ധര്‍മ്മശാസ്താ ക്ഷേത്രവും അവിടുത്തെ മത്സ്യ കന്യകയും

കുളത്തൂപ്പുഴ ധര്‍മ്മശാസ്താ ക്ഷേത്രവും അവിടുത്തെ മത്സ്യ കന്യകയും

ഏക മയം ഏക മതം ഏകാഗ്ര ചിത്തം
ഏകാശ്രയം ഭൂതനാഥത്മജം സത്യം ശിവം സുന്ദരം
കൊല്ലത്ത് നിന്ന് ആയൂർ അഞ്ചൽ വഴി തെന്മലയിലേയ്ക്ക് പോകുമ്പോൾ അറുപത് കിലോ മീറ്റർ കഴിഞ്ഞാൽ കുളത്തൂപ്പുഴയിൽ എത്താം. തമിഴ്‌നാട്ടിൽ നിന്ന് ആര്യങ്കാവ് വഴിയും ക്ഷേത്രത്തിൽ എത്താം. കുളന്തയുടെ ഊരിലെ പുഴയുടെ അരുകിലുള്ള കുളത്തൂപ്പുഴ ക്ഷേത്രം പഞ്ച ശാസ്താ ക്ഷേത്രങ്ങളിൽ ഒന്നാമത്തെതാണെന്ന് കരുതപ്പെടുന്നു. ബ്രഹ്മചര്യ ഭാവത്തിലുള്ള ബാല ശാസ്താവാണ് സങ്കൽപം, പൊട്ടിയ എട്ട് ശിലാ ശകലങ്ങളാണ് പ്രതിഷ്ഠ. ക്ഷേത്രത്തെ ചുറ്റി മല നിരകൾ, ക്ഷേത്രത്തിന് അടുത്ത് കൂടി കല്ലടയാർ ഒഴുകുന്നു. പുഷ്പാഭിഷേകം, നെയ്യഭിഷേകം, നീരാജനം, രക്ത പുഷ്പാഞ്ജലി, അഷ്ടോത്തര അർച്ചന, അഷ്ട ദ്രവ്യ മഹാ ഗണപതി ഹോമം, അരവണ, അപ്പം, കുഞ്ഞുങ്ങളെ മാതാവോ പിതാവോ സോപാനത്തിൽ കമഴ്ത്തി കിടത്തുന്ന അടിമ സമർപ്പണം തുടങ്ങിയവയാണ് വഴിപാടുകൾ.
ഭഗവാനൊപ്പം ഗർഭഗൃഹത്തിൽ ശിവൻ, നാലമ്പലത്തിനകത്ത് ഗണപതി, നാലമ്പലത്തിന് പുറത്ത് യക്ഷി, ഗന്ധർവൻ, ഭൂതത്താൻ, മാമ്പഴത്തറ ഭഗവതി, നാഗരാജാവ്, നാഗയക്ഷിയമ്മ എന്നിവരാണ് ഉപ ദേവകൾ. കിഴക്കോട്ട് ദർശനമുള്ള ക്ഷേത്രത്തിന്റെ വലതു ഭാഗത്തായി ക്ഷേത്ര കാവ്. പൊട്ടിയ എട്ട് ശിലാ ശകലങ്ങളെ കുറിച്ചുള്ള ഐതീഹ്യം ഇങ്ങിനെ. സഞ്ചാര പ്രിയനായിരുന്ന ഒരു ആചാര്യൻ കുളിക്കാനായി ആറ്റിലിറങ്ങി. ഒപ്പമുള്ളവർ ഭക്ഷണം പാകം ചെയ്യാനായി അടുപ്പുകല്ല് സ്ഥാപിച്ചപ്പോൾ ഒരണ്ണമെപ്പോഴും വലുതായി തന്നെ ഇരിക്കുന്നു. പല കല്ലുകൾ വെച്ചിട്ടും ശരിയാവുന്നില്ലാത്തത് കൊണ്ട് അവർ ഒരു കല്ല് പൊട്ടിക്കുവാൻ ശ്രമിച്ചു, ശക്തിയുള്ള ഇടിയിൽ കല്ല് എട്ടായി പിളർന്നു. ഇതിൽ നിന്നുണ്ടായ രക്ത പ്രവാഹം കണ്ട് ഭയന്ന് സംഘാഗംങ്ങൾ ആചാര്യനെ വിവരം അറിയിച്ചു. അദ്ദേഹം അവിടെ ശാസ്താ സാന്നിധ്യം മനസ്സിലാക്കി ചിതറിയ കഷ്ണങ്ങൾ ഒന്നിച്ചെടുത്ത് വച്ച് പ്രതിഷ്ഠിച്ചു. വിവരം അറിഞ്ഞെത്തിയ കൊട്ടാരക്കര രാജാവ് അമ്പലം പണിയുവാൻ വേണ്ട ധനം അദ്ദേഹം നൽകി.

ക്ഷേത്ര കടവിലുള്ള മത്സ്യങ്ങളെ തിരുമക്കൾ എന്നാണ് പറയുന്നത്. ബ്രഹ്മ ചരിയായ ശാസ്താവിനെ സ്നേഹിച്ച കന്യകയോട് മത്സ്യ രൂപത്തിൽ ആറ്റിൽ കിടന്നു കൊള്ളാൻ അനുവദിച്ചു എന്നാണ് വിശ്വാസം. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ് വെള്ളപ്പൊക്കത്തിൽ കുളത്തൂപ്പുഴയിൽ മുഴുവൻ നാശ നഷ്ടങ്ങൾ ഉണ്ടായിട്ടും ക്ഷേത്രത്തിനോ ആറ്റിൻ കരയിലെ മത്സ്യ കന്യക വിഗ്രഹത്തിനോ ഒന്നും സംഭവിച്ചില്ല.ഇവിടെ ചില ഭക്തന്മാർ ഇടക്ക് ഈ മത്സ്യ കന്യകയെ നേരിൽ ദരർശിച്ചിട്ടുണ്ട്.  മനുഷ്യനോളം വലിപ്പമുള്ള മനുഷ്യരുമായി ഇണങ്ങി പോകുന്ന മീനികളെ ഇന്നും കാണാൻ കഴിയും. ഈ മീനുകള്‍ക്ക്‌ അരി, കടല, മലർ എന്നിവയാണ്‌ ഭക്തജനങ്ങൾ നല്‍കുന്നത്‌. നിര്‍ഭയമായി കഴിയുന്ന മീനുകൾ മനുഷ്യരോട്‌ അടുത്ത്‌ വന്ന്‌ തീറ്റകൾ സ്വീകരിക്കും എന്ന പ്രത്യേകതയും ഇവിടെയുണ്ട്‌. മീനുകള്‍ക്ക്‌ ആഹാരം നല്‍കുന്നവരുടെ ത്വക്ക്‌ രോഗങ്ങൾ പൂര്‍ണ്ണമായും മാറുമെന്നാണ് വിശ്വാസം. ഉത്സവത്തോടനുബന്ധിച്ച്‌ പ്രത്യേക പൂജകളോടെ ക്ഷേത്ര മേല്‍ശാന്തി പൂജാദ്രവ്യങ്ങളായ പായസം, വെള്ളച്ചോറ്‌ എന്നിവ മീനുകള്‍ക്ക്‌ ഊട്ടുന്ന ചടങ്ങാണ്‌ മീനൂട്ട്‌.

No comments:

Post a Comment