ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

8 May 2020

ഐവർമഠം

ഐവർമഠം

തൃശൂർ ജില്ലയിലെ തിരുവില്വാമലപഞ്ചായത്തിൽ പാമ്പാടി എന്ന സ്ഥലത്ത് നിളയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ഐവർമഠം ശ്രീകൃഷ്ണക്ഷേത്രം.

മഹാഭാരത യുദ്ധാനന്തരം തങ്ങളാൽ കൊല്ലപ്പെട്ട ആത്മാക്കൾക്ക് മുക്തിലഭിക്കാതെ വന്നപ്പോൾ ശ്രീകൃഷ്ണഭഗവാന്റെ ഉപദേശപ്രകാരം പഞ്ചപാണ്ഡവർ ദക്ഷിണഭാരതത്തിലേക്ക് വരികയും ഗംഗാനദിക്ക് തുല്യമായ നിളാനദിക്കരയിലെ ഭാരതഖണ്ഡം എന്നപേരിലറിയപ്പെടുന്ന ഐവർമഠം തീരത്ത് വന്ന് ബലിതർപ്പണം നടത്തുകയും ശ്രീകൃഷ്ണഭഗവാന്റെ വിഗ്രഹം പ്രതിഷ്ഠിച്ച് പൂജിച്ചു എന്നുമാണ് ഐതിഹ്യം. അഞ്ച് പാണ്ഡവരും ചേർന്ന് പ്രതിഷ്ഠിച്ച് പൂജിച്ച്പോന്ന ക്ഷേത്രമാണ് ഐവർമഠം എന്നാണ് വിശ്വാസം. ക്ഷേത്രത്തിന് താഴെയുള്ള നദീഭാഗമാണ് 'ഭാരതഖണ്ഡം' എന്നറിയപ്പെടുന്നത്. ബലിതർപ്പണം മാത്രമാണ് ഇവിടെ പ്രാധാന്യം

വള്ളുവനാടിന്റെ നിളാനദി തീരത്ത് മനുഷ്യ ജന്മത്തിന്റെ ശരീരമുപേക്ഷിച്ച് യാത്ര അവസാനിക്കുന്നൊരിടമുണ്ട്; ഐവർ മഠം. കുളിർമ തേടിയുള്ള സഞ്ചാരത്തിനിടയിൽ അധികമാരും കടന്നു ചെല്ലാൻ ഇഷ്ടപ്പെടാത്ത, ഈ മഹാ ശ്മശാനത്തിൽ ഒരു ദിനം മരവിച്ച കാഴ്ചകൾക്കായി നമുക്ക് മാറ്റിവെക്കാം.

കാശികഴിഞ്ഞാൽ ഏറ്റവും കൂടുതൽ മൃതശരീരങ്ങൾ എരിഞ്ഞമർന്ന ഒരിടമാണ് ഐവർ മഠം. മഹാഭാരതം ഭരതഖണ്ഡം സമാപ്തം എന്നവസാനിപ്പിച്ചു പാണ്ഡവരും ശ്രീകൃഷ്ണനും സ്വർഗ്ഗാരോഹണം നടത്തിയെന്ന് വിശ്വസിക്കപ്പെടുന്നിടം. ആ ഓർമകൾ കൊണ്ടാകണം ആത്മാക്കൾ ഉറങ്ങാനായി തിരഞ്ഞെടുത്തത്.

ഒരിക്കലും തീയണയാത്ത ചുടലപ്പറമ്പിൽ, വികാരവിഷോപങ്ങളെ ഒതുക്കി നിളയെ നോക്കി ആൽത്തറയിൽ നമുക്കിരിക്കാം അൽപ്പനേരം. ദിവസത്തിൽ അനേകം മൃതശരീരങ്ങൾ എരിയുന്ന ഈ നിളാതീരം കുന്നോളമുള്ള സ്വപ്നങ്ങളെ ബാക്കിവെച്ചു കടന്നു പോയ ആത്മാക്കളുടെ വിഹാരഭൂമിയാണ്.

No comments:

Post a Comment