ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

3 May 2020

പഞ്ചാക്ഷരി മന്ത്രരഹസ്യം - 14

പഞ്ചാക്ഷരി മന്ത്രരഹസ്യം - 14

ശ്ലോകം :- 

യസ്മാദാനന്ദരൂപ സ്ത്വം
ദേവൈർ വേ ദൈർ നിഗദ്യസേ
തസ്മാൻ മേ ദേഹി യോഗീശ
ഭദ്രം ജ്ഞാനം സുഭാവനം

അർത്ഥം :-

യാതൊരു കാരണം കൊണ്ട് വിദ്വാന്മാരും വേദങ്ങളും അങ്ങ് ആനന്ദ സ്വരൂപമാണെന്ന നിഗമനത്തിലെത്തി ചേർന്നിരിക്കുന്നുവോ അക്കാരണങ്ങളാൽത്തന്നെ മഹായോഗിയായ അങ്ങ് എനിക്ക് സ്വാധ്യായത്തിനുതകുന്ന മംഗളദായകമായ ജ്ഞാനം നല്കിയാലും.സച്ചിദാനന്ദം എന്നത് ഈശ്വരന്റെ സ്വരൂപ ലക്ഷണമാണ്. സത് + ചിത്+ ആനന്ദം. ഈശ്വരന്റെ നിർവചനമാണിത്.ഈശ്വരൻ, ജീവാത്മാവ്, പ്രകൃതി എന്നീ മൂന്ന് അനാദിത്ത്വങ്ങളിൽ ഈശ്വരന്റെ മാത്രം സ്വഭാവമാണ് ആനന്ദം. പ്രകൃതി സത് മാത്രമാണ്. ജീവാത്മാക്കൾ സത് + ചിത്=സത് ചിത് ആണ് .ഈശ്വരൻ സത് + ചിത്+ ആനന്ദമാണ്. പ്രകൃതിയിൽ നിന്നും ജീവാത്മാക്കളിൽ നിന്നും ഈശ്വരനെ വ്യതിരിക്തനാക്കുന്നത് ആനന്ദമാണ്. ആനന്ദം ബ്രഹ്മണോ വിദ്വാൻ, രസോ വൈസ: എന്നീ ഉപനിഷത് വാക്യങ്ങൾ ഈശ്വരന്റെ ആനന്ദ സ്വരൂപത്തിന് പ്രമാണമാണ്. ജീവാത്മാവ് ആനന്ദരഹിതനാണ് അതിനാൽ അവൻ സദാ ആനന്ദത്തെ അന്വേഷിക്കുന്നു. "നേതരോ fനു പപത്തേ: ( ബ്രഹ്മസൂത്രം 1.1.16) ഈ സൂത്രഭാഷ്യത്തിൽ ശ്രീശങ്കരൻ പറയുന്നു - "നേതര: ഇതര :ഈശ്വരാന്യ: സംസാരീ ജീവ ഇത്യർഥ: ന ജീവ ആനന്ദമയ ശബ്ദേ നാഭിധീയതേ "ഇതര ശബ്ദത്തിന് ഈശ്വരനിൽ നിന്നന്യന്നും സംസാരിയുമായ ജീവനെന്നർഥം. ജീവൻ ആനന്ദമയ ശബ്ദത്താലറിയപ്പെടുന്നില്ല. രസോ വൈ സ: രസം ഹിഏ വായം ലബ്ധ്വാ ആനന്ദീഭവതി (തൈത്തിരിയോപനിഷത്) അവൻ - ഈശ്വരൻ -ആനന്ദമാവുന്നു. ആ ആനന്ദം ലഭിച്ചിട്ട് ജീവാത്മാവ് ആനന്ദം അനുഭവിക്കുന്നു. അനുഭവിക്കുന്നവനും അനുഭവിക്കപ്പെടുന്ന വസ്തുവും ഒന്നല്ല. അതിനാൽ ജീവാത്മാവും ബ്രഹ്മവും ഒന്നല്ല. ആനന്ദം എന്ന ഈശ്വരൻ ഭദ്രമാണ്. ഭദ് - ധാതുവിന് കല്യാണം സുഖം എന്നർഥം. ഭദ് - നെ നല്കുന്നത് ഭദ്രം.മംഗളം സുഖം എന്നിവയെ നല്‌കുന്നതാണ് ഭദ്രം. ആനന്ദം ജ്ഞാനമാണ്. തത്ര നിരതിശയം സർവജ്ഞ ബീജം ( യോഗദർശനം 1.25) ഈശ്വരനിൽ നിരതിശയമായ സർവജ്ഞ ബീജം സ്ഥിതി ചെയ്യുന്നു. സകല ജ്ഞാനത്തിന്റെയും വിത്ത് ഈശ്വരനാണ്. മാത്രമല്ല ആ ജ്ഞാനം സുഭാവനമാണ്. നന്നായി വിചാരം ചെയ്യാൻ യോഗ്യമാണ്. ഹേ ജഗദീശ്വരാഭദ്രവും ജ്ഞാനവും സുഭാവനവുമായ ആനന്ദത്തെ ഞങ്ങൾക്ക് നല്കിയാലും.

തുടരും.....

No comments:

Post a Comment