കാശി
ഉത്തർപ്രദേശ് സംസ്ഥാനത്തെ കാശി വിശ്വനാഥ ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശിവക്ഷേത്രമാണ്. വരുണ, അസ്സി എന്നീ ഗംഗയുടെ പോഷക നദികൾക്കിടയിൽ കിടക്കുന്നതിനാൽ ഈ പ്രദേശം വാരണാസി എന്നും., ഗംഗയുടെ തീരത്തോട് ചേർന്ന് കിടക്കുന്നതിനാൽ ഈ സ്ഥലം ബനാറസ് എന്നും അറിയപ്പെടുന്നു. പുരാതന കാലം മുതൽക്കേ വിദ്യ തേടി നിരവധിയാളുകളാണ് ബനാറസ്സിൽ എത്തിയിരുന്നത്, (പിൽക്കാലത്തു ബനാറസ്സിൽ ഒരു ഹിന്ദു സർവകലാശാല തന്നെ സ്ഥാപിക്കപെട്ടിട്ടുണ്ട്) പണ്ഡിതന്മാരുടെ ചർച്ചകൾ കൊണ്ടും, സംവാദങ്ങൾ കൊണ്ടും ഈ തീരം എന്നും ധന്യമായിരുന്നു. കാശി എന്നതിന് പ്രകാശമാനം എന്നും അർത്ഥമുണ്ട്. എല്ലാകാലത്തും ജ്ഞാനത്താൽ ദീപ്തമായിരുന്നു കാശി എന്നാണ് ഈ വാക്കിന് അർത്ഥം.
കാശി നഗരത്തിലേയ്ക്ക് പ്രവേശിക്കുവാൻ എഴ് പ്രവേശന കവാടങ്ങളാണുള്ളത്. ഓരോ കവാടവും കടന്ന് മഹാശിവ സന്നിധിയിലെത്തുന്ന ഏതൊരാളുടെയും സർവ്വപാപങ്ങളും ഒഴിഞ്ഞു പോകുമെന്നാണ് വിശ്വാസം.ശവദാഹത്തിനും മരണാനന്തരകർമ്മങ്ങൾക്കും പിതൃതർപ്പണത്തിനുമായി നിത്യം ലക്ഷക്കണക്കിനാളുകളാണ് കാശിയിലെത്തുന്നത്. നിരവധി ക്ഷേത്രങ്ങളുള്ള കാശിയിലെ ഏറ്റവും പ്രധാനപ്പെട്ടത് വിശ്വനാഥ ക്ഷേത്രമാണ്. ഭാരതത്തിലെ 12 ജ്യോതിർലിംഗങ്ങളിലൊന്നാണ് കാശിയിലേത്. 7 അടി ഉയരമുള്ള നന്തികേശന്റെ കല്ലിൽ കൊത്തിയ രൂപം കിഴക്ക് ഭാഗത്തായി പ്രതിഷ്ഠിച്ചിരിക്കുന്നു. വടക്കു ഭാഗത്തുള്ള “ജ്ഞാനവ്യാപി”എന്നവിശുദ്ധ കിണറിൽ നിന്നാണ് ശിവലിംഗം ലഭിച്ചതെന്ന് കരുതുന്നു. ശ്രീ ശങ്കരാചാര്യരാണ് കാശിയിലെ ഇന്നത്തെ നിലയിലുള്ള ശിവപൂജയ്ക്ക് തുടക്കമിട്ടത് എന്നാണ് കരുതുന്നത് വിനായകൻ, മഹാവിഷ്ണു, കാലഭൈരവൻ തുടങ്ങി ഉപദേവതാ ശ്രീകോവിലുകളും വിശ്വനാഥക്ഷേത്രത്തിലുണ്ട്. മംഗല ആരതി, ഭോഗ് ആരതി,സന്ധ്യാ ആരതി,ശൃംഗാര ആരതി എന്നിവയാണ് ഇവിടുത്തെ പ്രധാന പൂജകൾ. ശിവരാത്രിയാണ് ഇവിടുത്തെ ഏറ്റവും വലിയ മഹോത്സവം.
ദശാശ്വമേധ് ഘാട്ട്
"പ്രകാശനഗരം “എന്നു വാരണാസിക്കു പേര് നേടിക്കൊടുത്ത ഗംഗാ ആരതി നടക്കുന്നത് ദശാശ്വമേധ് ഘാട്ടിലാണ്.ഭക്തിസാന്ദ്രമായ സന്ധ്യയിൽ പൂജാരികൾ ഗംഗയ്ക്ക് ആരതി നടത്തുന്ന സ്ഥലം.അപ്രത്യക്ഷനായ പരമശിവനെ കണ്ടെത്തുന്നതിനായി ബ്രഹ്മാവ് പത്തു കുതിരകളെ വച്ച് യാഗം നടത്തിയ സ്ഥലമായതിനാലാണ് ഈ സ്ഥാലത്തിന് ഈ പേര് സിദ്ധിച്ചത്.
അസിഘാട്ട്
ശുംഭനിശുംഭൻമാരെ വധിച്ച ശേഷം ദുർഗാദേവി വാൾ ഉപേക്ഷിച്ച സ്ഥലമാണ് അസിഘാട്ട്. ബോധിവൃക്ഷവും അതിനു കീഴിലുള്ള ശിവലിംഗവും ഇവിടെയുണ്ട്. അസി നദി ഗംഗയിൽ സംഗമിക്കുന്ന ഇടം കൂടിയാണ് ഇത്.
മണികർണിക ഘാട്ട്
ഇവിടെ ദഹിപ്പിച്ചാൽ പുനർജ്ജന്മമുണ്ടാവില്ലെന്നും,ഭഗവത് പാദങ്ങളിൽ ലയിച്ചു ചേരുമെന്നുമാണ് വിശ്വാസം, അതിനാൽ ശ്മശാനതീരം കൂടിയാണ് മണികർണിക ഘാട്ട്.
ഹരിശ്ചന്ദ്ര ഘാട്ട്
സത്യസന്ധതയുടെ പര്യായമായ രാജാ ഹരിശ്ചന്ദ്രൻ അവസാനകാലം കഴിച്ചു കൂട്ടിയ ശ്മശാന തീരം.
തുളസിഘാട്ട്
തുളസി രാമായണം എന്ന രാമചരിത മാനസം കവി തുളസീദാസ് രചിച്ചത് ഇവിടെയിരുന്നാണ്.
ഹനുമാൻ ഘാട്ട് (രാമേശ്വരം ഘാട്ട് )
ശ്രീരാമൻ തന്റെ ഭക്തനോടുള്ള പ്രിയമറിയിക്കാൻ പണിത ക്ഷേത്രം ഹനുമാൻ ഘാട്ടിലാണ്.
റാണാമഹൽ ഘാട്ട്
റാണാ മഹൽ ഘാട്ടിൽ ചെറിയൊരു കൊട്ടാരവും പണി കഴിപ്പിച്ചിട്ടുണ്ട്. ദർഭംഗാ ഘട്ട്, മൻമന്ദിർ ഘാട്ട്,കേദാർ ഘാട്ട്, ശിവ ഘാട്ട് എന്നിങ്ങനെ ഘാട്ടുകളുടെ നീണ്ട നിര തന്നെയിവിടെയുണ്ട്... ബോധിസത്വൻ തപസ്സിരുന്നതും അഘോരികളും ഇവിടുത്തെ അന്തേവാസികളാണ്. പൗരാണിക ശാസ്ത്രീയ സംഗീതശാഖകളായ “തുമ് രി, ദ്രൗപദ്, സംഗീതശാഖകളുടെ ജന്മനാടും ഝാൻസി റാണി, ലക്ഷ്മീഭായ്, കബീർദാസ്, തുളസിദാസ്, തുടങ്ങിയവർക്ക് ജന്മംകൊടുത്ത പുണ്യ ഭൂമിയും വാരണാസി തന്നെ.
No comments:
Post a Comment