ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 May 2020

രുദ്രാക്ഷം ഉണ്ടായ കഥ

രുദ്രാക്ഷം ഉണ്ടായ കഥ

രുദ്രന്റെ അക്ഷം അഥവാ കണ്ണിൽ നിന്നുണ്ടായത്. അതാണ്‌ രുദ്രാക്ഷം. ഭൂമിയിൽ രുദ്രാക്ഷം 
ഉണ്ടായ കഥ നോക്കാം. താരകാസുരൻ എന്ന അസുരന്റെ ദ്രോഹങ്ങൾ സഹിയ്ക്ക വയ്യാതെ ശിവപുത്രനായ സുബ്രഹ്മണ്യൻ അയാളെ വധിച്ചു. അപ്പോൾ താരകാസുരന്റെ പുത്രന്മാരായ ത്രിപുരന്മാർ [താമരാക്ഷൻ, താരകാക്ഷൻ, വിദ്യുന്മാലി] ചെറിയ കുട്ടികളായിരുന്നു. തന്റെ പതിയുടെ മരണ വാർത്ത അറിഞ്ഞ താരകാസുര പത്നി തന്റെ കുട്ടികളുമായി, അലമുറയിട്ടു കൊണ്ട് കൈലാസത്തിലേക്കു  ഓടി. അസുരന്മാർ ശിവ ഭക്തൻമാരാണല്ലോ ? അവളുടെ സങ്കടത്തിൽ മനസ്സലിഞ്ഞ ഭഗവാൻ അവരെ കൈലാസത്തിൽ തന്നെ തങ്ങാൻ അനുവദിച്ചു. കുഞ്ഞുന്നാളിൽ ദേവ കുലത്തിന് മിത്രങ്ങളായിരുന്നു ത്രിപുരന്മാർ എങ്കിലും, വളർന്നപ്പോൾ അവരുടെ അസുര സ്വഭാവം പ്രകടിപ്പിക്കാൻ തുടങ്ങി. മൂന്നുപേരും ബ്രഹ്മ ദേവനെ തപസ്സു ചെയ്ത് നിരവധി വരങ്ങൾ വാങ്ങി. മൂന്നു പുരങ്ങൾ സ്വർണ്ണത്തിലും, വെള്ളിയും, ഇരുമ്പിലും ഉണ്ടാക്കി ആകാശത്തു കറങ്ങി നടന്ന്ദേവന്മാരെയും, ഋഷികളെയും ദ്രോഹിക്കുകയും, യാഗശാല  മലീമസമാക്കുകയും ചെയ്തു  അവർ. പക്ഷെ തങ്ങളുടെ പുരങ്ങൾ [ഗ്രഹങ്ങൾ പോലെയുള്ളവ] ഒരുമിച്ചു ഒരു ദിശയിൽ വരുമ്പോൾ, ഒരായുധം കൊണ്ട് മാത്രമേ തങ്ങളെ വധിക്കാനാവൂ എന്ന വരം അവർ നേടിയിരുന്നത് കൊണ്ട് ആർക്കും അവരെ ഒന്നും ചെയ്യാൻ ആകുമായിരുന്നില്ല. ദേവാധികളും, ഋഷികളും കൈലാസത്തിലെത്തി തങ്ങളുടെ ആവലാതികൾ ഭഗവാനോട് പറഞ്ഞു. ആകെ ധർമ്മ സങ്കടത്തിലായി ഭഗവാൻ. കൈലാസത്തിൽ വളർന്നവരായത്കൊണ്ട് അവർക്കെതിരായി എന്തെങ്കിലും പ്രവർത്തിയ്ക്കാൻ ഭഗവാന്കഴിയുമായിരുന്നില്ല. ഉച്ചി വച്ച കൈ കൊണ്ട് ഉദക ക്രിയ ചെയ്യണമല്ലോ എന്ന സങ്കടം കൊണ്ട്  ഭഗവാന്റെ കണ്ണ് നിറഞ്ഞു. ആ കണ്ണുകൾ അടച്ചു ഭഗവാൻ അനേകായിരം കൊല്ലം  ധ്യാനനിമഗ്നനായിരുന്നു. ഒടുവിൽ കണ്ണു തുറന്നപ്പോൾ ആ കണ്ണുകളിലെ അശ്രുക്കൾ ഭൂമിയിലേയ്ക്ക് വീണു. അതാണ്‌ രുദ്രാക്ഷം. അങ്ങനെ രുദ്രന്റെ കണ്ണിൽ നിന്നും ഉണ്ടായത് കൊണ്ട് അതിനെ രുദ്രാക്ഷം എന്ന് പറയുന്നു. ത്രിപുരന്മാരെ വധിയ്ക്കാൻ ഭഗവാൻ സൃഷ്ടിച്ച ആയുധമാണ് തൃശൂലം. 

ഓം നമ ശിവായ....

No comments:

Post a Comment