ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

15 January 2018

ഷഡാധാരവും അതിലെ ദേവതമാരു

ഷഡാധാരവും അതിലെ ദേവതമാരു

മനുഷ്യശരീരത്തിലെ  നട്ടെല്ല് മൂലാധാരം മുതൽ സഹ്രസാരം വരെ വ്യാപിക്കുന്നു. ഇതിൽ (നട്ടെല്ലിൽ) 33 കശേരുക്കളാണ് ഉള്ളത്. ഈ നട്ടെല്ലുനിര തന്നെയാണ് മുപ്പത്തിമുക്കോടി ദേവന്മാരുടെയും ആവസസ്ഥാനമായ മേരു. നട്ടെല്ലുനിരകൾക്കുള്ളിലൂടെ മൂലാധാരം മുതൽ സഹസ്രാരം വരെ  വ്യാപിച്ചിരിക്കുന്ന സുഷുമ്നാനാഡിയാണ് ജന്തു ശരീരത്തിലെ  സർവ്വശക്തികളെയും വഹിക്കുന്ന ശക്തി - സഞ്ചയപഥം നമ്മുടെ ശരീരത്തിലെ സകല പ്രവർത്തനങ്ങളും  ഇച്ചാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി എന്നീ മൂന്നു ശക്തികളുടെ പരിണതഫലങ്ങളാണ്. ശാരീരിക പ്രവർത്തനങ്ങളെല്ലാംതന്നെ മൂലാധാരവും മസ്തിഷ്കവും തമ്മിലുള്ള ഒരു ശക്തിധാര പ്രവാഹത്തിൽ  സംഭവിക്കുന്നു. സുഷുമ്നാനാഡിയെ ചുവടിൽനിന്ന് മേൽഭാഗത്തു മസ്തിഷ്കം വരെയുള്ള ഭാഗത്തെ ആറ് ആധാരങ്ങൾ ആയി വിഭജിച്ചിരിക്കുന്നു. മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ, ഇതിനെല്ലാം മീതെ മസ്തിഷകമാകുന്ന സഹാസ്രാരപത്മം സ്ഥിതി ചെയ്യുന്നു. നട്ടെല്ലിന്റെ കീഴിലുള്ള മൂലാധാരത്തിൽ സർപ്പാകാരമായ തന്റെ ശരീരത്തെ  മൂന്നുചുറ്റായിചുരുട്ടി അധോമുഖിയായി സാക്ഷാൽ ത്രിപുരിസുന്ദരിയായ കുണ്ഡലിനി ഉറങ്ങുന്നു.   ഇതിലെ മൂന്നുചുരുൾ മൂന്നു ഗുണത്തെയും ( സത്വരജസ്തമോ ഗുണങ്ങൾ )  അരചുരുൾ വികൃതികളേയും പ്രതിനിധാനം ചെയ്യുന്നു.

മൂലാധാരചക്രം :-

ഗണപതിയെ മൂലാധാരക്ഷേത്രത്തിന്റെ അധിപതിയായി. കൽപിക്കുന്നു. ഇത് "ഭൂ" തത്ത്വത്തിന്റെ സ്ഥാനമാകുന്നു. "ലാ" എന്ന ബീജാക്ഷരം കൊണ്ട് തന്ത്രികർ ഇതിൽ  ന്യാസം കൽപിക്കുന്നു. ഇതിന് ബ്രഹ്മചക്രം എന്നും പേരുണ്ട്. ഇതിനു നാലു ദളങ്ങൾ ഉണ്ട്. തന്ത്രികർ വ, ശ, ഷ, സ, എന്നി ചതുരാക്ഷരങ്ങളെ ദളങ്ങളിൽ ന്യാസിക്കുന്നു. ഓരോ ദളത്തിന്റെയും ദേവതകൾ വരദ, ശ്രീ, ഷണ്ഡ, സരസ്വതി, ചക്രത്തിൽ കർണികയിൽ ഒരു ത്രികോണമുണ്ട് (കാമയോനി) ഇച്ച, ശക്തി, ക്രിയ, ഇങ്ങനെ ത്രിഗുണങ്ങളോടുകൂടിയതാണിത് . മൂലാധാരത്തിൽ ത്രിവലയത്തിനുള്ളിൽ ചതുർദളപത്മവും അതിനുള്ളിൽ ത്രികോണകർണികയും തന്മദ്ധ്യത്തിൽ പാവകപ്രഭപൂണ്ട കുണ്ഡലിനിയും ധ്യാനിക്കപ്പെടുന്നു. "കുണ്ഡലിനിതം" എന്ന ശബ്ദത്തിന് ചുറ്റപ്പെട്ടത് എന്നാണ് അർത്ഥം. മനുഷ്യശരീരത്തിലെ  ജീവാത്മാവിന്റെ സ്ഥാനം എന്നനിലയിലാണ് യോഗികൾ ആ സ്ഥാനത്തിൽ ഒരു കുണ്ഡലിത ശക്തിയെ സങ്കൽപിച്ചു വരുന്നത്. ഭാവനാ സൗകര്യാർത്ഥം ചുറ്റിക്കിടക്കുന്നു. ഒരു സർപ്പത്തിന്റെ രൂപം അതിനു കൽപ്പിച്ചിരിക്കുന്നുവെന്നു മാത്രം. അല്ലാതെ അവിടെ കീറി നോക്കിയാൽ ഒരു ഒരു പത്മത്തെയോ സർപ്പത്തെയോ കാണാൻ കഴിയില്ല , അവ തത്ത്വങ്ങളുടെ പ്രതീകങ്ങൾ  മാത്രമാണ്.

സ്വാധിഷ്ഠാനചക്രം :-

ഇതിൽ ബ്രഹ്മാവാണ് ദേവത ഇതിന് ആറ് ദളങ്ങൾ ഉണ്ട്. പവിഴമൊട്ടുപോലെ പ്രകാശിക്കുന്നതും പശ്ചിമാഭിമുഖമായ ശിവലിംഗത്തെ ധ്യാനിക്കണം. ലോകത്തെ മുഴുവൻ  ആകർഷിക്കുവാനുള്ള ശക്തി ഈ ആധാരത്തിലെ സമാധിജയം കൊണ്ട് സിദ്ധിക്കുന്നു.  രത്നപ്രകാശത്തോടെ കുങ്കുമവർണ്ണത്തിൽ ആറു ദളങ്ങളിൽ ബ, ഭ, മ, യ, ര, ല,  (യഥാക്രമത്തിൽ ബന്ധിനി, ഭദ്രകാളി, മഹാമായ, യശസ്വിനി, രമ, ലംബോഷ്ഠി )  എന്നീ അക്ഷരങ്ങൾ ന്യാസിക്കുന്നു. ഇതിന്റെ സ്ഥാനം ലിംഗദേശത്തിനു പിന്നിലുള്ള നട്ടെല്ലിലെ കശേരുക്കളായിട്ടു വരും. ബീജാക്ഷരം "വം"  ഷഡ്ചക്രങ്ങളിൽ ചക്രംതോറും അഭ്യന്തരങ്ങളിൽ ഈരണ്ടു  ഗ്രന്ഥികൾ വീതമുണ്ട്. മൂലാധാരപത്മത്തിന്റെ  അധോഗ്രന്ഥി മൂലാധാരചക്രവും ഉപരിഗ്രന്ഥി സ്വാധിഷ്ഠാനചക്രവുമാകുന്നു. ലളിതാസഹസ്രാനാമത്തിൽ  " മൂലാധാരൈകനിലയാ ബ്രഹ്മഗ്രന്ഥി വിഭേദിനി"  എന്ന് ദേവിയെ സ്തുതിക്കുന്നുണ്ട് . ഇവിടെ ബ്രഹ്മഗ്രന്ഥി വിഭേദിനിയായിട്ട്  കൽപ്പിച്ചത് സ്വാധിഷ്ഠാന പത്മാന്തർഗതയായ ദേവിയെയാണ്. ഇവിടെ ജലതത്ത്വം , സിന്ദൂരത്തിന്റെ നിറം.

മണിപൂരകചക്രം :-

ഇതിൽ വിഷ്ണുവാണ് ദേവത. സ്വാധിഷ്ഠാനചക്രത്തിൽ നിന്നും പത്തരയംഗുലം മുകളിൽ സ്ഥിതിചെയ്യുന്ന മണിപൂരക ചക്രത്തിന് 10 ദളങ്ങൾ  ഉണ്ട്. ഡ,ഢ, ണ, ത, ഥ, ദ, ധ, ന, പ, ഫ, ( 10 അക്ഷരങ്ങൾ )  ഡമരി,  ഢംകാരി, ണാമരി, താമസി, സ്ഥാണി, ദാക്ഷായണി, ധാത്രി, നാരായണി,  പർവ്വതി, ഫട്കാരി, എന്നീ  ശക്തിദേവതകൾ. ശക്തേയ ഉപാസകർ ദേവിയെ ഈ മണിപൂരക പീഠത്തിൽ ആവാഹിച്ചിരുത്തി . രത്നാഭരണങ്ങൾ കൊണ്ട് അലങ്കരിച്ച് പൂജിക്കുന്നു. ഇവിടെ അഗ്നിതത്ത്വം. ബീജാക്ഷര മന്ത്രം "രം" മഞ്ഞനിറം.

അനാഹത ചക്രം :-

ഇതിൽ രുദ്രനാണ് ദേവത, ഹൃദയത്തിൽ അധോമുഖവും അവികസിതവും ആയി ഒരു പത്മത്തെ ആദ്യം ഭാവന ചെയ്യണം. പ്രാണായാമ പ്രത്യാഹാര ധാരണങ്ങൾകൊണ്ട് അതിനെ ഊർദ്ധ്വമുഖമാക്കണം.( സങ്കലപ്പം കൊണ്ട് ഉയർത്തണം )  സങ്കൽപ്പം കൊണ്ട് തന്നെ അതിനെ വികസിപ്പിക്കുകയും വേണം. മണിപൂരകത്തിൽനിന്ന്  14 അംഗുലം മുകളിൽ മിന്നൽപ്പിണറിന്റെ ശോഭയോടെ വർത്തിക്കുന്നു. ഇതിന് 12 ദളങ്ങളാണുള്ളത്. ക,ഖ,ഗ, ഘ, ങ,ച, ഛ, ജ, ഝ, ഞ, ട, ഠ, യഥാക്രമം കാളരാത്രി, ഖാവിത്രി, ഗായത്രി, ഘണ്ടാധാരിണി, ജാർണ്ണ, ചണ്ഡാ, ഛായ, ഝംകാരി, ജ്ഞാനരൂപാ, ടംകസ്ഥാ, ഠംകാരി, എന്നീ ശക്തി ദേവതകൾ ആണ്. ഇതിന് വിഷ്ണുഗ്രന്ഥിയെന്നും എന്നും പറയുന്നു.

വിശുദ്ധി ചക്രം:-

ഇതിൽ മഹാദേവനാണ് ദേവത. അനാഹതത്തിൽ നിന്നും 6 അംഗുലം മുകളിലായി കണ്ഠത്തിൽ ആണ് വിശുദ്ധി ചക്രം, ഇതിന് ചാരനിറമാണ്, 16 ദളങ്ങൾ ഉണ്ട്. അ, ആ, ഇ, ഈ, ഉ, ഊ, ഋ, ഋൗ, നു, നൗ, എ, ഐ, ഒ, ഔ, അം,  അഃ യഥാക്രമം അമൃത, ആകർഷണി, ഇന്ദ്ര, ഈശാനി, ഉമാ, ഊർദ്ധ്വകേശി, ഋദ്ധിത, ഋനപാനുതി, നൗതാ, ഏകപാദാ, ഐശ്വര്യ, ഓങ്കാകരി, ഓഷാധാത്മിക,  അംബിക, അക്ഷയ എന്നീശക്തി ദേവതകൾ, ജീവൻ  പരിശുദ്ധമാക്കുന്ന ഇടം. ഗുരുലാഭം ഉണ്ടാകുമെന്നർത്ഥം, അതിനാലാണ് വിശുദ്ധി എന്നപേർ വന്നത് . ആകാശതത്ത്വം , ബീജാക്ഷരമന്ത്രം "ഹം" .

ആജ്ഞാചക്രം :-

ഇതിൽ സദാശിവനാണ് ദേവത. വിശുദ്ധിയിൽ നിന്നും 9 അംഗുലം മുകളിലായി സ്ഥിതി ചെയ്യുന്നു. ഇതിന്റെ മുകളിലാണത്രെ ഉഢ്യാണ പീഠം. ഇവിടെ മഹാകാലൻ , ഹാകിനി,  എന്നിവർ വസിക്കുന്നു.  രണ്ട് അക്ഷരങ്ങളാണുള്ളത്. ഹ, ക്ഷ, ഹംസവരി, ക്ഷമ എന്നീ ശക്തിദേവതകൾ. അജ്ഞയുടെ കർണ്ണികാ മദ്ധ്യത്തിൽ അനന്തകോടി പ്രഭയോടെ  കാണപ്പെടുന്ന തേജസ്സത്രെ തുരീയലിംഗം. എന്നാൽ ഇതിന് താഴെയുള്ള ആറാധാരങ്ങളേയും മുകളിലുള്ള ആറാധാരങ്ങളേയും സൂചിപ്പിക്കുന്ന രണ്ട് ദളങ്ങൾ നാലു ദളങ്ങളെന്നും പക്ഷാന്തരമുണ്ട്. മുകളിലത്തെ ആറാധാരങ്ങൾ സാധാരണക്കാർക്ക് അപ്രാപ്യമാണ്. സാധകൻ സ്വാനുഭാവത്തിൽ നേടിയേടുക്കേണ്ടതു മാത്രം. അവ (1) കൈലാസം, (2)ബോധിനി, (3) ബിന്ദു, (4) നാദം, (5) ശക്തി, (6) സഹസ്രാരം. ഇതിൽ സഹസ്രാരം ഒഴിച്ച് അഞ്ചും നെറ്റിയിൽ ആണ്ണ്, ആജ്ഞയിൽ  ചന്ദ്രന്റെ കലകൾ 64 ആണ്ണ്, ഇതിനെ ബ്രഹ്മഗ്രന്ഥി എന്നും പറയുന്നു .  വെള്ളനിറം  ബീജാക്ഷര മന്ത്രം സ്വം.

സഹസ്രാരം :-

ഇത് സകല വർണ്ണങ്ങളോടു കൂടി സരവ്വ ദേവത മയമായിരിക്കുന്നു. എന്നാൽ ഇതു  അധോമുഖമാണ്( കമഴ്ത്തിവെച്ച താമർപൂ പോലെ)  സഹദ്രാര കർണികയിൽ  പശ്ചിമാഭിമുഖമായിരിക്കുന്ന ഒരു ത്രികോണമുണ്ട്., ഇത്  കുങ്കുമവർണ്ണമായിരിക്കുന്നു . ആ ത്രികോണ  യോനിയുടെ ഉള്ളിലേക്ക് സുഷ്മനയുടെ അഗ്രദ്വാരത്തോടുകൂടി  കടന്നിരിക്കുന്നതിനെ ബ്രഹ്മരന്ധ്രമെന്നു പറയുന്നു. ദക്ഷിണഭാഗത്ത് പിംഗളാ വാമഭാഗത്ത് ഇഡ, മദ്ധ്യേ സുഷുമ്ന ഇവമൂന്നും ഒന്നായി  സംഗമിക്കുന്നു.  ബ്രഹ്മന്ധ്രത്തിൽ ഇഡയിൽ  ചന്ദ്രകലയും, പിംഗളയിൽ സൂര്യകലയും,  സുഷുമ്നയിൽ  അഗ്നികലയും  വർത്തിക്കുന്നു,. ഗംഗയും, യമുനയും, സരസ്വതിയും  ഒത്തു ചേരുന്നിടമാണ്. അതായത് ത്രിവേണി (ബ്രഹ്മരന്ധ്രം)  അവിടെ സ്നാനം ചെയ്യുന്നവൻ കാലത്തായാൽപ്പോലും അപ്പോൾ തന്നെ മോക്ഷമടയുന്നു.

No comments:

Post a Comment