ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

5 January 2018

ദാനം യഥാശക്തി സംവിഭാഗഃ

"ദാനം യഥാശക്തി സംവിഭാഗഃ"

സ്വകർമ്മാനുരൂപേണ ജീവജാലങ്ങളിൽ നാനാവിധങ്ങളിൽ ദർശിക്കപ്പെടുന്ന ബുദ്ധ്യാദി ഇരുപതു ഭാവങ്ങളിൽ ഒന്നാണ് ദാനം .   ദാനം എന്നതിന്നെ ഒരു കർമ്മമായിട്ടല്ല അംഗീകരിച്ചിരിക്കുന്നത് ഒരു ഭാവമായിട്ടാണ്.  ഇതെന്തുകൊണ്ടെന്നാൽ  'ദാനം' ചെയ്യുമ്പോൾ കൊടുക്കുക എന്ന ക്രിയയെക്കാൾ അതിനു പ്രേരകമായ മനോവൃത്തിയും  ദാതാവിന്റെ മനോഭാവവുമാണ് ആദ്ധ്യത്മികമായി  പ്രസക്തമായിട്ടുള്ളത് . കൊടുക്കുക എന്ന ക്രിയയ്ക്ക് യാതൊരു പ്രസക്തിയുമില്ലെന്നല്ല; ആർക്ക് ഏതുസാഹചര്യത്തിൽ എന്ത് എന്തിനുവേണ്ടി എന്തു മനോഭാവത്തോടുകൂടി കൊടുക്കുന്നു എന്നിവയാണ്  ദാനത്തിന്റെ ശുദ്ധത നിർണ്ണയിക്കുന്നത്.   

ദാതാവിന്റെ മനോഭാവമെന്തായിരിക്കണമെന്നാൽ, ദാനദ്രവ്യത്തിൽ യാതൊരിവിധ മമതാ ബന്ധവുമില്ലാതിരിക്കുക.  ദാനദ്ദ്വാരാ യാതൊരുവിധ ഫലേച്ഛയുമില്ലാതിരിക്കുക,  ദാനകർമ്മത്തിൽ  താൻ നിമിത്തമാത്രമാണെന്ന് വിശ്വസിക്കുക .  ഔദാര്യത്തോടെ ദാനം ചെയ്യുക. ദാനപാത്രങ്ങളോട് വിവേചനമില്ലാതിരിക്കുക.   എന്നിവയാണ്.  'ദാനദ്രവ്യം തന്റെതാണ്' എന്ന ചിന്തയാണ് 'മമതാഭാവം'.  ആ  ഭാവം - ദാനദ്രവ്യം  തനിക്കും  തന്റെ ആശ്രിതർക്കും ഇച്ഛാനുസരണം  അനുഭവിക്കാനുള്ളതാണ് എന്ന ബോധം -  ആ ദ്രവ്യത്തിന്റെ ദാതാവിന് ആസക്തിയുണ്ടാക്കും.  - അത് ദാന ദ്രവ്യത്തെ വിട്ടുപിരിയുന്നതിൽ മനോവ്യഥയ്ക്കു കാരണമാകും. അത് ദാനത്തെ അശുദ്ധമാക്കും. ദാനം  സന്തോഷത്തോടെ ചെയ്യേണ്ടതാണ്. ദാനത്തിന്റെ ആത്യന്തികഫലം ലൗകിക വിഷയങ്ങളിൽ വിരക്തി ദൃഢമാക്കുകയെന്നതാണ്.  വിഷായനുഭവങ്ങളിൽ വിരക്തി  വന്നു തുടങ്ങിയവർക്കു മാത്രമേ ശുദ്ധമായ ദാനം ചെയ്യുവാൻ  സാധിക്കൂ.  അല്ലാത്തവർ - ആ മനോഭാവം പ്രകൃത  ഇല്ലാത്തവർ  - ദാനവസരത്തിൽ   ആ മനോഭാവത്തെ സങ്കല്പികമയെങ്കിലും  സ്വീകരിക്കുന്നതെങ്കിൽ ക്രമേണ അതു സ്വാഭാവികമായി തന്നെ ദൃഢീഭവിക്കും. ദാനത്തിൽസന്തോഷവാനായി ഭവിക്കും. 

ദാനത്തിൽ യാതൊരു ഫലേച്ഛയുമില്ലാതിരിക്കുക  - ഇന്ന ഫലസിദ്ധിക്കുവേണ്ടി ഞാൻ ഇന്ന ദാനം ചെയ്യുന്നു. എന്നു സങ്കല്പിക്കാതിരിക്കുക.   ഫലേച്ഛയോടുകൂടി  അന്യർക്ക് കൊടുക്കുന്നത് ദാനമാവില്ല.  ലൗകികവിഷയങ്ങളിൽ  വിരക്തി ദൃഢമാക്കുവാൻ ചെയ്യുന്ന ദാനം കൊണ്ട്  "മറ്റൊരു ഫലപ്രപ്തിയിൽ ആസക്തിയുണ്ടെങ്കിൽ  അത് ആസക്തിയുടെ രൂപഭേദം  വരുത്തുന്നതെയുള്ളൂ.  ആസക്തിയില്ലാതാകുന്നില്ല. ഫലേച്ഛ എന്നത് നേരിട്ട്  തനിക്ക് ഫലസിദ്ധിയുണ്ടാവണം എന്നതു മാത്രമല്ല.  ദാനപാത്രത്തിന് ഉണ്ടാകുന്ന പ്രയോജനത്തിൽ അഭിമാനവും ഉൾപ്പെടുന്നു. ദാന പ്രാത്രത്തിന് ഗുണം ചെയ്യുന്നതു മാത്രമേ ദാനം ചെയ്യാവൂ  എന്നതു ദാനത്തിന്റെ പ്രധാന ഘടകമാണെങ്കിലും അതിൽ സ്വയം  അഭിമാനിക്കുന്നത് പരോക്ഷമായി  ഫലേച്ഛയായി പരിണമിക്കും. ദാനപാത്രത്തിന് ഉദ്ദിഷ്ട് പ്രയോജനം ഉണ്ടായില്ലെങ്കിൽ ഖേദമോ , പ്രയോജനമുണ്ടായെങ്കിൽ ദാനപാത്രം തനിക്ക് കടപ്പെട്ടിരിക്കുന്നു എന്ന ഗർവ്വോ - രണ്ടുവിധ അഭിമാനവും   - ദാനശുദ്ധിയെ   ലഘൂകരിക്കും എന്നതുകൊണ്ട് വർജ്ജിക്കേണ്ടതാണ്. 

വിപരീതസ്വഭാവങ്ങളോടുകൂടിയ രണ്ടു ഗുണങ്ങൾ  - ചഞ്ചലത്വം ആസക്തി എന്നിവ - ആണ് മനസ്സിനെ വിഷയങ്ങളിൽ  വ്യാപരിക്കുന്നതും സുഖാത്മകമായവയോട്  ബന്ധിപ്പിക്കുന്നതും. ഒന്നിലും ആസക്തമാവാതെ ചഞ്ചലസ്വഭാവത്തെ കടിഞ്ഞാട്ടു നിയന്ത്രിക്കുന്നെങ്കിൽ മാത്രമേ സ്വതവേ  ബഹിർമുഖമായ മനസ്സിനെ നിർവ്യാപാരമാക്കി  അന്തർമുഖമാക്കുവാനും  സ്വാത്മാവിൽ ശ്രദ്ധായുക്തമാക്കുവാനും സാധിക്കൂ.. 

ദാനകർമ്മത്തിൽ താൻ നിമിത്തമാത്രമണെന്ന ഭാവം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 

"യജ്ഞോ യജ്ഞപതിർയജ്വാ
യജ്ഞാങ്ഗോ  യജ്ഞവാഹനഃ   
യജ്ഞഭൃത് യജ്ഞകൃത്  യജ്ഞീ

യജ്ഞഭുക്    യജ്ഞസാധനാഃ 
യജ്ഞാന്തകൃത് യജ്ഞഗുഹ്യം 
അന്നം അന്നാദ ഏവ ച" 

ഈ നാമങ്ങൾ കൊണ്ട്  ഒരു യജ്ഞത്തിൽ  ശ്രീവിഷ്ണുഭഗവാൻ സർവ്വത്ര വ്യാപിച്ചിരിക്കുന്നു.     ഒരു ദാനകർമ്മത്തെയും   അതുപോലെ യജ്ഞമായിക്കണ്ട് അതിൽ   സർവ്വതും - ദാനദ്രവ്യം , ദാനപാത്രം, ദാതാവ് , ദാനസാഹചര്യം, ദാനക്രിയ, ദാനഫലം, ദാനഫലഭോക്താവ് എന്നീ  സർവ്വ അംഗങ്ങളും - ഭഗവന്മയമാണെന്നും താൻ നിമിത്തമാത്രമാണെന്നുമുള്ള ബോധത്തോടു  കൂടി വേണം ദാനം ചെയ്യുവാൻ .

"മായൈവൈതേ നിഹതാഃ പൂർവമേവ,
നിമിത്തമാത്രം ഭവ സവ്യസാചിൻ"

എന്ന് ഭഗവാൻ ഗീതയിൽ ഉപദേശിക്കുന്നു....

No comments:

Post a Comment