ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

8 January 2018

ഏഴു മഹാമോഹങ്ങള്‍

ഏഴു മഹാമോഹങ്ങള്‍.

അജ്ഞാനകൃതമോഹങ്ങള്‍ ആകെ ഏഴാണ്. അവയേഴും നീങ്ങുമ്പോള്‍ സ്വരൂപപ്രകാശം സ്വാഭാവികമായുണ്ടാവും. അവയില്‍മാറി മാറി സഞ്ചരിച്ചുകൊണ്ടിരിക്കയാണ് പ്രായേണ മിക്ക ജീവന്മാരും.
ബീജജാഗ്രം
ജാഗ്രം
മഹാജാഗ്രം
ജാഗുല്‍സ്വപ്നം
സ്വപ്നം
സ്വപ്നജാഗ്രം
സുഷുപ്തി
ഇവയാണു പറയപ്പെട്ട ഏഴു മഹാമോഹങ്ങള്‍. ഇവയോരോന്നും, പിന്നെ അനേകം അവാന്തരവിഭാഗങ്ങളോടുകൂടി, അനവധിയായി ഭവിക്കുകയും ചെയ്യും.

അത്യന്തസൂക്ഷ്മവും ജീവത്വഹേതുവുമായ ചൈതന്യംതന്നെ ബീജജാഗ്രത്ത്. ചിത്തില്‍ നിന്നു വേര്‍തിരിഞ്ഞും എന്നാല്‍ നിര്‍മ്മലവും, ഇന്നതെന്നു പേരുകൊണ്ടു പറയാന്‍ വയ്യാത്തതായും ജീവന്‍, ചിത്തം തുടങ്ങിയ തത്വങ്ങള്‍ക്കു ഹേതുവായുമുള്ള പ്രസ്തുത ചൈതന്യം തന്നെ ബീജജാഗ്രത്ത്. ജീവത്വത്തിന്റെ ആരംഭദശയും ഈ ചൈതന്യം തന്നെ. ഒരു കാലത്തുമുണ്ടായിരുന്നില്ലാത്ത ജീവത്വം വികസിക്കുന്നതോടെ ഞാന്‍, എന്റെ, ഇത്, അത് എന്നീ ഭാവങ്ങളുണ്ടാവാന്‍ തുടങ്ങുകയായി. അതുതന്നെയാണു ജാഗ്രത്ത്. പ്രസ്തുതഭാവങ്ങള്‍ക്കു ക്രമേണ ദൃഢത വന്നു

ജന്മാന്തരസംസ്ക്കാരംകൂടിച്ചേര്‍ന്നു് അത്യന്തസുദൃഢമായിത്തീരുമ്പോള്‍ അതിനെ മഹാജാഗ്രത്തെന്നു പറയുന്നു. അറിഞ്ഞതോ അറിയാത്തതോ ആയ കാര്യങ്ങളെ തന്മയതോടുകൂടി ജാഗ്രതവസ്ഥയില്‍ നടത്തുന്ന മനോരാജ്യംതന്നെ ജാഗ്രല്‍സ്വപ്നം. ജാഗ്രല്‍ സംസ്കാരം ഹേതുവായി ഉറക്കത്തില്‍ എന്തൊക്കെയോ കാര്യങ്ങളെ കാണുകയും അനുഭവിക്കുകയും ചെയ്ത് ഉണര്‍ന്നശേഷം ഇന്നെന്തൊക്കെ സ്വപ്നം കണ്ടു എന്നിങ്ങനെ വീണ്ടും അവയെ ഓര്‍മ്മപ്പിക്കുന്നതു സ്വപ്നം. അറിയാവുന്നതാണെങ്കിലും വളരെക്കാലത്തെ അപരിചയം ഹേതുവായി ഒരു വസ്തുവിനെ കണ്ടയുടനെ എന്താണെന്നറിയാതെ വളരെ നേരം ജാഗ്രത്തെന്നോ സ്വപ്നമെന്നോ പറയാന്‍ വയ്യാത്ത നിലയില്‍ ആലോചനാമഗ്നമായിക്കൊണ്ടിരിക്കുന്ന സമ്പ്രദായത്തിനു ജാഗ്രല്‍ സ്വപ്നമെന്നു പറയും. പറയപ്പെട്ട ആറവസ്ഥ ഇല്ലാത്തതായത്തീരുമ്പോള്‍ ജീവന് അന്ധകാരസ്വരൂപവും ജഡാത്മികയുമായ യാതൊരവസ്ഥ ശേഷിക്കുന്നുവോ, അതുതന്നെ സുഷുപ്തി. ഈ സുഷുപ്തിയില്‍ ജഗത്തു മുഴുവന്‍ അന്ധകാരത്തില്‍ ലയിക്കും. ഇങ്ങനെ ഏഴാണ് അജ്ഞാനാവസ്ഥകള്‍ അല്ലെങ്കില്‍ മഹാമോഹങ്ങള്‍. എന്നിരുന്നാലും അല്പാല്പവ്യത്യാസങ്ങളോടുകൂടി ഇവതന്നെ അനേകങ്ങളായും പരിണമിക്കുന്നു. പ്രസ്തുത മോഹാവസ്ഥകളില്‍ത്തന്നെ മുഴുകി ജനിച്ചും മരിച്ചും കഴിയുന്നു ജീവന്മാര്‍.

അ‍ജ്ഞാനത്തിന് ഏഴ് അവസ്ഥാവ്യത്യാസങ്ങളെ പറഞ്ഞപോലെ ജ്ഞാനത്തിന്നും ഏഴവസ്ഥാവിശേഷങ്ങളുണ്ട്. അവയെ ജ്ഞാനഭൂമികളെന്നു പറഞ്ഞുവരുന്നു. അവയേയും വേര്‍തിരിച്ചു പറയ‍ാം.

ജ്ഞാനഭൂമികളെ ശരിയായിട്ടറിയുന്നതുതന്നെ അജ്ഞാനനാശത്തിന്നും ജ്ഞാനപ്രകാശനത്തിന്നും ഹേതുവാണ്. ജ്ഞാനപ്രകാശത്തിന്റെ ഫലമാകട്ടെ കൈവല്യമാണെന്നു പറയേണ്ടതില്ലല്ലോ. ശുഭച്ഛേ
സുവിചാരണ
തനുമാനസി
സത്വാപത്തി
അസംസക്തി
പദാര്‍ത്ഥാഭാവിനി
തുരീയം
ഇവയാണ് ഏഴു ജ്ഞാനഭൂമികള്‍. ഇവയുടെ ലക്ഷണങ്ങളേയും പറയ‍ാം.
ഞാന്‍ മൂഢനാണ്; അറിയേണ്ടതായ ആത്മതത്വത്തെ ഇതുവരേയും അറിയാന്‍ കഴിഞ്ഞില്ല. ശാസ്ത്രവിചാരവും സല്‍സംഗവും ചെയ്ത അറിയേണ്ടതിനെ അറിയുകതന്നെ വേണം. അതിനുവേണ്ടി എന്തു ത്യാഗവും ചെയ്യ‍ാം എന്ന ശ്രദ്ധ വളരുന്നതുതന്നെ ശുഭേച്ഛയെന്ന ഒന്നാമത്തെ ജ്ഞാനഭൂമി. ഇതില്‍ക്കൂടെ വേണം മറ്റു സ്ഥാനങ്ങളിലേയൊക്കെ കയറിപ്പോവാന്‍ അതിനാല്‍ ജിജ്ഞാസുവായ ഏതൊരാളും ആദ്യ ഈ ഭൂമിയിലാണെത്തിച്ചേരേണ്ടത്, പ്രസ്തുത ശുഭേച്ഛ വളര്‍ന്നു ത്യാഗവൈരാഗ്യങ്ങളോടുകൂടി ശാസ്ത്രവിചാരവും സല്‍സംഗവും ചെയ്തുകൊണ്ടു സദാചാരനിഷ്ഠനായിക്കഴിഞ്ഞുകൂടുന്നതും സുവിചാരണയെന്ന രണ്ടാമത്തെ ഭൂമി. പറയപ്പെട്ട ശുഭേച്ഛയും സുവിചാരണയും വളര്‍ന്നു വൈരാഗ്യത്തിന് ശക്തികൂടി ഇന്ദ്രിയങ്ങളും മനസ്സും വിഷയങ്ങളെവിട്ട് തന്നില്‍ അടങ്ങിനിലനില്ക്കാന്‍ തുടങ്ങുന്നതുതന്നെ തനുമാനസിയെന്നു മൂന്നാമത്തെ ജ്ഞാനഭൂമി പ്രസ്തുത മൂന്നു ഭൂമികളുടെ അഭ്യാസം കൊണ്ട് ഇന്ദ്രിയമനസ്സുകളടങ്ങി തീവ്രവൈരാഗ്യം വികസിക്കുമ്പോള്‍ ചിത്തത്തിലെ രജസ്തമസ്സുകള്‍ ചുരുങ്ങി സത്വഗുണവും വീര്യവും വര്‍ധിക്കും. ആ അവസ്ഥയാണ് സത്വാപത്തിയെന്ന നാലാമത്തെ ഭൂമി. ഈ ഭൂമികയുടെ അഭ്യാസം വളര്‍ന്നു ദൃഢതയെ പ്രാപിക്കുമ്പോള്‍ ശുദ്ധസത്വാത്മസ്ഥിതിയുണ്ടാവും. സത്വാത്മസ്ഥിതികൊണ്ടു ക്രമേണബ്രഹ്മാനന്ദനിര്‍വൃതിയെ അനുഭവിക്കാന്‍ തുടങ്ങും. ബ്രഹ്മനിര്‍വൃതി കൊണ്ട് ആനന്ദമത്തനായി മറ്റൊന്നിലും അല്പംപോലും ഇച്ഛയോ പ്രവൃത്തിയോ ഇല്ലാതെ ആത്മാരാമനായിരുന്നുകൊണ്ടുള്ള സ്ഥിതിയാണ് അസംസക്തിയെന്ന അഞ്ചാമത്തെ ഭൂമിക. പറയപ്പെട്ട അഞ്ചു ഭുമികളുടെ അഭ്യാസംകൊണ്ടു ബ്രഹ്മാനന്ദ നിര്‍വൃതിയില്‍ത്തന്നെ എപ്പോഴും മുഴുകി ആനന്ദമത്തനും ആത്മരാമനുമായി അകത്തും പുറത്തുമുള്ള ഒന്നിനേയും അറിയാതെ ആരെങ്കിലും ഉണര്‍ത്തിയാല്‍മാത്രം ഉണര്‍ന്നു പ്രപഞ്ചത്തെ അറിയുന്ന സ്ഥിതിയിലുള്ള അവസ്ഥയാണ് ആറാമത്തേതായ പദാര്‍ത്ഥാഭാവിനിയെന്ന ഭൂമി. ഈ ആറു ഭൂമികകളുടെ അഭ്യാസം കൊണ്ടു ഭേദഭാവം മുഴുവന്‍ നശിച്ചു സ്വസ്വരൂപത്തില്‍ത്തന്നെ ദൃഢമായ സ്ഥിതിയുണ്ടാവുന്നതു തുരീയമെന്ന ഏഴാമത്തെ ഭൂമിക.

ജീവന്മുക്തന്മാരായ ശ്രീശുകന്‍ തുടങ്ങിയവരോ, അതുപോലുള്ള മറ്റു മഹാത്മാക്കളോ മാത്രമേ പറയപ്പെട്ട ഏഴാമത്തെ ഭൂമിയായ തുരീയത്തിലെത്തിച്ചേര്‍ന്നു സ്ഥിരമായിരിക്കലുള്ളു. ഏതുകാലത്തും വളരെ ചുരുക്കമാണ് ആ നിലയിലെത്തുന്നവര്‍. പ്രസ്തുത തുരീയാവസ്ഥയെ അതിക്രമിച്ച സ്ഥിതിയെ തുര്യാതീതമെന്നു പറയും. അതിനെത്തന്നെയാണ് വിദേഹമുക്തിയെന്നും പറയുന്നത്. പറയപ്പെട്ട ഈ ജ്ഞാനഭൂമികളെ ഏഴിനെയും ശരിയായി അറിയുന്ന ഒരാള്‍ ആരായലും കാലം കൊണ്ടു മുക്തനായിത്തീരും. നല്ല ബുദ്ധിമാന്മാര്‍ക്കുമാത്രമേ അവയെ ശരിക്കറിയാനും കഴിയൂ. അവയെ ശരിയായറിഞ്ഞ് അവയില്‍ക്കൂടെത്തന്നെ ജീവിച്ചുകൊണ്ട‌് ക്രമേണ പരമപദത്തിലെത്തുന്നവരാണ് മഹാപുരുഷന്മാര്‍.  അങ്ങനെയുള്ള മഹാത്മാക്കളാണ് ഭൂമിയില്‍ അഭിവന്ദ്യന്മാരായിട്ടിരിക്കുന്നത്. ചക്രവര്‍ത്തി പദംപോലും അവരെ അപേക്ഷിച്ച് എത്രയോ തുച്ഛമാണ്.

No comments:

Post a Comment