പ്രകൃതിയും വിശ്വാസവും
സസ്യ-ജന്തുജീവജാലങ്ങളുടെ വൈവിധ്യം മനുഷ്യരാശിയുടെ നിലനില്‍പ്പിന് കൂടിയേ തീരു. പക്ഷേ ആര്‍ത്തിപെരുത്ത മനുഷ്യന്റെ അതിക്രമത്തില്‍ ഭൂമിയിലെ ജീവസമ്പത്തില്‍ പലതിനും വംശനാശം ഭവിക്കുന്നു. ചിലത് ഭൂമുഖത്തുനിന്നും പാടേ അപ്രത്യക്ഷമാകുന്നു. അതോടെ പ്രകൃതിയുടെ സന്തുലനം തന്നെ തകരുന്നു. നോക്കൂ നമ്മുടെ കൃഷിയിടങ്ങളില്‍ വല്ലാതെ പെരുത്ത കീടങ്ങളുടെ കാര്യം. പഴയകാലത്തെ സ്ഥിതി ഇതായിരുന്നില്ല. നമ്മുടെ തൊടിയിലും വയലിലുമൊക്കെ ഒരുതരം സമീകൃത കീടനിയന്ത്രണം നിലനിന്നിരുന്നു.തവളകളെ പിടിച്ച് കാലുമുറിച്ച് മറുനാട്ടിലേക്ക് കയറ്റിയയച്ചപ്പോള്‍ ചാഴിയും കീടവും പെരുകി. ആഫ്രിക്കന്‍ പായല്‍ പെരുകിയപ്പോള്‍ ആമ്പല്‍ മറഞ്ഞു. മറുനാടന്‍ മുശി പുഴകളില്‍ തേരോട്ടം നടത്തിയപ്പോള്‍ മത്തിയും അയലയും അകന്നു. ഇത് കണ്‍മുന്നില്‍ കാണുന്ന കൊച്ചുകൊച്ചു സംഭവങ്ങള്‍. ലോകമെങ്ങും അനുദിനം ഓരോരോ ജീവി വര്‍ഗം അപ്രത്യക്ഷമാവുകയാണ്. അതിന്റെ ഫലം സമസ്ത ജീവജാലങ്ങളും അനുഭവിക്കുന്നു. ആ തിരിച്ചറിവില്‍ നിന്നാണ് ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള മുറവിളി ലോകത്തിന്റെ നാനാഭാഗത്തുമുയര്‍ന്നത്. 1980 കളുടെ തുടക്കത്തിലാണ് ആഗോള സംഘടനകള്‍ ഇക്കാര്യത്തില്‍ കൂട്ടായ ചര്‍ച്ചകള്‍ നടത്തിത്തുടങ്ങിയതും ഒത്തൊരുമയോടെ മുന്നോട്ടുവന്നതും. അങ്ങനെ 1993 ഡിസംബര്‍ 29 ന് ജൈവവൈവിധ്യ കണ്‍വെന്‍ഷന്‍ എന്ന ആഗോള ഉടമ്പടി നിലവില്‍ വന്നു. പക്ഷേ ഭാരതത്തെ സംബന്ധിച്ചിടത്തോളം ഈ സങ്കല്‍പ്പത്തില്‍ പുതുമയില്ല. ഓണത്തിന് ഉറുമ്പൂട്ടും നിത്യവും മീനൂട്ടും കാക്കകള്‍ക്ക് ചോറൂണും മാടുകള്‍ക്കായി മാട്ടുപ്പൊങ്കലുമൊക്കെ ആഘോഷിക്കുന്ന നമ്മെ സംബന്ധിച്ചിടത്തോളം ജൈവവൈവിധ്യ സംരക്ഷണം നമ്മുടെ ജീവിതലക്ഷ്യമാണ്. സംസ്‌കാരത്തിന്റെ ഭാഗമാണ്. സസ്യങ്ങള്‍ക്കും മൃഗങ്ങള്‍ക്കുമൊക്കെ മനുഷ്യന്‍ പിറക്കുന്നതും മനുഷ്യ സ്ത്രീയില്‍ പക്ഷികളും നാഗങ്ങളുമൊക്കെ പിറക്കുന്നതുമൊക്കെ വിവരിച്ച പുരാണങ്ങള്‍ നമ്മില്‍ സമസ്ത ചരാചരങ്ങളും തുല്യരാണെന്ന ബോധമാണ് നല്‍കിയത്. ഈശ്വരന്മാരും ഋഷിമാരുമൊക്കെ സസ്യലതാദികള്‍ക്ക് ജന്മം നല്‍കിയ എത്രയെത്ര കഥകളാണ് നാം ചെറുപ്പം മുതല്‍ക്കേ കേട്ടുവരുന്നത്. ഐശ്വര്യദേവതയായ ലക്ഷ്മി തുളസിയായി ജന്മമെടുത്തത്; മനുഷ്യര്‍ക്കാവശ്യമായ വിത്തും വളവുമൊക്കെ ദേവേന്ദ്രന്‍ അന്നം പുലയി വശം കൊടുത്തയച്ചത്. ഇന്ദ്രന്‍ മയിലിന് സൗന്ദ്യര്യം നല്‍കിയത്. കള്ളം പറഞ്ഞ കൈതപ്പൂവിനെ മഹേശ്വരന്‍ ശപിച്ചത് അങ്ങനെ എത്രയോ കഥകള്‍. ബ്രഹ്മാവിന്റെ പൗത്രനും മരീചിയുടെ പുത്രനുമായ കശ്യപന്‍ പ്രജാപതി ദക്ഷന്റെ എട്ടുപുത്രിമാരെ വിവാഹം കഴിച്ചുവത്രേ. തദിതി, ദിതി, ദനു, കാളിക, താമ്ര, ക്രോധവശ, മനു, അനല എന്നിങ്ങനെ എട്ടുപേര്‍. അതില്‍ താമ്രയുടെ മക്കളായ ക്രൗഞ്ചി മൂങ്ങകള്‍ക്ക് ജന്മം നല്‍കി. ശ്വേനി പരുന്തുവര്‍ഗത്തേയും കഴുകനേയും പ്രസവിച്ചു. ധൃതരാഷ്ട്രയാവട്ടെ ഹംസങ്ങളേയും കളഹംസങ്ങളേയും ജനിപ്പിച്ചു. ശുകിയുടെ കൊച്ചുമകള്‍ വിനത ഗരുഡനും അരുണനും ജന്മം നല്‍കി. കദ്രു സമസ്ത നാഗജാതികള്‍ക്കും മാതാവായി. മരീചിയുടെ മകന്‍ കശ്യപന് കാകി എന്ന ഭാര്യയിലുണ്ടായതാണത്രെ കാക്കകള്‍. വാല്മീകീ രാമായണത്തിലെ ആരണ്യകാണ്ഡം സിംഹത്തിന്റെ ഉല്‍പ്പത്തി വിവരിക്കുന്നതിങ്ങനെ-കശ്യപപ്രജാപതിക്ക് ക്രോധവശാലുണ്ടായ ഹരിയുടെ നേര്‍മക്കളാണ് സിംഹകുലം. പശുക്കള്‍ക്കായി ഐശ്വര്യസമൃദ്ധമായ ഗോലോകം തന്നെ സൃഷ്ടിച്ചുനല്‍കിയ മഹാഭാവനകള്‍ ഗോക്കളുടെ അനുഗ്രഹം തേടാനായി ഗോമതി മന്ത്രം തന്നെ ചമച്ചു. അവര്‍ പര്‍വതങ്ങള്‍ക്കുപോലും ചിറകുകള്‍ കല്‍പ്പിച്ചു നല്‍കി. പറന്നു നടന്ന പര്‍വതങ്ങളുടെ ശല്യം അസഹ്യമായപ്പോള്‍ ഇന്ദ്രന്‍ അവയുടെ ചിറകുകള്‍ അരിഞ്ഞുകളഞ്ഞുവത്രെ. ഇതൊക്കെ അന്ധവിശ്വാസമെന്നുപറഞ്ഞത് തള്ളിക്കളയാനുള്ളതല്ല. മറിച്ച് സമസ്ത പ്രപഞ്ച ജീവജാലങ്ങളുടേയും തുല്യത മനുഷ്യമനസ്സില്‍ ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങളായിരുന്നു. മനുഷ്യനും മൃഗങ്ങളുമായുള്ളത് മാതൃ-പിതൃ-പുത്ര ബന്ധമാണെന്നു പറയാം. ദൈവീകമായ അടുപ്പം. പിന്നെ, മൃഗങ്ങളെ തല്ലാനും കൊല്ലാനും നമുക്ക് എങ്ങനെ കഴിയും. അതാണ് ഭാരതത്തിലെ ജൈവവൈവിധ്യത്തിന്റെ അടിത്തറ. പണ്ട് ദക്ഷിണ ഭാരതത്തില്‍ വരള്‍ച്ചവന്നപ്പോള്‍ അഗസ്ത്യ മഹര്‍ഷിവശം മഹേശ്വരന്‍ പുണ്യജലം കൊടുത്തയച്ചുവെന്ന് കഥ. വരള്‍ച്ചവന്നിടത്ത് പുണ്യതീര്‍ത്ഥം നിറഞ്ഞ കമണ്ഡലു കമഴ്ത്തിയാല്‍ ജലസമൃദ്ധിയുണ്ടാകുമെന്ന അനുഗ്രഹവുമായി. അപ്പോഴാണ് ദയവാനായ ഗണപതി ഭഗവാന്‍ കാക്കയുടെ രൂപത്തിലെത്തി കമണ്ഡലു തട്ടിമറിച്ചത്. അവിടെ കാവേരിനദി പിറന്നു. ഈശ്വരന്മാരുടെ വാഹനങ്ങളായി പുരാണകാരന്മാര്‍ കല്‍പ്പിച്ചുനല്‍കിയതും മൃഗങ്ങളെത്തന്നെയാണ്. ഗണപതി(എലി), സുബ്രഹ്മണ്യന്‍(മയില്‍), വിഷ്ണു(ഗരുഡന്‍), മഹേശ്വരന്‍(കാള), മഹാദേവി(സിംഹം)...പരേതാത്മാക്കളെ പ്രതിനിധീകരിച്ചു ബലിച്ചോര്‍ കഴിക്കാനുള്ള അവകാശം കാക്കകള്‍ക്ക് കല്‍പ്പിച്ചുകൊടുത്തതും വെറുതെയല്ല. സൗന്ദര്യവിഹീനരായ പാവം കാക്കകളും സുഖമായിക്കഴിയട്ടെയെന്ന വിശ്വാസം കൊണ്ടാവണം. തൊടിയിലെ മരുന്നുകളുടെ ഔഷധമൂല്യം കണ്ടറിഞ്ഞവരായിരുന്നു നമ്മുടെ പൂര്‍വികര്‍. പക്ഷേ ഈശ്വരപൂജയ്ക്കും അനുഷ്ഠാനങ്ങള്‍ക്കും അതേ സസ്യങ്ങളെ കല്‍പിച്ചു നിശ്ചയിച്ചതും ആചാര്യന്മാര്‍ തന്നെ. അതിന് ലക്ഷ്യം രണ്ട്-ഒന്ന് മനുഷ്യന്റെ ആരോഗ്യത്തിന് വേണ്ട ക്രിയകള്‍ക്ക് ഔഷധികളെ ഉപയോഗിക്കുക. രണ്ട് ജൈവവൈവിധ്യം സംരക്ഷിക്കുക. വേദനിശ്ചയപ്രകാരം യാഗത്തിന് അത്യാവശ്യമാണ് അഷ്ടദ്രവ്യം. അതില്‍ അടങ്ങിയിരിക്കുന്നതോ? അരയാല്‍, അത്തി, പ്ലാവ്, പേരാല്‍, വെണ്‍കടുക്, എള്ള് പിന്നെ നെയ്യും പായസവും. പൂജയ്ക്ക് ആവശ്യമായ അഷ്ടപുഷ്പങ്ങളുടെ കാര്യവും മറിച്ചല്ല. പുന്ന, വെള്ളെരിക്ക്, ചെമ്പകം, നന്ത്യാര്‍വട്ടം, നീലോല്‍പലം, പാതിരി, അലരി, ചെന്താമര എന്നിവ. അഷ്ടാദശസസ്യങ്ങള്‍ എന്ന വിശുദ്ധപദവിയിലുമുണ്ട് സംവരണം ലഭിച്ച ഒന്നര ഡസന്‍ സസ്യങ്ങള്‍-യവം, ഗോതമ്പ്, എള്ള്, തിന, മുതിര, ഉഴുന്ന്, ചെറുപയറ്. പെരുമ്പയറ്, അമരം(രണ്ടുതരം), തുവര, കടല, കുരുമുളക്, കടുക്, വരക്, വരിനെല്ല്, കറുകനെല്ല്, ചാമ എന്നിവയാണവ. ആയുര്‍വേദത്തില്‍ പനിക്കുള്ള ഒരു കഷായ യോഗമാണ് ഷഡംഗം. മുത്തങ്ങ, ചന്ദനം. ചുക്ക്, ഇരുവേലി, പര്‍പ്പടകപ്പുല്ല്, രാമച്ചം എന്നിവ ഷഡംഗത്തില്‍ വരുന്നു. ആയുര്‍വേദത്തില്‍ പരാമര്‍ശിക്കുന്ന അഷ്ടഗന്ധം എന്ന വിശുദ്ധകൂട്ടിലും വരുന്നത് നമ്മുടെ നാട്ടിന്‍പുറത്തെ സസ്യലതാദികളത്രെ. അകില്‍, ചന്ദനം, ഗുല്‍ഗുലു, മാഞ്ചി, കുങ്കുമം, കൊട്ടം, രാമച്ചം, എരുവേലി എന്നിവ. അഷ്ടചൂര്‍ണത്തിലെ അംഗങ്ങളാവട്ടെ ചുക്ക്, മുളക്, തിപ്പലി, അയമോദകം, ജീരകം, കരിംജീരകം, ഇന്തുപ്പ്, കായം എന്നിവയും. ഇതില്‍ കായം എന്ന കഥാപാത്രം അഫ്ഗാന്‍ അഥവാ ഗാന്ധാരദേശക്കാരനാണ്. ദശമൂലം എന്ന ഔഷധക്കൂട്ടില്‍ അഞ്ച് വൃക്ഷങ്ങളും അഞ്ച് സസ്യങ്ങളുമാണ് ഘടകങ്ങള്‍. കുമിഴ് (കുമ്പിള്‍), കൂവളം, പാതിരി, പലകപ്പ, ജാതി, മൂഞ്ഞ, ഓരില, മൂവില, ചെറുവഴുതിന, വെണ്‍വഴുതിന, ഞെരിഞ്ഞില്‍ എന്നിവയാണ്. ഒന്നാന്തരം മരുന്നാണത്. മൂന്നുവൃക്ഷങ്ങളുടെ ഫലങ്ങളായ നെല്ലിക്ക, താന്നിക്ക, കടുക്ക എന്നിവ ചേരുമ്പോള്‍ ത്രിഫല എന്ന മരുന്ന് ജനിക്കുന്നു. എരിവുള്ള ഔഷധ സസ്യങ്ങളായ ചുക്ക്, കുരുമുളക്, തിപ്പലി, എന്നിവ ചേര്‍ന്നാണ് ദഹനക്കേടിനും ശ്വാസകോശ രോഗങ്ങള്‍ക്കും മറ്റുമുള്ള മരുന്നായ ത്രികടു ഉണ്ടാക്കുന്നത്. ചര്‍മരോഗ ചികിത്സയ്ക്കുള്ള നാല്‍പാമരത്തില്‍ അത്തി, ഇത്തി, പേരാല്‍, അരയാല്‍, എന്നീ വൃക്ഷങ്ങളുടെ തൊലിയാണ് ഉള്‍ച്ചേരുന്നത്.ദൈവീകവും ഔഷധപരവുമായ കാര്യങ്ങളില്‍ മാത്രമല്ല ദൈനംദിന ജീവിതത്തിലും സസ്യലതാദികള്‍ക്ക് അപാരമായ പ്രാധാന്യമാണ് നമ്മുടെ പൂര്‍വികര്‍ നല്‍കിയത്. വീടിനുകിഴക്കായി ചെത്തിയും പ്ലാവും പേരാലും; തെക്ക് അത്തിയും പുളിയും കമുകും; പടിഞ്ഞാറ് അരയാലും പേരയും തെങ്ങും വടക്ക് പുന്നയും ഇത്തിയും മാവും എന്നിങ്ങനെയുള്ള നിഷ്‌കര്‍ഷകളാണ് പണ്ടുണ്ടായിരുന്നത്. വീടിന്റെ ഇരുവശങ്ങളിലും പിന്നിലും കുമിഴ്, കൂവളം, കടുക്ക, കൊന്ന, ദേവതാരം, പ്ലാശ്, അശോകം, ചന്ദനം, വേങ്ങ, ചെമ്പകം, എന്നിവയാണത്രെ ഉത്തമം. വൃക്ഷം നടുന്നതിന് ഉത്തമമായ നാളുകള്‍പോലും നമുക്കുണ്ട്. തൈകള്‍ നട്ടുവെയ്ക്കുന്നതിനും കൊണ്ടുപോകുന്നതിനുമുണ്ട് നാളുകള്‍. ഓരോ നക്ഷത്രക്കാര്‍ക്കും യോജിച്ച മരങ്ങളും അവകൂടിച്ചേരുന്ന നക്ഷത്രവനങ്ങളും നമ്മുടെ പൂര്‍വികര്‍ വിഭാവന ചെയ്തത് അന്ധവിശ്വാസം കൊണ്ടായിരുന്നില്ല മറിച്ച് ശാസ്ത്രാവബോധം കൊണ്ടായിരുന്നു. നാട്ടാര്‍ക്ക് നന്മ നല്‍കുവാനും നാട്ടറിവുകള്‍ സംരക്ഷിക്കാനും; ഒപ്പം നാട്ടിലെ ജൈവവൈവിധ്യം കാത്തുരക്ഷിക്കാനുമായിരുന്നു...
No comments:
Post a Comment