ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 January 2018

ഭക്തി

ഭക്തി

അജ്ഞാനമാണ് ബന്ധത്തിന്നും ദുഃഖത്തിന്നും കാരണം. ജ്ഞാനംകൊണ്ടുമാത്രമേ അതു നിവർത്തിക്കയുള്ളു. നിരുപാധികവും, അദ്വൈതവുമായ ആത്മജ്ഞാനം പ്രകാശിക്കാൻ അനേകപ്രതിബന്ധങ്ങളുണ്ട്. അവയെ നീക്കി അദ്വൈതമായ പരമജ്ഞാനത്തെ പ്രകാശിപ്പിക്കാനുള്ള അനേക ഉപാധികളിൽ അതിപ്രധാനമായ ഒന്നാണ് നിഷ്കളങ്കയായ ഭക്തി. എന്തെല്ലാം സാഹചര്യങ്ങൾ ഒത്തുചേർന്നാലും നിഷ്കളങ്കഭക്തി വളരാതെ ഒരാളിൽ പരമജ്ഞാനം പ്രകാശിക്കുകയെന്നതു തുലോം  വിരളമാണ്. ശാസ്ത്രപാണ്ഡിത്യം, ആത്മാനാത്മവിവേകം, ശരിയായ തത്ത്വശ്രവണം എന്നിവയൊക്കെ ജ്ഞാനപ്രകാശനത്തിന്ന് ഒഴിവാക്കാൻ പാടില്ലാത്ത ഉപാധികളാണ്. എന്നാൽ അവയൊക്കെയുണ്ടായാലും ഒരാളിൽ പരമജ്ഞാനം പ്രകാശിച്ചുകൊള്ളണമെന്നില്ല. എന്തുകൊണ്ടെന്നാൽ പുണ്യവും  ഈശ്വരാനുഗ്രഹവുംകൂടി അവയോടുകൂടിച്ചേരേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ അവ രണ്ടുമാണ് അദ്വൈതപരമജ്ഞാനത്തെ പ്രകാശിപ്പിക്കുന്ന പ്രമുഖങ്ങളായ രണ്ടു ഉപാധികളെന്നു പറഞ്ഞാൽ പ്പോലും തെറ്റില്ല. അവയാകട്ടെ ഭഗവൽ  കാരുണ്യംകൊണ്ടുമാത്രം ഉണ്ടാകേണ്ടവയുമാണ്. ആ സ്ഥിതിക്കു ഭക്തിയുടെയും ഭജനത്തിന്റെയും സ്ഥാനം എത്ര വലുതാണെന്നു പറയാതെത്തന്നെ വ്യക്തമാവുന്നുണ്ടല്ലോ. ശരി, ജ്ഞാനസമ്പാദനത്തിന്ന് ഒഴിച്ചുവിടാൻ വയ്യാത്ത  മുഖ്യോപാധിയാണ് ഭക്തിയെന്നിരിക്കട്ടെ; എന്നാൽ ജ്ഞാനം പ്രകാശിക്കുന്നതുവരെയല്ലേ ഭക്തിയുടെ ആവശ്യമുള്ളു; ജ്ഞാനിയായ ഒരാളെന്തിന് ഈശ്വരനെ ഭജിക്കുന്നു എന്നാണെങ്കിൽ പറയാം. ശരിയായ  ഈശ്വരജ്ഞാനമുണ്ടാവുമ്പോഴാണ് ഭക്തിയുടെ ഗൌരവവും ആവശ്യവുമൊരാൾക്കറിയാൻ കഴിയുന്നത്. പരമാർത്ഥമായ ജ്ഞാനത്തിന്റെ അല്ലെങ്കിൽ മുക്തിയുടെതന്നെ മറ്റൊരു സ്വരൂപം മാത്രമാണ് നിഷ്കളങ്കമായ  ഈശ്വരപ്രേമമെന്നയാൾക്കു ബോദ്ധ്യമാവുന്നു. പിന്നെയെങ്ങനെ അതിനെ വിട്ടുനില്ക്കും? സാധാരണ ഒരാളുടെ ഭക്തിപോലെയല്ല ജ്ഞാനിയുടെ ഭക്തി. ഈശ്വരപ്രേമമാകുന്ന അമൃതസമുദ്രത്തിൽ മുങ്ങിക്കിടന്നുകൊണ്ടാണ് ജ്ഞാനിയുടെ ഓരോ നിമിഷവും നീങ്ങുന്നത്. അകാരണമായി രോമാഞ്ചമോ, അശ്രുക്കളോ, കണ്ഠല്ഗദമോ ഒരു ജ്ഞാനിയിൽ കണ്ടാൽ അത്ഭുതപ്പെടേണ്ടതില്ല. എന്തുകൊണ്ടെന്നാൽ എപ്പോഴും   അനിർവ്വാച്യപ്രേമാമൃതസരിത്തിൽ മുങ്ങിമുഴുകി ഈശ്വരനെ സ്വയം അനുഭവിച്ചുകൊണ്ടിരിക്കയാണ് ജ്ഞാനി. രാമകൃഷ്ണാദി അവതാരസ്വരൂപങ്ങളെയും ത്രിമൂർത്തികളെയും മറ്റും സാധാരണഭക്തൻ ഈശ്വരസ്വരൂപങ്ങളായിക്കാണുമ്പോൾ ഒരു ജ്ഞാനി ജഗത്തിലുള്ള സകലരൂപങ്ങളെയും, ജഗത്തിനെ ഒട്ടാകെത്തന്നെയും ഈശ്വരസ്വരൂപമായിട്ടാണ് കാണുന്നത്. അതുപോലെ കേൾക്കുന്ന എല്ലാ ശബ്ദങ്ങളെയും ഈശ്വരകീർത്തനങ്ങളായും, അനുഭവിക്കുന്ന എല്ലാ അനുഭവങ്ങളെയും അമൃതായമാനങ്ങളായ ഈശ്വരാനുഭൂതികളായിട്ടും മാത്രമേ ഒരു ജ്ഞാനിക്കു കാണാൻ കഴിയുന്നുള്ളു. ജ്ഞാനിയുടെ ദൃഷ്ടിയിൽ ഈശ്വരമഹിമകളും ഈശ്വരലീലകളുമല്ലാതെ ഒന്നുംതന്നെയില്ല. എല്ലാം അമൃതായമാനങ്ങളായ ദിവ്യാനുഭൂതികളുമാണ്.അതിനാൽ എപ്പോഴും എന്തിനെ കാണുമ്പോഴും കേൾക്കുമ്പോഴും അനുഭവിക്കുമ്പോഴും, അവയൊന്നുമില്ലാത്ത സമാധിയിലും ജ്ഞാനി ആനന്ദമത്തനാണ്. ഈശ്വരേതരമായ ഭാവമോ, അനുഭവമോ മിക്കപ്പോഴും ഇല്ല ഒരു ജ്ഞാനിക്കെന്നു പറയണം. അങ്ങനെയുള്ള ദശയിൽ ഭക്തിയും ജ്ഞാനവും രണ്ടു സംസ്കാരമോ, രണ്ടനുഭവമോ അല്ല. രണ്ടും  അന്യോന്യം കൂടിച്ചേർന്നു രണ്ടുമല്ലാത്ത ഈശ്വരനിർവൃതിയുടെ രൂപത്തിലാണ് ജ്ഞാനിയിൽ പ്രകാശിക്കുന്നതെന്നുപറയണം.

എന്നാൽ അങ്ങനെയുള്ള ഭക്തി ഒരു ജ്ഞാനിക്കല്ലാതെ മറ്റാർക്കുമുണ്ടാവാൻ വയ്യ. അതിനാൽ അവശ്യം തത്ത്വബോധമുണ്ടാവുകതന്നെ വേണം. വേണ്ടത്ര  തത്ത്വബോധമില്ലാത്തൊരാൾക്ക് ഈശ്വരനെയോ, അവിടുത്തെ മഹിമകളെയോ, അതിന്റെ ഗൌരവത്തെയോ, അറിയാൻ കഴിയില്ല. അറിയാതെ നിഷ്കളങ്കയും, നിരപേക്ഷയുമായ ഭക്തിയോ, അതുകൊണ്ടുള്ള അമൃതാനുഭൂതിയോ ഉണ്ടാവാനും പോവുന്നില്ല. സംസാരത്തിൽ ഒന്നിന്റെയും അപേക്ഷ കേവലം ഇല്ലാതാവുമ്പോഴല്ലാതെ നിഷ്കളങ്കഭക്തിയെങ്ങനെയുണ്ടാവും? ഉണ്ടാവാൻ വിഷമമാണെന്നുതന്നെ പറയണം. സംസാരത്തിൽ നിരപേക്ഷകത്വം ഒരാൾക്കുണ്ടാവണമെങ്കിൽ അതിന്റെ മിത്ഥ്യാത്വവും, ദുഃഖാത്മകതയും ബോദ്ധ്യമാവുകതന്നെ വേണം. തത്ത്വവിചാരംചെയ്തു വസ്തുബോധം വരുമ്പോഴേ അതുണ്ടാവാൻ പോവുന്നുള്ളു. അതിനാൽ  ഭക്തൻ ജ്ഞാനിയാവുകതന്നെവേണം. അതുപോലെ ഭക്തിയില്ലാത്ത ജ്ഞാനം കേവലം ശുഷ്കവും അനുഭൂതിക്ക് പറ്റാത്തതുമാണ്. ഈ കാരണങ്ങളാൽ ജ്ഞാനഭക്തിയാണ് ഒരാളെ ഉൽബുദ്ധനും അനുഭൂതിരസികനും ചരിതാർത്ഥനുമാക്കിത്തീർക്കുന്ന അദ്ധ്യാത്മസംസ്കാരം.

No comments:

Post a Comment