വേദങ്ങള്‍
ഏറ്റവും പ്രാചീനമായ സാഹിത്യസൃഷ്ടികളെന്ന് വിശ്വസമ്മതമായ് പ്രസിദ്ധമായ വേദങ്ങള്‍ , ഭാരതീയ സംസ്കാരത്തിന്‍റെ യശഃസ്തംഭങ്ങളാണ് . സനാതന ധര്‍മ്മത്തിന്‍റെ മൂലാധാരമായ വേദങ്ങള്‍ , ഭയഭക്തിപുരഃസരം സമീപിക്കേണ്ട അനാദിയും അപൗരുഷേയവുമായ ആര്‍ഷ ഗ്രന്ഥങ്ങളാണ്.
ആര്യമെന്നും അനാര്യമെന്നും ഒക്കെ വേര്‍തിരിച്ച് വേദ മഹത്വത്തെ ഇകഴ്ത്തി കാണിക്കുന്ന പ്രവണതകള്‍ അസംബന്ധവും അപ്രസക്തവും എതിര്‍ക്കപെടേണ്ടതുമാണ് .
സര്‍വ്വ വിധഭേദ ചിന്തകള്‍ക്ക് അതീതമായ്, പവിത്ര പരിപാവന ബോധത്തോടെയാവണം വേദങ്ങളെ സമീപിക്കേണ്ടത് .
വേദോത്പത്തിയെ കുറിച്ച് ശ്രീമദ് ഭാഗവത മഹാപുരാണം പന്ത്രണ്ടാം സ്കന്ദം ആറാം അദ്ധ്യായം വിവരിക്കുന്നു .
പ്രപഞ്ച സൃഷ്ടാവായ ബ്രഹ്മാവിന്‍റെ ഹൃദയാകാശത്തില്‍ ആദ്യമായ് നാദം ഉളവായി . ഇന്ദ്രിയവൃത്തികളെ നിരോധിച്ചാല്‍ മാത്രം ശ്രവണസാധ്യവും ഇന്ദ്രിയാതീതവുമായ ഈ നാദബ്രഹ്മത്തെ ഉപാസിക്കുക ഫലമായ് വിധാതാവിന്‍റെ മനസ്സ് ആധിഭൗതീകവും ആധ്യാത്മീകവും , ആധിദൈവീകവുമായ ദോഷങ്ങള്‍ നീങ്ങി ശുദ്ധവും നിര്‍മ്മലവുമാവുന്നു .
ഈ നാദത്തില്‍ നിന്നും ഉച്ചാരണദൈര്‍ഘ്യത്തിന്‍റെ ഹ്രസ്വം, ദീര്‍ഘം, പ്ളുതം എന്നീ മാത്രകളോട് കൂടി `ഓം' കാരം ഉത്ഭവിച്ചു .
പ്രണവം എന്ന് വിഖ്യാതവും പരമാത്മാവിന്‍ ജ്ഞാപകവും അതീന്ദ്രിയവുമായ - ഒാം കാരത്തില്‍ നിന്ന് - വാക്കും സമസ്ത പ്രപഞ്ചങ്ങളും ഉത്ഭൂതമായി .
ഒാം കാരത്തില്‍ നിന്ന് ` അ ' ഉ ' മ ' എന്നീ മൂന്ന് വര്‍ണ്ണങ്ങളും , വര്‍ണ്ണങ്ങളില്‍ നിന്ന് സത്വ - രജ - തമോ ഗുണങ്ങളും , സ്വരങ്ങളും വ്യഞ്ജനങ്ങളും അടങ്ങുന്ന അക്ഷര സമൂഹവും , അക്ഷര സമൂഹത്തില്‍ നിന്ന് ചതുര്‍ വേദങ്ങളും സൃഷ്ടമായി .
ഈവര്‍ണ്ണങ്ങളില്‍ നിന്നു തന്നെയാണ് സമസ്ത ലോകങ്ങളും ജാഗ്രദാദി അവസ്ഥകളും രൂപം കൊണ്ടത് .
ഹോതാവ് ഉള്‍പെടെ നാല് ഋത്വിക്കുകള്‍ ലോകാനുഗ്രഹത്തിനു വേണ്ടി അനുഷ്ഠിക്കേണ്ടുന്ന കര്‍മ്മങ്ങള്‍ പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ബ്രഹ്മദേവന്‍ , മാനസ പുത്രരായ മരീചി യാദികള്‍ക്ക് വേദം പകര്‍ന്നു നല്‍കുകയും അത് തലമുറകളായ് മാനവ സമൂഹം അഭ്യസിച്ച് അദ്ധ്യയനം ചെയ്ത് പരിപാലിക്കുകയും ചെയ്തു .
പരമാത്മാവിന്‍റെ അഭീഷ്ടാനുജ്ഞ പ്രകാരം പരാശര പുത്രനായ ശ്രീ കൃഷ്ണ ദ്വൈപായന വേദവ്യാസനാണ് ദ്വാപര യുഗാന്ത്യത്തില്‍ ലഭ്യമായ വേദങ്ങളെ ഋക് - യജുസ്സ് - സാമം - അഥര്‍വ്വം എന്നിങ്ങനെ നാലായ് പകുത്തത് .
ഭഗവാന്‍ ശ്രീകൃഷ്ണ സമകാലികനും , പാണ്ഡവ പ്രപിതാമഹനും , മഹാഭാരത മഹേതിഹാസ കര്‍ത്താവുമാണ് ശ്രീ വേദവ്യാസന്‍ .
ക്രിസ്തു വര്‍ഷ തുല്യമായ പാണ്ഡവകൃത - കലിവര്‍ഷം ഇന്ന് 5118 - 5119 . ആയിരിക്കുന്നു .
വേദങ്ങള്‍ സൃഷ്ട്യാരംഭങ്ങളും ആനാദിയുമാണ് .
പറയ സ്ത്രീ യില്‍ പിറന്ന പരാശര മഹാമുനിക്ക് മുക്കുവ സ്ത്രീയില്‍ ജനിച്ച മഹാ ജ്ഞാനി . കൃഷ്ണദ്വൈപായനന്‍ എന്ന ശ്രീ വേദവ്യാസ ഭഗവാന്‍, വേദങ്ങളെ നാലായ് തിരിച്ച്, ഓരോവേദവും ഓരോ പ്രധാന ശിഷ്യര്‍ക്ക് ഉപദേശിച്ച് പ്രചരണസംരക്ഷണ അധികാരം നല്‍കി .
ഋഗ് വേദം - പൈല മഹര്‍ഷിക്കും
യജുര്‍ വേദം - വൈശമ്പായന മഹര്‍ഷിക്കും
സാമവേദം - ജൈമിനി മഹര്‍ഷിക്കും
അഥര്‍വ്വ വേദത്തെ - സുമന്തു മഹര്‍ഷിക്കും ഉപദേശിച്ചരുളി
ഋഗ് വേദ സംഹിതയെ പൈല ഋഷി രണ്ടായ് ഭാഗിച്ച് ഇന്ദ്ര പ്രമീതി, ബാഷ്കളന്‍ എന്നീ ശിഷ്യര്‍ക്ക് ഉപദേശിച്ച് അഭ്യസിപ്പിച്ചു .
ബാഷ്കളന്‍ അദ്ദേഹത്തിന്‍റെ ശാഖയെ വീണ്ടും നാലായ് തിരിച്ച് - ബോധ്യന്‍ , യാജ്ഞവല്‍ക്യന്‍, പരാശരന്‍ , അഗ്നിമിത്രന്‍ എന്നീ ശിഷ്യന്‍ മാരെ പഠിപ്പിച്ചു .
ഇന്ദ്ര പ്രമീതി - തനിക്ക് ലഭിച്ച സംഹിതാഭാഗം പുത്രനായ മാണ്ഡൂകേയനും മാണ്ഢൂകേയപുത്രന്‍ അതിനെ അഞ്ചായ് വിഭജിച്ച് - വാല്‍സ്യന്‍, മുല്‍ഗലന്‍, ശാകല്യന്‍, ഗോഖല്യന്‍, ശിശിരന്‍ എന്നിവര്‍ക്കുംഉപദേശിച്ചു .
ശാകല്യ ശിക്ഷ്യനായ ജാതൂകര്‍ണ്യന്‍ അദ്ദേഹത്തിന് ലഭിച്ച സംഹിതാഭാഗത്തെ വീണ്ടും മൂന്നായ് ഭാഗിച്ച് ശിഷ്യരായ ബാലകന്‍, പൈജന്‍, വൈതാളന്‍ എന്നിവര്‍ക്ക് ഉപദേശിച്ചു .
ജാതുകര്‍ണ്യന്‍ പിന്നീട് വൈദീക ശബ്ദങ്ങളുടെ വ്യാഖ്യാന രൂപമായ `നിരുക്തം ' രചിക്കുകയും അത് വിരാജന്‍ എന്ന ശീഷ്യന് ഉപദേശിക്കുകയും ചെയ്തു .
ബാഷ്കള പുത്രന്‍ - ഋക് വേദത്തിന്‍റെ സര്‍വ്വ ശാഖകളില്‍ നിന്നുമായി - ബാലഖില്യം - എന്ന സംഹിത നിര്‍മ്മിക്കുകയും അത് ബാലായനി , ഭജ്യന്‍ ,കാസാരന്‍ എന്നീ ശിഷ്യരെ അഭ്യസിപ്പിക്കുകയും ചെയ്തു .
ഇങ്ങനെ ലോകത്തില്‍ ഋഗ് വേദം പ്രചുര പ്രചാരമായ് തീര്‍ന്നു .
`വിദ - ജ്ഞാനേ' എന്ന ധാതുവില്‍ നിന്നാണ് വേദ ശബ്ദത്തിന്‍റെ നിഷ്പത്തി ഉത്ഭവം. വിദ് - എന്ന ധാതു വിന് - സത്ത, ലാഭം, വിചാരണ എന്നീ അര്‍ത്ഥങ്ങളാണ് ഉളളത്. ഈ ധാതു അര്‍ത്ഥങ്ങളും വേദ ശബ്ദത്തിന് ഉണ്ട് .
വിദ് - ധാതുവിനോട് കൂടി ഘഞ് (അ) പ്രത്യയമോ, അച് (-അ ) പ്രത്യയമോ ചേര്‍ന്ന് സൃഷ്ടമാവുന്ന വേദ ശബ്ദത്തിന് - ജ്ഞാനം , ആദ്ധ്യാത്മിക ജ്ഞാനം , ധാര്‍മ്മിക ജ്ഞാനം . എന്നെല്ലാം സാമാന്യേന അര്‍ത്ഥം കല്‍പിക്കാം .
വേദ മന്ത്രങ്ങള്‍ ഒരു പ്രത്യേക വ്യക്തിയുടെ സൃഷ്ടി അല്ല .
സത്യദര്‍ശികളായ അനേകം ഋഷിമാരിലൂടെ പല കാലങ്ങളിലും അവസരങ്ങളിലും പ്രകടീകൃതമായവയാണ് അവ എല്ലാം തന്നെ . വ്യാസ മഹര്‍ഷിയുടെ ക്രാന്ത ദര്‍ശിത്വം അതിനെ ക്രോഡീകരിച്ചെന്നു മാത്രം .
ത്രേതായുഗത്തിനും മുന്‍പ് സൂക്ഷ്മങ്ങളായ അശ്വമേധ, പുത്രകാമേഷ്ട്യാദി യാഗങ്ങള്‍ വേദമന്ത്രങ്ങളോടെ നിര്‍വ്വഹിക്കപെട്ടിരുന്നു .
ആധുനീക സംസ്കൃത (ദേവനാഗരി) ലിപിയും പാണനീയ - ചാന്ദ്രാദി വ്യാകരണ രീതികളും നിലവില്‍ വരുന്നതിനും എത്രയോ മുന്‍പ് തന്നെ ശബ്ദരൂപത്തില്‍ വേദ മന്ത്രങ്ങള്‍ നിലവിലുണ്ട് .
അങ്ങനെ തലമുറകള്‍ യുഗാന്തരങ്ങളായ് ചൊല്ലികേട്ടു പഠിച്ച് പ്രാണവായു പോലെ സംരക്ഷിച്ച് ആചരിച്ചതിനാലാണ് വേദങ്ങള്‍ , ശ്രുതി എന്നും അപൗരുഷേയം എന്നും വിഖ്യാതങ്ങള്‍ ആവുന്നത് .......
No comments:
Post a Comment