ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 January 2018

പ്രവൃത്തി

പ്രവൃത്തി

ഏതുപ്രവൃത്തിയും നന്നാവണമെങ്കില്‍ ആ പ്രവൃത്തി ചെയ്യുവാനുള്ള അറിവും പരിചയവും അതിന് ഉണ്ടായിരിക്കേണ്ടതാണ്. ഒരു പ്രവൃത്തിയില്‍ പരിചയം സിദ്ധിക്കുന്നത് ആ പ്രവൃത്തിയില്‍ പരിചയമുള്ള ആളുകളു മായി ബന്ധപ്പെട്ട് ആ പ്രവൃത്തിയെടുക്കാന്‍ തയ്യാറാവുമ്പോഴാണ്. കഴിവുകള്‍ എത്രയുണ്ടായാലും പുതിയ ഒരു പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ അതില്‍ പരിചയവും സാമര്‍ത്ഥ്യവുമുള്ള ആളുകളോടുചേര്‍ന്ന് പ്രവൃത്തിക്കേണ്ടതാണ്. അതായത് പ്രവൃത്തി നന്നാവണമെങ്കില്‍ ആ പ്രവൃത്തിയെ കുറിച്ചിട്ടുള്ള സാങ്കേതികമായ അറിവും പ്രായോഗികമായിട്ട് ആ പ്രവൃത്തി ചെയ്യാനുള്ള പരിചയവും നേടേണ്ടത് അത്യാവശ്യമാണ്.

ഏതുപ്രവൃത്തിയും നന്നായി ചെയ്യണമെങ്കില്‍ ചെയ്യുന്ന ആള്‍ക്ക് ആത്മവിശ്വാസമുണ്ടായിരിക്കണം. ആത്മ വിശ്വാസം ദൃഢമാക്കാന്‍ പ്രവര്‍ത്തനപരിചയവും ഈശ്വര വിശ്വാസവും നല്ലതുപോലെ സഹായിക്കും. മനുഷ്യര്‍ക്കെല്ലാ വര്‍ക്കും അവരവരുടേതായിട്ടുള്ള കഴിവുകളും കര്‍മ്മവാസന കളുമുണ്ട്. വാസനക്കനുരൂപമായി കര്‍മ്മം ചെയ്യുകയാണെങ്കില്‍  ആ കര്‍മ്മത്തിന്റെ ഫലം വളരെവേഗത്തിലും ശരിയായ രീതിയിലും ആര്‍ക്കും സിദ്ധിക്കുന്നതാണ്. ഒരു പ്രവൃത്തിയില്‍ പ്രാവിണ്യം നേടിയിട്ടുള്ള ഒരാള്‍ക്ക് അതുപോലെയുള്ള പ്രവൃത്തികള്‍ വളരെവേഗത്തില്‍ വിദഗ്ദമായ രീതിയില്‍ ചെയ്യാന്‍ കഴിയും. മനുഷ്യരെല്ലാവരും അവരുടെ ശരീരേന്ദ്രി യമനോബുദ്ധികള്‍കൊണ്ടാണ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ഏതുപ്രവര്‍ത്തനവും വിജയിക്കണമെങ്കില്‍ ആ പ്രവൃത്തിയില്‍ താല്പര്യമുണ്ടാകേണ്ടതാണ്. ഒരു പ്രവൃത്തിയില്‍ താല്പര്യം വന്നുചേരുന്നത് ആ പ്രവൃത്തി അനായാസമായിട്ടു ചെയ്യാന്‍ കഴിവുവരുമ്പോഴാണ്. ഏതു പ്രവൃത്തിക്കും വിഷമം തോന്നാതെവരുന്നത് പ്രവൃത്തിചെയ്ത് പഴക്കവും തഴക്കവും നേടിയിട്ടുള്ള ആളുകള്‍ക്കാണ്. കര്‍ത്തവ്യകര്‍മ്മമായി വന്നുചേരുന്ന കാര്യങ്ങള്‍ ശ്രദ്ധയോടുകൂടി ചെയ്യാന്‍ തയ്യാറാവുകയാണ് വേണ്ടത്. ഒരു പ്രവൃത്തിയില്‍ വേണ്ടത്ര ശ്രദ്ധയുള്ളവന് ആ പ്രവൃത്തിയെക്കുറിച്ചിട്ടുള്ള ജ്ഞാനം സ്വാഭാവികമായി വന്നുചേരുന്നതാണ്. അതുകൊണ്ട് ശ്രദ്ധയുള്ള ആളിനുമാത്രമേ ഏതുപ്രവൃത്തിയിലുമുള്ള ജ്ഞാനം സിദ്ധിക്കുകയുള്ളു. അതിനുള്ള അഭ്യാസം കുട്ടിക്കാലം മുതല്‍ക്കുതന്നെ കിട്ടികൊണ്ടിരിക്കേണ്ടതാണ്. കുട്ടികള്‍ക്ക് ഒരു കാര്യത്തെക്കുറിച്ച് മുതിര്‍ന്നവരേക്കാള്‍ കൂടുതല്‍ ചോദ്യം ചെയ്യാനുള്ള കഴിവ് പ്രകൃതിദത്തമായിട്ടുതന്നെയുണ്ട്. പലപ്പോഴും മുതിര്‍ന്നവര്‍ക്ക് അവരുടെ ചോദ്യത്തിന് ഉത്തരം പറയാന്‍ വയ്യാത്ത സാഹചര്യങ്ങള്‍ ഉണ്ടാകാറുമുണ്ട്. കൊച്ചു കുട്ടികള്‍ക്ക് പലകാര്യങ്ങളെ കുറിച്ചുമറിയാനുള്ള ആഗ്രഹം വളരെവളരെയുണ്ട്. പ്രായമുള്ളവര്‍ അവര്‍ക്ക് വേണ്ടരീതിയില്‍ നിവൃത്തി വരുത്തി കൊടുക്കേണ്ടതാണ്.

No comments:

Post a Comment