ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 January 2018

നാരായണീയം ദശകം 1

നാരായണീയം

രചന: മേല്പത്തൂർ നാരായണഭട്ടതിരി

ദശകം 1

ഭഗവദ്‌രൂപവർണ്ണനം

1.1
സാന്ദ്രാനന്ദാവബോധാത്മകമനുപമിതം കാലദേശാവധിഭ്യാം
നിർമ്മുക്തം നിത്യമുക്തം നിഗമശതസഹസ്രേണ നിർഭാസ്യമാനം
അസ്പഷ്ടം ദൃഷ്ടമാത്രേ പുനരുരുപുരുഷാർഥാത്മകം ബ്രഹ്മതത്വം
തത്താവത് ഭാതി സാക്ഷാൽ ഗുരുപവനപുരേ, ഹന്ത! ഭാഗ്യം ജനാനാം!

അര്‍ത്ഥം :
വര്‍ദ്ധിച്ച ആനന്ദം, ജ്ഞാനം എന്നിവയുടെ സ്വരൂപത്തോട് കൂടിയതും , തുലനം ചെയ് വാന്‍  അര്‍ഹമായ അപരവസ്തുവിന്‍റെ  അഭാവത്താല്‍ അനുപമവും , ദേശം, കാലം, അളവ് എന്നീ മാനദണ്ഡങ്ങളെയെല്ലാം  കീഴ്പ്പെടുത്തി  അവയില്‍നിന്നും സ്വതന്ത്രമായ ശക്തിയോടെ  സ്തിഥിചെയ്യുന്നതും , ഒട്ടേറെ വേദോപനിഷല്‍വാക്യങ്ങളാല്‍ മറ്റുള്ളവര്‍ക്ക് സ്ഫുടമായി  പ്രകാശിക്കപ്പെട്ടിട്ടുള്ളതും , പ്രഥമ വീക്ഷണത്തില്‍  അതിപ്രഭാവം  വ്യക്തമായി അനുഭവപ്പെട്ടില്ലെങ്കിലും  ക്രമേണ  ശ്രേഷ്ഠമായ പുരുഷാര്‍ത്ഥമായി  മോക്ഷസാധനമായി  അനുഭവപ്പെടുന്നതും , സദാ  മായാവലയത്തിന്‍റെ പുറത്ത് സ്വതന്ത്രരൂപത്തില്‍  വര്‍ത്തിക്കുന്നതും ആയ യഥാര്‍ത്ഥ ബ്രഹ്മസ്വരൂപം  ഗുരുവായൂര്‍ ക്ഷേത്രത്തില്‍  സാക്ഷാത്കരിക്കപ്പെട്ടു  പ്രശോഭിക്കുന്നു.      എന്താശ്ചര്യം !   ജനങ്ങളുടെ ഭാഗ്യമെന്നല്ലാതെ  മറ്റെന്തു പറയാന്‍. ?

1.2
ഏവം ദുർലഭ്യവസ്തുന്യപി സുലഭതയാ ഹസ്തലബ്‌ധേ യദന്യത്
തന്വാ വാചാ ധിയാ വാ ഭജതി ബത! ജനഃ ക്ഷുദ്രതൈവ സ്ഫുടേയം
ഏതേ താവദ്വയന്തു സ്ഥിരതരമനസാ വിശ്വപീഡാപഹത്യൈ
നിഃശേഷാത്മനമേനം ഗുരുപവനപുരാധീശമേവാശ്രയാമഃ

അര്‍ത്ഥം :
ഇത്രയേറേ മാഹാത്മ്യമുള്ളതും ദുര്‍ല്ലഭമായ ബ്രഹ്മതത്ത്വം  സുലഭമായി  കരഗതമാകാനുള്ള  സാദ്ധ്യത ഉണ്ടായിട്ടും  ജനങ്ങള്‍  ശരീരം, വാക്ക്,  മനസ്സ്,  എന്നിവയാല്‍  അന്യദേവന്മാരെ  സേവിക്കുന്നുവെന്നത്  കഷ്ടം തന്നെ.  ഇത് വ്യക്തമായ  ക്ഷുദ്രമനോഭാവമാണ്.  പക്ഷേ ഭക്തരായ  ഞങ്ങള്‍ ഉറച്ച മനസ്സോടുകൂടി   പ്രാപഞ്ചിക ദുഖഃവിനാശത്തിനുവേണ്ടി  സര്‍വ്വ ജീവാത്മാക്കളുടേയും  നായകനും  പരബ്രഹ്മമൂര്‍ത്തിയുമായ  ഈ ഗുരുവായൂര്‍  നാഥനെതന്നെ  ആശ്രയിക്കുന്നു.

1.3
സത്വം യത്തദ് പരാഭ്യാമപരികലനതോ നിർമ്മലം തേന താവദ്-
ഭൂതൈർഭൂതേന്ദ്രിയൈസ്‌തേ വപുരിതി ബഹുശഃ ശ്രൂയതേ വ്യാസവാക്യം
തത്സ്വച്ഛത്വാദ്യദച്ഛാദിതപരസുഖചിദ്ഗർഭനിർഭാസരൂപം
തസ്മിൻ ധന്യാ രമന്തേ, ശ്രുതിമതിമധുരേ, സുഗ്രഹേ വിഗ്രഹേ തേ

അര്‍ത്ഥം :
രജസ്സ്, തമസ്സ്, എന്നീ രണ്ടുഗുണങ്ങളോടുകലരാതെ നിര്‍മ്മലമായ സത്വഗുണത്തില്‍ നിന്നു സംജാതമായ  പഞ്ചഭൂതങ്ങളാണ്  ഭഗവാന്‍റെ ശരീരമെന്ന വ്യാസവചനം  പല പുരാണങ്ങളിലും  പ്രഖ്യാതമായിരിക്കുന്നു.  പരിശുദ്ധിയില്‍ യാതൊരുമറവുമില്ലാതെ  ആനന്ദനിര്‍ഭയമായ ഹൃദയത്തില്‍  ആ പുണ്യവിഗ്രഹം പ്രതിബിംബിക്കുംബോള്‍  അതിനെ ശ്രവിക്കാനും ധ്യാനിക്കാനും  ആഹ്ളാദമുണ്ടാവുന്നു.  അതോടൊപ്പം അനായാസം  ചിത്തത്തില്‍ ഗ്രഹിക്കുവാന്‍ കഴിയുന്നു.  അങ്ങയുടെ ആ നിര്‍മ്മല മൂര്‍ത്തിയില്‍  ധന്യാത്മാക്കള്‍ രമിച്ച് ജീവിക്കുന്നു.

1.4
നിഷ്കമ്പേ നിത്യപൂർ‌ണ്ണേ നിരവധിപരമാനന്ദപീയുഷരൂപേ
നിർല്ലീനാനേകമുക്താവലി സുഭഗതമേ നിർ‌മ്മലബ്രഹ്മസിന്ധൗ
കല്ലോലോല്ലാസതുല്യം ഖലു വിമലതരം സത്ത്വമാഹുഃസ്തദാത്മാ
കസ്മാന്നോ നിഷ്കളസ്ത്വം സകള ഇതി വചസ്ത്വത്കലാസ്വേവ ഭൂമൻ!

അര്‍ത്ഥം :
അനക്കമറ്റതും, നിത്യസംബൂര്‍ണ്ണവും,  പരമാനന്ദമാകുന്ന  പീയുഷത്തിന്‍റെ  രൂപത്തില്‍  സ്ഥിതിചെയ്യുന്നതും തന്നില്‍ ലയിച്ചിരിക്കുന്ന  നിരവധി  സായൂജ്യപ്രാപ്തി  ലഭിച്ച ജീവാത്മക്കളോടും കൂടി  പ്രകാശിക്കുന്നതുമായ  ആ പരിശുദ്ധ  പരബ്രഹ്മസാഗരത്തില്‍  അതിനിര്‍മ്മലമായ  സത്ത്വഗുണം  തിരമാലയുടെ കാന്തിക്ക്   തുല്യമാണെന്ന്  ജ്ഞാനികള്‍ പറയുന്നു.  അങ്ങനെയുള്ള സത്ത്വഗുണാത്മാവായ അങ്ങ് നിഷ്കളങ്കനാകുന്നു.  ഹേ വിഷ്ണോ ! അങ്ങയുടെ അംശങ്ങളായ   അവതാരങ്ങളെ  സംബന്ധിച്ചുമാത്രം  കലകളോട്  കൂടിയവനെന്ന വാക്ക് ശരിയാകുന്നു.

1.5
നിർവ്യാപാരോപി നിഷ്കാരണമജ, ഭജസേ യത് ക്രിയാമീക്ഷ്ണാഖ്യാം
തേനൈവോദേതി ലീനാ പ്രകൃതിരസതികല്പാപി കല്പാദികാലേ
തസ്യാഃ സംശുദ്ധമംശം കമപി തമതിരോധായകം സത്ത്വരൂപം
സ ത്വം ധൃത്വാ ദധാസി സ്വമഹിമവിഭവാകുണ്ഠ, വൈകുണ്ഠരൂപം.

അര്‍ത്ഥം :
ജനിമൃതികളില്‍ നിന്ന് മുക്തനായ ഭഗവാനെ നിഷ്ക്രിയ സ്വഭാവിയായിരുന്നിട്ടും  അകാരണമായുണ്ടാകുന്ന  അങ്ങയുടെ  നോട്ടത്തെ  ആശ്രയിച്ച് , അങ്ങയില്‍ ലീനമായി കിടക്കുന്നതും  തികച്ചും  അസ്ഥിത്വമില്ലാത്തതുമായ  മായാശക്തി സൃഷ്ടിയുടെ  ആരംഭത്തില്‍ ഉണര്‍ന്നു വ്യാപരിക്കാന്‍ തുടങ്ങുന്നു.  ഹേ  വൈകുണ്ഠവാസിന്‍ !  അങ്ങയുടെ പ്രഭാവശക്തിയാല്‍ പ്രവര്‍ത്തിക്കുന്ന മായയില്‍  നിന്നും  ജ്ഞാനകര്‍മ്മങ്ങളെ  പ്രതിരോധിക്കാന്‍   കരുത്തില്ലാത്തതും  പറഞ്ഞറിയിക്കാന്‍ വയ്യാത്ത  രീതിയില്‍ പരിശുദ്ധവുമായ സത്ത്വഗുണത്തിന്‍റെ  അംശത്തെ സ്വീകരിച്ചുകൊണ്ട്  അങ്ങ്  അതിനെ  സ്വന്തം  രൂപമാക്കിമാറ്റുന്നു.

1.6
തത്തേ പ്രത്യഗ്രധാരാധരലളിതകളായാവലീകേളികാരം
ലാവണ്യസ്യൈകസാരം സുകൃതിജനദൃശാം പൂർ‌ണ്ണപുണ്യാവതാരം
ലക്ഷ്മീനിഃശങ്കലീലാനിലയനമമൃതസ്യന്ദസന്ദേഹമന്തഃ
സിഞ്ചത് സഞ്ചിന്തകാനാം വപുരനുകുലയേ മാരുതാഗാരനാഥഃ.

അര്‍ത്ഥം :
ഹേ  ഗുരുവായൂരപ്പാ ! നീര്‍നിറഞ്ഞ പുതുമേഘകൂട്ടങ്ങളേയും  കായാംബു മലര്‍‍നിരയേയും  അപഹസിക്കുന്നതും  ലാവണ്യപൊലിമയുടെ ഏകസാരമായിരിക്കുന്നതും , സുകൃതികളുടെ കണ്ണനില്‍  നിറഞ്ഞ പുണ്യത്തിന്‍റെ അവതാരമായതും , ലക്ഷ്മീദേവിയുടെ യഥേഷ്ടങ്ങളായ ലീലാവിലാസങ്ങളുടെ  ഇരിപ്പിടമായതും,  നിരന്തരം ഭജിക്കുന്നവരുടെയുള്ളില്‍  അമൃതപ്രവാഹം  വര്‍ഷിക്കുന്നതുമായ  അങ്ങയുടെ  ആ സത്ത്വാത്മക  വപുസ്സിനെ  ഞാന്‍ സദാ ധ്യാനിക്കുന്നു.

1.7
കഷ്ടാ ‍തേ സൃഷ്ടിചേഷ്ടാ ബഹുതരഭവഖേദാവഹാ ജീവരാജാ-
മിത്യേവം പൂർ‌വ്വമലോചിതമജിത, മയാനൈവമദ്യാഭിജാനേ
നോ ചേജ്ജീവാഃ കഥം വാ മധുരതരമിദം ത്വദ്വപുശ്ചിദ്രസാർ‌ദ്രം
നേത്രൈഃ ശ്രോത്രൈശ്ച പീത്വാ പരമരസസുധാംബോധിപുരേ രമേരൻ

അര്‍ത്ഥം :
ആര്‍ക്കും ജയിക്കാന്‍ കഴിയാത്ത  ഭഗവാനേ ! സൃഷ്ടികര്‍മ്മത്തിനുവേണ്ടിയുള്ള  അങ്ങയുടെ  പ്രവര്‍ത്തനങ്ങള്‍  ക്ളേശഭരിതവും  ജീവാത്മാക്കള്‍ക്ക്  വിവിധങ്ങളായ  സാംസാരിക ദുഃഖങ്ങളുണ്ടാക്കുന്നവയുമാണ്  എന്ന്  ഞാന്‍ ആദ്യം ധരിച്ചിരുന്നു.  ഇപ്പോള്‍ അങ്ങനെ വിചാരിക്കുന്നില്ല.  അങ്ങു സൃഷ്ടികര്‍മ്മത്തില്‍  നിരതനായില്ലെങ്കില്‍ , ജ്ഞാനാര്‍ദ്രവും  മധുരവുമായ അങ്ങയുടെ  സ്വരൂപം നേത്രങ്ങളാലും  കാതുകളാലുമാസ്വദിച്ച്  ജീവാത്മാക്കള്‍  ബ്രഹ്മാനന്ദസുധാസാഗരത്തില്‍  എങ്ങിനെ രമിച്ചു വിഹരിക്കും.

1.8
നമ്രാണാം സന്നിധത്സേ സതതമപി പുരസ്തൈരനഭ്യർത്ഥിതാന-
പ്യർ‌ത്ഥാൻ കാമാനജസ്രം വിതരസി പരമാനന്ദസാന്ദ്രാം ഗതിം ച
ഇത്ഥം നിഃശേഷലഭ്യോ നിരവധികഫലഃ പാരിജാതോ ഹരേ ത്വം
ക്ഷുദ്രം തം ശക്രവാടീദ്രുമമഭിലഷതി വ്യർത്ഥമർത്ഥിവ്രജോ∫യം

അര്‍ത്ഥം :
ദുഃഖങ്ങളെ നശിപ്പിക്കുന്ന ഭഗവാനെ ! അങ്ങാകുന്ന കല്പവൃക്ഷം  നമസ്കരിക്കുന്നവരുടെ മുന്‍പിലേക്ക്  സ്വയം ചെല്ലുന്നു.  അവര്‍ അപേക്ഷിച്ചില്ലെങ്കില്‍പോലും  അങ്ങ് അവര്‍ക്ക്  അര്‍ത്ഥങ്ങള്‍, കാമങ്ങള്‍, പരമാനന്ദപ്രാപ്തി എന്നിവ എപ്പോഴും  കൊടുക്കുന്നു.  അങ്ങനെയുള്ള അങ്ങ്  എല്ലാ ഭക്തന്മാര്‍ക്കും  കിട്ടാവുന്നതും ബഹുവിധഫലസംബൂര്‍ണ്ണവുമായ  ഒരു കല്പവൃക്ഷം തന്നെയാണ് . ലോകത്തിലെ  ആവശ്യക്കാരെല്ലാം ദേവേന്ദ്രന്‍റെ തോട്ടത്തിലെ നിസ്സാരമായ  കല്പവൃക്ഷത്തെ  വ്യര്‍ത്ഥമായി  ആഗ്രഹിക്കുന്നു, എന്തു കഷ്ടം !🏵

1.9
കാരുണ്യാത് കാമമന്യം ദദതി ഖലു ചരേ സ്വാത്മദസ്ത്വം വിശേഷാ -
ദൈശ്വര്യാദീശതേ∫ന്യേ ജഗതി പരജനേ സ്വാത്മനോ∫പീശ്വരസ്ത്വം
ത്വയ്യുച്ചൈരാരമന്തി പ്രതിപദമധുരേ ചേതനാഃസ്ഫീതഭാഗ്യാ -
സ്ത്വം ചാത്മാരാമ ഏവേത്യതുലഗുണഗണാധാര, ശൗരേ, നമസ്തേ.

അര്‍ത്ഥം :
മറ്റുള്ള ദേവന്മാര്‍ കാരുണ്യം മൂലം പലര്‍ക്കും പല  അഭീഷ്ടങ്ങളും  സാധിച്ചു കൊടുക്കുന്നുണ്ട്.  അങ്ങാകട്ടെ  പ്രത്യേകിച്ചും  തന്നെത്തന്നെയാണ് നല്കുന്നത്.  അന്യര്‍ തങ്ങളുടെ  നിയന്ത്രണശക്തിയാല്‍  ലോകരുടെ ഈശ്വരന്മാരായിരിക്കുന്നു. അങ്ങാകട്ടെ  എല്ലാവരുടേയും  അന്തരാത്മാവിന്‍റെ  ഈശ്വരനാണ്. ഭാഗ്യമുള്ളവരായ  ജീവാത്മാക്കള്‍  അനുപദം സുന്ദരനായ അങ്ങയില്‍  പൂര്‍ണ്ണസന്തുഷ്ടിയോടെ , രമിക്കുന്നു.  അങ്ങ് ആത്മാവില്‍ തന്നെ രമിക്കുന്ന ഈശ്വരനാണ്. ഇപ്രകാരം അതുല്യങ്ങളായ  ഗുണസമൂഹങ്ങളുടെ  നിവാസസ്ഥാനമായ ശ്രീകൃഷ്ണാ !  അങ്ങേക്ക്  നമസ്കാരം.

1.10
ഐശ്വര്യം ശങ്കരാദീശ്വരവിനിമയനം വിശ്വതേജോഹരാണാം
തേജഃസംഹാരി വീര്യം വിമലമപി യശോ നിഃസ്പൃഹൈശ്ചോപഗീതം
അങ്ഗാസങ്ഗാ സദാ ശ്രീരഖിലവിദസി ന ക്വാപി തേ സങ്ഗവാർത്താ
തദ്വാതാഗാരവാസിൻ മുരഹര ഭഗവച്ഛബ്ദമുഖ്യാശ്രയോ∫സി.

അര്‍ത്ഥം :
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വസിക്കുന്ന മഹാവിഷ്ണോ ! അങ്ങയുടെ ഐശ്വര്യം  പരമേശ്വരന്‍ മുതലായ ദേവന്മാരെപ്പോലും അടക്കി ഭരിക്കുന്നു. പ്രപഞ്ചത്തിന്‍റെ  തേജസ്സിനെ നശിപ്പിക്കുന്നവരുടെ  തേജസ്സിനെ നശിപ്പിക്കുന്നതാണ്  അങ്ങയുടെ തേജസ്സ്.  നിര്‍മ്മലവും നിസ്പൃഹവുമായ  അങ്ങയുടെ യശസ്സ് മുനീന്ദ്രന്മാരാല്‍  ആലപിക്കപ്പെടുന്നു.  ഐശ്വര്യലക്ഷ്മി  സദാ അങ്ങയുടെ  ശരീരത്തെ അലങ്കരിക്കുന്നു.  അല്ലയോ വിഷ്ണോ !  അങ്ങ് സര്‍വ്വഞ്ജനാണ്.  അങ്ങേക്ക് ഒരു വസ്തുവിലും  ആസക്തിയില്ല. ഈ ഭഗവല്‍പദാര്‍ത്ഥങ്ങളുടെ  വിളനിലമായ  അങ്ങുതന്നെയാണ്  ഭഗവാന്‍ എന്ന   ശബ്ദത്തിന്‍റെ മുഖ്യകേന്ദ്രം.

2 comments:

  1. എന്റെ ഭഗവാനേ കൂടെയുണ്ടാകണെ സദാ . വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. പരകോടി നന്ദി. ഭഗവാന്റെ കൃപാകടാക്ഷങ്ങൾ അങ്ങയിൽ ചൊരിയും . തീർച്ച

    ReplyDelete
  2. 🙏🙏Thanks

    ReplyDelete