ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 January 2018

സത്യം

സത്യം

ഏതൊരു വ്യക്തിയും ആവിശ്യം സാക്ഷാത്ക്കരിക്കേണ്ട ബൗദ്ധിക മൂല്യമാണ് സത്യം. ഭാരതീയ ഋഷികൾ ഇത് പണ്ടേ കണ്ടെത്തി പ്രപഞ്ചത്തിന്റെ അടിസ്ഥാനപരമായ യാഥാർത്യവും സത്യത്തിൽ തന്നെ ഉറപ്പിച്ചു നിര്ത്തിയിരിക്കുന്നു. അതീന്ദ്രിയമായ സത്യവും അതീന്ദ്രിയമായ ജ്ഞാനവും ഒന്നുതന്നെ. സത്യദർശനമായിരുന്നു ഋഷിമാരുടെ ജീവിതലക്ഷ്യവും
ആധുനികശാസ്ത്രവും അന്വേഷിക്കുന്നത് അതുതന്നെ. പദാർത്ഥനിഷ്ഠമായ മാർഗ്ഗത്തിലൂടെയാണ് അവർ അന്വേഷിക്കുന്നത്. അതീന്ദ്രിയമായ സത്യത്തെ ഭൗതികമാനങ്ങൾക്ക് വിധേയമാക്കാൻ ശ്രമിച്ചാൽ വിജയിക്കില്ല. ദേശകാലങ്ങൾക്ക് വിധേയമായ മാനദണ്ഡങ്ങൾ കൊണ്ട് സത്യത്തെ അളക്കാൻ കഴിയില്ല. ജ്ഞാനത്തെ അളക്കാൻ ജ്ഞാനം കൊണ്ടേ കഴിയൂ.. ജ്ഞാനത്തിലൂടെ സത്യദർശനം സാധിച്ചവരാണ് ഋഷികൾ. അവരുടെ അന്തർമുഖവീക്ഷണം ജഗത്തിൻറെ പലതലങ്ങളെയും അനാവരണം ചെയ്ത് സത്യത്തിലേക്ക് അടുത്തു. മനുഷ്യ ജീവിതവുമായി ബന്ധപ്പെടുത്തിക്കൊണ്ട് സത്യസ്വരൂപത്തെ അന്വേഷിക്കുകയാണ് ശ്രീമദ്ഭാഗവതത്തിന്റെ ലക്ഷ്യം
സത്യാന്വേഷണത്തിന് മനുഷ്യന് ലഭിച്ച ഉപാധിയാണ് ഈ ജഗത്ത്. അഖണ്ഡമായ നിത്യവസ്തുവാണ് സത്യം. അതിലാണ് ജഗത്തിന്റെ നിലനില്പ്പ്. കാര്യത്തില് നിന്ന് കാരണത്തിലേക്ക് അന്വേഷണം പുരോഗമിക്കുന്നു. പ്രപഞ്ചത്തിന്റെ ആവിർഭാവത്തിനും തിരോഭാവത്തിനും അധിഷ്ഠാനം സത്യമാണ്. ഇത് ഉപനിഷത്തുക്കളെ അടിസ്ഥാനമാക്കി നിർണ്ണയിക്കാം പദാർത്ഥത്തിന് അതീതമായ ഒരു സങ്കൽപ്പത്തിലാണ് ജഗത്തിന്റെ നിലയെന്ന് ആധുനിക ഭൗതികശാസ്ത്രത്തിന് സമ്മതിച്ചുതരുവാൻ കഴിയില്ല. എന്നാൽ വ്യാസാൻ അതിനെ സത്യത്തിന്റെ അനിത്യഭാവങ്ങളായി യുക്തിപൂർവ്വം നമുക്ക് കാട്ടിത്തരുന്നു
സത്യവും ജ്ഞാനവും ഒന്നുതന്നെയാണെന്ന് ഉപനിഷത്തുക്കൾ ഉദ്ഘോഷിക്കുന്നു. വിജ്ഞാനം വിഷയത്മാകവും വ്യക്തിനിഷ്ഠവുമാണ്. വിഷയങ്ങളോടുള്ള ബന്ധമാണ് ജ്ഞാനത്തെ വിജ്ഞാനമാക്കുന്നത്. ജ്ഞാനം നിര്വിഷയമാക്കപ്പെടുമ്പോൾ അത് പരമസത്യമായി മാറുന്നു. നാനാത്വത്തിലാണ് വിജ്ഞാനത്തിന്റെ നിലനില്ല്പ്പ്. സർവ്വപ്രാണികളിലും നിലനിന്നുകൊണ്ട് ജഗത്ബോധം ജനിപ്പിക്കുന്നത് ഈ വിജ്ഞാനമാണ്‌. അതിനെ വിഷയനിർമുക്തമാക്കുമ്പോൾ പരമമായ സത്യ ദർശനമായി
സ്വയം പ്രകാശികകുന്നതാണ് ജ്ഞാനം. അതിനെ പ്രകാശിപ്പിക്കുവാൻ മറ്റൊരു പ്രകാശവും ആവശ്യമില്ല ഭഗവാൻ സത്യസ്വരൂപനാണ്. മോഹം നിമിത്തം പലരും അത് തന്നിൽതന്നെയാണ് സ്ഥിതി ചെയ്യുന്നതെന്ന് തിരിച്ചറിയുന്നില്ല. ആ യാഥാർത്ഥ്യം അറിയിക്കുകയാണ് ഉപനിഷത്തുക്കൾ ചെയ്യുന്നത് ഇന്ദ്രിയങ്ങൾ ബഹിർമുഖങ്ങളായതിനാൽ സത്യത്തെ തന്നിൽനിന്ന് അന്യമായി കാണുവാൻ ഓരോ മനുഷ്യനേയും പ്രേരിപ്പിക്കുന്നു. ഇന്ദ്രിയങ്ങളെ അന്തർഖങ്ങളാക്കിയാൽ മാത്രമേ സത്യത്തിന്റെ സാക്ഷാത്കാരം സാധ്യമാകു
ജഗത്തിന്റെ തൃഗുണാത്മികമായ രചന സത്യത്തെ തികച്ചും ആവരണം ചെയ്യുന്ന വിധത്തിലാണ്. അതുകൊണ്ട് പരമമായസത്യം തന്നിൽനിന്നു അന്യമാണെന്ന് മനുഷ്യർ
വിചാരിക്കുന്നു. എന്നാൽ അത് അകത്തും പുറത്തും നിർലിപ്തമായി സ്ഥിതി ചെയ്യുന്നു; ഒന്നിനോടും ചേരാതെ, എങ്ങും നിറഞ്ഞ്. ആ സത്യമാണ് ഭാഗവത്തിന്റെ പ്രമേയം അതിനെ സാക്ഷാത്കരിക്കുകയാണ് ജീവിതത്തിൻറെ പരമലക്ഷ്യം
ആദ്ധ്യാത്മിക ശാസ്ത്രങ്ങളുടെ കൂട്ടത്തിൽ ശ്രീമദ് ഭാഗവതത്തിന് സമുന്നതമായ ഒരു സ്ഥാനമുണ്ട്. കലിയുഗത്തിൽ അന്നഗതപ്രാണരായ മനുഷ്യർക്ക് സരളമായ ഭക്തിമാർഗ്ഗത്തെ പ്രകാശിപ്പിക്കുന്നതിനാൽ ഭാഗവതത്തിന് മഹോന്നതമായ സ്വീകാര്യതയുമുണ്ട്. ഭക്തി മാത്രമല്ല ജ്ഞാനവൈരാഗ്യങ്ങളെക്കൊണ്ടും സമ്പുഷ്ഠമാണ് ശ്രീമദ് ഭാഗവതം. 18 പുരാണങ്ങളിലും ശ്രേഷ്ഠമായതിനാൽ ഇതിനെ പുരാണതിലകം എന്ന് വിളിക്കുന്നു.
പുരാണങ്ങൾ ഉപനിഷത്ത് ശാസ്ത്രങ്ങളുടെ കഥാരൂപത്തിലുള്ള ആവിഷ്ക്കാരങ്ങളാണ് ഭാഗവതം സർവ്വൊപനിഷത് സാരവും. വേദങ്ങളിൽ പ്രകാശിപ്പിചിരിക്കുന്ന തത്ത്വങ്ങളുടെ സംക്ഷിപ്തവും യുക്ത്യാധിഷ്ഠിതവുമായ പ്രഖ്യാപനങ്ങളാണ്‌ ഉപനിഷത്തുകളിൽ കാണപ്പെടുന്നത്‌. ഉപനിഷത്തുകളിൽ പറഞ്ഞതിൽ കവിഞ്ഞ ഒരറിവും ഇനി ഉണ്ടാവാനില്ല. അറിവിൻറെ അവസാനമാണ് 'വേദാന്തം... വേദാന്തം തന്നെയാണ് ഉപനിഷത്തുക്കൾ...

No comments:

Post a Comment