ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

8 January 2018

ദേവന്മാർക്ക് പോലും ദുർവിജ്ഞേയമാണ് ബ്രഹ്മം

ദേവന്മാർക്ക് പോലും ദുർവിജ്ഞേയമാണ് ബ്രഹ്മം

ദേവാസുരയുദ്ധത്തിൽ ദേവന്മാർ ജയിച്ചത് ബ്രഹ്മാനുകൂല്യം കൊണ്ടായിരുന്നു. പക്ഷേ തങ്കളുടെ ശക്തികൊണ്ടാണ് അതു സാധിച്ചത് എന്ന് ദേവന്മാർ അഹങ്കരിച്ചു.  ആ അഹംബോധം തീർക്കാനായി ബ്രഹ്മം  ഒരു യക്ഷത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു.  യക്ഷത്തെ കണ്ട് ഭയപ്പെട്ട ദേവന്മാർ ആ യക്ഷത്തെകുറിച്ചറിയാനായി അഗ്നി, വായു, ഇന്ദ്രൻ എന്നി ദേവന്മാരെ നിയോഗിച്ചു. 

ആദ്യം ഗർവ്വോടു കൂടി ചെന്നത് അഗ്നിയായിരുന്നു.  നീ ആരാണെന്ന് യക്ഷം ചോദിച്ചപ്പോൾ  ഞാൻ ലോക പ്രസിദ്ധനായ അഗ്നിയാണ് 'ജാതവേദ'നാണ്.  എന്താ നിന്റെ അറിവ് (വീര്യം) എന്ന് യക്ഷം ചോദിച്ചപ്പോൾ  അഗ്നി സ്വയം ശ്ലാഘിച്ചുകൊണ്ട് 

"യാദിദം പൃഥിവ്യാമിതിസർവ്വം ദഹേയം"
'
പൃഥിയിലെ  സർവ്വ വസ്തുക്കളും ഞാൻ ദഹിപ്പിക്കുന്നവനാണ്. ഉടനെ യക്ഷം ഒരു പുൽക്കൊടി എടുത്ത് മുമ്പിൽ വെച്ച് ദഹിപ്പിക്കാൻ പറഞ്ഞു.  സർവ്വശക്തിയുമുപയോഗിച്ച് അഗ്നിക്ക് അതിനെ ദഹിപ്പിക്കാൻ  കഴിഞ്ഞില്ല. ലജ്ജിച്ച് മടങ്ങി. 

വായുവും അഹന്തയോടെ ചെന്നു  ഞാൻ 'മാതരിശ്വാവാണ്'  എന്നാണ് വായു പറഞ്ഞത്.  (ഭൂമിയിലും ആകശത്തിലും യഥേഷ്ടം സഞ്ചരിക്കുന്നവൻ)  എന്താണ് നിന്റെ വീര്യം എന്നതിന്

"ഇദം സർവ്വം ആദദീയ യദിദം പൃഥിവ്യാമിതി"

ലോകത്തിലെ എല്ലാ വസ്തുക്കളെയും എടുത്തുമാറ്റിക്കളയാൻ (കടപുഴകി എറിയാൻ)  കഴിവുള്ളവനാണ് ഞാൻ.  യക്ഷം ഒരു പുൽക്കൊടി  വായുവിന്റെ മുമ്പിൽ വെച്ച് മാറ്റാൻ പറഞ്ഞു സർവ്വശക്തിയുമുപയോഗിച്ചിട്ടും വായുവിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.  വായുവും അശക്തനായി മടങ്ങി.

പിന്നീട് ദേവന്മാർ അയച്ചത് ഇന്ദ്രനെയായിരുന്നു. തനിക്ക് കഴിയാത്തതായി ഒന്നുമില്ല എന്ന അഹങ്കാരത്തോടെ ഇന്ദ്രൻ ചെന്നു. അഹങ്കാരിയായ ഇന്ദ്രന് കാണാൻ പോലും കിട്ടാതെ യക്ഷം മറഞ്ഞു.  ആകാശത്തിൽ അതിശോഭായമാവനയായി  വാഴുന്ന  ഉമാ ഭഗവതിയെ കണ്ട് അഭ്യർത്ഥിച്ചു. അല്ലയോ ദേവീ ആ യക്ഷം ആരാണ്?  എന്ന് ബലവാനായ തന്നെ കാണുവാൻ പോലും കൂട്ടാക്കാതെ മറഞ്ഞ യക്ഷത്തെക്കുറിച്ചറിയാനായി " ബ്രഹ്മവിദ്യാസ്വരൂപിണിയും ഭക്തവത്സലയുമായ ഉമാഭഗവതിയെ പ്രത്യക്ഷപ്പെടുത്തി   പ്രാർത്ഥിച്ചു. 

"ബഹുശോഭമാനം ഹൈമവതി"

ഇന്ദ്രന്റെ പ്രാർത്ഥന സ്വീകരിച്ച്  യക്ഷം ബ്രഹ്മസ്വരൂപമായിരുന്നു എന്നും ബ്രഹ്മതേജസ്സിന്റെ ആനുകൂല്യത്താലാണ് ദേവന്മാർക്ക് വിജയമുണ്ടായതെന്നും മനസ്സിലാക്കി  കൊടുത്തു.   ബ്രഹ്മത്തെക്കുറിച്ച് ജ്ഞാനം നേടിയ അഗ്നിയും വായുവും ഇന്ദ്രനും ദേവന്മാരിൽ ശ്രേഷ്ഠന്മാരായി പരിഗണിക്കപ്പെട്ടു. തന്റെ ശരീരശക്തിയും കഴിവും മാത്രമുണ്ടായാൽ പോരാ  ഈശ്വരചൈതന്യം കൂടി അനുഗ്രഹിച്ചാലെ കർമ്മങ്ങൾ നിവർത്തിക്കാൻ കഴിയൂ.  ചൈതന്യമില്ലെങ്കിൽ ഒന്നിനും കഴിയില്ല.  ബ്രഹ്മചൈതന്യത്തിന്റെ സാഹായമുണ്ടായതിനാലാണ് ദേവന്മാർക്ക് അസുരന്മാരെ ജയിക്കാൻ കഴിഞ്ഞത്.  അല്ലാതെ അവരുടെ മാത്രം ശക്തികൊണ്ടായിരുന്നില്ല.  ജയത്തിന്റെ ഉന്മാദാവസ്ഥയിൽ അത് വിസ്മരിച്ച ദേവന്മാരെ ഓർമ്മപ്പെടുത്താനാണ് ബ്രഹ്മം യക്ഷരൂപത്തിൽ  വന്നത്.

"താൻപാതി ദൈവം പാതി"

No comments:

Post a Comment