ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 January 2018

നാരായണീയം ദശകം 2

നാരായണീയം

രചന: മേല്പത്തൂർ നാരായണഭട്ടതിരി

ദശകം 2

ഭഗവത്സ്വരൂപമാധുര്യവും ഭക്തിമഹത്വവും

2.1
സൂര്യസ്പർദ്ധികിരീടമൂർദ്ധ്വതിലകപ്രോദ്‌ഭാസിഫാലാന്തരം
കാരുണ്യാകുലനേത്രമാർദ്രഹസിതോല്ലാസം സുനാസാപുടം
ഗണ്ഡോദ്യന്മകരാഭകുണ്ഡലയുഗം കണ്ഠോജ്ജ്വലത്കൗസ്തുഭം
ത്വദ്രൂ‍പം വനമാല്യഹാരപടല ശ്രീവത്സദീപ്രം ഭജേ.

അര്‍ത്ഥം :
സൂര്യബിംബംപോലെ  പ്രകാശിക്കുന്ന കിരീടത്തോടുകൂടിയവനും ഗോപിക്കുറികൊണ്ടു പ്രകാശിക്കുന്ന ഫാലദേശമുള്ളവനും കരുണാപാരവശ്യം നിറഞ്ഞ  കണ്ണുകളോടുകൂടിയവനും , ആര്‍ദ്രമായ മന്ദഹാസത്താല്‍ ഉല്ലസിക്കുന്ന മനോഹാരിത തികഞ്ഞ നാസികയോടുകൂടിയവനും , കവിളുകളില്‍ നിഴലിക്കുന്ന  മകരകാന്തി പ്രവഹിക്കുന്ന  കുണ്ഡലങ്ങളുള്ളവനും ഗളത്തില്‍ ഉജ്ജ്വലിക്കുന്ന കൗസ്തൂഭരത്നം  ധരിച്ചവനും , വനമാല , മുത്തുമാലക്കൂട്ടങ്ങള്‍, ശ്രീവത്സമെന്നു പേരായ മറുക് എന്നിവയാല്‍ പ്രകാശം ചൊരിയുന്നവനുമായ  അങ്ങയുടെ  കോമളരൂപത്തെ  ഞാന്‍ ഭജിക്കുന്നു.

2.2
കേയൂരാങ്ഗദ-കങ്കണോത്തമ മഹാരത്നാങ്ഗുലീയാങ്കിത-
ശ്രീമത്ബാഹുചതുഷ്കസങ്ഗതഗദാ ശംഖാരിപംകേരുഹാം
കാഞ്ചിത് കാഞ്ചന കാഞ്ചിലാഞ്‌ഛിതലസത് പീതാംബരാലംബനീ-
മാലംബേ വിമലാംബുജദ്യുതിപദാം മൂർത്തിം തവാർത്തിച്ഛിദം.

അര്‍ത്ഥം :
കേയൂരം, അംഗദം, കൈവളകള്‍, ഉത്തമരത്ന നിര്‍മ്മിതങ്ങളായ മോതിരങ്ങള്‍ എന്നിവയാല്‍  അലംകൃതമായ നാല് തൃക്കരങ്ങളില്‍  ഗദ, ശംഖ്, ചക്രം, താമരപൂവ്,  എന്നിവ ധരിച്ചും, സ്വര്‍ണ്ണനിര്‍മ്മിതമായ  അരഞ്ഞാണും  മഞ്ഞപ്പട്ടും  ധരിച്ചും, പരിശുദ്ധമായ താമരപൂവിനൊത്ത പ്രകാശമുള്ള  പാദങ്ങളോടുകൂടിയതും , സര്‍വ്വ ദുഃഖഹരവും  അവര്‍ണ്ണനീയവുമായ അങ്ങയുടെ  മൂര്‍ത്തിയെ  ഞാന്‍ ഏകാവലംബമാക്കുന്നു.

2.3
യത്‌ത്രൈലോക്യമഹീയസോ∫പി മഹിതം സമ്മോഹനം മോഹനാത്‌
കാന്തം കാന്തിനിധാനതോ∫പി മധുരം മാധുര്യധുര്യാദപി
സൗന്ദര്യോത്തരതോ∫പി സുന്ദരതരം ത്വദ്രൂപമാശ്ചര്യതോ∫-
പ്യാശ്ചര്യം ഭുവനേ ന കസ്യ കുതുകം പുഷ്ണാതി വിഷ്ണോ വിഭോ.

അര്‍ത്ഥം :
അങ്ങയുടെ  പവിത്രസ്വരൂപം  ത്രിലോകങ്ങളില്‍ ഉല്‍കൃഷ്ടമായ  വസ്തുക്കളേക്കാള്‍  അധികം  ഉല്‍കൃഷ്ടവും, മനോഹരങ്ങളായവയേക്കാള്‍  മോഹനവും,  കാന്തിയുടെ നിവാസസങ്കേതങ്ങളേക്കാള്‍  കാന്തിയുള്ളതും, മാധുര്യമുണ്ടാക്കുന്ന   വസ്തുക്കളേക്കാള്‍  കൂടുതല്‍ മധുരവും ,  വിശ്വോത്തരസൗന്ദര്യസാധനങ്ങളേക്കാള്‍  സൗന്ദര്യമുള്ളതും ,  ആശ്ചര്യകരങ്ങളായവയെക്കാള്‍   ആശ്ചര്യമുളവാക്കുന്നതും  ആകുന്നു. അങ്ങിനെ  ആ രൂപം , ഹേ  മഹാവിഷ്ണോ,   ഈ  ലോകത്തില്‍ ആര്‍ക്ക്   കൗതുകമുണ്ടാക്കുകയില്ല.!

2.4
തത്താദൃങ്ങ് മധുരാത്മകം തവ വപുസ്സംപ്രാപ്യ സംപന്മയീ
സാ ദേവീ പരമോത്സുകാ ചിരതരം നാസ്തേ സ്വഭക്തേഷ്വപി
തേനാസ്യാ ബത! കഷ്ടമച്യുത, വിഭോ, ത്വദ് രൂപമാനോജ്ഞക-
പ്രേമസ്ഥൈര്യമയാദചാപല ബലാച്ചാപല്യവാർത്തോദഭൂത്.

അര്‍ത്ഥം :
അത്രമാത്രം  മധുരാത്മകമായ  അങ്ങയുടെ  ശരീരം  പ്രാപിച്ചവളും   ഐശ്വര്യദായിനിയുമായ  ലക്ഷ്മീദേവി  അങ്ങയില്‍   ഏറ്റവും  താല്പര്യമുള്ളതുമൂലം   സ്വഭക്തന്മാരില്‍പോലും  ചിരകാലം  വസിക്കുന്നില്ല.  ഒന്നുകൊണ്ടും ചലനം  ബാധിക്കാത്ത  ഭഗവാനേ  ,  അങ്ങയുടെ  രൂപസൗന്ദര്യത്തിലുള്ള  ദൃഢപ്രേമത്തില്‍  ചപലതയോ  ചലനമോ  ഇല്ലാത്തതുമൂലം  ലക്ഷ്മീദേവിയെ   ചപലയാണെന്നു പറയുന്നു.   കഷ്ടം !   കഷ്ടം !.

2.5
ലക്ഷ്മീസ്താവകരാമണീയകഹൃതൈവേയം പരേഷ്വസ്ഥിരേ-
ത്യസ്മിന്നന്യദപി പ്രമാണമധുനാ വക്ഷ്യാമി ലക്ഷ്മീപതേ
യേ ത്വദ്ധ്യാനഗുണാനുകീർതനരസാസക്താ ഹി ഭക്താ ജനാ-
സ്തേഷ്വേഷാ വസതി സ്ഥിരൈവ ദയിതപ്രസ്താവദത്താദരാ.

അര്‍ത്ഥം :
ലക്ഷ്മീകാന്തനായ  മഹാവിഷ്ണോ ! അങ്ങയുടെ  രാമണീയകത്താല്‍ ആകൃഷ്ടയായതുകൊണ്ടാണ് ലക്ഷ്മീദേവി അന്യരില്‍ അസ്ഥിരയായിരിക്കുന്നതെന്ന പ്രസ്താവത്തിന് മറ്റൊരു തെളിവുകൂടി ഞാന്‍ പറയാം.  അങ്ങയെ ധ്യാനിച്ചും  ഗുണഗണങ്ങള്‍  കീര്‍ത്തിച്ചുമുണ്ടാകുന്ന  രസത്തില്‍ മുഴുകിയിരിക്കുന്ന  അങ്ങയുടെ ഭക്തന്മാരില്‍ ,  ഭര്‍ത്താവിനെക്കുറിച്ചുള്ള  പരാമര്‍ശങ്ങളില്‍  ബദ്ധശ്രദ്ധയായ  ലക്ഷ്മീദേവി സ്ഥിരമായി വസിക്കുന്നു.🏵

2.6
ഏവംഭൂതമനോജ്ഞതാനവസുധാനിഷ്യന്ദസന്ദോഹനം
ത്വദ്രൂപം പരചിദ്രസായനമയം ചേതോഹരം ശൃണ്വതാം
സദ്യഃ പ്രേരയതേ മതിം മദയതേ രോമാഞ്ചയത്യംഗകം
വ്യാസിഞ്ചത്യപി ശീതബാഷ്പവിസരൈരാനന്ദമൂർച്ഛോദ്ഭവൈഃ.

അര്‍ത്ഥം :
ഇങ്ങനെ മനോജ്ഞവും  ശരീരകാന്തിയാകുന്ന   അമൃതപ്രവാഹം വര്‍ഷിക്കുന്നതും  പരമാനന്ദരസം   നിറഞ്ഞതും  ചേതോഹരവുമായ   അങ്ങയുടെ   സ്വരൂപം  അതിനെപ്പറ്റി   കേള്‍ക്കുന്നവരുടെ   മനസ്സിനെ  ആകര്‍ഷിക്കുന്നു.   അവര്‍   ആനന്ദപരവശരും , രോമാഞ്ചശരീരികളുമായിത്തീര്‍ന്ന്  ആനന്ദമൂര്‍ച്ചയിലുത്ഭവിച്ച   തണുത്ത  കണ്ണുനീര്‍   പ്രവാഹത്താല്‍   സ്വയം നനയ്ക്കപ്പെടുന്നു.

2.7
ഏവംഭൂതതയാ ഹി ഭക്ത്യഭിഹിതോ യോഗഃ സ യോഗദ്വയത്‌
കർമജ്ഞാനമയാദ്‌ ഭൃശോത്തമതരോ യോഗീശ്വരൈർഗീയതേ
സൗന്ദര്യൈകരസാത്മകേ ത്വയി ഖലു പ്രേമപ്രകർഷാത്മികാ
ഭക്തിർനിശ്രമമേവ വിശ്വപുരുഷൈർലഭ്യാ രമാവല്ലഭ.

അര്‍ത്ഥം :
ഇപ്രകാരം  ഭക്തി എന്നുപേരായ  ആ മോക്ഷമാര്‍ഗ്ഗം ,  കര്‍മ്മം, ജ്ഞാനം,  എന്നീ  മറ്റു രണ്ടു മോക്ഷയോഗങ്ങളേക്കാള്‍ കൂടുതല്‍ ഉത്തമമാണെന്ന്  യോഗീശ്രേഷ്ഠന്മാര്‍  പ്രകീര്‍ത്തിച്ചു  പറയുന്നു.   ഹേ  രമാകാന്താ !  സൗന്ദര്യമാകുന്ന  ഏകഗുണമുള്ള അങ്ങയില്‍  ഉജ്ജ്വല പ്രേമാത്മികമായ  ആ ഭക്തിയോഗം  സര്‍വ്വജനങ്ങള്‍ക്കും  അനായാസം  ലഭിക്കുന്നതാണ്.

2.8
നിഷ്കാമം നിയതസ്വധർമചരണം യത്കർമയോഗാഭിധം
തദ്ദൂരേത്യഫലം യദൗപനിഷദജ്ഞാനോപലഭ്യം പുനഃ
തത്ത്വവ്യക്തതയാ സുദുർഗമതരം ചിത്തസ്യ തസ്മാദ്വിഭോ
ത്വത്പ്രേമാത്മകഭക്തിരേവ സതതം സ്വദീയസീ ശ്രേയസീ.

അര്‍ത്ഥം :
നിത്യവും  നിയതുവുമായ  കര്‍മ്മയോഗധര്‍മ്മത്തിന്‍റെ  ഫലപ്രാപ്തിക്കുള്ള  ആഗ്രഹം  കൂടാതെയുള്ള  ആചരണം, മിക്കവാറും  അസാദ്ധ്യം തന്നെയാകുന്നു.  ഉപനിഷത്തുക്കളില്‍ വിശദീകരിച്ചിട്ടുള്ളതും  , ബ്രഹ്മജ്ഞാനംകൊണ്ടു് നേടേണ്ടതുമായ  പരമപദമാകട്ടെ  എല്ലാ വശങ്ങളിലും  അവ്യക്തമായിരിക്കുന്നതിനാല്‍  ഹൃദയത്തിന് കടന്നു ചെല്ലാന്‍ പറ്റാത്തതാകുന്നു.  ഹേ സര്‍വ്വശക്തനായ മഹാവിഷ്ണോ !  അക്കാരണത്താല്‍  അങ്ങയില്‍  പ്രേമരൂപത്തിലുള്ള  ഭക്തി  എപ്പോഴും  മധുരതരവും  ശ്രേയസ്കരവുമാണ്.

2.9
അത്യായാസകരാണി കർമപടലാന്യാചര്യ നിര്യന്മലാഃ
ബോധേ ഭക്തിപഥേƒഥവാപ്യുചിതതാമായാന്തി കിം താവതാ
ക്ലിഷ്ട്വാ തർകപഥേ പരം തവ വപുർബ്രഹ്മാഖ്യമന്യേ പുന-
ശ്ചിത്താർദ്രത്വമൃതേ വിചിന്ത്യ ബഹുഭിഃ സിധ്യന്തി ജന്മാന്തരൈഃ.

അര്‍ത്ഥം :
അത്യദ്ധ്വാനമുളവാക്കുന്ന  കര്‍മ്മസമൂഹങ്ങളാചരിച്ച്  നിര്‍മ്മലചിത്തരായി തീര്‍ന്നവര്‍  ജ്ഞാനമാര്‍ഗ്ഗത്തില്‍ ,  അഥവാ ഭക്തിമാര്‍ഗ്ഗത്തില്‍  മാന്യരായി  ഭവിക്കുന്നു.  അതുകൊണ്ടുമാത്രം പ്രയോജനമില്ല.  മറ്റു  ചിലര്‍ അങ്ങയെ  പ്രാപിക്കാന്‍ വേണ്ടി യുക്തിമാര്‍ഗ്ഗം സ്വീകരിക്കുന്നു.  അവര്‍ കുറെക്കാലം ക്ളേശിച്ച് മനസ്സിന് ഒരിക്കലും  ആര്‍ദ്രത കൈവരാതെ ബ്രഹ്മമെന്ന പേരിലുള്ള  അങ്ങയുടെ നിര്‍ഗ്ഗുണ സ്വരൂപത്തെ  ധ്യാനിക്കുകയും  അനേകം ജന്മങ്ങള്‍ക്ക് ശേഷം സായൂജ്യം നേടുകയും ചെയ്യുന്നു.

2.10
ത്വദ്ഭക്തിസ്തു കഥാരസാമൃത രീനിർമജ്ജനേന സ്വയം
സിദ്ധ്യന്തീ വിമലപ്രഷോധപദവീമക്ലേശതസ്തന്വതീ
സദ്യഃ സിദ്ധികരീ ജയത്യയി വിഭോ സൈവാസ്തു മേ ത്വത്പദ-
പ്രേമപ്രൗഢിരസാർദ്രതാ ദ്രുതതരം വാതാലയാധീശ്വര!!!

അര്‍ത്ഥം :
അങ്ങയോടുള്ള ഭക്തി അത്തരത്തില്‍ ഫലമുണ്ടാക്കുന്നതല്ല.  ഭഗവാന്‍റെ കഥകള്‍ കേട്ട്  ആനന്ദാമൃതത്തില്‍  മുങ്ങുംബോള്‍തന്നെ  സിദ്ധമാകുന്നതും , അനായാസം പവിത്രജ്ഞാനത്തെയുണ്ടാക്കുന്നതും , എളുപ്പത്തില്‍ അന്ത്യലക്ഷ്യമായ  മോക്ഷമാര്‍ഗ്ഗം പ്രധാനം ചെയ്യുന്നതുമായ  ആ ഭക്തി എല്ലാറ്റിലും  ശ്രേഷ്ഠമാണ്.  അല്ലയോ ഗുരുവായൂരപ്പാ !  അങ്ങയുടെ ചരണങ്ങളിലുണ്ടാകുന്ന  പ്രേമത്തില്‍നിന്നുമാത്രം  സംജാതമാകുന്ന  ആ ഹൃദയാര്‍ദ്രത  എനിക്ക് വേഗത്തില്‍ ലഭിക്കണേ!

No comments:

Post a Comment