ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 July 2020

ശ്രീ ഹനുമാന്‍ സ്വാമി

ശ്രീ ഹനുമാന്‍ സ്വാമി

ശ്രീ ഹനുമാന്‍ ശിവ പുത്രനും, വായു പുത്രനും, കേസരീ നന്ദനനുമാണന്ന് പറയപ്പെടുന്നു. അമ്മ അഞ്ജന എന്ന ശാപഗ്രസ്ഥയായ ഒരപ്സരസ്സത്രെ. ശ്രീ പരമേശ്വരന്റെ ബീജം കൊണ്ട് കുരങ്ങുരൂപത്തിലായ അഞ്ജനക്ക് ഒരു പുത്രനുണ്ടാവുന്നതോടെ ശാപ മോക്ഷവും കിട്ടിയിരുന്നു. അതിന്നായി ഭൂലോകത്തില്‍ എത്തിയ അഞ്ജനയെ കേസരി എന്ന കുരങ്ങ് ഭാര്യയാക്കിയിരുന്നു. ശ്രീ പരമേശ്വരനും പാര്‍വ്വതിയും വനത്തില്‍ കുരങ്ങുരൂപത്തില്‍ ക്രീഡിക്കാനിടയായത് വിധിവിഹിതമെന്നല്ലാതെ എന്ത് പറയാന്‍. ശ്രീ പരമേശ്വര വീര്യം സ്രവിക്കുകയും കുരങ്ങ് രൂപത്തിലുള്ള ഒരു സന്തതിയുടെ മാതൃത്വം വേണ്ടെന്നും, ഗജരൂപത്തിലുളള ഗണപതി ഭഗവാന്റെ മാതൃത്വം തന്നെ തനിക്ക് മതിയായിരിക്കുമെന്ന് ആവലാതിപ്പെടുകയുണ്ടായത്രെ. വളരെ ശ്രേഷ്ടമായ പരമേശ്വരബീജം ഏതായാലും പാഴായിപോകരുതെന്ന് കരുതി സര്‍വ്വേശ്വരന്‍ വായു ഭഗവാനെ വരുത്തി. ആ വീര്യം ശ്രീ പരമേശ്വരബീജത്തിനായി കഠിനതപസ്സനുഷ്ടിക്കുന്ന അഞ്ജന എന്ന അപ്സരസ്സില്‍ നിക്ഷേപിക്കാന്‍ ഏല്പിച്ചു.
ആ നിയോഗമനുസരിച്ച് ശിവബീജം കുരങ്ങുരൂപത്തിലായിരിക്കുന്ന അഞ്ജനയില്‍ എത്തിച്ചുവത്രെ. ബീജം വളര്‍ന്ന് അഞ്ജന പ്രസിവിക്കുന്നതോടെ ശാപമോഷം കിട്ടിയ ആ അപ്സരസ്സ് പൂര്‍വ്വരൂപം കൈകൊണ്ട് സ്വര്‍ഗ്ഗലോകത്തിലേക്ക് തിരിച്ചുപോകാന്‍ ഒരുങ്ങിയത് കണ്ട പുത്രന്‍ താനെന്താണ് ഭക്ഷിക്കേണ്ടതെന്താരാഞ്ഞു.
ചുവന്ന് തുടുത്ത പഴങ്ങളാണ് നിന്റെ ഭക്ഷണം എന്ന് കേട്ട അഞ്ജനാ സുതന്‍ ഉദയസൂര്യനെ കണ്ട് ഭകഷണമാണെന്ന് കരുതി പിടിച്ച് തിന്നാനായി മേല്‍പ്പോട്ടേക്ക് ചാടി. ഇത് കണ്ട ദേവേന്ദ്രന്‍ തന്റെ വജ്രായുധം കൊണ്ട് കുരങ്ങനെ തടുക്കാനൊരുങ്ങി. അങ്ങിനെ താടിയെല്ലില്‍ വജ്രായുധത്താല്‍ ക്ഷതം പറ്റിയ കുരങ്ങനാണ്‍ ഹനുമാനായത്. തന്റെ പുത്രനെ ക്ഷതമേല്പിച്ചത് കണ്ട വായു ഭഗവാന്‍, ആ കുട്ടിയേയുമെടുത്ത് പാതാള ലോകത്ത് പോയി ഒളിച്ചു. ഭൂലോകത്തിലെ വായുസ്തംഭനം കൊണ്ട് പൊറുതി മുട്ടിയ തൃമൂര്‍ത്തികള്‍ വായു ഭഗവാനെ അന്‍വേഷിച്ച് കണ്ടെത്തി. ശ്രീരാമ കാര്യത്തിനായി ജനിച്ചതാണ്‍ ഹനുമാന്‍ എന്നും അതിനാല്‍ സൂര്യ ഭഗവാന്‍ വിദ്യ അഭ്യസിപ്പിക്കുമെന്നും പറഞ്ഞ് പാതാളത്തില്‍ നിന്നും ഹനുമാനോട് കൂടിയ വായു ഭഗവാനെ പുറത്ത് കൊണ്ട് വന്നു. വിദ്യാഭ്യാസത്തിന്നായി സൂര്യനെ സമീപിച്ച ഹനുമാന്‍ ഒരു ദിവസം കൊണ്ട് തന്നെ എല്ലാ വിദ്യകളും അഭ്യസിച്ച് മാതംഗാശ്രമത്തില്‍ തിരിച്ചെത്തുന്നു. താന്‍ രാമകാര്യത്തിന്നായി ശ്രീ പരമേശ്വര ബീജത്തില്‍ നിന്നും ജനിച്ചതാണറിഞ്ഞ ഹനുമാന്‍ പരാക്രമങ്ങള്‍ തുടങ്ങിയതോടെ സഹികെട്ട മാതംഗമുനി ഹനുമാന്റെ കഴിവുകള്‍ ഓര്‍മ്മയില്ലാതെ പോകട്ടെ എന്ന് ശപിക്കുന്നു. ആരെങ്കിലും ശ്രീരാമ കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നതോടെ തന്റെ ശക്തി മനസ്സിലാക്കി പ്രവര്‍ത്തിക്കാനും കഴിവുണ്ടാവട്ടെ എന്ന് മഹര്‍ഷി അനുഗ്രഹിച്ചു. തന്റെ ഗുരുവായ സൂര്യന്റെ നിര്‍ദ്ദേശമനുസരിച്ച് രാമകാര്യത്തില്‍ സഹായിക്കാനായി ഹനുമാന്‍ സുഗ്രീവന്‍ സമീപത്തെത്തിയെന്നും, ബാക്കി രാമായണ കഥകളും നമുക്കറിവുളളതാണല്ലോ.ശ്രീ ഹനുമത് മഹത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹനുമാന്‍ ചാലീസയും, അത്ഭുത ശക്തികള്‍ ഒളിഞ്ഞു കിടക്കുന്ന അഷ്ടോത്തര നാമ ജപവും-മൂല മന്ത്രവും നിത്യവും ജപിക്കുക. ശനിദോഷ പരിഹാരാർത്ഥം ഹനുമൽ ഭജനം വളരെ വിശേഷമാണ്. 

No comments:

Post a Comment