ലഘുയോഗവാസിഷ്ഠം - 25
ഭാസവിലാസസംവാദം
സഹ്യാദ്രിയുടെ വടക്കസാനുവില്‍, പ്രസിദ്ധനായ അത്രിമഹര്‍ഷിയുടെ പുണ്യാശ്രമം വിളങ്ങുന്നു. അവിടെ ഒരു കാലത്തു് തുല്യപ്രഭാവശാലികളായ രണ്ട് തപസ്വികള്‍ താമസിച്ചുവന്നു. അവര്‍ക്കു് രണ്ടാള്‍ക്കും ഭാസനെന്നും വിലാസനെന്നും പേരായി ഓരോ പുത്രന്മാരുണ്ടായിരുന്നു. തുല്യപ്രായമുള്ളവരും തുല്യതപസ്സുള്ളവരും തുല്യജ്ഞാനസമ്പന്നരുമായ ആ തപസ്വിബാലന്മാര്‍ അന്യോന്യം വളരെ മൈത്രിയില്‍ വളര്‍ന്നുവന്നു. ഒരേ ചിത്തംതന്നെ രണ്ടായി പകുത്തതുപോലായിരുന്നു അവരുടെ അടുപ്പം. അങ്ങനെ കഴിഞ്ഞുവരവേ, കാലംകൊണ്ട് അവരുടെ രണ്ടുപേരുടേയും പിതാക്കള്‍ കാലഗതിയടഞ്ഞു. വ്യസനാക്രാന്തരായ ഭാസവിലാസന്മാര്‍ കരഞ്ഞുകൊണ്ട് പിതാവിന്റെ ഔര്‍ദ്ധ്വദൈവികകര്‍മ്മങ്ങളൊക്കെ ചെയ‍്തു. അനന്തരം ഏതാനും ദിവസങ്ങള്‍ക്കുശേഷം അവര്‍ തമ്മില്‍പിരിഞ്ഞു വിദൂരസ്ഥലങ്ങളില്‍ വേറെ വേറെ താമസമുറപ്പിച്ചു. കഠിനങ്ങളായ തപോനിഷ്ടകളും തത്വവിചാരവും ആചരിച്ചുകൊണ്ടു് ദിവസങ്ങള്‍ കഴിച്ചുകൂട്ടുയും ചെയ‍്തു.
അങ്ങനെ കുറെക്കാലം ചെന്നപ്പോള്‍ ദൈവഗത്യാ അവരന്യോന്യം കണ്ടുമുട്ടാനിടയായി. അപ്പോള്‍ ഭാസന്‍ വിലാസനോടു പറയുകയാണ്. ഹേ സ്നേഹിതാ! വളരെക്കാലമായല്ലോ നാമന്യോന്യം കണ്ടിട്ട്. ഇത്രക്കാലം അങ്ങെവിടയാണ് താപസിച്ചുവന്നത്? അങ്ങയുടെ തപസ് സഫലമായോ? ചിത്തമാലിന്യങ്ങള്‍ മുഴുവന്‍നീങ്ങി അങ്ങ് ആത്മസ്വരൂപനായി കഴിഞ്ഞോ? അതാണല്ലോ തപസ്സുകൊണ്ടു സാധിക്കേണ്ടിയിരിക്കുന്ന മഹത്തായ കാര്യം. അങ്ങേയ‍്ക്കു ക്ഷേമം തന്നെയോ?” എന്നിങ്ങനെയുള്ള ഭാസവാക്യത്തെകേട്ട വിലാസന്‍ പറയുകയാണ്. “അല്ല ചങ്ങാതി! ഭാഗ്യം, ഇപ്പോള്‍ അങ്ങയെ കാണാന്‍ സാധിച്ചു. മനസ് നശിക്കാതെയും വാസനകളടങ്ങാതെയും സംസാരത്തില്‍നിന്നും കയറാതെയും ക്ഷേമമെന്നുള്ള അവസ്ഥ ആര്‍ക്കാണുണ്ടാവുന്നത്? അതുപോലെ സംസാരത്തില്‍നിന്നു കയറി ആത്മസ്വരൂപനായിക്കഴിഞ്ഞ ഒരാള്‍ക്കെന്തു ദു:ഖമാണ് വരാനുള്ളത്? ഒന്നും തന്നെയില്ല. അതിനാല്‍ ആത്മാനുഭൂതിതന്നെ ജീവിതത്തില്‍ നേടേണ്ടിയിരിക്കുന്ന ഏറ്റവും മഹത്തായ വസ്തു. അതു കിട്ടികഴിഞ്ഞവന്‍ ധന്യന്‍തന്നെ. അതിനുവേണ്ട് മാത്രമുള്ളതാണ് എല്ലാവിധ തപസും.”
ശാസ്ത്രങ്ങള്‍ പഠിച്ചും സജ്ജനങ്ങളുടെ ഉപദേശങ്ങള്‍ കേട്ടും അറിയേണ്ടതിനെ അറിയാതെയും തപോയോഗാദി അനുഷ്ഠാനങ്ങളെക്കൊണ്ടു പ്രാപിക്കേണ്ടതിനെ പ്രാപിക്കാതെയും ആര്‍ക്കാണു് സമാധാനം കിട്ടുന്നത്? ആര്‍ക്കും കിട്ടാന്‍ പോവുന്നില്ല. ലോകത്തിലുള്ള വിവിധങ്ങളായ വിഷയങ്ങളില്‍ ഭ്രമിച്ച് ആത്മവിചാരം ചെയ്യാതെ ആശാപാശങ്ങളെക്കൊണ്ടു ബദ്ധനായി വാര്‍ദ്ധക്യമൃത്യുക്കളില്‍ പതിക്കുന്ന മൂഢന്‍ ആയുസ്സിനെ വെറുതേ നശിപ്പിക്കുയാണ് ചെയ്യുന്നത്. അങ്ങനെ സംഭവിക്കാനിടവരാതെ ഒരുനിമിഷവും വെറുതെക്കളയാതെ ആത്മവിചാരം ചെയ‍്തു സ്വരൂപപ്രാപ്തികൊണ്ടു ധന്യനായിത്തീരുകതന്നെ വേണം. എന്നിങ്ങനെ പലതും സംസാരിച്ച സുകൃതികളായ ആ തപസ്വികള്‍ കാലംകൊണ്ടും ആത്മാനുഭൂതികൊണ്ടും ചാരിതാര്‍ത്ഥരും ജീവന്മുക്തരുമായി അന്ത്യത്തില്‍ വിദേഹകൈവല്യമാകുന്ന പരഗതിയെ പ്രാപിക്കുകയും ചെയ‍്തു.
വസിഷ്ഠന്‍ പറയുകയാണ്: “ഹേ രാമചന്ദ്രാ! വിഷയസംഗംകൊണ്ടു മൂഢനായിത്തീര്‍ന്ന മനസ്സിനെ ജ്ഞാനമൊഴിച്ചു മറ്റൊന്നുകൊണ്ടും ഉണര്‍ത്താനോ സ്വരൂപത്തെ പ്രാപിക്കാനോ സാദ്ധ്യമല്ല. ഒരാള്‍ക്ക് എത്രയൊക്കെ ജ്ഞാനമുണ്ടായാലും മനസ്സുവിഷയാസക്തമാണെങ്കില്‍ തീര്‍ച്ചയായും മൂഢനാണെന്നുതന്നെയാണ് പറയേണ്ടതു്. ജ്ഞാനത്തിന്റെ ലക്ഷണം തന്നെ വിഷയനിവൃത്തിയാണ്. ആസ്ഥിതിക്കു് ജ്ഞാനമുള്ള ഒരാള്‍ക്കെങ്ങനെ വിഷയാസക്തിയുണ്ടാകും? ഒരിക്കലും ഉണ്ടാവാന്‍ വയ്യ. അങ്ങനെ തന്നെ വിഷയനിവൃത്തവും നിര്‍മ്മലവുമാണ് ഒരാളുടെചിത്തമെങ്കില്‍ യാതൊരു ജ്ഞാനവുമില്ലാത്തവനു വെറും സംസാരിയാണങ്കില്‍കൂടി അയാള്‍ മുക്തനാണെന്നു പറയണം. ധാരാളം തപസ്സുചെയ്യുന്ന ഒരാളാണെങ്കിലും മനസ്സുവിഷയാസക്തമാണങ്കില്‍ അയാളുടെ കഠിനമായ തപോനിഷ്ഠകൂടി മിക്കവാറും നിഷ്ഫലമാണന്നു പറയണം. മനസ്സു വിഷയനിവൃത്തമാണങ്കില്‍ യാതൊരു തപസ്സുമില്ലെങ്കില്‍ക്കൂടി അയാള്‍ ശുദ്ധനും മുക്തനുമാണെന്നു പറയണം. അതിനാല്‍ ഹേ രാമചന്ദ്രാ! വിഷയസംഗംതന്നെ മനുഷ്യന്റെ ഏറ്റവും വലിയ ശത്രു. നിസ്സംഗതയെക്കാള്‍ വലിയ ബന്ധുവുമില്ല.”
എന്നിങ്ങനെ വസിഷ്ഠമഹര്‍ഷി പറഞ്ഞപ്പോള്‍ രാമചന്ദ്രന്‍ ചോദിക്കയാണ് : “ഭഗവാനേ! എങ്ങിനെയുള്ളതാണ് സംഗം? എന്തു കാരണത്താലാണ് അതുണ്ടാകുന്നത്? എന്തു കാരണത്താലാണ് ബന്ധമുണ്ടാകുന്നത്? എങ്ങനെയാണ് മോക്ഷവും സാധിക്കുന്നത് ?” രാമചന്ദ്രന്റെ അവസരോചിതമായ ചോദ്യങ്ങളെ കേട്ടു സന്തുഷ്ടനായ വസിഷ്ഠമഹര്‍ഷി അവയ‍്ക്കു മറുപടി പറയാന്‍ തുടങ്ങി.
“ഹേ രാമചന്ദ്രാ! ദേഹമേതാണ്, ദേഹിയേതാണ് എന്നവിചാരം കൂടാതെ, ദേഹത്തെ താനാകുന്ന ദേഹിയായി തെറ്റിദ്ധരിച്ച്, തന്റെ സുഖത്തിനെന്ന പേരുപറഞ്ഞ് ദേഹധര്‍മ്മങ്ങളെ വളര്‍ത്തലാണ് എല്ലാവിധ വിഷയസംഗങ്ങളുടെയും അടിസ്ഥാനസ്വരൂപം. പ്രസ്തുത വിഷയസംഗംതന്നെ ബന്ധത്തിന്റെയും ഹേതു. അനന്തമായി എങ്ങും നിറഞ്ഞിരിക്കുന്ന ആത്മതത്വത്തിനു പരിമിതത്വം വരുത്തി, പരിമിതമായ ആ അല്പവസ്തുവാണ് താനെന്നു തെറ്റിദ്ധരിച്ചു തനിക്കു സുഖസമാധാനങ്ങളുണ്ടാക്കി തീര്‍ക്കാനുള്ള പരിശ്രമം തന്നെ സംഗസ്വരൂപം. അപരിച്ഛിന്നനായ തനിക്കു പരിമിതത്വവും, ആനന്ദമയനായ തനിക്കു ദു:ഖാത്മകതയും, ആ ദു:ഖനിവൃത്തിക്കുവേണ്ടിയുള്ള പരിശ്രമവുമൊക്കെ മിത്ഥ്യാസങ്കല്പങ്ങളല്ലാതെ മറ്റെന്താണ്? ജ്ഞാനികള്‍ക്ക് അങ്ങനെയുള്ള മിത്ഥ്യാബോധങ്ങളൊന്നുമുണ്ടാവാന്‍ വയ്യ. താനും ഈ ലോകവുമെന്നു വേണ്ട എല്ലാംതന്നെയും ഒന്നായിരിക്കുന്ന ആത്മാവായിരിക്കെ തള്ളലും കൊള്ളലുമാകുന്ന വ്യവഹാരത്തിനു എവിടെയാണ് സ്ഥാനം? അതുപോലെ ആനന്ദമയനായ തന്റെ സുഖത്തിനുവേണ്ടി എന്തൊരു പ്രയത്നമാണ് ചെയ്യേണ്ടതായിട്ടിരിക്കുന്നത്! ജീവന്മുക്തന്മാരില്‍ അങ്ങിനെയുള്ള തെറ്റിദ്ധാരണകളോ അനാവശ്യപ്രയത്നങ്ങളോ ഒന്നും തന്നെ കാണില്ല. അങ്ങിനെയുള്ള തെറ്റിദ്ധാരണകളും വ്യവഹാരങ്ങളുംതന്നെ ബന്ധം. ജ്ഞാനം കൊണ്ടല്ലാതെ അതെങ്ങിനെ നീങ്ങും?
ഞാന്‍, നീ, അവന്‍, ഇവന്‍, സുഖം, ദു:ഖം, ഇത്യാദി വ്യത്യസ്തഭാവങ്ങളോ രാഗദ്വേഷങ്ങളോ മദമത്സരങ്ങളോ ഒന്നും ഒരു ജ്ഞാനിക്കുണ്ടാവില്ല. അങ്ങിനെയുള്ള ജ്ഞാനിയാണ് മുക്തിക്കധികാരിയായിട്ടിരിക്കുന്നത്. കര്‍മ്മങ്ങളെ ത്യജിക്കുന്നതും സ്വീകരിക്കുന്നതും രണ്ടും ബന്ധകാരണമാണ്. അതിനാല്‍ ജ്ഞാനി കര്‍മ്മങ്ങളെ ത്യജിക്കുകയോ സ്വീകരിക്കുകയോ രണ്ടും ചെയ്യുന്നില്ല. കര്‍മ്മം ചെയ‍്താലും ഇല്ലെങ്കിലും അകര്‍ത്താവായിട്ടിരിക്കുന്നു ജ്ഞാനി. എന്തുചെയ്താലും അനുഭവിച്ചാലും ഇല്ലെങ്കിലും എപ്പോഴും അകര്‍ത്താവും അഭോക്താവുമായിട്ടിരിക്കുന്നവന്‍ നിസ്സംഗനാണ്. അദ്ദേഹം മുക്തിക്കധികാരിയുമാണ്. അസംഗജീവിതം കൊണ്ടും ഒരാളുടെ എല്ലാകര്‍മ്മബന്ധങ്ങളും അറ്റുപോവും. മാത്രമല്ല, കാലംകൊണ്ടു മുക്തിക്കധികാരിയായിത്തീരുകയും ചെയ്യും.
അതിനാല്‍ ഹേ രാമചന്ദ്രാ! അസംഗിയായിട്ടാണ് ജീവിക്കേണ്ടതു്. ജ്ഞാനികളൊക്കെ അങ്ങനെയാണ് ചെയ്യുന്നത്. വീണ്ടും വീണ്ടും ജനനമരണങ്ങളെ പ്രാപിക്കുന്നതും കൃമികീടാദിയോനികളില്‍ പോകേണ്ടിവരുന്നതുമൊക്കെ സംഗത്തിന്റെ വിലാസമല്ലാതെ മറ്റെന്താണ്! എല്ലാ അറിവുകളും വിവേകമുള്ള മനുഷ്യനായി കുറേക്കാലം ജീവിച്ചിട്ടുപിന്നെ കൃമികീടാദിക്ഷുദ്രജീവിതത്തിലേക്ക് ഇറങ്ങേണ്ടിവരുന്നതെത്ര കഷ്ടമാണ്! എന്നാല്‍ നിസ്സംഗജീവിതമില്ലാത്തതുകൊണ്ടും നാനാതരത്തിലുള്ള സങ്കല്പങ്ങളുടെ വളര്‍ച്ചകൊണ്ടും തെറ്റിദ്ധാരണകളെകൊണ്ടും പലപ്പോഴും പലര്‍ക്കും അങ്ങനെയൊക്കെ അനുഭവിക്കേണ്ടിവരുന്നു. കര്‍ത്തൃത്വഭോക്തൃത്വങ്ങളും വിഷയസംഗങ്ങളുമാണ് അതിനു് മുഖ്യഹേതു. സമുദ്രത്തില്‍ തിരമാലകളെന്നപോലെയാണ് ആത്മാവാകുന്ന ചിദാകാശത്തില്‍ അവസാനമില്ലാതെ ജീവികള്‍ പൊന്തുകയും താഴുകയും, ജനിക്കുകയും മരിക്കുകയും ചെയ്യുന്നത്. അതിന്റെ ഹേതുവാകട്ടെ സംഗം മാത്രവുമാണ്. എത്രശക്തിയുള്ള ഒന്നാണ് വിഷയസംഗമെന്നോര്‍ത്തുനോക്കൂ!
രണ്ടു് പ്രകാരത്തിലുണ്ട് സംഗം. ഒന്നിനു വന്ധ്യയെന്നും മറ്റേതിനു വന്ദ്യയെന്നും പറയും. ആത്മബോധത്തിനു അല്പംപോലും സഹായിക്കാതെ ശരീരാദിവസ്തുക്കളെ വീണ്ടും വീണ്ടും ജനിപ്പിക്കുന്നതും അവിവേകസ്വരൂപവുമായ സംഗത്തെയാണ് അറിവുള്ളവര്‍ വന്ധ്യാസംസക്തിയെന്നുപറയുന്നത്. ആത്മബോധത്തിനു് ഉപകരിക്കുന്നതും പിന്നീടു ശരീരാദിസംബന്ധത്തെ ഉണ്ടാക്കാത്തതും വിവേകസ്വരൂപവുമായ സംസക്തിയെ വന്ദ്യയെന്നുപറയുന്നു. അറിവുള്ളവരൊക്കെ പറയപ്പെട്ട വന്ദ്യാസംസക്തിയില്‍ക്കൂടെയാണ് നീങ്ങികൊണ്ടിരിക്കുന്നത്. ദേവശ്രേഷ്ഠന്മാരായ ത്രിമൂര്‍ത്തികള്‍ ഈ ജഗത്തിനെ ഭരിക്കുന്നതു വന്ദ്യാസക്തിയെ സ്വീകരിച്ചിട്ടാണ്. അതിനാല്‍ സംഗമുണ്ടെങ്കിലും അതു വന്ധ്യയല്ല, വന്ദ്യയാണെങ്കില്‍ ആപത്തില്ല; കാലംകൊണ്ടങ്കിലും മുക്ത്തനായിത്തീരാം.
ശവത്തെകാണുന്ന കഴുകനെപ്പോലെ വിഷയാലുക്കള്‍ വിഷയങ്ങളെ കാണുമ്പോള്‍ അവ നല്ലതാണെന്നും സുഖപ്രദങ്ങളാണെന്നും തെറ്റിദ്ധരിച്ച് ആസക്തിയോടുകൂടി അവയെ സമീപിക്കുന്നു. അങ്ങനെ വര്‍ദ്ധിച്ച വൈഷയികാശകൊണ്ടു വന്ധ്യാസക്തരായി കഴിയുന്ന മൂഢന്മാര്‍ക്കൊക്കെതന്നെയും നരകമാണാശ്രയം. രൗരവം, കുംഭീഭാകം തുടങ്ങിയ നരകങ്ങള്‍ അവരുടെ വിശ്രമസ്ഥാനങ്ങളാണെന്നു പറയണം. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ വിവേകംകൊണ്ടു വന്ധ്യാസംസക്തിയെ അകറ്റുകതന്നെ വേണം. ചിത്തദൃശ്യവുമായി കൂടിചേരാന്‍ ഇടവരുമ്പോള്‍ വളരെ സൂക്ഷിക്കണം. ഏതെങ്കിലും രൂപത്തിലുള്ള ബന്ധം അതുകൊണ്ടുണ്ടായിത്തീരുകയെന്നതു സ്വാഭാവികമാണ്. ദൃശ്യസമ്പര്‍ക്കത്തിലും ബന്ധമില്ലാതായിത്തീരണമെങ്കില്‍ വേണ്ടത്ര വിവേകത്തെ സംഭരിക്കുകതന്നെ വേണം.
പ്രജ്ഞയെ എപ്പോഴും ഒന്നിനോടും കെട്ടിപ്പിണയാനിടയാക്കരുതു്. എന്തിനെയൊക്കെകാണുമ്പോഴും ഗ്രഹിക്കുമ്പോഴും പ്രവര്‍ത്തിക്കുമ്പോഴും അനുഭവിക്കുമ്പോഴും പ്രജ്ഞ ഒന്നിനോടും ബന്ധപ്പെടാതിരിക്കണം. ശരീരത്തെയോ, ശരീരധര്‍മ്മങ്ങളെയോ, കാലദേശങ്ങളെയോ, ഗൃഹകുടുംബാദികളേയോ, പീതനീലാദിവര്‍ണ്ണങ്ങളേയോ, മധുരതിക്താദിരസങ്ങളെയോ, പൂര്‍വ്വപശ്ചിമാദിദിക്കുകളെയോ എന്നുവേണ്ട ഒന്നിനെയും ഓര്‍മ്മിക്കാതിരിക്കണം. ഏതെങ്കിലും ഒന്നിനെ ഓര്‍മ്മിക്കുന്നുവെന്നുവന്നാല്‍ പ്രജ്ഞ അതുമായി ബന്ധപ്പെടുന്നുവെന്നര്‍ത്ഥമാണ്. അങ്ങനെ ഒന്നിനോടും ബന്ധപ്പെടുത്താതെ എപ്പോഴും ലക്ഷ്യമായ ആത്മസത്തയെതന്നെ സ്മരിച്ചുകൊണ്ട് അതില്‍ത്തന്നെ മഴുകിയും ഇരിക്കണം. ഏതൊരു നിമിഷത്തില്‍ ആ സമ്പ്രദായത്തിനു മുറിവുവരുന്നുവോ, അപ്പോള്‍ പ്രജ്ഞ ദൃശ്യത്തോടു ബന്ധപ്പെടുകയാണ് ചെയ്യുന്നത്. പ്രജ്ഞക്ക് ഒന്നിന്റെയും ഓര്‍മ്മയില്ലാതായിതീരുന്നുവെങ്കില്‍ അത് ഒരുതരം സുഷുപ്തിതന്നെയാണ്. ജാഗ്രത്തിലെ സുഷുപ്തിയെന്നുമാത്രം. നിരന്തരാഭ്യാസം കൊണ്ടു ജാഗ്രല്‍സുഷുപ്തിയില്‍ ദൃഢതകിട്ടുമ്പോള്‍ ക്രമേണ ശരീരാദികളെയും ലോകത്തെതന്നെയും കേവലം വിസ്മരിക്കും. ആ അവസ്ഥയാണ് തുരീയം. ദൃശ്യങ്ങളെ മുഴുവന്‍ മറക്കുന്നതോടെ ദ്രഷ്ടാവാകുന്ന ആത്മാവിനെ അറിയാനും തുടങ്ങും. നിത്യപരിചയം കൊണ്ടു പ്രസ്തുത തുരീയവും വിട്ടു തുര്യാതീതമായ പദത്തിലേക്കുയരുമ്പോള്‍ മുക്തനുമായി.
ഒരു പ്രകാരത്തിലുള്ള ലക്ഷണങ്ങളെകൊണ്ടും തിരിച്ചറിയാന്‍കഴിയാത്ത ഒന്നാണ് ആത്മാവിന്റെ അല്ലെങ്കില്‍ മോക്ഷത്തിന്റെ സ്വരൂപം. അതുപോലെ മുക്തന്റെ സ്വഭാവത്തെയും ഇന്നപ്രകാരത്തിലുള്ളതെന്നാര്‍ക്കും പറയാന്‍ വയ്യ.
No comments:
Post a Comment