ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 July 2020

ആർത്തവം അശുദ്ധി പിന്നെ തിരണ്ടുക്കല്യാണവും

ആർത്തവം അശുദ്ധി പിന്നെ തിരണ്ടുക്കല്യാണവും

സമാനതകളില്ലാത്തൊരു സംസ്കൃതി ജന്മം കൊണ്ട് പുണ്യമായി ലഭിച്ചവരാണ്ണ് നാം ഓരോരുത്തരും.എന്നാൽ ഇതേ സംസ്കാരത്തെ കുറിച്ചുള്ള അജ്ഞതയും അതിനോടുള്ള ഉപേക്ഷയും നിമിത്തം ഒട്ടേറെ തെറ്റിദ്ധാരണകളും അന്ധമായ പൊയ് വിശ്വാസങ്ങളും അനാചാരങ്ങളും ദുരാചാരങ്ങളും കാലാന്തരത്തിൽ നമ്മുടെ സമൂഹത്തിൽ അടിഞ്ഞു കൂടിയിട്ടുണ്ട്.

ഏതൊരു ആചാരത്തിന്റെയും അടിസ്ഥാന തത്വങ്ങളെ അറിയാതെ ആചരിച്ചു വരുമ്പോഴാണ് അവ അനാചാരങ്ങളായും ദുരാചാരങ്ങളായും പരിണമിക്കുന്നത്.

അത്തരത്തിൽ ഒട്ടേറെ തെറ്റിദ്ധാരണ നിലനിൽക്കുന്നതും അനാചാരമായി മുദ്ര കുത്തപ്പെടുന്നതുമായ ഒന്നാണ് സ്ത്രീകളുടെ ആർത്തവ സംസ്ക്കാരം.

ഇന്ന് പരസ്യമായ രഹസ്യമാണ് ആർത്തവം.
എന്നാൽ മുൻപുള്ള കാലങ്ങളിൽ പൊതുവേ ഒരു സംസാരവിഷയമോ ഒന്നും ആയിരുന്നില്ല ആര്‍ത്തവം.ആ ദിവസങ്ങളില്‍ സ്ത്രീകള്‍ സ്വയം പിന്‍വാങ്ങുക ആണ് ഉണ്ടായിരുന്നത്.പുരുഷന്മാര്‍ ഇതൊക്കെ അറിയാന്‍ തുടങ്ങിയിട്ട് തന്നെ അധികം ആയിട്ടില്ല. എന്നാലും ഇപ്പോഴും ആർത്തവത്തെ കുറിച്ച് ഒരു വ്യക്തമായ ധാരണ പൊതുവെ കുറവാണ്.

അപ്പോൾ എന്താണ് ആർത്തവം.....???

ആര്‍ത്തവം, മെന്‍സസ്, പീരീഡ്‌സ്, ഒരു സ്ത്രീ ശരീരത്തിലെ മാസാമാസം ഉണ്ടാകുന്ന ഒരു ശാരീരിക പ്രക്രിയ ആണ് ആര്‍ത്തവമെന്ന് ഒറ്റ വാക്യത്തിൽ പറയാം.

ഓരോ മാസവും ഗര്‍ഭധാരണത്തിനായി തയ്യാറെടുക്കുന്ന സ്ത്രീ ശരീരത്തിൽ,
തലച്ചോറിലെ ചില ഗ്രന്ഥികളുടെയും ചില ഹോര്‍മോണുകളുടെയും പ്രവര്‍ത്തനങ്ങളുടെ ഫലമായി പുരുഷ ബീജവുമായി ചേരാന്‍ അണ്ഡം ഉത്പാദിപ്പിക്കപ്പെടുന്നു. അവ വളർച്ചയെത്തി പുറത്തുവരുമ്പോൾ അണ്ഡവിസർജനം നടക്കുകയും ഇങ്ങനെ ഉള്ള അണ്ഡം അന്നേ മാസം പുരുഷ ബീജവും ആയി ചേരാത്ത പക്ഷം ഗര്‍ഭപാത്രത്തിലെ പ്രവര്‍ത്തനങ്ങള്‍ നിഷഫലമാവുകയും അവിടെ രൂപപ്പെട്ട എൻഡോമെട്രിയം (ഗര്‍ഭ പാത്രത്തിലെ ഉള്ളറയില്‍ ഉണ്ടാവുന്ന MUCOUS MEMBRANE, ഇവ കട്ടി ഉള്ളതും ധാരാളം രക്തകോശങ്ങള്‍ ചേര്‍ന്നതും ആണ്) നശിച്ചു രക്തതോടൊപ്പം പുറം തള്ളപ്പെടുകയും ചെയ്യുന്നു.ഇതാണ് ആർത്തവം. വളരെ സങ്കീര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ അന്നേ സമയം സ്ത്രീ ശരീരത്തിൽ നടക്കുന്നത്.

ആര്‍ത്തവരക്തമാവട്ടെ,സാധാരണ നമ്മുടെ ശരീരത്തിൽ മുറിവുണ്ടായാല്‍ പുറത്തു വരുന്ന രക്തം പോലെയല്ല ആർത്തവ രക്തം. ഗര്‍ഭാശയ അന്തര്‍ഭാഗത്തെ പ്രത്യേക സ്രവങ്ങളും നശിച്ച കോശങ്ങളും അടങ്ങിയിരിക്കുന്നതു കാരണം ആര്‍ത്തവരക്തം ഇരുണ്ട നിറത്തിലുള്ള രക്തവര്‍ണ്ണമായിരികും, കട്ട പിടിക്കാത്തതും കറ പിടിക്കാത്തതും ദുര്‍ഗന്ധമുള്ളതും സാധാരണ രക്തത്തെ അപേക്ഷിച്ച് ലേശം കട്ടി കൂടിയതും ആയിരിക്കും. ഓരോ സ്ത്രീയിലും രക്തത്തിന്റെ അളവും ആര്‍ത്തവം നീണ്ടു നില്‍ക്കുന ദിവസങ്ങളുടെ എണ്ണത്തിലും വ്യത്യാസം ഉണ്ട്.

ചില സ്ത്രീകൾക്ക് ആർത്തവം വരുന്നതും പോകുന്നതും പോലും അറിയില്ല എന്ന് പറയാം.എന്നാൽ നല്ലൊരു ശതമാനം സ്ത്രീകൾക്കും ആർത്തവ കാലം ഓരോ യുഗമെന്നപോലെയാണ്.

100 ഇല്‍ 85 ഇല്‍ അധികം സ്ത്രീകള്‍ ആര്‍ത്തവകാലത്ത് പല തരത്തില്‍ ഉള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. അതില്‍ തന്നെ 5 മുതല്‍ 10 വരെ ശതമാനം സ്ത്രീകളും അധികഠിനമായ ശാരീരിക ക്ലേശങ്ങള്‍ അനിഭവിക്കുന്നവര്‍ ആണ്. PMS-Premenstrual Syndrome അതായത് ആര്‍ത്തവം തുടങ്ങുന്നതിനു 5 മുതല്‍ 11 ദിവസം വരെ സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങളും ബുദ്ധിമുട്ടുകളും ആണ് PMS.

ശരീരക്ഷീണം മുതല്‍ തലവേദന, തലകറക്കം, 
നടുവേദന, പുറംവേദന, കാലുകഴക്കലും വേദനയും, അടിവയര്‍ വേദന, ഛർദ്ദി,
സ്തനങ്ങളില്‍ വേദന, വയര്‍ വീര്‍ക്കല്‍, 
ദഹനക്കുറവു, മലബന്ധം, ചിലര്‍ക്ക് ഗര്‍ഭകാലത്തെന്നപോലെ ഞരമ്പുകള്‍ തടിക്കുക കാലില്‍ നീര് വെക്കുക, അങ്ങനെ ഓരോ സ്ത്രീകളെയും അപേക്ഷിച്ച് PMS വ്യത്യസ്തമാണ്. മാത്രവുമല്ല ശരീര ഊഷ്മാവ് കൂടുകയും രക്തസമ്മര്‍ദ്ദം ഉയരുകയും ചെയ്യും. ഇവ കൂടാതെ ദേഷ്യം, ശ്രദ്ധ ഇല്ലായ്മ, 
വിഷാദം, വിമ്മിഷ്ടം, ഉത്കണ്‍ഠ, ഗര്‍ഭകാലത്തെ പോലെ ചില ഭക്ഷണങ്ങളോടുള്ള Cravings, ഇനിയും ചിലരില്‍ ഭക്ഷണത്തോട് താല്പര്യമില്ലായ്മ തുടങ്ങിയവ ഉണ്ടാകുന്നു.

അപ്പോൾ ആർത്തവം ഒരു ശാരീരിക പ്രക്രിയ ആണ്. എന്നാൽ അത് മാത്രമല്ല ആർത്തവം സ്ത്രീയുടെ ആരോഗ്യത്തിന്റെ അടിസ്‌ഥാന ഘടകം കൂടിയാണ്.

ആര്‍ത്തവകാലത്തെ പരിചരണകുറവ് മൂലം ഭാവിയില്‍ സ്ത്രീകള്‍ക്ക് ഉണ്ടാകാവുന്ന രോഗങ്ങള്‍ പലതാണ്. Hormone changes ഇൽ തുടങ്ങി ശരീരം തന്നെ ഒരു Cleaning Process നടത്തുന്ന സമയമായത് കൊണ്ട് തന്നെ ആർത്തവ കാലങ്ങളിൽ പരിപൂര്‍ണ്ണ വിശ്രമമാണ് ഓരോ സ്ത്രീക്കും ആവിശ്യം.ഇന്നത്തെ കാലത്തു അതു നടക്കില്ല എന്നു മാത്രം.

ആര്‍ത്തവമായിരിക്കുന്ന സമയങ്ങളില്‍ ഭാരപ്പെട്ട ജോലികൾ ചെയ്യുകവഴി ഭാവിയിൽ ഗർഭപാത്രം താഴേക്ക് ഇറങ്ങി വരാനുള്ള സാധ്യതയുണ്ടാകുന്നു. ഒപ്പം ആര്‍ത്തവ രക്തം ഇടതടവില്ലാതെ ഒഴുകുന്നതും തടസ്സപ്പെടുമെന്നതും പലവിധ രോഗങ്ങളും സ്ത്രീകൾക്ക് ഉണ്ടാവാം.മാത്രവുമല്ല ശുചിത്വം പാലിക്കാത്തത് മൂലം പലതരം Infections ഉം ഉണ്ടാവാനുള്ള സാധ്യത ഈ അവസരത്തിൽ കൂടുതലാണ്.

ചരക സുശ്രുത സംഹിതകൾ മുതൽ നിരവധി ആയുർവേദ ഗ്രന്ഥങ്ങളിൽ വിപുലമായ പദ്ധതികൾ ഇതിലേക്കായി ഋതുചര്യ, രജസ്വല പരിചര്യ എന്നിങ്ങനെ പറഞ്ഞിട്ടുണ്ട്.

വിശ്രമം, ഭക്ഷണ ക്രമീകരണങ്ങൾ, ഔഷധസേവ തുടങ്ങി ആർത്തവസംബന്ധമായ സകലതും അതിൽ പറഞ്ഞിരിക്കുന്നു.ആർത്തവകാലത്ത് സ്വസ്ഥ വ്രതമാണ് ആയുർവേദം നിഷ്ക്കർഷിക്കുന്നത്. കാരണം 
ആർത്തവകാലത്തെ ഏതൊരു ആയാസപ്രവർത്തിയും തന്നെ ചെയ്യുന്നത് സ്ത്രീ ശരീരത്തെ ബാധിക്കുകയും അതു വരും കാലങ്ങളിൽ അതായത് ഗർഭാവസ്ഥയിൽ ശിശുവിനെ ബാധിക്കുകയും ചെയ്യുന്നുവെന്ന് ആയുർവേദ മതം.

എന്നാൽ അടുത്ത ചോദ്യം.ആർത്തവ രക്തം അശുദ്ധമാണോ....?? 

അതേ...!! 

നെറ്റി ചുളിക്കാൻ വരട്ടെ പറഞ്ഞു തീർന്നിട്ടില്ല.

എങ്ങനെയാണ് ആർത്തവ രക്തം അശുദ്ധമാകുന്നത്....?? 

അശുദ്ധമെന്നാൽ ശുദ്ധമല്ലാത്തത് എന്നാണല്ലോ അർത്ഥം...?? 

എപ്രകാരം മലവും മൂത്രവും വിയർപ്പുമൊക്കെ വിസ്സർജ്യങ്ങൾ ആകുന്നോ അതുപോലെ തന്നെയാണ് ആർത്തവ രക്തവും.ശരീരത്തിന് ആവിശ്യമില്ലാത്തവയെ ആണല്ലോ ശരീരം സമയാസമയം വിസ്സർജ്ജിക്കുന്നത്...?? അതുപോലെ തന്നെയാണ് സ്ത്രീയുടെ ഗർഭപാത്രത്തിലെ മാലിന്യങ്ങളെ മാസാമാസം ശരീരം പുറംതള്ളുന്നത്. അതിനാൽ ആർത്തവ രക്തം വിസർജ്യവും അശുദ്ധവുമാകുന്നു. എന്നാൽ ഇവിടെ സ്ത്രീക്ക് ആണ് അശുദ്ധി എന്നു പറയുന്നത് ശുദ്ധ വിഡ്ഢിത്തമാണ്.

സ്ത്രീക്ക് ആർത്തവ കാലങ്ങങ്ങളിൽ അശുദ്ധി കല്പിച്ചു വിലക്കേർപ്പെടുത്തുന്ന ഒരു സമ്പ്രദായം നമുക്ക് ഉണ്ടായിരുന്നുവോ ഇല്ലയോ എന്ന് അറിയണമെങ്കിൽ തിരണ്ടുക്കല്യാണത്തെ കുറിച്ച് മനസിലാക്കണം.

ഒരു പെണ്കുട്ടിക്ക് ആദ്യമായി ആർത്തവം കാണുന്ന സമയം നടത്തുന്ന ചടങ്ങാണ് തിരണ്ടുക്കല്യാണം.

പെണ്കുട്ടിക്ക് രക്തം കണ്ടാൽ സ്ത്രീകൾ ഒത്തുകൂടി കുരവയിട്ട് എല്ലാവരെയും അറിയിക്കും.കുട്ടിയെ കുളിപ്പിച്ച് ഒരു മുറിയിൽ ഇരുത്തും. അരിമാവ് കൊണ്ട് അണിഞ്ഞ് അതിന് മുകളിൽ അക്ഷതം വിരിച്ച് അതിന് മുകളിൽ ആണ് കുട്ടിയെ ഇരുത്തുക. മൂന്ന് ദിവസം പുറത്തേക്ക് ഇറങ്ങാതെ സൂര്യനെ കാണാതെ കുളി ഇല്ലാതെയാണ് ഇരിക്കുക. കിണ്ടിയിൽ വെള്ളമെടുത്ത് ആലിലയും വേപ്പിലയും ചേർത്തു പിടിച്ചു കത്തിച്ച തിരി കൊണ്ടു കുട്ടിയെ അന്തിയുഴിയണം. നാലാം ദിവസം മാറ്റുടുപ്പിച്ചു കുട്ടിയെ കുളിപ്പിക്കും. അവൾ ഇരുന്ന വിരി മടക്കി വെക്കും. അതും ഉടുത്തിരുന്ന വസ്ത്രങ്ങളും കഴുകണം.

കുട്ടിയെ കുളിപ്പിക്കുന്നത് സുമംഗലികളായ സ്ത്രീകൾ ചേർന്നിട്ടാണ്. കുട്ടി ഒഴികെ ബാക്കി എല്ലാവരും എണ്ണ തേച്ചു കുളിക്കണം. പിറ്റേന്ന് മുതൽ കുട്ടിക്കും എണ്ണ തേച്ചു കുളിക്കാം.
പുഴയിലാണ് കുളിക്കുന്നത് എങ്കിൽ കുട്ടി വെള്ളത്തിൽ മുങ്ങുന്നതിന് മുൻപ് കുരുത്തോലപോണ്ടി ഉണ്ടാക്കി അതിൽ തിരികത്തിച്ചു കുട്ടിയെ ഉഴിഞ്ഞു ആ പോണ്ടി ഒഴുക്കിവിടും.

കുളി കഴിഞ്ഞാൽ മംഗല്യസ്ത്രീകളോട് ഒപ്പം കുട്ടിയെ അഷ്ടമംഗല്യവും വിളക്കും വാൽക്കണ്ണാടിയും പിടിച്ചു അകത്തേക്ക് ആനയിക്കും. ആർപ്പും കുരവയും മേളവും ഈ നേരം ഉണ്ടാവും. അകത്തു കടന്നാൽ നിലവിളക്കിനു മുൻപിൽ ഇരുന്നു പാൽക്കഞ്ഞി കുടിക്കണം. ഈ സമയം ശിവനും പാർവതിക്കും ഇഷ്ടദേവതകൾക്കും നേദ്യം അർപ്പിക്കും.

ചില ഇടങ്ങളിൽ കുടുംബത്തിന്റെ സ്ഥിതി അനുസരിച്ചു ചക്കരചോറ് വെക്കുക എന്ന ചടങ്ങുണ്ട്. മൂന്നാം ദിവസമാണ് ഈ ചടങ്ങ് നടത്തുക. അന്നേ ദിവസം ഈ ചോറ് ഉണ്ണാൻ സ്ത്രീകളെയും കുട്ടികളെയും ക്ഷണിക്കും. സദ്യ ഉണ്ടെങ്കിലും ചക്കരച്ചോറ് നിർബന്ധമാണ്.

പെണ്കുട്ടിക്ക് മൂന്നാം ദിവസം രാത്രി ഭക്ഷണമില്ല. ഒരിക്കൽ ഉണ്ണുകയോ പകലെ ഉണ്ണുകയോ ചെയ്യാം. അന്നേ ദിവസം മൂശേട്ടയെ അകറ്റാൻ പാടുന്ന പാട്ടുകളും മറ്റും ഉണ്ടാവും.

ചില ഇടങ്ങളിൽ ഏഴാം ദിവസമാണ് കുളി. മറ്റു ഇടങ്ങളിൽ കുട്ടിയുടെ തലയിൽ തണ്ണീരൊഴുക്കൽ എന്നൊരു ചടങ്ങുണ്ട്. സ്വർണ്ണനാണയമിട്ട വെള്ളവും എണ്ണയും തലയിലൊഴുക്കുന്ന ചങ്ങാണിത്. ഭൂത പ്രേത പിശാചുക്കളെ അകറ്റാൻ കുട്ടി കിടക്കുന്ന വിരിയുടെ അടിയിൽ ഇരുമ്പു കത്തി വെക്കും.

തിരണ്ടുക്കുളി കഴിഞ്ഞാൽ കുട്ടിയെ അണിയിച്ചൊരുക്കി കിഴക്ക് അഭിമുഖമായി ഒരു വലിയ വട്ടചെമ്പിന് അടുത്തായി ഇരുത്തും. ചെമ്പു നിറയെ വെള്ളമുണ്ടാകും. വീട്ടിലെ കാരണവർ ഈശ്വരനോട് പ്രാർത്ഥിച്ചു ആ ചെമ്പിലേക്ക് തുമ്പപ്പൂ ഇടുന്നതാണ് ചടങ്ങു. ചുറ്റും കൂടി നിൽക്കുന്നവർ ആ പാത്രത്തിലെ വെള്ളം ചലിപ്പിക്കുമ്പോൾ പൂവ് ഏത് ദിശയിലേക്കാണോ നീങ്ങുന്നത് ആ ഭാഗത്തു നിന്നാണ് പെണ്കുട്ടിയുടെ വരൻ എത്തുക എന്നതാണ് വിശ്വാസം.

ഇതിന് ശേഷം ശിവൻ, പാർവതി,
മഹാവിഷ്ണു, ഭദ്രകാളി എന്നീ മൂർത്തികൾക്ക് നേദിക്കും. ഒപ്പം ഇഷ്ടദേവതകളെയും പരദേവതകളെയും വിളക്ക് വെച്ചു പ്രാർത്ഥിക്കുകയും അടുക്കളയിൽ അടുപ്പ് കത്തിച്ചു കഴിഞ്ഞാൽ ഒരു കക്ഷണം തേങ്ങാപ്പൂളും ഒരു കക്ഷണം ശർക്കരയും നെയ്യിൽ തൊടുവിച്ചു പ്രാർത്ഥിച്ചു കൊണ്ടു അടുപ്പിലെ അഗ്നിയിൽ സമർപ്പിച്ചു കൊണ്ടു ചെങ്കണ ഗണപതി ഹോമം നടത്തുന്നു. വെള്ളം തൊടാതെ ഭസ്മവും ചന്ദനവും കൊണ്ടു പെണ്കുട്ടികള് കുറിയിടണം എന്നാണ് ചിട്ട.  പഞ്ചാക്ഷരിയും ഒപ്പം മറ്റു മൂർത്തികളെ ധ്യാനിച്ചു കൊണ്ടു പ്രാർത്ഥനയും നടക്കും.

ഇത്രയുമാണ് സാമാന്യ ഗതിയിൽ നമ്മുടെ നാട്ടിൽ നടന്നുവന്ന തിരണ്ടുക്കല്യാണത്തിന്റെ ചടങ്ങുകൾ. പല ഇടങ്ങളിൽ പല സമുദായങ്ങളിൽ ചടങ്ങുകൾക്ക് വ്യത്യാസം ഉണ്ടാകാം എങ്കിലും ഇതാണ് അടിസ്ഥാന ചിട്ടകൾ.

ഒരു കല്യാണം തന്നെ ആയിരുന്നു ഈ ചടങ്ങ്. തനതായ രീതിയിൽ ഇന്ന് എവിടെയെങ്കിലും ഉണ്ടോ എന്നത് സംശയമാണ് എന്നാലും പൂർവാധികം വിശേഷമായി തമിഴ്നാട് ആന്ധ്രാ, കർണാടക തുടങ്ങിയ ഇന്ത്യയുടെ പല ഭാഗത്തും തിരണ്ടുക്കല്യാണം നടത്താറുണ്ട്.
തമിഴ്നാട്ടിലൊക്കെ പെണ്കുട്ടി ഋതുവാകുന്ന ദിവസം നോക്കിയാണ് വിവാഹം പോലും നിശ്ചയിക്കുക. മധുര പലഹാരങ്ങൾ, എണ്ണ പലഹാരങ്ങൾ എന്നിവ കുട്ടിക്ക് നൽകുന്നതോടൊപ്പം പുതുവസ്ത്രങ്ങളും ആഭരണങ്ങളും സമ്മാനമായി കുട്ടിക്ക് ഈ അവസരത്തിൽ നല്കുകയും ചെയ്യാറുണ്ട്. 
എന്നാൽ ഇത് ഭാരതത്തിലെ മാത്രം കാര്യമല്ല ലോകമെമ്പാടുമുള്ള വിവിധ സംസ്കാരങ്ങളിൽ PUBERTY FUCTIONS ഉം ആർത്തവ സംബന്ധിയായ പല പല ആചാരങ്ങളും ഇന്നും നിലനിൽക്കുന്നു.
ഉദാഹരണം പറഞ്ഞാല്‍ നേപ്പാള്‍, ശ്രീലങ്ക,
ഇന്തോനേഷ്യ, ജപ്പാന്‍, ഘാന തുടങ്ങിയ രാജ്യങ്ങള്‍.

കൂടാതെ, പണ്ടു കാലങ്ങളിൽ കേരളത്തിലെ ചില ക്രൈസ്തവ കുടുംബങ്ങളിൽ സ്ത്രീകൾ ആര്‍ത്തവമായി ഇരിക്കുന്ന അവര്‍ പള്ളികളില്‍ പോയിരുന്നില്ല എന്നും ഈ സമയം പള്ളിയിൽ നിന്നു അച്ഛൻ ആനാം വെള്ളം കൊടുത്തു വിടുന്ന പതിവ് ഉണ്ടായിരുന്നു എന്നും കേട്ടിരിക്കുന്നു.
മുസ്ലിം സമുദായത്തിലും സമാനമായ ആചാരങ്ങൾ ഉണ്ടെന്നാണ് അറിവ്. നിസ്കാരമൊന്നും ഈ സമയങ്ങളില്‍ പാടില്ല എന്നും കേട്ടറിവുണ്ട്.

എന്നാൽ പാശ്ചാത്യ രാജ്യങ്ങളിൽ പലതിലും ആർത്തവത്തെ പാപമായി കണ്ടുവന്നവരും കുറവല്ല.

ഇന്ന് കാലം മാറി കഥ മാറി,

ആളുകളിൽ പുരോഗമന ചിന്തകളിൽ പൊട്ടി മുളച്ചു. സമൂഹത്തിന്റെ ചട്ടവട്ടങ്ങളെ ഭേദിച്ചു മുന്നേറുന്നതാണ് ഭൂരിഭാഗം പുരോഗമനവാദികളുടെയും ലക്ഷ്യം.എന്തൊക്കെ ചെയ്യുവാൻ പാടില്ലായെന്ന് പണ്ടുള്ളവർ പറഞ്ഞിരുന്നുവോ അതെല്ലാം ചെയ്യുക എന്നതാണ് ഇക്കൂട്ടരുടെ മോട്ടോ. തങ്ങളുടെ ആശയങ്ങൾക്ക് വിരുദ്ധരായവർ പഴഞ്ചനും പിന്തിരിപ്പൻ ആശയക്കാരുമാണിവർക്ക്.

സ്വാഭാവികമായും അവരുടെ നോട്ടം ആർത്തവ സംസ്ക്കാരത്തിലേക്കും എത്തിച്ചേർന്നു.ഹൈന്ദവ വിശ്വാസപ്രകാരം ആർത്തവമതികളായ സ്ത്രീകൾ ക്ഷേത്ര ദർശനം നടത്താത്തത് സ്ത്രീ ശാക്തീകരണത്തിന് വിലങ്ങു തടിയായും തികഞ്ഞ സ്ത്രീവിരുദ്ധതയുമായി അവർ മുദ്രകുത്തി.അതിലേക്കായി അനേകം ആളുകൾ ഹൈന്ദവ വിശ്വാസികളെ പരിഹസിക്കുമാർ നിരവധി പരാമർശങ്ങൾ നടത്തി,ട്രോളുകൾ ഇറക്കി,പാട്ടുകളും ഹ്രസ്വചിത്രങ്ങളും കൂടാതെ തെരുവുകളിലും പ്രതിഷേധങ്ങളുമായി ഇറങ്ങുകയുണ്ടായി.

ഇനി ചോദ്യം ഇവിടെയാണ്....!

തിരണ്ടുക്കല്യാണം പോലെ ദേവതാ പൂജകളോടെയും, പെണ്കുട്ടിയുടെ ജീവിതത്തിലെ വഴിത്തിരിവാകുന്ന ഏറ്റവും പ്രധാനപ്പെട്ട ചടങ്ങില്‍ ദേവീ സാന്നിധ്യം കുട്ടിയോടൊപ്പം ഉണ്ടാവണമെന്ന സങ്കല്പത്തിൽ ദേവി സ്വരൂപമാകിയ വാൽക്കണ്ണാടി നൽകിയും, അതിവിപുലമായ ചടങ്ങുകളും കൊണ്ട് പെണ്കുട്ടികളുടെ ആർത്തവം ആഘോഷിച്ച നമ്മുടെ പൂർവ്വികർ രക്തം കണ്ട രണ്ടാം മാസം മുതൽ ആർത്തവത്തിന്റെ പേരിൽ പെണ്കുട്ടികളെയും സ്ത്രീകളെയും അകറ്റി നിർത്തിയെന്നും അശുദ്ധി കല്പിച്ചുവെന്നും പറയുന്നത് യുക്തിയാണോ...?? 

ഒരിക്കലുമല്ല..!!!

ആർത്തവകാലത്തെ ശാരീരിക മാനസിക ബുദ്ധിമുട്ടുകളെ അറിഞ്ഞും ആ സമയങ്ങളിൽ സ്ത്രീ ശരീരത്തിന് വേണ്ട സംരക്ഷണങ്ങളെ മനസിലാക്കിയുമാണ് പൂർവ്വികർ ആചാരങ്ങൾ ചിട്ടപ്പെടുത്തിയത് എന്നത് വ്യക്തമാണ്.
അതുകൊണ്ട് തന്നെ പിൽക്കാലത്ത് ക്ഷേത്രം എന്നല്ല പൊതുവെ എല്ലാ ഇടത്തു നിന്നും സ്ത്രീകൾ പിൻവാങ്ങി വിശ്രമിക്കുകയാണ് ചെയ്തിരുന്നത്. ഒപ്പം നാമജപത്തിലൂടെയും മറ്റും ആരാധനകൾ സ്ത്രീകൾ ചെയ്തു വന്നിരുന്നു.
എന്തെന്നാൽ യാതൊരുവനും ഏതൊരു സാഹചര്യത്തിലും വിലക്കപ്പെട്ടതല്ല ഭഗവത് നാമ സങ്കീർത്തനം.

വിശിഷ്യാ കാളിസേവകാരായ കേരളീയർ ആർത്തവത്തിന്റെ പേരിൽ സ്ത്രീകൾക്ക് അയോഗ്യത കല്പിച്ചുവെന്നു പറയുന്നതുത് തന്നെ അറിവില്ലായ്മ ഒന്ന് കൊണ്ട് മാത്രമാണ്.
അല്ലെങ്കിൽ എന്തിനെയും എതിർക്കാനുള്ള മനോഭാവം കൊണ്ടാണ്.

ഋഷികകൾ ആയും സന്യാസിനകൾ ആയും പണ്ഡിതകൾ ആയും യോദ്ധാക്കളായും നാരീരത്നങ്ങൾ ശോഭിച്ചിരുന്ന ഈ ഭാരത ഭൂമിയിൽ അവളെ ആർത്തവത്തിന്റെ പേരിൽ മാറ്റി നിറുത്തിയിരുന്നു എന്നു ചിന്തിക്കുക പോലും യുക്തമല്ല. സർവ്വോപരി പ്രകൃതിയെയും ഈ രാഷ്ട്രത്തെയും മാതൃ ഭാവത്തിൽ വണങ്ങുന്ന ഭാരതീയർ ഒരു പെണ്കുട്ടിയുടെ മാതൃത്വത്തിലേക്കുള്ള ചവുട്ടു പടിയെ പാപമായി കാണുന്നുവെന്ന വാദവും യുക്തമല്ല.

അതിനാൽ ആർത്തവ സംബന്ധിയായ അനാചാരങ്ങൾ കാലാന്തരത്തിൽ വന്നു ഭവിച്ചതാണ് എന്നു അനുമാനിക്കാം.

എന്നാൽ യഥാർത്ഥത്തിൽ ഭാരതീയമായ,
ഹൈന്ദവപരമായ വിശ്വാസങ്ങളെ എതിർക്കുക എന്നത് മാത്രമാണ് പുരോഗമനവാദികളുടെ അജണ്ടയെന്നത് സുവ്യക്തമാണ്....!!

ആര്‍ത്തവം ആഘോഷമാക്കുന്നത് പഴഞ്ചൻ രീതികളാണ് എന്നു പറയുന്നവര്‍ തന്നെ ആണ് ഇവിടെ ആര്‍ത്തവ സമരം നടത്തുന്നത്.

എന്നാൽ ഈ പറയുന്നവരാരും സ്ത്രീകളുടെ ആരോഗ്യത്തെ കുറിച്ച് വേവലാതിപ്പെടുന്നായി കണ്ടിട്ടില്ല.

പണ്ട് ഉണ്ടായിരുന്ന സ്ത്രീകളുടെ ആരോഗ്യത്തിന്റെ പകുതി പോലും ഇന്നത്തെ സ്ത്രീകള്‍ക്ക് ഇല്ല. ഭക്ഷണ രീതി മാറി ജീവിത രീതി മാറി. നേരത്തെ ഒരു 12 വയസ്സ് മുതല്‍ 16 വയസ്സിനു ഉള്ളില്‍ ആയിരുന്നു ആദ്യാർത്തവമെങ്കിൽ ഇന്ന് അത് 7, 8, 9, വയസ്സ് എന്നതാണ് കണക്ക്....!!

മാത്രവുമല്ല ശാരീരിക ബുദ്ധിമുട്ടുകള്‍ ഒരു പ്രായം കഴിഞ്ഞാണ് തുടങ്ങിയിരുന്നത് എങ്കില്‍ ഇന്ന് 20 വയസ്സ് കഴിയുമ്പോള്‍ മുതല്‍ നടുവേദന കാലുവേദന എന്നിവ തുടങ്ങുകയായി.കുറഞ്ഞത്‌ ഒരു 50 വയസ്സ് കഴിഞ്ഞു അല്ലെങ്കില്‍ അതിനോട് അടുത്ത പ്രായത്തില്‍ ഉണ്ടാവേണ്ട ആര്‍ത്തവവിരാമം വളരെ നേരത്തെ തന്നെ ഉണ്ടാകുന്നു....!!

കല്യാണം കഴിഞ്ഞു ഒരു കുഞ്ഞു ജനിക്കുന്നതിനു മുന്‍പ് തന്നെ പല കാരണങ്ങള്‍ കൊണ്ടും ഗര്‍ഭപാത്രം എടുത്തു കളയണ്ട അവസ്ഥകള്‍ വരുന്നു....!!

ആദിവാസി ഊരുകളിലും മറ്റും നിരവധി കുട്ടികൾ പട്ടിണിമൂലവും നിരവധി ഗർഭിണികൾ ചികിത്സ കിട്ടാതെയും മരണപ്പെടുന്നു....!!

എന്താണ് ആരും ഇത്തരം വിഷയങ്ങളിൽ ശ്രദ്ധ പതിപ്പിക്കാത്തത്.....??

ഗര്‍ഭവതി ആയിരിക്കുന്ന ഒരു സ്ത്രീയെ എങ്ങനെ പരിപാലിക്കുന്നുവോ അതുപോലെ തന്നെ ആര്‍ത്തവമായിരിക്കുന്ന സ്ത്രീയെയും പരിപാലിക്കണം, ഗര്‍ഭധാരണം ജീവന്റെ ആരംഭമാണെങ്കിൽ ആര്‍ത്തവം അതിന്റെ അന്ത്യവുമാണ്. രണ്ടും തുല്യ പ്രാധ്യാന്യം അര്‍ഹിക്കുന്നു.

താലി പൊട്ടിച്ചു എറിഞ്ഞത് കൊണ്ടോ ആർത്തവ പ്രദർശനങ്ങൾ നടത്തിയത് കൊണ്ടോ, മാറ് തുറന്ന് കാണിച്ചത് കൊണ്ടോ, നഗ്നത പ്രദർശിപ്പിക്കുന്നത് കൊണ്ടോ, പുരുഷനെ അനുകരിച്ചത് കൊണ്ടോ,  ആർത്തവ സമയം ക്ഷേത്ര ദർശനം നടത്തിയത് കൊണ്ടോ ഇവിടെ സ്ത്രീ ശാക്തീകരണം ഉണ്ടാവുന്നില്ല....!!!

മറിച്ച്....

ഓരോ സ്ത്രീയും ആരോഗ്യവതിയായിരിക്കുമ്പോൾ,
ഒരു ഗർഭിണി പോലും ചികിത്സ കിട്ടാതെ മരിക്കാൻ ഇടവരാതെ ഇരിക്കുമ്പോൾ, ഒരു പെണ്കുഞ്ഞിന്റെ ജീവൻ പോലും ഗർഭച്ഛിദ്രം ചെയ്യപ്പെടാതെ ഇരിക്കുമ്പോൾ, ഒരു പെണ്കുട്ടിക്ക് പോലും വിദ്യാഭ്യാസവും ജോലിയും നിഷേധിക്കപ്പെടാതെ ഇരിക്കുമ്പോൾ, ഒരു യുവതി പോലും സ്ത്രീധനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്യാതെ ഇരിക്കുമ്പോൾ, സർവ്വോപരി ഒരു സ്ത്രീയുടെ പോലും മാനത്തിന് ഒരുവനും വിലപേശാതെ ഇരിക്കുമ്പോൾ മാത്രമേ ഇവിടെ യഥാർത്ഥ സ്ത്രീ ശാക്തീകരണം നടപ്പാവുകയോള്ളൂ.

സ്ത്രീയാണ് ശക്തി, സ്ത്രീയാണ് നാഡി....!!

അവളുടെ ഉടലും ഉയിരും ഉണർവ്വും സംരക്ഷിക്കപ്പെടട്ടെ. അതിന് കരുത്തേകാൻ ഓരോ പുരുഷനും സാധ്യമാവട്ടെ....!!

അവളുടെ ആദ്യനാളുകൾ ആഘോഷങ്ങളാവട്ടെ....!!

"യത്ര നാര്യസ്തു പൂജ്യന്തേ 
രമന്തേ തത്ര ദേവതാഃ 
യത്രൈതാസ്തു ന പൂജ്യന്തേ 
സര്‍വ്വാസ്തത്രാഫലാഃ ക്രിയാഃ"

No comments:

Post a Comment