ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

7 July 2020

ലഘുയോഗവാസിഷ്ഠം - 31

ലഘുയോഗവാസിഷ്ഠം - 31

വില്വോപാഖ്യാനം

ഹേ, രാമചന്ദ്രാ, കോടി കോടി യോജനവലിപ്പമുള്ളതും വളരെ പഴയതാണെങ്കിലും ഇപ്പോഴും പുതുമയെ തോന്നിക്കുന്നതും മൃദുലവും മനോഹരവുമായ ഒരു വലിയ കൂവളക്കായയുണ്ട്. അതിനുള്ളില്‍ ആയിരക്കണക്കില്‍ ബ്രഹ്മാണ്ഡങ്ങള്‍ വിളങ്ങിക്കൊണ്ടിരിക്കുന്നു. മലയോരത്തു കടുകിന്മണികള്‍ വിതറിയാല്‍ എപ്രകാരം തോന്നപ്പെടുമോ, അപ്രകാരമാണ് അതില്‍ ബ്രഹ്മാണ്ഡങ്ങള്‍ അടിഞ്ഞുകൂടിയിരിക്കുന്നത്. വളരെ പഴക്കമുള്ളതും നല്ലവണ്ണം മൂപ്പെത്തീട്ടുള്ളതുമാണ് ആ കായയെങ്കിലും പഴുത്തുവീഴത്തക്കനിലയില്‍ എന്നും അത് പാകം വരില്ല. സംവിച്ഛക്തിയാണ് അതിന്റെ ഉള്ളിലെ കുഴമ്പു്. ആചിച്ഛക്തിതന്നെ അതിനുള്ളില്‍ ആകാശാദിഭൂതങ്ങളും കാലദേശങ്ങളുമെല്ലാമായി പ്രകാശിക്കുകയും ചെയ്യുന്നു. ഇങ്ങനെ അത്യത്ഭുതകരമായ ഒരു വില്വഫലവുമുണ്ട്. എന്നിങ്ങനെ ആചാര്യശ്രേഷ്ടനായ വസിഷ്ഠമഹര്‍ഷി പറഞ്ഞപ്പോള്‍ അതിന്റെ താത്വികസ്വരൂപത്തെ ഗ്രഹിച്ച ശ്രീരാമചന്ദ്രന്‍ പറയുകയാണ്. ഭഗവാനേ, ചില്‍ഘനസത്തയെയാണ് അവിടുന്നു കൂവളക്കായയായും ജഗത്തിനെതന്നെയാണ് അതിന്റെയുള്ളിലെ മജ്ജയായും ഉല്ലേഖനം ചെയ‍്തതെന്നും ഞാന്‍ കരുതുന്നുവെന്നു്.

തന്റെ തത്വോപദേശങ്ങള്‍ ശിഷ്യനില്‍ ഫലിക്കുന്നണ്ടെന്നറിഞ്ഞ മഹര്‍ഷി ചരിതാര്‍ത്ഥനും സന്തുഷ്ടനുമായിക്കൊണ്ടു വീണ്ടും പറയാന്‍ തുടങ്ങി. ഹേ, രാമചന്ദ്രാ, അങ്ങു ധരിച്ചതു വളരെ ശരിയാണ്. ചില്‍ഘനസത്തയെതന്നെയാണ് ഞാന്‍ കൂവളക്കായയായി ഉല്ലേഖനം ചെയ‍്തതു്.

No comments:

Post a Comment