ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

7 July 2020

ലഘുയോഗവാസിഷ്ഠം - ആമുഖം

ലഘുയോഗവാസിഷ്ഠം

കടപ്പാട് : ശ്രേയസ്

ആമുഖം

ശ്രീവാല്മീകിമഹര്‍ഷി നിര്‍മ്മിച്ച പ്രകരണഗ്രന്ഥമാണ് സുപ്രസിദ്ധമായ ‘ബൃഹദ്യോഗവാസിഷ്ഠം‘. കേവലം ദശോപനിഷത്തുക്കളെ മാത്രം ഉപജീവിച്ചുകൊണ്ടായിരുന്നു വാല്മീകിയുടെ മുപ്പത്തിരണ്ടായിരം പദ്യങ്ങള്‍ക്കൊള്ളുന്ന ഈ മഹാപ്രകരണഗ്രന്ഥത്തിന്റെ നിര്‍മ്മാണം നടന്നതെന്ന കഥ ആരെയും അതിശയിപ്പിക്കും! എന്നാല്‍ ദര്‍ശനങ്ങളുടെയും പുരാണങ്ങളുടെയും ആവിര്‍ഭാവത്തിനുശേഷം – ആകൃതികൊണ്ടു ചെറുതും എന്നാല്‍ ആശയങ്ങള്‍ ചോര്‍ന്നുപോവാതെയുമുള്ള നല്ലനല്ല വേദാന്തപ്രകരണങ്ങള്‍ പല ആചാര്യന്മാരില്‍ക്കൂടെയും ധാരാളം പുറത്തുവാന്‍ തുടങ്ങിയപ്പോള്‍ വാല്മീകിയുടെ ഭാരമേറിയ യോഗവാസിഷ്ഠം അധികജനങ്ങളേയും ആകര്‍ഷിക്കാതെയായി.

ആകൃതിയുടെ അത്യന്തസ്ഥൂലതയാണ് ബൃഹദ്യോഗവാസിഷ്ഠത്തെ ജിജ്ഞാസുക്കളെ ആകര്‍ഷിക്കുന്നതില്‍ മുഖ്യതടസ്ഥമായി നില്ക്കുന്നത്. മുപ്പത്തിരണ്ടായിരം പദ്യങ്ങളേയും പഠിക്കേണ്ടിവരികയെന്നതു ആയസമേറിയ ഒരു കാര്യമാണല്ലോ. അതിനാല്‍ പലരുടേയും പ്രജ്ഞ മറ്റു പ്രകരണങ്ങളിലേയ്ക്കോടാന്‍ തുടങ്ങി. അങ്ങനെ ബൃഹദ്യോഗവാസിഷ്ഠത്തിന്റെ പ്രചാരം ചുരുങ്ങാന്‍ തുടങ്ങിയപ്പോഴാണ് ലഘുയോഗവാസിഷ്ഠത്തിന്റെ അവതാരം. തത്വപ്രതിപാദനങ്ങള്‍ ചോര്‍ന്നുപോവാതെ മുപ്പത്തിരണ്ടായിരം പദ്യങ്ങളുള്ള ബൃഹദ്യോഗവാസിഷ്ഠത്തെ ആറായിരം പദ്യങ്ങളാക്കി ആറു പ്രകരണങ്ങളില്‍ ഒതുക്കി നിര്‍ത്തിയതാണ് ലഘുയോഗവാസിഷ്ഠം.

കാശ്മീരദേശക്കാരനായ അഭിനന്ദനെന്ന പണ്ഡിതബ്രാഹ്മണനാണ് ഈ ലഘുയോഗവാസിഷ്ഠത്തിന്റെ കര്‍ത്താവെന്നാണ് അറിയപ്പെട്ടുവരുന്നത്. ഏതായാലും ലഘുയോഗവാസിഷ്ഠത്തിന്റെ ആവിര്‍ഭാവത്തോടെ ഈ പ്രകരണം ജിജ്ഞാസുക്കളെ ധാരാളം ആകര്‍ഷിക്കാന്‍ തുടങ്ങി. ഭാരതത്തില്‍ മിക്ക ഭാഷകളിലും വിവര്‍ത്തനം ചെയ്യപ്പെട്ടു.

വേദാന്തശാസ്ത്രത്തിലെ സകലവശങ്ങളുടേയും മര്‍മ്മം സ്പര്‍ശിച്ചുകൊണ്ടുള്ള ഏറ്റവും സുന്ദരമായൊരു പ്രകരണം ഇതുപോലെ വേറെയുണ്ടോ എന്നുപോലും സംശയമാണ്. ഭാഷാശൈലികൊണ്ടും പ്രതിപാദനരീതികൊണ്ടും, ഉദാഹരണകഥകളെക്കൊണ്ടും അത്യന്തസുന്ദരമായിട്ടുണ്ട് ലഘുയോഗവാസിഷ്ഠം. മലയാളഭാഷയില്‍ ഈ ഗ്രന്ഥത്തിനു ജ്ഞാനവാസിഷ്ഠമെന്ന പേരാണ് പറഞ്ഞുവരുന്നത്. യോഗശബ്ദത്തിനും, ജ്ഞാനശബ്ദത്തിനും ഭേദമില്ലെന്നതുകൊണ്ടായിരിക്ക‍ാം അങ്ങനെ പറയാനിടയായത്. വൈരാഗ്യപ്രകരണം, മുമുക്ഷു വ്യവഹാരപ്രകരണം ഉല്പത്തിപ്രകരണം, സ്ഥിതിപ്രകരണം, ഉപശമപ്രകരണം, നിര്‍വ്വാണപ്രകരണം ഇങ്ങനെ ആറു പ്രകരണങ്ങളായി വേര്‍തിരിച്ചാണ് തത്വങ്ങളെ പ്രകാശിപ്പിക്കുന്നത്.

No comments:

Post a Comment