ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

7 July 2020

ലഘുയോഗവാസിഷ്ഠം - 32

ലഘുയോഗവാസിഷ്ഠം - 32

ശിലോപാഖ്യാനം

അത്യന്തവിശാലവും മൃദുസ്പര്‍ശമുള്ളതും നീരന്ധ്രവുമായ ഒരു വലിയ പാറക്കല്ലുണ്ട്. അതിന്റെ വലിപ്പം എത്രയെന്നൊന്നും പറയാന്‍ വയ്യ. അത്രമാത്രം വലുതാണ്. അതിന്മേല്‍ അനേകമനേകം താമരപുഷ്പങ്ങള്‍ മുകളിലും ചുവട്ടിലുമായി വികസിച്ചുകൊണ്ടിരിക്കുന്നു. ഒന്നിനും വേരില്ല. അതുപോലെ വേറെയും അനേകം പദാര്‍ത്ഥങ്ങള്‍ ആ പാറക്കല്ലിലുണ്ട്. കല്ലില്‍ കൊത്തപ്പെട്ട ആ രൂപങ്ങളെല്ല‍ാം തന്നെ വേറെവേറെയായി കാണപ്പെടുന്നുണ്ടെങ്കില്‍ക്കൂടി അവയൊന്നും കല്ലില്‍നിന്നുവേറെയല്ല. രഥങ്ങള്‍, അശ്വങ്ങള്‍, മനുഷ്യര്‍, ദേവന്മാര്‍ തുടങ്ങി എന്തെല്ല‍ാം രൂപങ്ങളുണ്ടോ, അവയെല്ല‍ാം കല്ലുതന്നെയാണ്. കല്ലില്‍നിന്നു വേറെയായി അവയ്ക്കൊന്നും പ്രത്യേക സത്തയില്ല. അതുപോലെ ബ്രഹ്മത്തില്‍ നിന്നന്യമായി ജഗത്തിനുസത്തയില്ല. കല്ലില്‍ കൊത്തപ്പെട്ട പദാര്‍ത്ഥങ്ങള്‍ എപ്രകാരം കല്ലു മാത്രമാണോ, അതുപോലെ ബ്രഹ്മത്തില്‍ തോന്നപ്പെടുന്ന ജഗത്തും ബ്രഹ്മം മാത്രമല്ലാതെ മറ്റൊന്നുമല്ല. ചില്‍ഘനസ്വരൂപമായ ബ്രഹ്മത്തെത്തന്നെയാണ് ഞാന്‍ വിശാലമായ പാറക്കല്ലെന്നു പറഞ്ഞതു്. അതിനാല്‍ ബ്രഹ്മത്തില്‍ നിന്ന്യമായി ഒന്നും തന്നെയില്ല. ശരീരാദിവസ്തുക്കള്‍ സത്യമല്ല. ശിലയില്‍ തോന്നപ്പെടുന്ന താമരപഷ്പങ്ങള്‍പോലെ ബ്രഹ്മത്തില്‍ തോന്നപ്പെടുന്ന പ്രതീതി മാത്രമാണ്.

ഇങ്ങനെ വസിഷ്ഠമഹര്‍ഷി പറഞ്ഞവസാനിപ്പിച്ചപ്പോള്‍ ശ്രീ രാമചന്ദ്രന്‍ അദ്ദേഹത്തിന്റെ ഉപദേശങ്ങളെ വാഴ്ത്തിസ്തുതിച്ചുകൊണ്ട് വീണ്ടും പുര്യഷ്ടകമെന്നുപറഞ്ഞാലെന്താണെന്നു പറഞ്ഞുതറണമെന്നപേക്ഷിച്ചു. വസിഷ്ഠാചാര്യന്‍ വീണ്ടും ഉപദാശിക്കാന്‍ തുടങ്ങി. ബുദ്ധിമാനായ ഹേ രാമചന്ദ്രാ, കേള്‍ക്കൂ. യാതൊരു കലനകളുമില്ലാത്ത സത്താമാത്രമായ സച്ചിദാനന്ദബ്രഹ്മം തന്നെ ‘ഞാന്‍’ എന്ന കലനകൊണ്ടു ജീവനും മനനം കൊണ്ടു മനസ്സും വിഷയഗ്രഹണം കൊണ്ട് ഇന്ദ്രിയങ്ങളുമായിത്തീര്‍ന്നു. ഞാന്‍ കര്‍ത്താവാണ്, ഭോക്താവാണ്, സാക്ഷിയാണ് എന്നും മറ്റും അഭിമാനിച്ചും സുഖിച്ചും ദുഃഖിച്ചും കഴിയുന്ന ജീവന്‍ തന്നെ പുര്യഷ്ടകം. ഈ പുര്യഷ്ടകം ഹേതുവായിട്ടാണ് സ്വപ്നാനുഭവമെന്നപോലെ ഇല്ലാത്ത സംസാരഭക്തിയും ദൃശ്യബോധവുമെല്ല‍ാം ഉണ്ടാകുന്നത്. ഹേ രാമാ, അതിനാല്‍ നീ പുര്യഷ്ടകമാകുന്ന ജീവനകലയെ അടക്കി ജീന്മുക്തനായി വര്‍ത്തിക്കൂ. മുറവില്ലാത്ത ആനന്ദപ്രവാഹത്തില്‍ മുങ്ങിക്കൊണ്ടുള്ള ജീവന്മുക്താവസ്ഥ ആരെയാണ് ചാരിതാര്‍ത്ഥനാകാത്തത്? മേലില്‍ വാസുദേവോപദേശം കേട്ട് ആനിലയിലായിത്തീരാന്‍ പോവുന്ന കുന്തീപുത്രനായ അര്‍ജ്ജുനനെന്നപോലെ ഹേ രാമാ, നീയും ഇപ്പോള്‍തന്നെ ആസ്ഥിതിയിലായിത്തീരൂ.

No comments:

Post a Comment