ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

31 July 2020

അപൂർവ്വ മേളം" അടന്ത

"അപൂർവ്വ മേളം" അടന്ത 

കേരളീയമായ മേള പദ്ധതിയിൽ രൂപം കൊണ്ടിട്ടുള്ള പഞ്ചാരി, ചമ്പ, ചെമ്പട, അടന്ത, അഞ്ചടന്ത, നവം, ധ്രുവം എന്നീ മേളങ്ങൾ തുല്യ പ്രാധാന്യത്തോടെ പഠിക്കുവാനും, അവതരിപ്പിക്കുവാനും ഇന്നത്തേ പുതുതലമുറ അത്യുത്സാഹം കാണിക്കുന്നത്  അഭിനന്ദനം അർഹിക്കുന്ന കാര്യമാണ്. എന്നാൽ അതിനൊപ്പം തന്നെ ഈ മേളങ്ങളുടെയെല്ലാം ശാസ്ത്രീയ അടിത്തറയേക്കുറിച്ചുള്ള അന്വേഷണങ്ങളിൽ ഏർപ്പെടുവാനുള്ള മനസ്സും ഒരു വാദ്യകലാകാരന് അത്യന്താപേക്ഷിതമാണ് എന്ന് സൂചിപ്പിച്ചു കൊള്ളട്ടേ.

കൂടുതൽ അറിയുമ്പോൾ അദ്ഭുതം തോന്നുന്ന ഒരു മികച്ച താളപദ്ധതി തന്നെയാണ്‌ ഈ മേളങ്ങളിൽ എല്ലാം തന്നെ ഉപയോഗിച്ചിരിക്കുന്നത്. ഈ മേളങ്ങളുടെയെല്ലാം താളഘടനയിൽ ഉപയോഗിച്ചിരിക്കുന്ന ജ്യോമെട്രിക് സ്വഭാവം തന്നെ അതിനുദാഹരണമാണ്. 
എങ്കിലും ഈ മേളങ്ങളെ താരതമ്യം ചെയ്ത് പഠനം നടത്തുമ്പോൾ കൗതുകം തോന്നുന്ന ഒരു വസ്തുതയുണ്ട്. മുകളിൽ സൂചിപ്പിച്ച ഏഴ് മേളങ്ങളിൽ അടന്ത മേളത്തിന്റെ പ്രായോഗിക ശൈലിയിൽ കാണുന്ന വൈരുദ്ധ്യം.

ഒരു മേളം നിർമ്മിക്കുമ്പോൾ സാധാരണ  ഉപയോഗിച്ചിരിക്കുന്ന ചെമ്പട കണക്കുകളിൽ (8 അക്ഷരകാലം) നിന്ന് ഒരു വ്യത്യാസം അടന്ത മേളത്തിൽ ചിലയിടത്ത് ഉപയോഗിച്ചിരിക്കുന്നത് കാണാം. അതുകൊണ്ടു തന്നെ അടന്ത മേളം മറ്റു മേളങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു അവതരണ ശൈലി പിന്തുടരുന്നു.  

അടന്ത മേളത്തിൽ '56' അക്ഷരകാലത്തിൽ ചിട്ടപ്പെത്തിയിരിക്കുന്ന പതികാലത്തിലും, '28' അക്ഷരകാലത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന രണ്ടാംകാലത്തിലും ഇടക്കലാശങ്ങളും, മാറ്റക്കലാശങ്ങളും പതിവ് കൊട്ട് രീതി തന്നെ അവലംബിക്കുമ്പോൾ  '14' അക്ഷരകാലത്തിലുള്ള മൂന്നാം കാലത്തിൽ നിന്നും '7' അക്ഷരകാലത്തിലുള്ള നാലാം കാലത്തിലേക്കു കടക്കുന്ന മാറ്റക്കലാശത്തിനും, തുടർന്ന്  വരുന്ന നാലാം കാലത്തിലെ ഇടക്കലാശത്തിനും പതിവിൽ നിന്നും വ്യത്യസ്തമായ ഒരു ശൈലിയിൽ കൊട്ടുന്നത് കാണാം. മറ്റൊരു മേളത്തിനും ഇത്തരത്തിൽ ഒരു രീതി ഉപയോഗിക്കുന്നതായി കാണുന്നില്ല. 

"മുമ്പുള്ളവർ ഉപയോഗിച്ചവരിൽ നിന്നും കണ്ടും,കേട്ടും പഠിച്ച അതേ ശൈലി തന്നെ പിൻതുടരുന്നു" എന്ന മറുപടിക്കപ്പുറം പുതിയ അറിവുകൾ കിട്ടുമോ എന്നറിയുവാനുള്ള ആഗ്രഹമാണ് ഈ ലേഖനത്തിന്റെ ഉദ്യമം. അതിലേക്കായി ഈ വിഷയവുമായി ബന്ധപ്പെട്ട കുറച്ച് ചോദ്യങ്ങളിലേക്ക് ഒന്നു കടന്നു വരാം.

1. സാധാരണ മാറ്റക്കലാശം 16 അക്ഷരത്തിലാണ്. എന്നാൽ അടന്ത മേളത്തിൽ മൂന്നാം കാലത്തിൽ നിന്നും നാലാം കാലത്തിലേക്ക് മാറുമ്പോൾ വ്യത്യാസം ഉണ്ടാകുവാനുള്ള കാരണമെന്ത്?

*** അതിനുവേണ്ടി രണ്ടു താളവട്ടങ്ങൾ ഉപയോഗിക്കേണ്ടിവരുമ്പോൾ അതിൽ ഒരു താളവട്ടത്തിന്റെ 85% ൽ കൂടുതൽ ഒഴിവാക്കേണ്ടി വരുമ്പോൾ ഉള്ള ഔചിത്യബോധമാവാം ചിലപ്പോൾ ഒരു കാരണം. 

*** മറ്റൊരു കാരണമായി പറയാൻ സാധിക്കുന്നത്, മാറ്റക്കലാശം 16 അക്ഷരത്തിൽ തന്നെ എടുത്താൽ തുടർന്ന് വരുന്ന നാലാം കാലത്തിന്റെ താളത്തിന്റെ രണ്ട് ഖണ്ഡങ്ങളിൽ ആദ്യത്തേതു വളരെ ചെറുതായി  പോകുന്നതുകൊണ്ട് ഉണ്ടായേക്കാവുന്ന ഒരു വിരസത ഒഴിവാക്കാനും ആവാം. ആ ധാരണകൊണ്ടാവാം നാലാം കാലത്തിലേക്ക് കടന്ന ആദ്യ കുറേ ഭാഗം ഇരട്ടി പിടിച്ചു കൊട്ടുന്നത്. 

2. ഏതൊരു മേളത്തിന്റേയും അടിസ്ഥാന താളത്തിൽ തന്നെ ആ മേളം കൊട്ടി അവസാനിപ്പിക്കണം എന്ന ഒരു അലിഖിത നിയമം പാലിക്കുന്നുണ്ടല്ലോ. അങ്ങനെയെങ്കിൽ അടന്ത മേളത്തിൽ അടിസ്ഥാന താളം  ½ കണക്കിൽ വരുന്നതെങ്ങനെ?

3. നാലാം കാലത്തിലെ ഇടക്കലാശങ്ങൾ '8' അക്ഷരകാലത്തിൽ തീർക്കുന്ന പതിവ് രീതിക്ക് മാറ്റം വരുത്തിയിരിക്കുന്നതെന്തുകൊണ്ട്?

ഇങ്ങനെ ഒട്ടനവധി ചിന്തനീയമായ ചോദ്യങ്ങൾ അടന്ത മേളവുമായി ബന്ധപ്പെടുത്തി ഉന്നയിക്കാവുന്നതുണ്ട്.
കാരണം ഏതുമാണെങ്കിലും, ഈ മേളത്തിൽ മാത്രം അവലംബിച്ചിരിക്കുന്ന ഈ പ്രത്യേക രീതിയെക്കുറിച്ചു അന്വേഷണങ്ങൾ ഉണ്ടാവുകയാണെങ്കിൽ അത് വരും തലമുറയ്ക്ക് ഒരു പുതിയ അറിവായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

No comments:

Post a Comment