പവിഴമല്ലി
സുഗന്ധം പൊഴിക്കുന്ന പൂക്കളുള്ള പവിഴമല്ലിയെ രാത്രിമുല്ലയെന്നും വിളിക്കാറുണ്ട്. കേരളത്തിൽ മിക്കയിടങ്ങളിലും കാണുന്ന ചെറുവൃക്ഷമാണിത്. ഹൃദ്യമായ ഗന്ധമുള്ള ഇവയുടെ പുഷ്പങ്ങൾ രാത്രി വിരിയുകയും പുലർച്ചെ കൊഴിയുകയും ചെയ്യുന്നു.
ഇല പിഴിഞ്ഞെടുത്ത നീര് തേൻ ചേർത്ത് ദിവസേന രണ്ട് നേരം സേവിക്കുന്നത് മലേറിയ രോഗത്തെ ശമിപ്പിക്കും. പവിഴമല്ലിയുടെ തളിരില ഇടിച്ചുപിഴിഞ്ഞ നീര് ഇഞ്ചിനീരും ത്രികടുചൂർണ്ണവും ചേർത്ത് ദിവസേന മൂന്ന് നേരം സേവിക്കുന്നത് പനി, ചുമ, ശ്വാസകോശ രോഗങ്ങൾ എന്നിവയെ ഭേദപ്പെടുത്തും. തളിരില പിഴിഞ്ഞ നീര് അല്പം പഞ്ചസാര ചേർത്ത് നല്കുന്നത് കുട്ടികളിലെ വിരശല്യം കുറയ്ക്കാൻ സഹായകമാണ്. നടുവേദനയ്ക്കും നടുവിന് താഴേയ്ക്ക് അരിച്ചിറങ്ങുന്ന വേദനയ്ക്കും പവിഴമല്ലിയുടെ പച്ചില പുഴുങ്ങി കിഴിയിടുന്നതും ഇല കഷായം വച്ച് സേവിക്കുന്നതും ഫലപ്രദമാണ്. ഇല, വേര്, തൊലി എന്നിവ ചേർത്ത് ആയുർവേദവിധി പ്രകാരം തയ്യാറാക്കുന്ന കഷായം പ്ലീഹാവൃദ്ധിയ്ക്ക് ഔഷധമായി ഉപയോഗിക്കാറുണ്ട്. പവിഴമല്ലിയുടെ പച്ചയില അരച്ച് കനത്തിൽ വ്രണത്തിന് പുറമെ പുരട്ടിയാൽ വേഗം ഉണങ്ങും. വിത്ത്, ഇല, തൊലി എന്നിവ ത്വക്-രോഗങ്ങളുടെ ചികിത്സയിലും ഉപയോഗിച്ചുവരുന്നു.
No comments:
Post a Comment