ലഘുയോഗവാസിഷ്ഠം - 42
മുനിവ്യാധോപാഖ്യാനം
ഒരിക്കല്‍ ഒരു കാട്ടില്‍ വേട്ടയാടിക്കൊണ്ടിരുന്ന കാട്ടാളന്‍ തന്റെ ശരമേറ്റ മാനിന്റെ പിന്നാലെ ഓടുകയായിരുന്നു. കുറച്ചു ദൂരം ഓടിക്കഴിഞ്ഞപ്പോള്‍ മാന്‍ എവിടെയോ മറഞ്ഞുപോയി. അതിനെ അന്വേഷിച്ചു ബഹുദൂരം ഓടിയലഞ്ഞു വിവശനായി. അപ്പോഴാണു് അവന്‍ വഴിവക്കില്‍ ഒരു പര്‍ണ്ണശാലയും അതില്‍ ഇരിക്കുന്ന ഒരു മുനിയെയും കണ്ടതു്. അവന്‍ ഓടിച്ചെന്നു മുനിയോടു തന്റെ മാനെവിടെപ്പോയിയെന്നു വേഗത്തില്‍ പറഞ്ഞുതരാന്‍ ആവശ്യപ്പെട്ടു. അതുകേട്ട ആ മഹര്‍ഷി കാട്ടാളനെ നോക്കി ഇങ്ങനെ പറഞ്ഞു: കാട്ടില്‍ കഴിഞ്ഞു കൂടുന്ന ഞങ്ങള്‍ ബ്രഹ്മനിഷ്ഠന്മാരാണു്. ലോകവ്യവഹാരം ഞങ്ങള്‍ക്കില്ല. അതിനാസ്പദമായ മനസ്സുമില്ല. മനസ്സു് എന്നോ നശിച്ചുപോയിരിക്കുന്നു. അതുകാരണത്താല്‍ ജാഗ്രത്സ്വപ്നസുഷുപ്തികളാവുന്ന അവസ്ഥകളും ഞങ്ങള്‍ക്കില്ല. എപ്പോഴും തുരീയാവസ്തയില്‍ത്തന്നെ കഴിയുന്നവരാണു്. തുരീയത്തില്‍ ദൃശ്യമില്ല. പിന്നെ നിന്റെ മാനിനെ എങ്ങനെ കാണും? കാട്ടാളന്‍ അതുകേട്ടപ്പോള്‍ പറഞ്ഞതിന്റെ അര്‍ത്ഥമൊന്നും മനസ്സിലാവാതെ മുനി എന്തൊക്കെയോ പറയുന്നുവെന്നു കരുതി ഓടിപ്പോവുകയും ചെയ്തു.
ബുദ്ധിമാനായ ഹേ! രാമചന്ദ്ര! വാസ്തവത്തില്‍ മുന്‍ പറയപ്പെട്ട തുരീയാവസ്ഥമാത്രമാണു് സത്യമായിട്ടുള്ളതു്. ജാഗ്രദാദി അവസ്ഥകള്‍ ചിത്തത്തിന്റെ രൂപവിശേഷങ്ങള്‍ മാത്രമാണു്. അല്ലാതെ സത്യമായ അവസ്ഥകളല്ല. ഘോരമായ ചിത്തം ജാഗ്രത്തും, ശാന്തമായ ചിത്തം സ്വപ്നവും, ജഡമായ അതേ ചിത്തംതന്നെ സുഷുപ്തിയുമായിത്തീരുന്നു. അല്ലാതെ അവയൊന്നും അവസ്ഥകളേ അല്ല. പ്രസ്തുത മൂന്നു രൂപങ്ങളുമില്ലാതാവുമ്പോള്‍ മനസ്സുതന്നെ മൃതമായിത്തീരും.
അങ്ങനെ ചിത്തം മൃതതതമായിത്തീരുന്നുവെന്നതാണു് കൈവല്യപ്രാപ്തിക്കുള്ള സുഗമമാര്‍ഗ്ഗം. അതിനാല്‍ വിവേകികള്‍ സാഹസപ്പെട്ടും ചിത്തസ്വരൂപങ്ങളെ ലയിപ്പിച്ചും ശാന്തവും, സമവും, ശീതളവുമായ തുരീയത്തിങ്കല്‍ സുഖസ്ഥിതിയെച്ചെയ്യുന്നു. ഹേ! രാഘവാ, നിനക്കും ആ പരമപദത്തെ പ്രാപിച്ചനുഭവിക്കാം.
എല്ലാറ്റിന്റെയും ആത്യന്തികനിരാസം തന്നെയാണു് അദ്ധ്യാത്മശാസ്ത്രമെന്നു പറയപ്പെടുന്നതു്, അതില്‍ മായയോ ജഗത്തോ ഒന്നുമില്ല. എങ്ങും നിറഞ്ഞ അദ്വൈതമായ ചിദാകാശം മാത്രമാണുള്ളതു്. ബ്രഹ്മമെന്നും, ശൂന്യമെന്നും, വിജ്ഞാനമാത്രമെന്നും, ഈശ്വരനെന്നുമൊക്കെ അതിനെയാണു് പലരും വാദിക്കുന്നതു്. സങ്കല്പവികല്പങ്ങളെയും, അവയ്ക്ക് ഹേതുവായ വാസനകളെയും അകറ്റി, മനസ്സിനെ ലയിപ്പിച്ചു നീ അതായിത്തീരുന്നുവെങ്കില്‍ ഇപ്പോള്‍ തന്നെ മുക്തനാവും. എപ്പോഴും അന്തര്‍മ്മുഖനായി ലോകവ്യവഹാരത്തെ അറിയാതെ കല്ലുപോലെ ഇരിക്കുന്ന ഒരാള്‍ മുക്തനും സുഖിയുമാണു്. ചിദേകരസസ്വരൂപമായ അന്തര്യാമിയില്‍ ചിത്തം അലിഞ്ഞുചേരുമ്പോള്‍ ആ അവസ്ഥയ്ക്കു വിഷമമില്ല. സുഖദുഃഖങ്ങളെയോ അതിന്റെ മധ്യമാവസ്ഥയെയോപോലും ചിന്തിക്കാതെ എപ്പോഴും ചീദേകരസസ്വരൂപനായിരിക്കണം. ഇപ്രകാരമുള്ള പ്രയത്നംകൊണ്ടു കാലതാമസമെന്നിയേ മുക്തനായിത്തീരുകയും ചെയ്യും. മുക്തന്‍ പൂര്‍ണ്ണചന്ദ്രനെന്നപോലെ തനിക്കും, മറ്റുള്ളവര്‍ക്കും ആഹ്ലാദകാരിയും കുളുര്‍മ്മയേകുന്നവനുമാണു്.
ഇങ്ങനെ പതിനെട്ടു ദിവസം ഒരുപോലെ ശ്രീരാമചന്ദ്രനും വസിഷ്ഠമഹര്‍ഷിയും തമ്മിലുള്ള സംവേദല്വരൂപമായ ഈ വേദാന്തതത്ത്വപ്രതിപാദനം അയോദ്ധ്യയില്‍ വച്ചു നടക്കാനിടയായി. അതവസാനിച്ചപ്പോള്‍ ശ്രീരാമചന്ദ്രല്‍ എല്ലാവിധ സംസാരചിന്തകളെയും കേവലം വിട്ടു തിരയടങ്ങിയ കടലെന്നപോലെ നിശ്ചലനും പ്രശാന്തനുമായിത്തീര്‍ന്നു. അതുകണ്ട ദേവന്മാരും സിദ്ധന്മാരും കല്പവൃക്ഷപൂക്കള്‍ ധാരാളം വര്‍ഷിച്ചു നമ്രശിരസ്കരായിനിന്നു. അനന്തരം സമാധിയില്‍ നിന്നുണര്‍ന്ന ശ്രീരാമചന്ദ്രന്‍ തന്റെ ആചാര്യനായ വസിഷ്ഠമഹര്‍ഷിയെ വാഴ്ത്തി സ്തുതിച്ചു.
മഹാജ്ഞാന നിധിയും കരുണാമയനും സാക്ഷാല്‍ ഈശ്വരസ്വരൂപിയുമായ അവിടുത്തെ അനുഗ്രഹം കൊണ്ടു ഞാന്‍ ഭയാനകമായ സംസാരഗര്‍ത്തത്തില്‍നിന്നുദ്ധരിക്കപ്പെട്ടു. അല്ലെങ്കില്‍ അവിടുത്തെപ്പോലുള്ള ആചാര്യന്മാരുടെ അനുഗ്രഹത്തിനു പാത്രമായ ഏതൊരാളാണു് പിന്നെ സംസാരതാപത്തെ അനുഭവിക്കുന്നതു്? അങ്ങനെതന്നെ എത്രയൊക്കെ പഠിപ്പും തപസ്സും അറിവും എല്ലാമുണ്ടായാല്‍പ്പോലും ആചാര്യാനുഗ്രഹമില്ലാതെ ആര്‍ക്കാണു് സംസാരതാപത്തില്‍ നിന്നുയര്‍ന്നു് സ്വാത്മരൂപത്തെ പ്രാപിക്കാന്‍ കഴിഞ്ഞിട്ടുള്ളതു്? അതിനാല്‍ അവിടുത്തെ കാര്യപൂര്‍ണ്ണവുമായ അനുഗ്രഹവിശേഷത്താല്‍ ഇവന്‍ ഉദ്ധരിക്കപ്പെട്ടുവെന്നുള്ളതൊരത്ഭുതമല്ല. എന്നിങ്ങനെ ആചാര്യനെ സ്തുതിച്ചു നമസ്കരിച്ച ശ്രീരാമചന്ദ്രനു് അവരുടെ സംഭാഷണത്തെ കേള്‍ക്കാന്‍വേണ്ടി ആകാശത്തുവന്നു നിന്നിരുന്ന ദേവന്മാരെയും സിദ്ധന്മാരെയും വസിഷ്ഠമഹര്‍ഷി കാണിച്ചുകൊടുത്തു. ഭക്തിപൂര്‍വ്വം അവരെ പ്രണമിച്ച ശ്രീരാമചന്ദ്രനെ അവരനുഗ്രഹിക്കുകയും അമൃതത്തെക്കാള്‍ ശ്രേഷ്ഠമായ വേദാന്തതത്ത്വപ്രതിപാദനത്തെ കേള്‍ക്കാന്‍ സൗകര്യമുണ്ടാക്കിത്തന്നതിനു പ്രത്യേകം നന്ദിപറയുകയും ചെയ്തു. ത്രൈലോക്യനാഥനായ ശ്രീനാരായണന്‍ ഇപ്രകാരം അയോദ്ധ്യയില്‍ ദശരഥപുത്രനായവതരിച്ചു ജനങ്ങള്‍ക്കു സംസാരനിവൃത്തിക്കുള്ള മാര്‍ഗ്ഗത്തെ കാണിച്ചുകൊടുത്തു് സ്വയം മുക്തനായി. പിന്നീടു വിദേഹരാജാവെന്നപോലെ പരമനിസ്സംഗനായി രാജ്യകാര്യങ്ങളെ നോക്കിവന്നു. സല്‍ഗുണസമ്പന്നനും സുകൃതിയും ജിജ്ഞാസുവും ഈശ്വരഭക്തനുമായ ശിഷ്യനു് ഈ ശാസ്ത്രത്തെ പറഞ്ഞുകൊടുക്കണം. അല്ലാത്തവര്‍ക്കു കൊടുത്തതു കൊണ്ടു് വിശേഷിച്ചു പ്രയോജനമൊന്നുമില്ല. അതിനാല്‍ അങ്ങനെയുള്ളവര്‍ക്കു കൊടുക്കാതിരിക്കുന്നതാണു് നല്ലതു്. മുന്‍പറഞ്ഞ ഗുണങ്ങള്‍ക്കു വിപരീതധര്‍മ്മങ്ങളുള്ളാള്‍ക്കു കൊടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. എന്തുകൊണ്ടെന്നാല്‍ അവര്‍ക്കു പ്രയോജനമില്ലെന്നുമാത്രമല്ല, വിപരീതഫലമുണ്ടാവുകയും ചെയ്യും.
എന്നിങ്ങനെ പറഞ്ഞവസാനിപ്പിച്ച വാത്മീകിമഹര്‍ഷിയോടു ഭരദ്വാജന്‍ ചോദിക്കയാണു്. ഭഗവാനെ, ശ്രീരാമചന്ദ്രനു വസിഷ്ഠമഹര്‍ഷിപറഞ്ഞുകൊടുത്ത വേദാന്തസാരത്തെ മുഴുവന്‍ അങ്ങെനിക്കു പറഞ്ഞുതന്നു. എന്നാല്‍ രാമചന്ദ്രന്‍ മുക്തനായതുപോലെ എന്നെപോലുള്ള പ്രാകൃതന്മാര്‍ മുക്തരാവില്ലല്ലോ. അതിനുള്ള മാര്‍ഗ്ഗത്തെക്കൂടി ഉപദേശിക്കണമെന്നപേക്ഷിച്ചപ്പോള്‍ അനുഷ്ഠാനപ്രകാരത്തെ ഉപദേശിച്ചുകൊടുക്കുകയും ചെയ്തു.
ഓം തത് സത്
സമാപ്തം
No comments:
Post a Comment