ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

7 July 2020

ലഘുയോഗവാസിഷ്ഠം - 05

ലഘുയോഗവാസിഷ്ഠം - 05

സൂച്യുപാഖ്യാനം

വസിഷ്ഠമഹര്‍ഷി പറയുകയാണ്. ദൃശ്യപ്രതീതിയാണ് ബന്ധമെന്നു പറഞ്ഞാല്‍ തെറ്റില്ല. ചിത്തത്തില്‍ ദൃശ്യസ്ഫുരണമില്ലാതായിത്തീര്‍ന്ന മഹാന്‍ മുക്തനാണെന്നുതന്നെ പറയ‍ാം. വാസ്തവത്തില്‍ ദൃശ്യമെന്നതു ചിത്തവിഭ്രാന്തിയല്ലാതെ മറ്റെന്താണ്! പരമാര്‍ത്ഥവസ്തുവിന്റെ ബോധംകൊണ്ടു ചിത്തവിഭ്രമം നീങ്ങിയ ഒരാളുടെ ദൃഷ്ടിയില്‍ യാതൊരു ദൃശ്യവുമില്ല. ദൃശ്യദോഷം നീങ്ങി പരമാര്‍ത്ഥവസ്തുസ്വരൂപം പ്രകാശിക്കാന്‍ ഏറ്റവും പറ്റിയതാണ് ഇതിനുമുമ്പുപറഞ്ഞ ലീലോപാഖ്യാനം. അതിനെ വേണ്ടപോലെ നിരൂപിച്ച് ജഗല്‍ഭ്രമത്തെ നീക്കിയവന്‍ സമാധാനചിത്തനും ചരിതാര്‍ത്ഥനുമായിത്തീരും.

അപരിച്ഛിന്നവും സച്ചിദാനന്ദവും സത്താമാത്രവുമായ ബ്രഹ്മം എങ്ങും വിളങ്ങുന്നു. പക്ഷേ വാക്കിനും മനസ്സിന്നും അതീതമാണെന്ന കാരണത്താല്‍ അതിന്നപ്രകാരത്തിലുള്ളതാണെന്ന് അറിഞ്ഞവര്‍ക്കും പറയാന്‍ വിഷമംതന്നെ. പ്രസ്തുത ബ്രഹ്മം തന്നെയാണ് ജീവനായിരിക്കുന്നത്. ബ്രഹ്മത്തിന്റെ സ്ഫുരണത്തെയാണ് ജീവനെന്നു പറയുന്നത്. അതേ ജീവന്‍തന്നെയാണ് സങ്കല്പംകൊണ്ട് അഹങ്കാരമായിത്തീര്‍ന്നത്. പ്രസ്തുത അഹങ്കാരം സങ്കല്പസ്വരൂപമായിട്ടാണ് ചിത്തം അല്ലെങ്കില്‍ മനസ്സായിത്തീര്‍ന്നത്. ആ മനസ്സിനെത്തന്നെയാണ് മായ, പ്രകൃതി എന്നൊക്കെ പറയുന്നത്. പ്രസ്തുത മനസ്സാണ് പിന്നെ സങ്കല്പംകൊണ്ടു ജഗത്തിനെയുണ്ടാക്കുന്നത്. മനസ്സിന്റെ നാനാമുഖങ്ങളായ സങ്കല്പങ്ങള്‍ അല്ലെങ്കില്‍ വൃത്തിജ്ഞാനങ്ങള്‍ ഹേതുവായിട്ട് ആത്മാവിനെ – ബ്രഹ്മത്തെ – തന്നെയാണ് ജഗത്തായി കാണുന്നത്. അപ്പോള്‍ കുറ്റിയെ പുരുഷനായി കാണുംപോലെ ബ്രഹ്മത്തെ ജഗത്തായി കാണലല്ലാതെ ജഗത്തെന്നൊരു വസ്തു എവിടെയാണുണ്ടായത്? മനസ്സിന്റെ ദൃഢതകൊണ്ട് ഒരു ദീര്‍ഘസ്വപ്നാകാരമായിരിക്കുന്നു ജഗത്തെന്നല്ലാതെ മറ്റെന്താണ്? മനസ്സടങ്ങിയാല്‍ മനോമയമായ സ്വപ്നമില്ലാതാവുന്നതുപോലെ, ജഗത്തും ഇല്ലാതാവുകതന്നെ ചെയ്യും. ആത്മാവിനും ജീവനും തമ്മിലോ, ജീവനും മനസ്സിനും തമ്മിലോ, മനസ്സിനും ജഗത്തിനും തമ്മിലോ യാതൊരു ഭേദവുമില്ല. ആസ്ഥിതിക്ക് അദ്വൈതബ്രഹ്മമൊഴിച്ചു മറ്റെന്താണുണ്ടായിട്ടുള്ളത്? ഈ പരമാര്‍ത്ഥത്തെ വ്യക്തമാക്കുന്ന ഒരു ഇതിഹാസവും പറയാമെന്നു പറഞ്ഞുകൊണ്ടാണ് കഥയിലേയ്ക്കു പ്രവേശിക്കുന്നത്.

പണ്ടൊരു കാലത്ത് ഹിമാലയപര്‍വ്വതത്തിന്റെ വടക്കേസാനുവില്‍ ‘കര്‍ക്കടി‘യെന്നു പ്രസിദ്ധയായൊരു രാക്ഷസിയുണ്ടായിരുന്നു. ഹിമവാനോടുരുമ്മിക്കൊണ്ടു ചെറിയൊരു അഞ്ജനപര്‍വ്വതം നില്കയാണോ എന്നു തോന്നും അവളുടെ ശരീരം കണ്ടാല്‍. ആകൃതികൊണ്ടും പ്രകൃതികൊണ്ടും അവള്‍ അതിഭയങ്കരിയായിരുന്നുവെന്നു പറഞ്ഞാല്‍ ചുരുക്കവിവരണമായി. ശരീരം വളരെ വലുതായതിനാല്‍ അതിനനുസരിച്ച് ജഠരാഗ്നി അവളെ പീഡിപ്പിച്ചുകൊണ്ടിരുന്നു. എന്തൊക്കെകിട്ടിയാലും എത്രയൊക്കെ തിന്നാലും അവള്‍ക്കു വിശപ്പടങ്ങുകയേയില്ല. ആഹാരക്ഷാമംകൊണ്ടു മുട്ടി കര്‍ക്കടി. വയറുനിറയെ ആഹാരം കഴിച്ചാല്‍ കൊള്ളാമെന്ന ഒരാഗ്രഹം മാത്രമേ അവള്‍ക്കുള്ളു. അത്രമാത്രം ക്ഷുല്‍ബാധ അവളെ പീഡിപിച്ചുകൊണ്ടിരുന്നു. ഭൂമയിലുള്ള സര്‍വ്വ ജീവികളെയും തിന്നാല്‍ തന്റെ വിശപ്പുമാറുമെന്നു തോന്നിയെങ്കിലും അതിനുള്ള സാഹചര്യമില്ലായ്മ അവളെ വിഷമിപ്പിച്ചു. എല്ലാ ജീവികളേയും ലാക്കില്‍ ചെന്നു ബാധിച്ച് ആഹരിക്കാന്‍ പറ്റുന്ന മാര്‍ഗ്ഗമെന്താണെന്നവള്‍ വളരെ കിണഞ്ഞാലോചിച്ചു. അവസാനം ഒരു യുക്തി തോന്നുകയും ചെയ്തു. ഇരുമ്പല്ലെങ്കിലും ഇരുമ്പുകൊണ്ടുണ്ടാക്കിയതുപോലുള്ള ഒരു സൂചിയുടെ ആകൃതിയായിത്തീര്‍ന്നു. ജീവികളറിയാതെ അവരുടെ അകത്തു കടന്നുകൂടി രക്തമ‍ാംസാദികളെ ആഹരിക്കണം. അങ്ങനെ എല്ലാ ജീവികളെയും ആഹരിക്കാന്‍ കഴിഞ്ഞാല്‍ വിശപ്പും മാറും. ഇതാണ് രാക്ഷസി കണ്ടുപിടിച്ച യുക്തി.

പക്ഷേ അതു സാധിക്കാനുള്ള കഴിവുവേണ്ടേ? അതില്ല. പിന്നെ യുക്തികൊണ്ടെന്തു കാര്യം? കഴിവുണ്ടായിത്തീരാന്‍വേണ്ടി തപസ്സുചെയ്യാന്‍ തീര്‍ച്ചപ്പെടുത്തി. അധികം താമസിയാതെ അത്യന്തവിജനവും ഭയങ്കരവുമായ ഒരു കൊടുംകാട്ടിനുള്ളില്‍ കടന്ന് അവള്‍ തന്റെ അഭീഷ്ടപ്രാപ്തിക്കുവേണ്ടി ഉഗ്രമായ തപസ്സുചെയ്യാനാരംഭിച്ചു. അങ്ങനെ ആയിരം കൊല്ലങ്ങള്‍ കഠിനതപം ചെയ്തു. കരുണാമയനായ ബ്രഹ്മദേവന്‍ കര്‍ക്കടിയെ അനുഗ്രഹിക്കാന്‍വേണ്ടി അവളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.

നീചന്മാരായാലും കഠിനമായ തപസ്സു ചെയ്താല്‍ ഫലം കിട്ടാതെ വയ്യല്ലോ. അതാണ് ബ്രഹ്മദേവന്‍ പ്രത്യക്ഷപ്പെട്ടത്. കര്‍ക്കടി വളരെ ഭക്തിയോടുകൂടി ബ്രഹ്മദേവനെ സ്തുതിച്ച് നമസ്ക്കരിച്ചതിനുശേഷം തന്റെ അഭീഷ്ടത്തെ അറിയിച്ചു. എല്ലാ ജീവികളെയും ഭക്ഷിക്കാവുന്ന ഒരു ജീവസൂചിയാവണം താനെന്നാണ് കര്‍ക്കടിയുടെ അപേക്ഷ. അങ്ങനെ സംഭവിക്കുമെന്നു ബ്രഹ്മദേവന്‍ അനുഗ്രഹിക്കുകയും ചെയ്തു. എങ്കിലും പിന്നീടതിനെ ഒന്നുകൂടെ വിവരിച്ചു പറയുകയും ചെയ്തു. മൂര്‍ഖന്മാരേയും ദൂരാരംഭന്മാരേയും ചീത്തഭക്ഷണം കഴിക്കുന്നവരേയും അതിഭക്ഷണം കഴിക്കുന്നവരേയും അവരുടെ പ്രാണവായുവില്‍ക്കൂടെ ബാധിച്ചു പ്ലീഹ തുടങ്ങിയ അവയവങ്ങളെ ദുഷിപ്പിച്ചു വാതാവികാരമായ വിഷൂചികയായിത്തീരുമെന്നാണ് വിവരണം. കര്‍ക്കടിക്കു സാമാന്യം സന്തോഷമായി. എങ്കിലും കുറച്ചുകൂടി പറഞ്ഞു ബ്രഹ്മദേവന്‍. എന്നാല്‍ നീ സജ്ജനങ്ങളെയും ദുര്‍ജ്ജനങ്ങളേയും ഒരുപോലെ ബാധിക്കും. സജ്ജനങ്ങള്‍ നശിക്കുന്നതു ലോകത്തിന് ഹിതമില്ല. അതുകൊണ്ടു സജ്ജനങ്ങളെ ബാധിച്ചാല്‍ ചികിത്സിക്കാന്‍ ഒരു മന്ത്രവും പറഞ്ഞുകൊടുത്തിട്ട് ബ്രഹ്മദേവന്‍ അപ്രത്യക്ഷനാവുകയും ചെയ്തു.

ബ്രഹ്മദേവന്റെ അനുഗ്രഹപ്രകാരം കര്‍ക്കടി അത്യന്തസ്ഥൂലമായ ശരീരത്തെ വിട്ട് ഏറ്റവും സൂക്ഷമമായ സൂചികയായിത്തീരുകയും ചെയ്തു. ജീവികളില്‍ വാതസൂചികയും വിഷൂചികകയുമാകുന്ന രണ്ടു രൂപത്തില്‍ പ്രവേശിച്ച് നിര്‍ദ്ദയം അവരെ കൊന്നൊടുക്കാനും തുടങ്ങി. അങ്ങനെ എല്ലാദിക്കിലും ചുറ്റിസ്സഞ്ചരിച്ചു കണക്കില്ലാതെ ജീവകോടികളെ കൊന്നുമുടിക്കാന്‍ തുടങ്ങി. അങ്ങനെ വളരെക്കാലം കഴിഞ്ഞു. വളരെക്കാലം അനേക ജീവികോടികളെ കൊന്നുമുടിച്ചു കഴിഞ്ഞപ്പോള്‍ കര്‍ക്കടിക്ക് ആ തൊഴിലില്‍ വെറുപ്പുതോന്നി.

സൂചിപോലുള്ള തന്റെ ഏറ്റവും ചെറിയ ശരീരം നിറയ്ക്കാന്‍ ഒരുതുള്ളി രക്തംതന്നെ ധാരാളമാണ്. എന്നിട്ടും താനെന്തിനാണിങ്ങനെ കണക്കില്ലാതെ ജീവികളെക്കൊല്ലുന്നത്? ഒരുകാലത്തു ശരീരം വളരെ വലുതായിരുന്നു. അന്ന് ആഹാരവും ധാരാളം ആവശ്യമായിരുന്നു എന്നാല്‍ ഇന്നാണെങ്കില്‍ അങ്ങനെയല്ല: വളരെ ചെറിയ ശരീരമാണ്. ആഹാരം തന്നെ കുറച്ചേ ആവശ്യമുള്ളു, ആഹാരം ധാരാളം വേണ്ടിവന്നിരുന്ന കാലത്ത് അതു വേണ്ടത്ര കിട്ടിയില്ല. ഇപ്പോള്‍ ധാരാളം കിട്ടുന്നുണ്ട്. പക്ഷെ കഴിക്കാന്‍ വയ്യ.

ഏതായാലും ജീവികളെ ഇങ്ങനെ കൊല്ലുന്നതു ശരിയല്ല. പ്രാണഭയം എല്ലാവര്‍ക്കും അസഹ്യമായ ഒന്നാണ്. അതുകൊണ്ട് ഇനി ജീവഹിംസയെ നിര്‍ത്തി തപസ്സുചെയ്യാമെന്നു തീര്‍ച്ചപ്പെടുത്തി ഹിമാലയത്തിന്റെ ഒരു കൊടുമുടിയുടെ കീഴില്‍ ചെന്നിരുന്ന് തപസ്സുചെയ്യാനാരംഭിച്ചു. പ്രത്യേകിച്ചു യാതൊരുദ്ദേശവുമില്ലാതെ ആത്മശുദ്ധിയെമാത്രം ലക്ഷ്യമാക്കി ചെയ്യുന്ന തപസ്സായതുകൊണ്ടു കുറെക്കാലം അങ്ങനെ തപം ചെയ്തപ്പോഴേയ്ക്കു കര്‍ക്കടിയുടെ എല്ലാ കല്‍മഷങ്ങളും നീങ്ങി പരിശുദ്ധയായി. ദൃശ്യഭ്രമം മിക്കവാറും നീങ്ങി അവളില്‍ ആത്മഭാവം പ്രകാശിക്കാന്‍ തുടങ്ങി. ആ സമയത്ത് ബ്രഹ്മദേവന്‍ വീണ്ടും പ്രത്യക്ഷപ്പെട്ട് അവള്‍ക്കു ദര്‍ശനം കൊടുത്തു

“മംഗളസ്വരൂപിണിയായ കര്‍ക്കടി! ചിരകാലത്തെ കഠിനമായ തപസ്സുകൊണ്ട് നിന്റെ കല്മഷങ്ങളെല്ല‍ാം അകന്നുകഴിഞ്ഞിരിക്കുന്നു; മാത്രമല്ല, നീ ജീവന്മുക്തയായി. അതുകൊണ്ടു ഇനി തപസ്സുനിര്‍ത്ത‍ാം. നിന്റെ പണ്ടത്തെ ശരീരത്തെത്തന്നെ സ്വീകരിച്ചു ദുഷ്ടന്മാരായ ജനങ്ങളെ ഭക്ഷിച്ചു കാലം കഴിച്ചോളു” എന്നു പറഞ്ഞു മറയുകയും ചെയ്തു. ബ്രഹ്മാദേവന്‍ അന്തര്‍ദ്ധാനം ചെയ്തശേഷം കര്‍ക്കടി ബ്രഹ്മദ്ധ്യാനത്തോടുകൂടി പിന്നെയും ചിരകാലം സമാധിയില്‍തന്നെ കഴിച്ചുകൂട്ടി. അനന്തരം ഒരിക്കല്‍ സമാധിയില്‍ നിന്നുണര്‍ന്നു ചിത്തസ്പന്ദനത്തോടുകൂടിയിരിക്കുമ്പോള്‍ വിശപ്പിന്റെ ഓര്‍മ്മവന്നു. ദുഷ്ടജനങ്ങളെയാണല്ലോ എനിക്കാഹാരമായി തന്നിരിക്കുന്നത്. അതുകൊണ്ട് അവരെ അന്വേഷിച്ചു പിടിക്കാമെന്നു കരുതി പര്‍വ്വതത്തില്‍ നിന്നു താഴോട്ടിറങ്ങി കാട്ടാളന്മാര്‍ താമസിക്കുന്ന മൈതാനപ്രദേശത്തുവന്ന് ഒരു കൊടുകാട്ടില്‍ ഒളിച്ചിരുന്നു.

നേരം രാത്രിയായി. ഘോരമായ കൂരിരുട്ട് ആ കാട്ടില്‍ മുഴുവന്‍ പരന്ന് ഒന്നും തിരിച്ചറിയാന്‍ വയ്യാതാക്കി. ആ സമയത്തു പ്രതാപശാലിയായ ഒരു രാജാവും ഒരു മന്ത്രിയും കൂടി രാത്രിയില്‍ വീരചര്യയ്ക്കിറങ്ങിയതായിരുന്നു. അവര്‍ വേതാളങ്ങളെ കാണാന്‍വേണ്ടിയോ എന്നു തോന്നുമാറ് ആ വനാന്തര്‍ഭാഗത്തും വന്നുചേര്‍ന്നു. കര്‍ക്കടിക്ക് അവരെക്കണ്ടപ്പോള്‍ അവര്‍ ഗുണവാന്മാരായ സജ്ജനങ്ങളാവാന്‍ വഴിയില്ലെന്നും മനോജയം സാധിച്ചിട്ടില്ലാത്ത മൂഢന്മാരാവാനേ വഴിയുള്ളൂവെന്നും തോന്നി. അങ്ങനെയാണെങ്കില്‍ അവരെ കൊന്നുതിന്നുന്നതു നല്ലതാണെന്നും അവള്‍ക്കുതോന്നി. ഏതായാലും പരീക്ഷിച്ചു നോക്കീട്ടുമതി. ബ്രഹ്മാണ്ഡം മുഴുവന്‍ ഞെട്ടുമാറു ഭയങ്കരമായൊരു അട്ടഹാസം ചെയ്തു. ആ അട്ടഹാസശബ്ദം കേട്ടാല്‍ത്തന്നെ ആരും ഭയപ്പെടാതിരിക്കാന്‍ വയ്യെന്നാണെങ്കിലും പ്രസ്തുതരാജാവും മന്ത്രിയും ഭയപ്പെട്ടതായി കണ്ടില്ല. അപ്പോള്‍ത്തന്നെ രാക്ഷസിക്കു സംശയമായി. എങ്കിലും തികച്ചും ബോദ്ധ്യം വരുത്തണമെന്നു കരുതി അവള്‍ “ഭീരുക്കളായ മനുഷ്യകീടങ്ങളേ! നിങ്ങള്‍ മൃത്യുവിന്റെ വായിലാണെത്തിച്ചേര്‍ന്നത്. എനിക്കു നിങ്ങളാഹാരമായിത്തീരാന്‍ പോവുന്നു”വെന്നു പറയുകയും ചെയ്തു. അതു കേട്ടപ്പോഴും അവര്‍ ഭയപ്പെട്ടില്ല.

രാജാവാണതിനു മറുപടി പറഞ്ഞ്. “നീ ഭൂതമോ പിശാചോ എന്തായാലും ഞങ്ങള്‍ക്കു കാണത്തക്ക നിലയില്‍ വന്നു നില്ക്കൂ. അല്ലാതെ വണ്ടുമൂളുംപോലുള്ള നിന്റെ ശബ്ദം കേട്ടിട്ടാരെങ്കിലും പേടിക്കാന്‍ പോവുന്നില്ല” എന്ന്. അതു കേട്ടപ്പോഴും കര്‍ക്കടിക്കവരെപ്പറ്റിയുള്ള മതിപ്പൊന്നുകൂടി ബലപ്പെട്ടു. ഭയങ്കരമായ അഞ്ജനപര്‍വ്വതം പോലുള്ള തന്റെ സ്വൂരൂപത്തെ അവര്‍ കാണത്തക്ക നിലയില്‍ വന്നുനിന്ന് ഇടിമിന്നല്‍ പോലുള്ള തന്റെ ദംഷ്ട്രകളെ പുറത്തുകാട്ടി ബീഭത്സമായൊന്നു പൊട്ടിച്ചിരിക്കുകയും ചെയ്തു.

അപ്പോള്‍ മന്ത്രിയാണ് പറഞ്ഞത്. “നിന്റെ ഈ ദുരാരംഭം നിനക്കു നല്ലതല്ല. നിന്നെപ്പോലെ അനേകം രാക്ഷസികള്‍ ഒന്നിച്ചു വന്നാലും ഒരു ഈച്ചയുടെ ബാധയേക്കാള്‍ വലിയതായി ഞങ്ങള്‍ക്കു തോന്നുന്നില്ല. അതുകൊണ്ടു കളങ്കം വിട്ടു നേരെ ഞങ്ങളെ സമീപിക്കുന്ന പക്ഷം നിന്റെ ആഗ്രഹം സാധിക്കും. യാചിക്കുന്നവരെ ഞങ്ങള്‍ മടക്കാറില്ല. എതിര്‍ക്കുന്നവരെ വിടാറുമില്ല” എന്ന്. കര്‍ക്കടിക്ക് അതുകേട്ടപ്പോള്‍ വളരെ ആശ്ചര്യമുണ്ടായി. ഇത്രയും ധൈര്യമുള്ള ഒരാളേയും താനിതുവരെ കണ്ടിട്ടില്ല. അതിനാല്‍ ഇവരാരാണെന്നിയണമെന്നു കരുതി “നിങ്ങള്‍ ആരാണെന്നു പറയണം” എന്നാവശ്യപ്പെട്ടു. അപ്രദേശത്തുള്ള വേടന്മാരുടെ രാജാവാണ് അദ്ദേഹമെന്നും താന്‍ അദ്ദേഹത്തിന്റെ മന്ത്രിയാണെന്നും മന്ത്രി തന്നെതാണ് മറുപടി പറഞ്ഞത്. “ശരി! നിങ്ങളാരായാലും രാക്ഷസിയായ എന്റെ മുമ്പില്‍ എത്തപ്പെട്ടുകഴിഞ്ഞു. ഇനി രക്ഷപ്പെടാന്‍ അധികം മാര്‍ഗ്ഗങ്ങളൊന്നുമില്ല. എങ്കിലും ഒരു മാര്‍ഗ്ഗമുണ്ട്. ഞാന്‍ ചില ചോദ്യങ്ങള്‍ ചോദിക്ക‍ാം. അതിന് ശരിയായ മറുപടി പറയുന്നപക്ഷം നിങ്ങള്‍ക്കു മടങ്ങിപ്പോവ‍ാം. അല്ലെങ്കില്‍ എനിക്ക് ആഹാരമായിത്തീരുമെന്നുമായി” കര്‍ക്കടി. ചോദ്യങ്ങള്‍ കേള്‍ക്കട്ടെ എന്നു പറഞ്ഞു രാജാവു്.

ബുദ്ധിമാന്മാരായ അവരെ ആശ്ചര്യപ്പെടുത്തുമാറു പത്തുചോദ്യങ്ങള്‍ ചോദിച്ചു കര്‍ക്കടി.

01- സമുദ്രത്തില്‍ കുമിളകളെന്നപോലെ ഏതൊരണുവിന്റെ ഉള്ളിലാണ് അനന്തകോടി ബ്രഹ്മാണ്ഡങ്ങളുണ്ടായി നിലനിന്നു വിലയം പ്രാപിക്കുന്നത്?

02- ആകാശമല്ലാത്ത ആകാശം ഏതാണ്?

03- ഒന്നുമല്ലാത്ത വസ്തു ഏതാണ്?

04- ഏതൊന്നാണ് പോയാലും പോവാത്തതായിട്ടിരിക്കുന്നത്?

05- ഏതൊന്നാണ് എല്ലാറ്റിനേയും കാണാതെ കാണുന്നത്?

06- ചേതനാസ്വരൂപമാണെങ്കിലും ഏതൊന്നു കല്ലുപോലിരിക്കുന്നു?

07- ആകാശത്തില്‍ ചിത്രമെഴുതുന്നതാരാണ്?

08- വിത്തില്‍ വൃക്ഷമെന്നപോലെ ഏതൊരണുവില്‍ ജഗത്തെല്ല‍ാം ബീജാകാരേണ അടങ്ങിയിരിക്കുന്നു?

09- തിരനുര മുതലായവ സമുദ്രത്തില്‍ നിന്നു വേറയല്ലാത്തതുപോലെ എല്ലാ വസ്തുക്കളും ഏതൊന്നില്‍ നിന്നാണ് വേറെയല്ലാതിരിക്കുന്നത്?

10- ദ്വൈതംപോലും ഏതൊരു മഹാസമുദ്രത്തില്‍ നിന്നാണ് വേറെയല്ലാതിരിക്കുന്നത്?

ഇവയാണ് കര്‍ക്കിടിയുടെ പത്തു ചോദ്യങ്ങള്‍. ഈ ചോദ്യങ്ങള്‍ക്കു ഭംഗിയായിട്ടു മറുപടി പറയാന്‍ സാധിക്കാത്തപക്ഷം നിങ്ങള്‍ രണ്ടുപേരുമെനിക്ക് ആഹാരമായിത്തീരുമെന്ന് അവള്‍ പറയുകയും ചെയ്തു.

കേവലം ഒരു രാക്ഷസിയായ കര്‍ക്കടിയില്‍ നിന്ന് ഇത്രയും ഗഹനങ്ങളായ ചോദ്യങ്ങള്‍ കേട്ടപ്പോള്‍ അവര്‍ ആശ്ചര്യപ്പെട്ടു മറുപടിപറയാന്‍ തുടങ്ങുകയും ചെയ്തു. മന്ത്രിതന്നെയാണ് മറുപടി പറഞ്ഞത്. ബ്രഹ്മജ്ഞാനികള്‍ക്കുമാത്രം അറിയത്തക്കവയാണ് നിന്റെ ചോദ്യങ്ങളെല്ല‍ാം. പരമാത്മാവിനെപ്പറ്റിയാണ് നീ ചോദിച്ചത്. എങ്കിലും മറുപടി പറയ‍ാം എന്നു പറഞ്ഞുകൊണ്ടാണ് മന്ത്രി ഓരോ ചോദ്യത്തിനും വഴിക്കുവഴിയായി മറുപടി പറയാനാരംഭിച്ചത്.

01- മനസ്സു തുടങ്ങിയ ആറിന്ദ്രിയങ്ങള്‍ക്കും വേദ്യമല്ല പരമാത്മാവെന്ന കാരണത്താല്‍ പരമാണുതന്നെ. അതിലാണ് സംഖ്യാതീതങ്ങളായ ബ്രഹ്മാണ്ഡങ്ങള്‍ ഉണ്ടാവുകയും നിലനില്ക്കുകയും ലയിക്കുകയും ചെയ്യുന്നത്.

02- ബഹിര്‍ഭാഗം, അന്തര്‍ഭാഗം എന്ന ഭേദമില്ലാത്തിനാല്‍ പരമാത്മാവ് ആകാശം തന്നെ. എന്നാല്‍ ഭൂതാകാശം പോലെ ജഡമൊട്ടല്ലതാനും. അതിനാല്‍ ആകാശമല്ലാത്ത ആകാശമെന്നു പറയുന്നതും പരമാത്മാവിനെത്തന്നെ.

03- ഇന്നതെന്നു വ്യക്തമായി ചൂണ്ടിക്കാണിക്കാന്‍ കഴിയാത്തതുകൊണ്ട് ഒന്നുമല്ലാത്ത വസ്തുവും പരമാത്മാവുതന്നെ.

04- സത്താമാത്രവും ചേതനാത്മകവുമായ ബ്രഹ്മം എങ്ങും നിറഞ്ഞിരിക്കയാല്‍, പോയും പോവാത്തതായിട്ടിരിക്കുന്നു.

05- ചേതനാത്മകമാകയാല്‍ എല്ലാറ്റിനേയും കാണുന്നതും ദൃഗാദി ഇന്ദ്രിയങ്ങളില്ലാത്തതിനാല്‍ കാണല്‍ തുടങ്ങിയ വ്യാപാരങ്ങളില്ലാത്തതുമാണ് പരമാത്മാവെന്ന കാരണത്താല്‍ എല്ലാറ്റിനെയും കാണാതെ കാണുന്നു എന്നു പറയുന്നതും യുക്തം തന്നെ.

06- ചേതനാസ്വരൂപമാണെങ്കിലും തന്നില്‍നിന്ന് അന്യമായി മറ്റൊന്നില്ലാത്തതിനാല്‍ അറിയുക എന്നൊന്നില്ലാത്തതുകൊണ്ടു പരമാത്മാവ് കല്ലുപോലെത്തന്നെ.

07- ചിദാകാശസ്വരൂപമായ തന്നില്‍ താന്‍തന്നെയാണ് ജഗച്ചിത്രങ്ങളെ എഴുതുന്നത്.

08- ദൃശഷ്ടമായ ഈ ലോകം മുഴുവന്‍ ബ്രഹ്മത്തില്‍ നിന്നുണ്ടായതാകയാല്‍ വിത്തില്‍ വൃക്ഷമെന്നപോലെ ബ്രഹ്മത്തില്‍ ജഗജ്ജ്വാലങ്ങള്‍ ബീജാകാരേണ ലയിച്ചിരിക്കുന്നു.

09- എല്ല‍ാംതത്ഭവമാണെന്ന കാരണത്താല്‍ ഒന്നും പരമാത്മാവില്‍ നിന്നു വേറെയല്ല.

10- അദ്വൈതംപോലും പരമാത്മാവില്‍ നിന്നു വേറെയല്ല.

എന്നിങ്ങനെയുള്ള മന്ത്രിയുടെ മറുപടിയെ കേട്ട രാക്ഷസി വളരെ സന്തോഷിച്ചു. തന്റെ ചോദ്യങ്ങള്‍ക്കു തക്കതായ ഉത്തരങ്ങളാണ് പറഞ്ഞതെന്നവള്‍ സമ്മതിക്കുകയും ചെയ്തു. എങ്കിലും മന്ത്രി മാത്രമല്ലേ പറഞ്ഞുള്ളൂ; രാജാവുകൂടി പറയട്ടെ എന്നായി കര്‍ക്കടി. അപ്പോള്‍ രാജാവും പറഞ്ഞു. മന്ത്രി പറഞ്ഞ അതേ വേദാന്ദര്‍ത്ഥങ്ങളെത്തന്നെ രാജാവും പ്രകാരാന്തരേണ പറഞ്ഞു ബോദ്ധ്യപ്പെടുത്തി. രാക്ഷസിക്കു വളരെ സന്തോഷമായി. രാജാവും മന്ത്രിയും രണ്ടുപേരും വിവേകികളും ജ്ഞാനസമ്പന്നന്മാരുമാണെന്നു ബോദ്ധ്യമാവുകയും ചെയ്തു. അനന്തരം അവരെ സ്തുതിച്ച് തന്നോടാവശ്യമുള്ള വരം വരിക്കാന്‍ പറഞ്ഞു. ഇനി മേലില്‍ ജന്തുക്കളെ ഹിംസിക്കരുതെന്നാണ് രാജാവ് വരിച്ച വരം. ഇല്ല, ഇനി മേലില്‍ ഒരു ജീവിയേയും ഹിംസിക്കില്ലെന്നവള്‍ പ്രതിജ്ഞയും ചെയ്തു. അതുകേട്ടപ്പോള്‍ എന്റെ ഇഷ്ടത്തിനുവേണ്ടി നീ ഇങ്ങനെ പ്രതിജ്ഞചെയ്തു. ജന്തുഹിംസയെ കേവലം നിര്‍ത്തിയാല്‍ മ‍ാംസംമാത്രം തിന്നു പരിചയിച്ച നീയെങ്ങനെ ശരീരസന്ധാരണം ചെയ്യുമെന്നു ചോദിച്ചു രാജാവ്. അതു സാരമില്ല. മരണംവരെ നിര്‍വ്വികല്പസമാധിയില്‍ത്തന്നെ കഴിച്ചുകൂട്ട‍ാം; എന്നാല്‍ ആഹാരത്തിന്റെ ആവശ്യം തന്നെ ഇല്ലെന്നാണ് കര്‍ക്കിടയുടെ ഉത്തരം. പ്രസ്തുത ഉത്തരംകൊണ്ടു രാജാവു തൃപ്തിപ്പെടാതെ അവളെ ഗൃഹത്തിലേയക്കു കുട്ടിക്കൊണ്ടുപോയി. ആഹാരത്തിനു വേണ്ടുന്ന സൗകര്യം ചെയ്തകൊടുത്തു എന്നൊക്കെയാണ് കഥയുടെ ബാക്കി ഭാഗം. കര്‍ക്കടിയുടെ പത്തുചോദ്യങ്ങളും അതിന് മന്ത്രിയുടെ മറുപടിയുമാണ് പ്രധാനഭാഗം. അതിനെ വേണ്ടപോലെ ധരിക്കുന്നവര്‍ക്കു വസ്തുബോധമുണ്ടാവാതിരിക്കാന്‍ വയ്യ, എന്നൊക്കെയാണ് സൂച്യുപാഖ്യാനമെന്ന ഇതിഹാസത്തിന്റെ സാരമായ രത്നച്ചുരുക്കം.

No comments:

Post a Comment