ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 July 2020

ജാംബവാന്റെ ഹനുമത് ശക്തിവർണന

ജാംബവാന്റെ  ഹനുമത് ശക്തിവർണന

കുഞ്ഞായിരിക്കുമ്പോള്‍ ഹനുമാന് മഹര്‍ഷിമാരില്‍നിന്നൊരു ശാപം കിട്ടി. തന്റെ ബലത്തെ ഹനുമാന്‍ ദീര്‍ഘകാലം മറന്നുപോകുമെന്നായിരുന്നു ശാപം. ഒരു പ്രത്യേകസന്ദര്‍ഭത്തില്‍ തന്റെ ബലത്തെ ആരെങ്കിലും ഓര്‍മപ്പെടുത്തിയാല്‍,മറന്നുപോയത് തിരിച്ചുകിട്ടുമെന്നു ശാപമോക്ഷവും കൊടുത്തു. 
വര്‍ഷങ്ങള്‍ കഴിഞ്ഞുപോയി. രാവണന്‍ അപഹരിച്ച സീതാദേവിയെ അന്വേഷിച്ചിറങ്ങിയ വാനരക്കൂട്ടത്തില്‍ ഹനുമാനും ഉണ്ടായിരുന്നു. സീതാദേവി ലങ്കാപുരിയിലുണ്ടെന്നു അന്വേഷണത്തിനിടയില്‍ അവര്‍ മനസ്സിലാക്കി.

സമുദ്രലംഘനംചെയ്ത് സീതാദേവിയെ കണ്ടെത്താന്‍ ആര്‍ക്കാണു കഴിയുക എന്ന ചര്‍ച്ചയ്ക്കിടയില്‍ ഒന്നും മിണ്ടാതെ കൂനിക്കൂടിയിരിക്കുന്ന ഹനുമാനെ നോക്കി ജാംബവാന്‍ പറഞ്ഞു:
'അല്ലയോ വായുപുത്രാ, നീയെന്താണ് കഴിവുകെട്ടവനായിരിക്കുന്നത്? നിന്റെ പിതാവ് മഹാശക്തിമാനായ വായുഭഗവാനാണ്. നിന്റെ മാതാവ് സുമദ്ധ്യമയും സുശീലയുമായ അഞ്ജനയാണ്. വാനരസമൂഹത്തിന് നീ വീരനാണ്. വാനരരാജനായ സുഗ്രീവനും തേജസ്സുകൊണ്ട് ശ്രീരാമലക്ഷ്മണനുമായും തുല്യത നിനക്കുണ്ട്. ഖഗശ്രേഷ്ഠനായ ഗരുഡനേക്കാള്‍ ബലവും വേഗതയും നിനക്കുണ്ട്. ബലം, ബുദ്ധി, തേജസ്സ്, സദ്ഗുണം, ഇവയുള്ളവരില്‍വെച്ച് ശ്രേഷ്ഠനാണ് നീ. 

ശിശുവായിരുന്ന സമയം ഉദിച്ചുയര്‍ന്ന ബാലസൂര്യനെക്കണ്ട് പഴമാണെന്നു കരുതി കൊതിതുള്ളിച്ചാടി പിടിക്കാന്‍ പോയ ധീരനാണു നീ. അന്നേരം, ദേവേന്ദ്രന്റെ വജ്രായുധമേറ്റിട്ടും കൂസലില്ലാതെ നിന്നവനല്ലേ നീ. ഇന്ദ്രന്റെ വജ്രായുധമേറ്റ് ഇടത്തേ കവിള്‍ത്തടം മുറിഞ്ഞതിനാലല്ലേ,നിനക്കു 'ഹനുമാന്‍'(തദാ ശൈലാഗ്രശിഖരേ വാമോ ഹനുരഭജ്യത/തതോ ഹി നാമധേയം തേ ഹനുമാനിതി കീര്‍ത്ത്യതേ)എന്ന പേരുതന്നെ ഉണ്ടായത്. അങ്ങനെയുള്ള നീ ഈ ആപത്തില്‍ ഞങ്ങളെ രക്ഷിച്ചാലും.'
ജാംബവാന്റെ ഓര്‍മപ്പോടുത്തലും തന്റെ ബലത്തെക്കുറിച്ചുള്ള തിരിച്ചറിവും വന്ന ഹനുമാന്‍ തന്റെ ശരീരം വലുതാക്കി. നെഞ്ചുവിരിച്ച് ലോകം നടുങ്ങുമാറ് ഉച്ചത്തിലലറി. 

ഈ കഥ നമ്മുടെ ലോകത്തിനുള്ള മഹത്തായൊരുപദേശമാണ്. നമ്മുടെ കൂടെയുള്ളവരിലുറങ്ങിക്കിടക്കുന്ന കഴിവും ശക്തിയും ഓര്‍മപ്പെടുത്താനും അതിനെ സമര്‍ത്ഥമായി ഉപയോഗിക്കാനും പ്രേരണാശക്തികളായ ജാംബവാന്മാരാകണം നമ്മള്‍. അവനവന്റെ കുശുമ്പും ദുഷ്ടും ഒഴിവാക്കി അന്യന്റെ നന്മയെക്കാണാനുള്ള ശക്തിയും പ്രാപ്തിയും നമുക്കുണ്ടാകണം. അതിനു ലോകചരിത്രത്തിലെ ഏറ്റവും വലിയ ഉദാഹരണമാണ് ജാംബവാന്‍.


No comments:

Post a Comment