ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

28 July 2020

കാളിയും സൃഷ്ടി രഹസ്യവും

കാളിയും സൃഷ്ടി രഹസ്യവും

നമ്മൾ കാളിയുടെ രൂപ സങ്കൽപ്പത്തിൽ  കാണുന്നതാണു ശിവൻ്റെ നെഞ്ചിൽ ചവിട്ടി നിൽക്കുന്ന രൂപം ഇതു ശരിക്കും ദേവിയുടെ തത്ത്വ രൂപമാണു പ്രളയകാരിണിയായ ദേവി പ്രളയാനന്തരം അഥവാ ജഗത്തിൻ്റെ വിനാശാനന്തരം ശവരൂപമായ വിശ്വത്തിൻ്റെ അഥവാ ജഗത്തിൻ്റെ വിനാശാനന്തരം ശവ രൂപമായ വിശ്വത്തിൻ്റെ അഥവാ ശവരൂപമായ ശിവൻ്റെ മുകളിൽ അരൂഢമായി നിൽക്കുന്നതാണ് ഈ രൂപത്തേ ശവാരൂഢാ എന്നു വിളിക്കും

സർവ്വസംഹാരകനായ മഹാകാലൻ സമസ്തപ്രപഞ്ചത്തേയും സംഹരിച്ച് നിശ്ചേതനായി വർത്തിക്കുന്നു. സർവ്വതിനെയും സംഹരിച്ചതിനാൽ ബ്രഹ്മാണ്ഡം മഹാശ്മശാനമായി ചിത്രികരിക്കപ്പെടുന്നു. മഹാശ്മശാനത്തിൽ നിശ്ചേതനായി വർത്തിക്കുന്ന മഹാകാലന്റെ ഹൃദയത്തിൽ നിന്ന് അടുത്തസൃഷ്ടിക്കായ് ചലനാത്മകമായും കാലസംഘർഷിണിയായും കാലകാലനെന്ന വിധായിനിയുമായ മഹാകാളി ഹൃദുത്ഭവിക്കുന്നു. സാക്ഷാൽ പരമാത്മാവാണ് പുരുഷൻ, പുരുഷനിൽ നിന്ന് സ്ത്രീരൂപിണിയായ പ്രകൃതി രൂപംകൊള്ളുന്നു.

പ്രകൃതിപുരുഷസംയോഗത്താൽ പ്രപഞ്ചസൃഷ്ടിയുണ്ടാകുന്നു. 'പ്ര' എന്നത് പ്രകൃത്യാഷ്ടകവും 'കൃതി' എന്നത് സൃഷ്ടി വാചകവുമാകയാൽ പ്രകൃതി പദത്തിന് സൃഷ്ടിക്ക് മുഖ്യമായത് എന്ന അർത്ഥം വരുന്നു.
'പ്ര' ശുദ്ധതത്വത്തെയും  'കൃ' രജസിനെയും 'ത' തമസ്സിനെയും സൂചിപ്പിക്കുന്നതിനാൽ പ്രകൃതിക്ക് സത്വരജസ്സ് തമസ്സുകൾ ചേർന്ന് ത്രിഗുണാത്മകമായ ശക്തിയോട് കലർന്ന് നിൽക്കുന്ന പ്രധാന സൃഷ്ടികർത്തൃണി എന്ന് അർത്ഥം സിദ്ധിക്കുന്നു. 'പ്ര' ശബ്ദത്തിന് മുൻപുള്ളതെന്നും 'കൃതി' എന്ന ശബ്ദത്തിന് സൃഷ്ടി എന്നും അർത്ഥമുള്ളതിനാൽ സൃഷ്ടിക്ക് മുന്പേ ഉള്ളത് എന്ന അർത്ഥം വരുന്നു.

സൃഷ്ടിക്ക് മുൻപ് ഈ ശക്തി പരമാത്മാവിനോട് കലർന്ന് അഭേദമായിരീക്കുന്ന ചിത്ശക്തിയാണ്. സൃഷ്ടിക്കുവേണ്ടി ഉദ്യമിക്കുമ്പോൾ ഈ ചിത്ശക്തി വലത്തേ പകുതി പുരുഷനായും ഇടത്തേ പകുതി സ്ത്രീയായ പ്രകൃതിയായും പരിണമിക്കുന്നു. പ്രകൃതിയും പുരുഷനും ഒന്നാണ് എന്നറിയുന്ന യോഗീന്ദ്രന്മാർ ആ പിരിവുകളെ അഗ്നിയും ചൂടും എന്നപോലെ അഭേദ്യമായി കരുതി 'സർവം ബ്രഹ്മമയം' എന്ന് സിദ്ധിക്കുന്നു എന്ന് പറയുന്നു.

ജലം മുതലായ പഞ്ചഭൂതങ്ങളെക്കൊണ്ട് ഭൂമിയിൽ ജീവികളെ സൃഷ്ടിച്ച് പ്രകൃതി ആ ബ്രഹ്മത്തിൽ നിന്നു തന്നെയാണ് ഉണ്ടായത്. പിന്നീട് ഓഷാദികളിലും മനുഷ്യരിലും മൃഗങ്ങളിലും എന്ന് വേണ്ട സ്ഥാവരങ്ങളും ജംഗമങ്ങളുമായ എല്ലാ ഭൂതങ്ങളിലും ആ ആത്മാവ് പ്രവേശിക്കുകയും ചെയ്തു. പ്രപഞ്ചസൃഷ്ടി നടത്തുന്നത് പ്രകൃതിയാണ്, സമസ്ത ചരാചരങ്ങളും പ്രകൃതിയിൽ നിന്നും ഉത്ഭവിക്കുന്നു,  ഒടുവിൽ പ്രകൃതിയിൽ തന്നെ ലയം പ്രാപിക്കുന്നു.
ആ ശക്തി ബ്രഹ്മത്തിന്റെ ശക്തി തന്നെയാണ്. ആ ശക്തിയെയാണ് 'മായ' എന്ന് പറയുന്നത്. ശക്തിസ്വരൂപിണിയായ ദേവിയായി നാം ആരാധിക്കുന്നത് സൃഷ്ടി തുടങ്ങുവാൻ ആലോചിക്കുമ്പോൾ ആ ശക്തി ബ്രഹ്മത്തിൽ നിന്ന് ആവിർഭവിച്ച്, സൃഷ്ടി നടത്തുന്ന ആ സൃഷ്ടിയിലെല്ലാം ആത്മാവിന്റെ രൂപത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. ഒരു നിലയിൽ ബ്രഹ്മം തന്നെയാണ് ജീവജഗത്തുക്കളായി രൂപം പ്രാപിക്കുന്നത്.

മഹാകാലനെ ചവിട്ടിനിൽക്കുകയല്ല ദേവി എന്നും, മഹാകാലനിൽ നിന്നും സൃഷ്ട്യാർത്ഥമായി ലീലാരൂപിണിയായി ബഹിർഗമിക്കുകയാണെന്നും സ്പഷ്ടമാണല്ലോ.. ദേവീപാദം മഹാദേവൻ ഹൃദയത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു എന്നാണ് ദേവീപുരാണം സൂചന.

No comments:

Post a Comment