ലഘുയോഗവാസിഷ്ഠം - 14
ഭീമാദ്യുപാഖ്യാനം
വസിഷ്ഠമഹര്‍ഷി പറകയാണ്: ഹേ! രാമ! എല്ലാം ആത്മാവിലാണ്. ആത്മാവു സര്‍വ്വാത്മകനാണ്. തന്നിലില്ലാത്ത ഐശ്വര്യമെന്താണുള്ളത്? ഒന്നുമില്ല. എല്ലാ ഐശ്വര്യങ്ങളും തന്നിലുണ്ട്. എന്നിരുന്നാലും അതൊന്നും അറിയാതെ ദൗര്‍ഭാഗ്യംകൊണ്ടും ദൈന്യതകൊണ്ടും താന്‍ അല്പനാണ്; നിസ്വനാണെന്നൊക്കെ തെറ്റിദ്ധരിച്ചു തനിക്കൊരു പുത്രന്‍ വേണം, കൃഷിസ്ഥലം വേണം, ധനം വേണം എന്നൊക്കെ ആഗ്രഹിക്കുന്നു കൃപണനായ മനുഷ്യന്‍. ഇപ്രകാരമുള്ള ആഗ്രഹബുദ്ധിയാണ് ഒരു പ്രകാരത്തില്‍ പറഞ്ഞാല്‍ സത്യമായ ആത്മസ്വരൂപത്തെ മറച്ചിരിക്കുന്നത്. ബ്രഹ്മാണ്ഡത്തെ മുഴുവന്‍ നിസ്സാരമായി തള്ളാന്‍ കഴിഞ്ഞാല്‍ ആ നിമിഷംതന്നെ അവനില്‍ സത്യം പ്രകാശിച്ചുകഴിഞ്ഞു എന്നു പറയണം.
സത്യമായ ആത്മസ്വരൂപം ആരുടെ ചിത്തത്തിലാണോ പ്രകാശിക്കുന്നത്, അവനെ ത്രൈലോക്യത്തെക്കാളും സാരവസ്തുവായിക്കരുതീട്ടാണ് ഇന്ദ്രാദിദേവന്മാര്‍ ഭരിക്കുന്നതു്. അവനെന്തെങ്കിലും ഒന്നു സ്മരിച്ചാല്‍ മതി, ആ വസ്തു അവന്റെ മുമ്പില്‍ എത്തുകയായി. അല്ലെങ്കില്‍ അക്രമം കാണിക്കാതെ ഉത്സാഹപൂര്‍ണ്ണമായ പൗരുഷമോ ശാസ്ത്രജ്ഞാനമോ ഉണ്ടായാല്‍ക്കൂടി അത്യാപത്തില്‍പ്പോലും അക്രമം പ്രവര്‍ത്തിക്കാതിരിക്കുകയും വേണം. അങ്ങനെയുള്ള ഒരാള്‍ക്കീ ലോകത്തിലെന്താണ് ദുര്‍ല്ലഭമായിട്ടിരിക്കുന്നത്!
ദുഃഖം, സാഹസം, കൗടില്യം, ഭയം, അഗ്രഹം, ക്രോധം എന്നീ ചിത്തദോഷങ്ങളെ നീക്കി സദാചാരപരനും സത്യനിഷ്ഠനുമായിക്കഴിയുന്ന ഒരാളെ എല്ലാവിധ ഐശ്വര്യങ്ങളും സിദ്ധികളും ഇങ്ങോട്ടു വന്നാശ്രയിക്കുന്നു. സജ്ജനങ്ങള്‍ ഒന്നിനെയും ആഗ്രഹിക്കാറില്ല. എങ്കിലും എല്ലാം അവരെ ഇങ്ങോട്ടു വന്നാശ്രയിക്കുന്നു. എന്തൊക്കെ വന്നുചേര്‍ന്നാലും ഒന്നിലും അവര്‍ക്കു ലോഭവുമില്ല.
എന്നാല്‍ ദുര്‍ജ്ജനങ്ങള്‍ അങ്ങനെയല്ല; വരാത്തതില്‍പ്പോലും അവര്‍ ലോഭത്തെ വളര്‍ത്തിക്കൊണ്ടിരിക്കും. അഹങ്കാരമാണ് അതിനൊക്കെ ആണിവേര്. അഹങ്കാരത്തെ നീക്കാന്‍ കഴിഞ്ഞാല്‍ അതുതന്നെയാണ് ഒരാളുടെ ഏറ്റവും വലിയ രക്ഷ. അഹങ്കാരമുള്ളേടത്തോളംകാലം എന്തുണ്ടായാലും അതു വേണ്ടപോലെ ശോഭിക്കില്ല. എന്നിങ്ങനെ വസിഷ്ഠമഹര്‍ഷി പറഞ്ഞപ്പോള്‍ എന്താണ് അഹങ്കാരത്തിന്റെ സ്വരൂപമെന്നു ചോദിച്ചു ശ്രീരാമചന്ദ്രന്‍. അപ്പോള്‍ പറകയാണ്.
മൂന്നു രൂപങ്ങളുണ്ട് അഹങ്കാരത്തിന്. അവയില്‍ രണ്ടെണ്ണം നല്ലവയും ഒന്ന് ഏറ്റവും ദുഷിച്ചതും വീണ്ടും വീണ്ടും ജനനമരണങ്ങളെ സൃഷ്ടിക്കുന്നതുമാണ്. കാണുന്നതും കാണാത്തതുമായ ബ്രഹ്മാണ്ഡങ്ങളും ആദിത്യചന്ദ്രന്മാരും നക്ഷത്രങ്ങളും എന്നുവേണ്ട എല്ലാംതന്നെയും എന്റെ സ്വരൂപമാണ്. ഞാനെല്ലാമായി നിറഞ്ഞു നില്ക്കുന്നു. എന്നിലല്ലാത്തതൊന്നുമില്ല; ഞാനല്ലാതെയും ഒന്നുമില്ല, ഇത് അഹങ്കാരത്തിന്റെ ഒരു സ്വരൂപമാണ്. ഇതിനെ എപ്പോഴും ഭാവിച്ചുകൊണ്ടിരിക്കുന്നതുകൊണ്ട് എല്ലാ ദോഷങ്ങളും നീങ്ങുകയും സത്യം പ്രകാശിക്കുകയും ചെയ്യും.
ഞാനെന്ന ഒന്നില്ല; എല്ലാം ബ്രഹ്മമാണ്. ഇനി ഞാനെന്ന തത്വമുണ്ടെന്നിരിക്കട്ടെ; എന്നാല്‍ത്തന്നെ അത് ഒരു രോമത്തിന്റെ അഗ്രത്തേക്കാള്‍കൂടി ചെറുതും നിസ്സാരവും തുച്ഛവുമാണ്. എനിക്കൊരു കഴിവുമില്ല. ഞാനൊന്നിന്റെയും കര്‍ത്താവോ ഭോക്താവോ അല്ല. എല്ലാം ഈശ്വരനാണ്. ബ്രഹ്മംതന്നെ ഈശ്വരന്‍.
ഞാനായിട്ടിരിക്കുന്നതും ബ്രഹ്മംതന്നെ എന്ന തോന്നലും അഹങ്കാരംതന്നെ. അഹങ്കാരത്തിന്റെ മറ്റൊരു സ്വരൂപമാണിത്. ഇതും നല്ലതന്നെ. എപ്പോഴും ഭാവനചെയ്തുകൊണ്ടിരിക്കുന്നുവെങ്കില്‍ എല്ലാ ചിത്തമാലിന്യങ്ങളും നീങ്ങി സത്യം പ്രകാശിക്കും.
ഇവ രണ്ടുമല്ലാതെ മൂന്നാമതുമുണ്ട് ഒരഹങ്കാരം. അതാണേറ്റവും മലിനവും ചീത്തയുമായിട്ടിരിക്കുന്നത്. കയ്യും കാലും കണ്ണും മൂക്കുമുള്ള ഈ ശരീരമാണ് ഞാന്‍ എന്ന അഭിമാനമാണ് മൂന്നാമത്തെ അഹങ്കാരം. ശരീരത്തോളം വലിപ്പമാണ് എനിക്കുള്ളത്; ശരീരത്തിന്റെ ശക്തിയാണ് എന്റെ ശക്തി. എന്നിങ്ങനെ എല്ലാ പ്രകാരത്തിലും ശരീരമാത്രനറയിട്ടിരിക്കുന്നുവെന്ന പ്രസ്തുത അഹങ്കാരം കൊണ്ടു കേവലം അധഃപതിക്കുകയും നശിക്കുകയും ചെയ്യുന്നു. അതിനെ തെളിയിക്കുന്ന ഒരു ഇതിഹാസം പറയാം.
ഹേ രാമ! പാതാളവാസിയായ ശംബരാസുരന്‍ തന്റെ മായാസൃഷ്ടികളായ ദാമാദി അസുരന്മാര്‍ക്കു വന്നുചേര്‍ന്ന ശരീരാഭിമാനവും അതു ഹേതുവായിട്ടുണ്ടായ നാശവുമറിഞ്ഞു വളരെ പരിതാപിക്കുകയും ക്രുദ്ധനായിത്തീരുകയും ചെയ്തു. അതിനാല്‍ അദ്ധ്യാത്മശാസ്ത്രത്തെ ശരിക്കു മനനം ചെയ്തുറപ്പിച്ച് അല്പംപോലും ശരീരാഭിമാനമില്ലാതെ മൂന്ന് അസുരന്മാരെ മായകൊണ്ടു സൃഷ്ടിച്ചു. ഭീമന്‍, ഭാസന്‍, ദൃഢന്‍ എന്നുപേരുള്ള പ്രസ്തുത മൂന്നുപേരും, സ്വരൂപസ്ഥിതിയില്‍ ദൃഢമായ അറിവുള്ളവരായിരുന്നതിനാല്‍ അവര്‍ക്കു രാഗം ദ്വേഷം ജയംപരാജയം തുടങ്ങിയ ഒരു ഭാവവുമുണ്ടായിരുന്നില്ല. അങ്ങനെയുള്ളവരുടെ ശരീരസ്മരണയില്ലാത്ത അലംഘ്യശക്തിദേവന്മാരെ വല്ലാതെ പരിതപിപ്പിച്ചു. വൃന്ദാകന്മാരെന്തൊക്കെ ചെയ്തിട്ടും ആ അസുരന്മാരെ ജയിക്കാന്‍ കഴിഞ്ഞില്ല. അവസാനം പരാജിതരായ ആദിതേയന്മാര്‍ വൈകുണ്ഠനാഥനായ മഹാവിഷ്ണുവിനെ ശരണം പ്രാപിച്ചു. ഭഗവാന്‍ അവരെക്കൊന്നു ദേവന്മാരെ നിലനിര്‍ത്തുകയും ചെയ്തു.
അതിനാല്‍ ഹേ രാമചന്ദ്ര! ശരീരാഭിമാനമാണ് മനസ്സിനെ വളര്‍ത്തുന്നതെന്നും മനസ്സാണ് വാസകളെ വര്‍ദ്ധിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നതെന്നുമുള്ള പരമാര്‍ത്ഥം ഒരിക്കലും മറക്കരുത്. സത്യസ്ഥിതി ഓര്‍മ്മയുള്ളൊരാള്‍ക്കു വാസനയുണ്ടാവാന്‍ വയ്യ. മാത്രമല്ല ഉള്ള വാസന നശിക്കുകയും ചെയ്യും. വാസനമുഴുവന്‍ നീങ്ങിക്കഴിഞ്ഞാല്‍ എണ്ണയില്ലായ്കയാല്‍ കെട്ടടങ്ങുന്ന വിളക്കെന്നപോലെ മനസ്സ് ഉപശാന്തമായിത്തീരുകയും ചെയ്യും.
വര്‍ദ്ധിച്ച സംസാരസങ്കടംകൊണ്ട് ആര്‍ത്തന്മാരായവര്‍ക്ക് അതു നീങ്ങുവാന്‍ തങ്ങളുടെ മനസ്സിനെ അടക്കലാകുന്ന ഒരേ ഒരു മാര്‍ഗ്ഗമേ ഉള്ളൂ. മനസ്സടക്കിയാല്‍ പിന്നെ സംസാരമെന്ന ഒന്നില്ല. മനസ്സടങ്ങാതിരിക്കും കാലത്തോളം സംസാരമില്ലാത്തതായിത്തീരുന്നുമില്ല. ഭോഗപദാര്‍ത്ഥങ്ങളിലുള്ള ആസക്തിതന്നെയാണ് ബന്ധം. അവയുടെ പരിത്യാഗം മോക്ഷവും. നല്ലവയെന്നു തോന്നുന്ന വിഷയങ്ങള്‍ വിഷമെന്ന പോലെ ത്യാജമാണെന്നു വിസ്മരിക്കരുത്. നന്നെന്നു തോന്നുന്ന വിഷയപദാര്‍ത്ഥങ്ങളെ വീണ്ടും വീണ്ടും മനനം ചെയ്തുതള്ളിക്കളയുന്ന പക്ഷം മനസ്സു സംപ്രീതമായിത്തീരും.
ജ്ഞാനികളുടെ മനസ്സ് എപ്പോഴും ഒരു വിഷയത്തേയും സ്പര്‍ശിക്കുന്നില്ല. അത് ആനന്ദമാണെന്നോ, ആനന്ദമല്ലാത്തതാണെന്നോ; ചഞ്ചലമാണെന്നോ നിശ്ചലമാണെന്നോ ഒന്നും പറഞ്ഞുകൂടാ. ഇന്ന രൂപത്തിലുള്ളതാണ് ജ്ഞാനികളുടെ മനസ്സെന്ന് ആര്‍ക്കും പറഞ്ഞുകൂടാ. എങ്കിലും രാഗാദിവികാരങ്ങളുടേയോ വാസനയുടേയോ സംബന്ധമില്ലാത്തതാണെന്ന കാരണത്താല്‍ ഉപശാന്തവും പ്രിയത്തെമാത്രം ചെയ്യുന്നതുമാണ്.
ഹേ രാമ! എങ്ങും നിറഞ്ഞിരിക്കുന്നുവെങ്കിലും ഭൂതാകാശമെപ്രകാരം കാണപ്പെടാത്തതായിരിക്കുന്നു അതുപോലെ അത്യന്ത സൂക്ഷ്മമായ ചിദാത്മാവും എങ്ങും നിറഞ്ഞിരിക്കുന്നുവെങ്കിലും അത്യന്തസൂക്ഷ്മഹേതുവായിട്ടു കാണപ്പെടുന്നില്ല. ആകാശംതന്നെ കാണപ്പെടുന്നില്ലെന്നിരിക്കെ, ആകാശത്തേക്കാള്‍ എത്രയോ സൂക്ഷ്മമായ ബോധാകാരം എങ്ങിനെ കാണപ്പെടും? പരമനിഷ്കളരൂപമായി ജ്ഞാനികളിലും കളങ്കസ്വരൂപേണ അജ്ഞന്മാരിലും വിളങ്ങുന്ന കേവലബോധംതന്നെ ബ്രഹ്മം. സമുദ്രത്തില്‍ തിര, തുടങ്ങിയ പദാര്‍ത്ഥങ്ങള്‍ എപ്രകാരം സമുദ്രത്തില്‍ നിന്നു വേറെയല്ലാത്തവയായി വിളങ്ങുന്നുവോ, അതുപോലെ ബോധാകാരമായ ചില്‍സമുദ്രത്തിലും ഞാന്‍, നീ തുടങ്ങിയ ഭാവങ്ങള്‍ പ്രസ്തുതബോധാകാരത്തില്‍ നിന്നു വേറെയല്ലാത്തവയായി വിളങ്ങുന്നു.
അജ്ഞാനികളില്‍ അസല്‍സ്വരൂപമായി സംസാരഹേതുവായും സ്ഥാനികളില്‍ സംസാരനാശിയായി സല്‍സ്വരൂപമായും വിളങ്ങുന്ന ബോധം ഒന്നുതന്നെ. തന്റെ സങ്കല്പം ഹേതുവായി തന്നില്‍ത്തന്നെ നാനാവിധ നാമരൂപങ്ങളായി ലോകമെന്ന പേരില്‍ വിളങ്ങുന്ന പ്രപഞ്ചവും താനാകുന്ന ചില്‍സ്വരൂപമാല്ലാതെ മറ്റൊന്നുമല്ല. സങ്കല്പവും അതുവഴിക്കു മനസ്സും അടങ്ങുമ്പോള്‍ പ്രസ്തുത പ്രപഞ്ചമില്ലാതാവുകയും ചെയ്യുന്നു. തന്റെ തന്നെ സ്പന്ദശതങ്ങളാല്‍ പുര്യഷ്ടകത്തെ ഉണ്ടാക്കുകയും നിലനിര്‍ത്തുകയും ഇല്ലാതാക്കുകയും ചെയ്യുന്നതും പ്രസ്തുത പരചൈതന്യംതന്നെ. അങ്ങനെ പുര്യഷ്ടകമായും പ്രപഞ്ചമായും വിളങ്ങുന്നതും ചിദകാശസ്വരൂപവും ബോധാകാരവുമായ പറയപ്പെട്ട നിര്‍ഗ്ഗുണ ബ്രഹ്മംതന്നെ.
തിരമാലകള്‍ അടിച്ചുയരുമ്പോള്‍ വെള്ളമല്ലാതെ മണ്ണുപൊന്താന്‍ വയ്യ. അതുപോലെ ബ്രഹ്മത്തില്‍നിന്ന് അന്യമായ വസ്തുക്കളൊന്നുമുണ്ടാവാന്‍ വയ്യ. ശബ്ദം, സ്പര്‍ശം, രസം, രൂപം എന്നീ വിഷയങ്ങളെ ഏതൊന്നുകൊണ്ടറിയുന്നുവോ, അതാണ് ആത്മാവ്. അതു ബോധകാരണമാണെന്നു പറയേണ്ടതില്ലല്ലോ. ബോധം തന്നെ പ്രസ്തുത വിഷയങ്ങളായി വിളങ്ങുന്നത്. പരമാര്‍ത്ഥത്തില്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. സംഭവിക്കുന്നുമില്ല. എങ്കിലും പലതും സംഭവിക്കുന്നുവെന്നുള്ള പ്രതീതിതന്നെ അജ്ഞാനം അല്ലെങ്കില്‍ അവിദ്യ. ആദിത്യനുണ്ടെങ്കില്‍ പകലും ദീപമുണ്ടെങ്കില്‍ പ്രകാശവും ഉണ്ടാവുന്നതുപോലെ, ചില്‍സ്വരൂപമുള്ളപ്പോള്‍ ജഗല്‍പ്രതീതി ഉണ്ടായിക്കൊണ്ടിരിക്കയെന്നതും സ്വഭാവം മാത്രമാണ്. അല്ലാതെ ഒന്നും ഉണ്ടാവുകയോ ഇല്ലാതാവുകയോ ഒന്നും ചെയ്യുന്നില്ല.
ഇത്രയും കേട്ടപ്പോള്‍ ശ്രീരാമചന്ദ്രന്‍ ചോദിക്കയാണ്. ഒരിക്കലും ഉദിക്കാതെയും അസ്തമിക്കാതെയും പ്രസ്തുത പരചൈതന്യം അപരിച്ഛിന്നവും കേവലാകാരവുമായി വിളങ്ങുന്നു എന്നതു ശരിതന്നെ ആ നിര്‍ഗ്ഗുണാത്മാവില്‍ നിന്നു പൊന്തുന്ത പരിച്ഛിന്നങ്ങളായ സങ്കല്പങ്ങളുണ്ടാവുന്നത്? എന്ന്. അപ്പോള്‍ വസിഷ്ഠമഹര്‍ഷി പറകയാണ്. ആത്മസാക്ഷാത്ക്കാരമുണ്ടാവുമ്പോള്‍ മാത്രമേ ഒരാള്‍ക്കു വിദ്യാസ്വരൂപത്തെ ശരിയാവണ്ണം ഗ്രഹിക്കാന്‍ പറ്റൂ. അതുവരേയും ഗുരുവാക്യത്തെ വിശ്വസിക്കലല്ലാതെ നിര്‍വ്വാഹമില്ല. ഇക്കാണുന്നതെല്ലാം ബ്രഹ്മമാണെന്നു വിശ്വസിച്ചാല്‍മതി, മറ്റൊന്നും സംഭവിച്ചിട്ടില്ലെന്ന് ദൃഢമായി ബോധിച്ചാല്‍ മതി, കാലം കൊണ്ട് ആത്മസാക്ഷാല്ക്കാരമുണ്ടാവും. അപ്പോള്‍ എല്ലാ സംശയങ്ങളും തീരുകയും ചെയ്യും.
മായ അല്ലെങ്കില്‍ അവിദ്യയാണ് സങ്കല്പത്തിന് ഹേതു. എന്നാല്‍ അതിന്നതാണെന്നു പറയാന്‍ വയ്യ. അവിദ്യയെന്താണെന്നു പരിശോധിക്കാന്‍ ചെന്നാല്‍ അതില്ലാതാവുകയും ചെയ്യും. അതിനാല്‍ ഈ മായയുണ്ടായതെങ്ങനെയെന്നു ചിന്തിക്കേണ്ട. അങ്ങനെ ചിന്തിച്ചുകൊണ്ട് ചെയ്യുന്ന പരിശ്രമം വെറുതെ ആയുസ്സുകളയലാണ്. ഈ അവിദ്യയെ എങ്ങനെ നശിപ്പിക്കാമെന്ന് ചിന്തിച്ചാല്‍മതി. അങ്ങനെ ചിന്തിച്ചു ചെയ്യുന്ന പരിശ്രമം സഫലവുമാണ്. ആത്മസാക്ഷാല്‍ക്കരാമുണ്ടാവുമ്പോള്‍ അവിദ്യയെങ്ങനെയുണ്ടായെന്നു വ്യക്തമായി ബോദ്ധ്യമാവുകയും ചെയ്യും. മായാശക്തി ക്ഷയിച്ചുക്ഷയിച്ച് ഇല്ലാതായിത്തീരുമ്പോള്‍ എവിടെയാണില്ലാതായിത്തീര്‍ന്നതെന്നും എവിടെനിന്ന് എങ്ങനെ ഉണ്ടാവുന്നുവെന്നും വ്യക്തമായറിയുകയും ചെയ്യാം.
ആകാശത്തില്‍ എങ്ങിനെയാണോ കാരണം കൂടാതം വായു സ്വയം സഞ്ചരിക്കുന്നത്, അതുപോലെ ചിദാകാശമാകുന്ന നിര്‍ഗ്ഗുണബ്രഹ്മത്തില്‍ കാരണം കൂടാതെ ചിച്ഛക്തിയാകുന്ന അവിദ്യസ്വയം ചലിച്ച് സ്പന്ദനങ്ങളെ ഉണ്ടാക്കുന്നു. അതില്‍ നിന്നു പലവിധപ്രതീതകളും അവയ്ക്കു പരിണാമങ്ങളുമുണ്ടാവുന്നു. ദേശം, കാലം, ക്രിയ തുടങ്ങിയവയെല്ലാം പ്രസ്തുത അവിദ്യയുടെതന്നെ പല പ്രകാരത്തിലുള്ള ഭാവിവിശേഷങ്ങള്‍മാത്രാണ്. കാലദേശകര്‍മ്മങ്ങളും അവയുടെ ഫലങ്ങളും കൂടിച്ചേര്‍ന്നതാണല്ലോ പ്രപഞ്ചം. അതുമുഴുവന്‍ അവിദ്യയല്ലാതെ മറ്റൊന്നുമല്ല.
ചില്‍സ്വരൂപിണിയായ അവിദ്യാദേവി വാസ്തവത്തില്‍ അപരിച്ഛിന്നബ്രഹ്മത്തില്‍നിന്നു വേറെയല്ല, തല്‍സ്വരൂപംതന്നെ. എന്നിരുന്നാലും തന്നെ പരിച്ഛിന്നമായി സ്മരിക്കുന്നു. അപ്പോഴാണ് നാമരൂപാദിദൃഷ്ടികളെല്ലാമുണ്ടാവുന്നത്. പ്രസ്തുത അവിദ്യാന്തര്‍ഗ്ഗതമായ ശുദ്ധചൈതന്യത്തെയാണ് ക്ഷേത്രജ്ഞനെന്ന് അറിവുള്ളവര്‍ പറയുന്നത്. ക്ഷേത്രജ്ഞനെന്നു പറഞ്ഞാല്‍ ജീവന്‍തന്നെ. വാസനകളെക്കൊണ്ട് പ്രസ്തുതക്ഷേത്രജ്ഞചൈതന്യം ദുഷിക്കുമ്പോഴാണ് ഞാനെന്ന ബോധമാകുന്ന അഹങ്കാരമുണ്ടായിത്തീരുന്നത്. വാസനാകളങ്കം വര്‍ദ്ധിക്കുന്തോറും പിന്നെയും പരിണാമങ്ങളുണ്ടാവുന്നു. അങ്ങനെ ബുദ്ധിയായും മനസ്സായും അവസാനം ഏറ്റവും ഘനീഭവിച്ച ശരീരമായും പരിണമിക്കുന്നു. അതെല്ലാം അവിദ്യതന്നെ. അവിദ്യയല്ലാതൊന്നുമില്ല.
കൂട്ടിലകപ്പെട്ടു കെട്ടപ്പെട്ട പക്ഷിയെന്നപോലെ, ഇങ്ങനെ സങ്കല്പിതപദാര്‍ത്ഥക്കയറിനാല്‍ ജീവന്‍ കെട്ടപ്പെട്ടു നീചത്വത്തെ പ്രാപിക്കുന്നു. കോശകാരക്കൃമി തന്നത്താന്‍ ബന്ധിക്കുപ്പെടുന്നതുപോലെ, ചിത്താകുന്ന ജീവനും സ്വയം ബന്ധിക്കപ്പെടുന്നു. സ്വയംകൃതാനാര്‍ത്ഥത്താല്‍ പ്രതാപശാലിയായ സിംഹം കൂട്ടില്‍പ്പെടുംപോലെ, ജീവനും തന്നത്താന്‍ സങ്കല്പിച്ചുണ്ടാക്കിയ ശബ്ദാദിജാലകനിബദ്ധമായ അജ്ഞാനക്കൂട്ടില്‍ സ്വയം പെട്ടു നട്ടംതിരിയുന്നു. മനസ്സ്, ബുദ്ധി, അഹങ്കാരം, അജ്ഞാനം, പ്രകൃതി, മായ, കര്‍മ്മം, പുര്യഷ്ടകം എന്നെല്ലാം പറയുന്നത് ഒന്നിനെത്തന്നെയാണ്. അവിദ്യ ഒന്നുതന്നെ. പല പ്രകാരത്തില്‍ വിചിത്രങ്ങളായ രൂപങ്ങളില്‍ ജീവനെ ബന്ധിച്ചു നിര്‍ത്തുന്നതുതന്നെ സംസാരം. ചളിയില്‍ വീണു കുഴങ്ങുന്ന ആനയെപ്പോലെയാണ് മനസ്സു സംസാരക്കുണ്ടില്‍ വീണ് വിഷമിക്കുന്നത്. താനല്ലാതെ മറ്റാരാണ് തന്നെ ഈ അജ്ഞാനച്ചേര്‍ക്കുഴിയില്‍ നിന്നു രക്ഷിക്കാനുള്ളത്? അതിനാല്‍ എല്ലാ സമയത്തും പ്രയത്നിച്ചുകൊണ്ടിരിക്കണം തന്നെ സംസാരക്കെണിയില്‍ നിന്നുദ്ധരിക്കാന്‍. ഭയങ്കരമായ ജനനമരണക്കൊടുംതാപത്തില്‍ നിന്ന് തന്റെ മനസ്സിനെ ഉദ്ധരിക്കാത്തവന്‍ വിശേഷബുദ്ധിയുള്ള മനുഷ്യനാണെന്നു പറഞ്ഞുകൂടാ.
അഗ്നികാണ്ഡത്തില്‍ നിന്നു തീപ്പൊരികള്‍ പറന്നു പോവുന്നതിനും ഒരു വലിയ സരസ്സില്‍ നിന്ന് ഒഴുകിപ്പോകുന്ന അരുവികള്‍ക്കും കണക്കില്ലാത്തതുപോലെയാണ് ബ്രഹ്മത്തില്‍ നിന്ന് അവസാനമില്ലാതെ കോടിക്കണക്കില്‍ജീവജാലങ്ങള്‍ പൊന്തിപ്പറന്നുകൊണ്ടിരിക്കുന്നത്. ജീവിച്ചുകൊണ്ടിരിക്കുന്ന എല്ലാവരുടെയും അനുഭവം സാമാന്യമായി ഒരുപോലെ കാണപ്പെടുന്നുണ്ടെങ്കിലും ഓരോരുത്തരുടേയും സംസ്കാരം തുലോവ്യത്യസ്തമാണ്. ചിലര്‍ ബ്രഹ്മത്തില്‍ നിന്ന് വേറിട്ടിട്ട് ഒന്നോരണ്ടോ പതിനായിരമോ ജന്മങ്ങള്‍ കഴിഞ്ഞിരിക്കും. വേറെ ചിലര്‍ മുക്തിയോടടുത്തിരിക്കും. ഈ അവസ്ഥ മനുഷ്യര്‍ക്കുമാത്രമല്ല, എല്ലാ യോനിയിലുമുള്ള എല്ലാ ജീവന്മാര്‍ക്കും ഒരു പോലെ ബാധകമായിട്ടിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോള്‍ എത്രവിചിത്രമാണ് ജീവന്മാരുടെ സംസാരഗതി പ്രവാഹമെന്നു പറയാന്‍ വയ്യ. പല ലോകങ്ങളിലും പല യോനികളിലും പലപല പ്രാവശ്യം ജനിച്ചും മരിച്ചും ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്നു സംസാരത്തിലെ ഓരോ ജീവനും.
അങ്ങനെ ജനിച്ചും മരിച്ചും പലവിധ കര്‍മ്മങ്ങളെ ചെയ്തും ഫലങ്ങളെ അനുഭവിച്ചും വലയുന്ന ജീവനെ രക്ഷിക്കാന്‍ താനല്ലാതെ മറ്റാരാണുള്ളത്? ആരുമില്ല. ആ പരമാര്‍ത്ഥത്തെ ബോധിച്ചു തന്റെ മനസ്സുകൊണ്ടു താന്‍തന്നെ ഉണ്ടാക്കി വളര്‍ത്തിയ സങ്കല്പങ്ങളുടെ കുടുക്കുകളില്‍ നിന്നു വിട്ടു രക്ഷപ്പെടാതിരിക്കും കാലത്തോളം ബ്രഹ്മദേവനായാല്‍പ്പോലും ദുഃഖമല്ലാതെ മറ്റൊന്നുംതന്നെ അനുഭവിക്കുന്നില്ല. മനസ്സാണ് എല്ലാവിധ ദുഃഖത്തിനും ബന്ധത്തിനും ഏകഹേതു. സങ്കല്പങ്ങളടങ്ങിയാല്‍ ഇപ്പോള്‍ത്തന്നെ സംസാരമെന്നതില്ലാത്തതായിക്കഴിഞ്ഞു. വാസ്തവത്തില്‍ അനന്തമായ ചിദാകാശത്തില്‍ ഒന്നുംതന്നെ ഉണ്ടാവുകയോ ഇല്ലാതാവുകയോ ചെയ്യുന്നില്ല.
എല്ലാം തന്റെ സങ്കല്പവിഭ്രാന്തി മാത്രമാണ്. ഗന്ധര്‍വ്വനഗരം നല്ലതായാലും ചീത്തയായലും എന്താണുള്ളത്. അതില്ലാത്തതല്ലേ? അതുപോലെ കേവലം ഇല്ലാത്തതാണ് ഈ സംസാരമെന്നു ബോദ്ധ്യം വന്നാല്‍ പിന്നെ ഇതിലെ നന്മയും തിന്മയും നോക്കാനെന്താണുള്ളത്? വന്ധ്യാപുത്രന്റെ രൂപവൈരൂപ്യങ്ങളെ ആരെങ്കിലും ചിന്തിക്കാറുണ്ടോ? അതുപോലെയല്ലാതെ ഈ സംസാരത്തിനും മറ്റെന്താണ് വിശേഷം? അതിനാല്‍ ഹേ രാമചന്ദ്ര! നീ ഈ സംസാരത്തിന്റെ മിത്ഥ്യാത്വത്തെ ശരിക്കറിഞ്ഞു ഗൃഹധനദാരാദികളില്‍ അനാസ്ഥയുള്ളവനായി സങ്കല്പങ്ങളെ അടക്കി മനസ്സിനെ നശിപ്പിക്കാന്‍ ശ്രമിക്കൂ. എന്നാല്‍ ഈ സംസാരക്കൊടും വിഭ്രാന്തിയില്‍ നിന്നു രക്ഷപ്പെടാന്‍ സാധിക്കും.
സത്തിനും അസത്തിനും മദ്ധ്യത്തില്‍ അവയ്ക്കു രണ്ടിനും ഹേതുവായ സത്തയെ ആശ്രയിച്ച് അവയെ രണ്ടിനേയും വിട്ടു യഥാര്‍ത്ഥസ്വരൂപനാവുന്നുവെങ്കില്‍ ഇപ്പോള്‍ത്തന്നെ ഹേ രാമ, നീ മുക്തനാവും. അങ്ങനെയാണ് അറിവുള്ളവരായ മഹാത്മക്കളൊക്കെത്തന്നെയും കഴിച്ചുകൂട്ടുന്നത്. അകത്തും പുറത്തുമുള്ള ദൃശ്യങ്ങളെ ഉപേക്ഷിക്കുകയും സ്വീകിക്കുകയും ചെയ്യാതെ വെള്ളത്തില്‍ താമരയിലയെന്നപോലെ സംസാരത്തില്‍ യാതൊരു ബന്ധവുമില്ലാതെ കഴിയുന്നു മഹാജനങ്ങള്‍. സൃഷ്ടിയും പല സ്വരൂപത്തിലാണ്. എല്ലാ കല്പങ്ങളിലും ഒരു പോലെയാണെന്നു വരുന്നില്ല. പല പല വിചിത്രങ്ങളായ രൂപങ്ങളില്‍ അത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. എങ്ങിനെയൊരക്കയുള്ളതായാലും അതു മായാവിലാസം മാത്രമാണ്.
അതുപോലെ കൃതാദിയുഗങ്ങളും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. കഴിഞ്ഞവയുടനെതന്നെ പുനഃപുനരാവര്‍ത്തനമല്ലാതെ മറ്റൊന്നും തന്നെ സംസാരത്തിലില്ല. ഈ പരമാര്‍ത്ഥത്തെ അറിഞ്ഞ മഹാത്മാവ് ഒന്നിലും വിഭ്രാന്തിയോ സംബന്ധമോ കൂടാതെ യഥാസ്വരൂപന്മാരായിത്തന്നെ കഴിയുന്നു. അനുഗ്രഹീതന്മാരായ ആ പുണ്യാത്മാക്കളെ സംസാത്തിന്റെ ഒരു ഭാവവും ബാധിക്കുന്നില്ല. ഈ സമ്പ്രദായം കൂടുതല്‍ വെളിവാക്കാന്‍ വേണ്ടി ഞാനൊരു ഇതിഹാസത്തെക്കൂടി പറഞ്ഞുതരാം. ശ്രദ്ധവെച്ചു കേള്‍ക്കൂ എന്നു പറഞ്ഞുകൊണ്ടു വസിഷ്ഠമഹര്‍ഷി ദാശൂരമഹര്‍ഷിയുടെ ഏറ്റവും ചമല്ക്കാരം നിറഞ്ഞതും ശ്രവണമാത്രം കൊണ്ടുതന്നെ ശ്രോതാക്കളുടെ സംസാരവിഭ്രാന്തി മുഴുവന്‍ നീങ്ങുന്നതും പുണ്യമേറിയതുമായ ഇതിഹാസത്തെപ്പറയാന്‍ തുടങ്ങി.
No comments:
Post a Comment