ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

9 July 2017

ആരാണ്‌ ബ്രാഹ്‌മണന്‍ ?

ആരാണ്‌ ബ്രാഹ്‌മണന്‍❓
എന്താണ്‌ ബ്രാഹ്‌മണത്വം ❓

ഒരു ഉപനിഷദ്‌ ദര്‍ശനം

ഒരേ ആത്മാവു തന്നെയാണ്‌ ലോകത്തിലേവരിലും കുടികൊള്ളുന്നതെന്ന ബ്രഹ്‌മഭാവത്തെ ബ്രഹ്‌മജ്‌ഞാനത്തിലൂടെ അറിഞ്ഞും, അംഗീകരിച്ചും ഒരേ പ്രാണവായു ശ്വസിക്കുന്നവരായ മനുഷ്യരേവരേയും സ്വസഹോദരണങ്ങളായി അംഗീകരിക്കുകയും ചെയ്യുന്നവരാണ്‌ പരമാര്‍ത്ഥിക ബ്രാഹ്‌മണര്‍.
ജന്മംകൊണ്ടാണ്‌ ബ്രാഹ്‌മണത്വമെന്ന്‌ ചിലര്‍. കര്‍മ്മംകൊണ്ടാണെന്ന്‌ മറ്റു ചിലര്‍. ധര്‍മ്മംകൊണ്ടാണെന്ന്‌ വാദിക്കുന്നവരുമുണ്ട്‌. ഋഗ്വേദം ഉയര്‍ത്തിക്കാട്ടുന്ന ഉത്തമ മനുഷ്യരത്രേ ബ്രാഹ്‌മണര്‍. ബ്രാഹ്‌മണ്യത്തെക്കുറിച്ച്‌ ഉപനിഷത്തിന്റെ സാരാംശമെന്തെന്ന്‌ നോക്കാം.

ബ്രാഹ്‌മണ, ക്ഷത്രിയ, വൈശ്യ ശൂദ്രാദികളില്‍ ബ്രാഹ്‌മണരാണ്‌ ശ്രേഷ്‌ഠമെന്ന്‌ വേദവും, സ്‌മൃതികളും വിധിച്ചിട്ടുണ്ടെങ്കിലും ആരാണ്‌ ആ പരമാത്മിക ബ്രാഹ്‌മണന്‍❓ അത്‌ ജീവല്‍പരമോ, ധാര്‍മ്മികപരമോ എന്നതില്‍ ഏതില്‍ ഊന്നിയാണ്‌ ഈ ബ്രാഹ്‌മണത്വം❓
ജീവല്‍പരമാണ്‌ ബ്രാഹ്‌മണത്വം എന്നുപറയാന്‍ കഴിയില്ല. കാരണം, ഒരു ബ്രാഹ്‌മണന്റെ ജീവന്‍ മുന്‍ ജന്മങ്ങളില്‍ പല ജാതി ശരീരങ്ങളില്‍ ജനിച്ച്‌ മരിച്ച്‌ പുനര്‍ജനിക്കുന്നത്‌ മുന്‍ജന്മ കര്‍മ്മാനുസരണമാണ്‌.
അങ്ങനെ പല ജാതി-മത-ദേശങ്ങളിലൂടെ പുനര്‍ജന്മം ഭവിക്കുന്നുവെന്ന്‌ കരുതണം. ബ്രാഹ്‌മണ, ക്ഷത്രിയ വൈശ്യ, ശൂദ്ര എന്നീ ചാതുര്‍വര്‍ണ്ണ്യത്തിലുള്‍പ്പെടാത്ത 'ചണ്ഡാല' നടക്കം സമസ്‌ത മനുഷ്യരുടേയും ശരീരം ഒരുപോലെ പഞ്ചഭൂതാത്മകമാണ്‌. വാര്‍ദ്ധക്യവും മരണവും എല്ലാവരിലും ഒരുപോലെയാണ്‌.
ദേഹപരമല്ല ബ്രാഹ്‌മണത്വം
ഭിന്നമനുഷ്യ ജാതികളില്‍നിന്നും, ജീവികളില്‍ നിന്നുപോലും അനേക ശ്രേഷ്‌ഠ മഹര്‍ഷിമാര്‍ ജന്മമെടുത്തിട്ടുണ്ട്‌.
'ഋശ്യശൃംഗമുനി' ജനിച്ചത്‌ മൃഗിയില്‍നിന്നും, കൗശികന്‍ 'കുശ'യില്‍നിന്നും, ജാംബുക ജാംബുകനില്‍ നിന്നുമാണ്‌. വാല്‍മീകി വത്മീകത്തില്‍ (പുറ്റ്‌) നിന്നും വേദ വ്യാസമഹര്‍ഷി 'മുക്കുവ' സ്‌ത്രീയില്‍നിന്നും ജന്മം കൊണ്ടു. അഗസ്‌ത്യമഹര്‍ഷി 'കലശ'ത്തില്‍നിന്നും ജനിച്ചുവത്രേ. മേല്‍പ്പറഞ്ഞവരെല്ലാം ബ്രാഹ്‌മണര്‍ക്കെന്നും പൂജിതരാണ്‌.
ബ്രാഹ്‌മണ കുലത്തില്‍ ജനിക്കാതിരുന്നിട്ടും ജ്‌ഞാനികളായ മേല്‍പ്പറഞ്ഞവരെ ബ്രാഹ്‌മണര്‍ പൂജിച്ചു. എന്നാല്‍ പിന്നെ യഥാര്‍ത്ഥ ബ്രാഹ്‌മണന്‍ ആര്‌❓
ഒരേ ആത്മാവു തന്നെയാണ്‌ ലോകത്തിലേവരിലും കുടികൊള്ളുന്നതെന്ന ബ്രഹ്‌മഭാവത്തെ ബ്രഹ്‌മജ്‌ഞാനത്തിലൂടെ അറിഞ്ഞും, അംഗീകരിച്ചും ഒരേ പ്രാണവായു ശ്വസിക്കുന്നവരായ മനുഷ്യരേവരേയും സ്വസഹോദരണങ്ങളായി അംഗീകരിക്കുകയും ചെയ്യുന്നവരാണ്‌ പരമാര്‍ത്ഥിക ബ്രാഹ്‌മണര്‍.
ബ്രഹ്‌മജ്‌ഞാനമാണ്‌ ബ്രാഹ്‌മണരുടെ കൈമുതല്‍. ബ്രാഹ്‌മണന്‍ മരണമടഞ്ഞാല്‍ ബ്രാഹ്‌മണകുലത്തില്‍ പുനര്‍ജനിക്കണമെന്നില്ല. ബ്രാഹ്‌മണന്‍ ചണ്ഡാലനായും, ചണ്ഡാലന്‍ ബ്രാഹ്‌മണനായും പുനര്‍ജനിക്കാം. മുതലാളി തൊഴിലാളിയായും പോലീസ്‌ കള്ളനായും തമിഴന്‍ ഹിന്ദിക്കാരനായും, സ്‌ത്രീ പുരുഷനായും മറിച്ചും പുനര്‍ജനിക്കാം.
ഇതിനാല്‍ ജാതിയുടേയും മതത്തിന്റേയും, നാടിന്റേയും, നേട്ടങ്ങളുടേയും പേരില്‍ ഊറ്റം കൊള്ളുന്നതില്‍ അര്‍ത്ഥമില്ലെന്നും തിരിച്ചറിയേണ്ടതാണ്‌. പുനര്‍ജന്മമില്ലാത്ത അവസ്‌ഥയാണ്‌ സ്വര്‍ഗ്ഗലബ്‌ധി അഥവാ മോക്ഷം.
ബ്രാഹ്‌മണന്‍ ആരെന്നതിന്‌ ഒരു ഉപനിഷത്ത്‌ കഥ സാന്ദര്‍ഭികമായി വിവരിക്കുന്നു. 'ഗുരുകുല' വിദ്യാഭ്യാസം നിലനിന്നിരുന്ന വേദകാലത്തെ 'സത്യകാമന്റെ കഥയാണിത്‌. അക്കാലത്ത്‌ 'ഉപനയനം' നടത്തിവേണം വിദ്യാഭ്യാസം ആരംഭിക്കാന്‍. സത്യകാമന്റെ സമപ്രായക്കാരെല്ലാം 'ഉപനയനം' നടത്തി വിദ്യാഭ്യാസം തുടങ്ങി. എന്നാല്‍ സത്യകാമന്‌ തന്റെ 'കുലം' നിശ്‌ചയമില്ലാത്തതിനാല്‍ ഉപനയനം നടത്താന്‍ കഴിയാതെ അനേകം ഗുരുകുലങ്ങള്‍ കയറിയിറങ്ങി നിരാശനായി.
ആരും ഉപനയനം നടത്താനും വിദ്യ ഉപദേശിക്കാനും തയ്യാറായില്ല. തന്റെ 'കുലം' ഏതെന്ന്‌ എത്ര ചോദിച്ചിട്ടും മാതാവ്‌ 'ജബാല' മറുപടി പറഞ്ഞില്ല. തനിക്ക്‌ വയസ്സ്‌ 12 ആയി. ഇനിയും ഇത്‌ സഹിക്കാന്‍ കഴിയില്ലെന്നും, ഉപനയനം നടത്തി വിദ്യ അഭ്യസിക്കാനുള്ള അവസരം സൃഷ്‌ടിക്കണമെന്നും അമ്മയെ ധരിപ്പിച്ചു. അപ്പോഴാണ്‌ അമ്മ തന്റെ ഹൃദയത്തില്‍ നീറ്റലോടെ ഒതുക്കിക്കൊണ്ടു നടന്ന ആ സത്യം തുറന്ന്‌ പറയാന്‍ നിര്‍ബ്ബന്ധിതയായത്‌. അവര്‍ പറഞ്ഞു: 'മകനേ! നിന്റെ അച്‌ഛനാരെന്ന്‌ എനിക്ക്‌ നിശ്‌ചയമില്ല.'' കുലം ഏതെന്ന്‌ ഗുരു ആരാഞ്ഞാല്‍ പറയാനുള്ള മറുപടിയും ആ നിര്‍ഭാഗ്യവതി മകന്‌ പറഞ്ഞുകൊടുത്തു.
'സത്യകാമന്‍' നേരെ ഗൗതമമഹര്‍ഷിയുടെ ആശ്രമത്തിലേക്ക്‌ തിരിച്ചു. കുലംതിരക്കിയ ഗുരുവര്യനോട്‌ 'സത്യകാമന്‍' പറഞ്ഞു: ''എന്റെ അമ്മ 'ജബാല' പല വീടുകളില്‍ ദാസ്യവൃത്തി ചെയ്‌താണ്‌ ജീവിച്ചതും എന്നെ വളര്‍ത്തിയതും.
ഇതിനിടയില്‍ പല പുരുഷന്മാരുടേയും ഇംഗിതത്തിന്‌ വഴങ്ങാന്‍ നിര്‍ബന്ധിതയായി. അങ്ങനെയാണ്‌ എന്നെ ഗര്‍ഭം ധരിച്ചത്‌. ഈ അവസ്‌ഥയില്‍ എന്റെ പിതൃത്വം വ്യക്‌തമാക്കാന്‍ എന്റെ അമ്മയ്‌ക്ക് കഴിയാതെപോയി. ഇക്കാര്യം ഗുരുവിനോട്‌ പറയാന്‍ അമ്മ നിര്‍ദ്ദേശിച്ചു. സത്യകാമനില്‍ സംപ്രീതനായി 'ഗൗതമമഹര്‍ഷി' ഇങ്ങനെ പറഞ്ഞു: 'സത്യം മാത്രം പറഞ്ഞതിനാല്‍ നീ ബ്രാഹ്‌മണനാണ്‌.
സത്യം പറയുന്നവനാണ്‌ ബ്രാഹ്‌മണന്‍!' ഉടനെ തന്നെ ഗൗതമമഹര്‍ഷി സത്യകാമന്റെ ഉപനയനത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്‌തു. ആയതിനുശേഷം മഹര്‍ഷി സത്യകാമന്‌ '400' പശുക്കളെ നല്‍കുകയും ആയിരം പശുക്കളുമായി തിരിച്ചുവന്നാല്‍ മതിയെന്നും പറഞ്ഞ്‌ കാട്ടിലേക്കയയ്‌ക്കുകയും ചെയ്‌തു. പശുക്കള്‍ പെറ്റുപെരുകി ആയിരമെണ്ണമായി തിരിച്ചെത്തിയെന്നാണ്‌ കഥ.
''സത്യം ആര്‌ ചൂണ്ടിക്കാട്ടിയാലും അവന്‍ ചണ്ഡാലനായാലും എനിക്ക്‌ ഗുരുതന്നെ'' എന്ന്‌ ശങ്കരാചാര്യസ്വാമികള്‍ പറഞ്ഞിട്ടുണ്ട്‌. പഴയ സ്വഭാവത്തിന്റെ കറകളയണം. അയിത്തം ഒരു അഴിമതി അഥവാ ഗ്രഹണമാണ്‌. നിയമപ്രകാരം അയിത്തം പാടില്ലെന്നുണ്ടെങ്കിലും എല്ലാവരുടേയും മനസ്സില്‍നിന്നും പോയിട്ടുണ്ടോയെന്ന്‌ സ്വയം വിമര്‍ശന വിധേയമാക്കി വിലയിരുത്തുക.

No comments:

Post a Comment