ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

29 July 2017

ബാലി

രാമായണ കഥാപാത്രങ്ങൾ

ബാലി

രാമായണത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള കഥാപാത്രങ്ങളിൽ വാനര രാജാവാണ് ബാലി. 

ഇന്ദ്രന്റെ മകനും സുഗ്രീവന്റെ ജ്യേഷ്ഠനുമായിരുന്ന ബാലി കിഷ്കിന്ധയിലെ രാജാവായിരുന്നു. വിഷ്ണുവിന്റെ അവതാരമായ രാമൻ ഒളിയ‌മ്പെയ്താണ് ബാലിയെ വധിച്ചത്. ബാലിയെ ചതിയിൽ പെടുത്തി രാമനെക്കൊണ്ട് സുഗ്രീവൻ വധിപ്പിച്ചുവെന്നാണ് കഥ.

ബാലിക്ക് എതിരെ യുദ്ധം ചെയ്യാൻ വരുന്ന ശത്രുവിന്റെ പകുതി ശക്തി കൂടി ലഭിക്കും എന്നൊരു വരം കിട്ടിയിട്ടുണ്ടായിരുന്നു. അതു കൊണ്ട് തന്നെ ബാലിയെ യുദ്ധത്തിൽ കീഴ്പെടുത്തുവാൻ കഴിയുമായിരുന്നില്ല. ഒരിക്കൽ ബാലി ശിവപൂജ ചെയ്തു കൊണ്ടിരിക്കു‌മ്പോൾ രാവണൻ ബാലിയെ യുദ്ധത്തിനായി വെല്ലുവിളിച്ചു. രാവണന്റെ പകുതി ശക്തികൂടി ലഭിച്ച ബാലി രാവണനെ വാലിൽ ചുറ്റിയെടുത്ത് ലോകം മുഴുവൻ സഞ്ചരിച്ചു.

ഒരിക്കൽ ബാലി, മായാവി എന്ന രാക്ഷസനുമായി യുദ്ധം ചെയ്യാൻ രാക്ഷസന്റെ ഗുഹയിലേക്ക് കയറിപ്പോകുമ്പോൾ ഗുഹാകവാടം ബന്ധിക്കാൻ സുഗ്രീവനോട് ആവശ്യപ്പെട്ടു. എന്നാൽ രാക്ഷസന്റെ മായയാൽ തെറ്റിദ്ധരിക്കപ്പെട്ട് ബാലി മരിച്ചു എന്നു കരുതി സുഗ്രീവൻ ഗുഹാകവാടം തുറക്കാതെ തിരികെ പോയി. സ്വയം ഗുഹാ കവാടം തുറന്ന് പുറത്തു വന്ന ബാലി സുഗ്രീവനെ കൊട്ടാരത്തിൽ നിന്ന് പുറത്താക്കി, സുഗ്രീവന്റെ ഭാര്യയായ രൂമയെ സ്വന്തമാക്കി.

ബാലി വളരെ നല്ല രാജാവായിരുന്നുവെങ്കിലും തന്റെ അനുജനായ സുഗ്രീവൻ അബദ്ധത്തിൽ ചെയ്തു പോയ തെറ്റ് ക്ഷമിക്കാൻ തയ്യാറായില്ല.

രാവണൻ തട്ടിക്കൊണ്ടുപോയ സീതയെഅന്വേഷിക്കുന്ന സമയത്ത്, ശ്രീരാമൻ സുഗ്രീവനുമായി സീതാന്വേഷണത്തിനുവേണ്ടി സഖ്യത്തിലേർപ്പെട്ടു. ബാലിയെ നിഗ്രഹിച്ച് സുഗ്രീവനെ കിഷ്കിന്ധയിലെ രാജാവാക്കുക എന്നതായിരുന്നു സീതാന്വേഷണത്തിനു സുഗ്രീവൻ വെച്ച നിബന്ധന. അതംഗീകരിച്ച രാമൻ, സുഗ്രീവനോട് ബാലിയെ യുദ്ധം ചെയ്യാൻ വെല്ലുവിളിക്കാൻ ആവശ്യപ്പെടുകയും, നേരിട്ട് യുദ്ധം ചെയ്യാൻ പറ്റാത്തതു കൊണ്ട് മരത്തിനു പിന്നിൽനിന്നും അമ്പെയ്തു ബാലിയെ വധിക്കാം എന്നറിയിക്കുകയും ചെയ്തു. രൂപസാദൃശ്യമുള്ള സഹോദരങ്ങളിൽ നിന്നും മാലയണിഞ്ഞ സുഗ്രീവനെ ശ്രീരാമൻ തിരിച്ചരിയുകയും ബാലിയെ ഒളിയമ്പെയ്തു വധിക്കുകയും ചെയ്തു.

അമ്പേറ്റ് നിലത്തുവീണ ബാലി താൻ ചെയ്ത തെറ്റുകൾ എന്താണെന്നു ശ്രീരാമനോടു ചോദിക്കുകയും അതിനുത്തരമായി സഹോദരനെ മകനായി കാണണമെന്നും അവന്റെ ഭാര്യയെ സ്വന്തമാക്കിയത് പൊറുക്കാനാകാത്ത തെറ്റാണെന്നും മറുപടികൊടുത്തു. ശേഷം തന്റെ വിശ്വരൂപം കാട്ടി ബാലിക്ക് മോക്ഷം കൊടുത്തു.

ബാലിയെ ശ്രീരാമന്‍ ഒളിയമ്പെയ്തു കൊന്നത് ഉചിതമാണോ? 

സുഗ്രീവനെ ബാലി വീട്ടുതടങ്കലില്‍ വച്ചിരിക്കുകയാണ്. ഋഷ്യമൂകാചലത്തില്‍ നിന്നും സുഗ്രീവനു താഴെ ഇറങ്ങുവാന്‍ സാധ്യമല്ല. വാസ്തവത്തില്‍ അതിനുതക്കവണ്ണം സുഗ്രീവന്‍ തെറ്റു ചെയ്തിട്ടുമില്ല. ഒരു തെറ്റിദ്ധാരണയില്‍നിന്നുണ്ടായ വിരോധമാണ് ശത്രുതയ്ക്ക് ഹേതു. ഒരുപക്ഷേ, ദേഷ്യംകൊണ്ട് തല്ക്കാലം വിരോധം തോന്നിയെങ്കിലും ക്രമേണ സത്യാവസ്ഥമനസ്സിലാക്കി ബാലിക്ക് സുഗ്രീവന്റെ തെറ്റു പൊറുക്കാമായിരുന്നു. പക്ഷെ ബാലി അത്തരക്കാരനല്ല. അഹങ്കാരിയും വൈരാഗ്യബുദ്ധിയുമാണ്. അതിനാല്‍ ഇവരിലൊരാള്‍ക്ക് മാത്രമെ സ്വതന്ത്രമായി ജീവിച്ചിരിക്കുവാന്‍ സാധിക്കുകയുള്ളൂ. ഈ അവസരത്തില്‍ ശ്രീരാമന്‍ ആരുടെ പക്ഷമാണ് ചേരേണ്ടത്?

ബാലിയോട് സഖ്യം ചെയ്യുന്നതായിരുന്നു ശ്രീരാമന് നല്ലത്. പക്ഷെ, ശ്രീരാമന്‍ തന്റെ സ്വാര്‍ത്ഥമായ നന്മയെയല്ല മുന്‍നിര്‍ത്തിയത്. ആദര്‍ശത്തെയാണ്. സുഗ്രീവനാണ് ഇവിടെ ആര്‍ത്തന്‍. ദുഃഖം അനുഭവിക്കുന്നവന്‍. അതിനാല്‍ സുഗ്രീവനാണു സഹായത്തിനര്‍ഹതയുള്ളവന്‍. മാത്രമല്ല ബാലി ജീവിച്ചിരുന്നാല്‍ അയാള്‍ അക്രമസ്വഭാവമുള്ളവനാകകൊണ്ട് മേലിലും മറ്റുള്ളവര്‍ക്ക് അകാരണമായി ദുഃഖമുണ്ടാകുവാനിടയുണ്ട്. അതുകൊണ്ട് ധര്‍മമനുസരിച്ച് ശ്രീരാമന് സുഗ്രീവനെ സഹായിക്കുകയേ നിര്‍വാഹമുള്ളൂ. ബാലിയെ നേരിട്ടു കൊല്ലാന്‍ സാധ്യമല്ല. കാരണം ബാലിയുടെ വരബലം അതാണ്. അതിനാല്‍ ഒളിഞ്ഞുനിന്നു തന്നെ അതു ചെയ്യുകയേ നിവര്‍ത്തിയുള്ളൂ. ആധുനിക രാജനീതിയും ദുര്‍ബലരെ സഹായിക്കുക എന്ന ഈ ധര്‍മത്തെതന്നെയാണ് പിന്തുടരുന്നത് എന്ന് കാണാം. ദുര്‍ബലരെ അക്രമികളില്‍ നിന്നും രക്ഷിക്കുക എന്ന് എന്നത്തെയും രാജധര്‍മ്മമാണ്.

രാജധര്‍മ്മമനുസരിച്ച് രാജാവിന് സ്വന്തമായ ഒരു വ്യക്തിത്വമില്ല. രാജാവ് പ്രജകളുടെ പ്രതിനിധിയാണ്. 

ഒന്നുകൂടി വിശദമായി പറഞ്ഞാല്‍...

ബാലി സത്യത്തിലും ധര്‍മത്തിലും വിശ്വസിക്കാത്ത രാജാവണ്.സുഗ്രീവന്‍ തന്നോട് അപരാധം ചെയേ്താ എന്ന് അദ്ദേഹം വിചാരണ ചെയ്തുനോക്കിയില്ല. പൊടുന്നനേ, പുറത്താക്കുകയാണുണ്ടായത്. അദ്ദേഹത്തിന്റെ പത്‌നിയെ കൂടെ വിട്ടുകൊടുത്തതുമില്ല.സുഗ്രീവപത്‌നിയായ രുമയെ ബാലി ഗ്രഹിച്ചു. ഇത് ആതതായിത്വമാണ്.ആതതായികളൊ വിചാരണ ചെയ്യാതെ, കണ്ടിടത്തുവെച്ചു വധിക്കാന്‍ രാമന് ദണ്ഡനാധികാരമുണ്ട്. രാമന്‍ ഏഷ്യയിലെ പല രാജ്യങ്ങളില്‍ നിന്നും കപ്പം വാങ്ങിക്കുന്ന അധീശരാജാവാണ്. സാമന്ത രാജാക്കന്മാരുടെ ധര്‍മലംഘനങ്ങളില്‍ രാമന് ഇടപെടാം. ആതതായികളുടെ ദുഷ്‌ക്കര്‍മങ്ങളില്‍ വിശേഷിച്ചും. രാമന്‍ അപ്പോഴും ചക്രവര്‍ത്തിതന്നെയാണ്. ഭരതന്‍ അദ്ദേഹത്തിന്റെ പ്രതിനിധി മാത്രം.
സഹോദരഭാര്യയെ മകളെപ്പോലെയും അമ്മയെപ്പോലെയും കരുതണം. ബാലി അങ്ങനെ കരുതിയില്ല.അതുകൊണ്ട് ബാലിയെ വധിച്ചു. വധം അതീവ ധാര്‍മികം. ഒളിച്ചുനിന്ന് കൊന്നതോ? ശത്രു അന്ത്യന്ത ബലവാന്‍. ഇന്ദ്രാദി ദേവന്മാരുടെയും ബ്രഹ്മാവിന്റെയും വരത്തിന്റെ ബലം. പിന്നെ കൈയിലൊരു രാസായുധവും; തന്റെ മുൻപിൽ വന്നു യുദ്ധം ചെയ്യുന്നവരുടെ പകുതി ശക്തി തനിക്ക് വന്നു ചേരുമെന്ന് വരം ലഭിച്ചവനാണ്. . തുല്യ യോദ്ധാക്കള്‍ പോരാടുക എന്നത് യുദ്ധ ധര്‍മം. ഒളിച്ചുനിന്ന് അമ്പെയ്തുകൊന്നു. രാമന് അതില്‍ ഒരു ആശങ്കയുമില്ലായിരുന്നു. ആശങ്ക നമുക്കാണ്. ചിന്തയില്‍ പക്ഷവാതം ബാധിച്ചവര്‍ക്ക്, സുഗ്രീവന്‍ സീതയെ അന്വേഷിച്ചു കണ്ടുപിടിച്ചു കൊടുക്കുമെന്ന് വിചാരിച്ചിട്ടല്ല ഈവധം. ഭഗവാന്‍ ശബരിയെ ചെന്നുകണ്ടത് അവര്‍ സീതയെ തേടിക്കൊടുക്കുമെന്ന് മോഹിച്ചിട്ടല്ലല്ലോ..... 

ബാലിയെ നിഗ്രഹിക്കേണ്ടി വന്നത് അവരുടെ കർമ്മഫലം കൊണ്ട് കൂടിയാണ്. ഭഗവാന്റെ വാക്കുകൾ കേട്ട ബാലിയുടെ താമസഭാവം അകന്നുവെന്നും ഭക്തിയോടെ നമസ്കരിച്ച് ക്ഷമ ചോദിച്ചതും ഭഗവാനെ സ്തുതിച്ചതും രാമായണത്തിൽ കാണാം. യോഗീന്ദ്രന്മാർക്കു പോലും ദർശനം ലഭിക്കുവാൻ എളുപ്പമല്ല എന്നിരിക്കെ, ഭഗവാനെ കണ്ടു കൊണ്ട്ഭഗവാന്റെ കൈകൾ കൊണ്ട്, ഭഗവാന്റെ നാമം അവസാന സമയത്ത് ജപിച്ചും കൊണ്ട്, ശരീരം വെടിയാൻ കഴിഞ്ഞ ബാലിക്ക് മോക്ഷമാണ് ലഭിച്ചത്.

ഇതിഹാസത്തിനു വിരുദ്ധമായി ചിന്തിക്കുകയെന്നത് അല്പപ്രാണികളുടെ സ്വഭാവമാണ്...

No comments:

Post a Comment