ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 July 2017

അംഗദൻ

രാമായണ കഥാപാത്രങ്ങൾ

അംഗദൻ
രാമായണത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ഒരു വാനരനാണ് അംഗദൻ. വാനരരാജാവായ ബാലിയുടെ പുത്രൻ. പുരാണങ്ങൾ പ്രകീർത്തിക്കുന്ന പഞ്ചകന്യകമാരിൽ ഒരാളായ താരയാണ് അംഗദന്റെ മാതാവ്. അംഗദൻ ബൃഹസ്പതിയുടെ അംശാവതാരമാണെന്ന് കമ്പരാമായണത്തിൽ ഒരു സൂചനയുണ്ട്. അംഗദൻ ദൗത്യകർമത്തിന് പ്രസിദ്ധനാണ്. സീതാന്വേഷണാർഥം സുഗ്രീവൻ അയച്ച വാനരസേനയിലെ പ്രമുഖാംഗം, തികഞ്ഞ രാമഭക്തൻ, ഹനുമാനെപ്പോലെ ബലവാനും സാഹസികനും ബുദ്ധിശാലിയും വിവേകിയും സമരവിദഗ്ദ്ധനുമായ വാനരസേനാനി എന്നീ നിലകളിൽ വിഖ്യാതനാണ് അംഗദൻ. ഈ വാനരരാജകുമാരൻ രാമരാവണയുദ്ധത്തിൽ ഇന്ദ്രജിത്തുമായി ഏറ്റുമുട്ടി തന്റെ യുദ്ധ വൈദഗ്ദ്ധ്യവും സ്വാമിഭക്തിയും വ്യക്തമാക്കി. രാമരാവണ യുദ്ധം ഒഴിവാക്കുവാൻ വേണ്ടി രാമദൂതനായി പോയത് അംഗദനായിരുന്നു. തദ് അവസരത്തിൽ രാവണനുമായുള്ള സംവാദത്തിൽ അംഗദന്റെ നീതിനിപുണതയും വാക്ചാതുര്യവും തെളിഞ്ഞുകാണാം. ഈ കഥയെ ആധാരമാക്കി അജ്ഞാതകർതൃകവും അപൂർണവുമായ അംഗദദൂത് എന്ന ഒരു മണിപ്രവാളചമ്പു ലഭിച്ചിട്ടുണ്ട്.

സംസ്കൃതസാഹിത്യത്തിൽ രാമായണകഥയെ ആധാരമാക്കിയുള്ള നിരവധി കാവ്യങ്ങളിൽ അംഗദന്റെ ധീരതയുടെയും നയവൈദഗ്ദ്ധ്യത്തിന്റെയും വർണനകൾ ലഭിക്കുന്നുണ്ട്. 13ആം ദശകത്തിന്റെ അന്ത്യത്തിൽ ജീവിച്ചിരുന്ന സുഭട്ടൻ, അംഗദനെ നായകനാക്കി ദൂതാംഗദം എന്നൊരു കാവ്യം രചിച്ചു. വാല്മീകിരാമായണം, അധ്യാത്മരാമായണം എന്നീ പ്രസിദ്ധരാമകഥാകാവ്യങ്ങളിൽ അംഗദനെ ഹനുമാന്റെ സഖാവ്, രാമന്റെ സേവകൻ, വാനരൻമാരുടെ സേനാനായകൻ, ആദർശഭക്തൻ എന്നീ നിലകളിൽ പ്രശംസിച്ചിട്ടുണ്ട്.

No comments:

Post a Comment