ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 July 2017

ശാന്ത

രാമായണ കഥാപാത്രങ്ങൾ

ശാന്ത

രാമായണത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ഒരു കഥാപാത്രമാണ് ശാന്ത. ദശരഥമഹാരാജാവിന്‍റെ ആദ്യഭാര്യയായ കൌസല്യയില്‍ ജനിച്ച പുത്രിയാണ് ശാന്ത. പുത്രിയുടെ ജനനത്തിനു ശേഷം ഏറെക്കാലം അവര്‍ക്ക് കുട്ടികളുണ്ടായില്ല. അങ്ങനെയിരിക്കെ ദശരഥന്‍റെ പ്രിയസുഹൃത്തായ അംഗരാജാവ് ലോമപാദന്‍ അയോദ്ധ്യ സന്ദര്‍ശിച്ചു.
സന്താനങ്ങള്‍ ഇല്ലാത്തതിനാല്‍ ശാന്തയെ ദത്തുപുത്രിയായി തരണമെന്ന് ലോമപാദന്‍ അഭ്യര്‍ത്ഥിക്കുന്നു. ദശരഥന്‍ സന്തോഷത്തോടെ മകളെ ലോമപാദനു ദത്തു നല്‍കുന്നു.

കുറച്ചു കാലത്തിനുശേഷം ലോമപാദരാജാവിന്‍റെ അംഗരാജ്യത്തില്‍ മഴയില്ലാതെ പ്രജകളും രാജാവും ഒരേപോലെ വിഷമിക്കുകയായിരുന്നു. മഴ ലഭിക്കാനായി രാജാവ് ബ്രാഹ്മണരെയും പണ്ഡിതന്മാരെയും വിളിച്ചു കൂട്ടി. സ്ത്രീകളെ കണ്ടിട്ടില്ലാത്ത തപസ്വിയായ ഒരു പുരുഷനെക്കൊണ്ട് യാഗം നടത്തിയാല്‍ ഇതിനൊരു പരിഹാരമാകും എന്ന അഭിപ്രായം ആ സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞു. അതിനു പറ്റിയ ആള്‍ വിഭാണ്ഡക പുത്രനായ ഋശ്യശൃംഗനാണെന്ന്‍ ലോമപാദന്‍ മനസ്സിലാക്കി.

ഉഗ്രതപസ്വിയായ വിഭാണ്ഡകന് ഒരു മാന്‍പേടയിലുണ്ടായ പുത്രനാണ് ഋശ്യശൃംഗന്‍. ജനിക്കുമ്പോള്‍ തന്നെ കൊമ്പുണ്ടായിരുന്ന ആ ബാലന്‍ പിതാവിനെയല്ലാതെ ഒരു മനുഷ്യനെയും യുവാവാകുന്നതുവരെ വരെ കണ്ടിരുന്നില്ല.. പിതാവിനോടൊപ്പം പൂജയും ഭക്തിയുമായി സന്യാസിയെ പോലെ കഴിഞ്ഞിരുന്ന ഋശ്യശൃംഗന്‍ സ്ത്രീകളെകുറിച്ച് കേട്ടിട്ടുപോലുമിലായിരുന്നു.

സ്ത്രീയെകുറിച്ച് കേള്‍ക്കുകയോ അറിയുകയോ ചെയ്യാത്ത ഒരാളെ കൊണ്ടു യാഗം ചെയ്യിച്ചാല്‍ മാത്രമേ മഴ ലഭിക്കൂ. മഴ പെയ്യാന്‍ യാഗം നടത്താനായി ലോമപാദന്‍ ദേവദാസിയായ മാലിനിയേയും മകള്‍ വൈശാലിയേയും ഋഷ്യശൃംഗനെ ആകര്‍ഷിച്ചു കൊണ്ടുവരാന്‍ ശട്ടംകെട്ടി കാട്ടിലേയ്ക്ക് പറഞ്ഞയക്കുന്നു. വളരെ തന്ത്രപരമായി വിഭാണ്ഡകമഹര്‍ഷി അറിയാതെ ഋഷ്യശൃംഗനുമായി ഇടപഴകിയ വൈശാലി മുനികുമാരനെ വശീകരിച്ചു കൊണ്ട് അംഗരാജ്യത്ത് കൊണ്ടുവരുന്നു, യാഗം നടത്തിക്കൊടുക്കുന്നു. യാഗം അവസാനിക്കുന്നതോടെ അവിടെ മഴ ലഭിക്കുകയും അതില്‍ പ്രസന്നനായ ലോമപാദന്‍ തന്‍റെ ദത്തുപുത്രിയായ ശാന്തയെ അദ്ദേഹത്തിനു വിവാഹം കഴിച്ചു കൊടുക്കുകയും ചെയ്തു. ഒരു പുത്രന്‍ ജനിച്ച ശേഷം പിതാവിന്‍റെ ആജ്ഞ അനുസരിച്ച് ഋശ്യശൃംഗന്‍ വനത്തിലേയ്ക്ക് തിരിച്ചു പോവുകയും ചെയ്തു.

ഏകപുത്രിയെ മറ്റൊരാള്‍ക്ക് ദാനം ചെയ്ത് സന്താനങ്ങളില്ലാതെ ഭാര്യമാരോടൊപ്പം ദശരഥന്‍ ദുഃഖിച്ചുകൊണ്ടിരിക്കുന്ന കാഴ്ച എഴുത്തച്ഛന്‍ വിവരിക്കുന്നുണ്ട്:

”വന്ദനം ചെയ്തു ചോദിച്ചീടിനാനെന്തു നല്ലൂ
നന്ദനന്മാരുണ്ടാവാനെന്നരുള്‍ ചെയ്തീടണം.”

പുത്രലാഭത്തിനു വേണ്ടി ദശരഥന്‍ കൈകേയിയെ രണ്ടാം ഭാര്യയായി സ്വീകരിച്ചു. എന്നിട്ടും സന്താനഭാഗ്യം ലഭിക്കാതെ നിരാശനായ രാജാവ് സുമിത്രയെ വിവാഹം ചെയ്തു. കാലം ഏറെ കഴിഞ്ഞെങ്കിലും ദശരഥ മഹാരാജാവിനു മക്കളില്ലാതെ ഏറെ വിഷമം തോന്നി. രാജ്യഭരണം മന്ത്രിമാരെ ഏല്‍പ്പിച്ചു അദ്ദേഹം മഹാവിഷ്ണുവിനെ നിത്യഭജനം ചെയ്യാന്‍ തുടങ്ങി. ഒടുവില്‍ വസിഷ്ഠ മഹര്‍ഷിയുടെ ഉപദേശത്തോട് കൂടി ഒരു പുത്രകാമേഷ്ടിയാഗം നടത്താന്‍ നിശ്ചയിച്ചു. ഋശ്യശൃംഗ മഹര്‍ഷിയായിരുന്നു ആ യാഗത്തിന്‍റെ പ്രധാനിയായിരുന്നത്. പുത്രകാമേഷ്ടി യാഗത്തിലെ യാഗാഗ്നിയില്‍ നിന്നും ഉയര്‍ന്നു വന്ന അമൃതമയമായ പായസം മഹര്‍ഷി നിര്‍ദ്ദേശിച്ച രീതിയില്‍ തന്‍റെ മൂന്നു ഭാര്യമാര്‍ക്കും പങ്കിട്ടു കൊടുത്താണ് രാമലക്ഷ്മണഭരതശത്രുഘ്നന്മാരുടെ ജനനം എന്ന് രാമായണകഥ…

No comments:

Post a Comment