ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 July 2017

അഞ്ജന

രാമായണ കഥാപാത്രങ്ങൾ

അഞ്ജന

രാമായണത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ഒരു കഥാപാത്രമാണ് ഹനുമാന്റെ മാതാവായ അഞ്ജന. ഇതു കാരണം ഹനുമാന് ആഞ്ജനെയൻ എന്നു പേരു വന്നു. കുഞ്ജരൻ എന്ന വാനരന്റെ പുത്രിയും കേസരിയുടെ ഭാര്യയുമായിരുന്നു അഞ്ജന. അഞ്ജന ഗൗതമന്റെ പുത്രിയാണെന്നും മതഭേദമുണ്ട്.

അഞ്ജന ആദ്യത്തെ ജന്മത്തിൽ പുഞ്ജികസ്ഥലി എന്ന അപ്സരസ്സ് ആയിരുന്നു. ശാപം നിമിത്തം വാനരയായി ഹിമാലയത്തിൽ ജനിച്ചു. ശിവന്റെ ഒരു അവതാരത്തെ പ്രസവിക്കുമ്പോൾ പഴയ രൂപം തിരിച്ചുകിട്ടും എന്നതായിരുന്നു ശാപമോക്ഷത്തിനുള്ള വരം.

അഞ്ജനയുടെ ഭർത്താവ് കേസരി എന്ന ശക്തനായ ഒരു വാനരനായിരുന്നു. മുനിമാരെ ഉപദ്രവിച്ചിരുന്ന ഒരു ഭീകരനായ ആനയെ കൊന്നതിനാലാണ് ഇദ്ദേഹത്തിന് ഈ പേര് ലഭിച്ചത്.

കേസരിയോടൊത്ത് അഞ്ജന, ശിവൻ തന്റെ പുത്രനായി ജനിക്കണം എന്ന് വളരെ കഠിനമായി പ്രാർത്ഥിച്ചിരുന്നു. ഇതിൽ സം‌പ്രീതനാ‍യ ശിവൻ ഈ വരം അവർക്ക് നൽകി. അങ്ങനെ ശിവനാണ് ഹനുമാനായി ജനിച്ചതെന്നാണ് ഹൈന്ദവ വിശ്വാസം.

ശിവനും പാർവതിയും വാനരരൂപികളായി നടക്കുമ്പോൾ പാർവതി ഗർഭിണിയായിത്തീർന്നെന്നും വാനരശിശു ജനിക്കുമെന്ന അപമാനത്തിൽനിന്ന് തന്നെ മുക്തയാക്കണമെന്ന് അപേക്ഷിച്ചതിന്റെ ഫലമായി ആ ഗർഭത്തെ ശിവൻ വായുദേവനെ ഏല്പിച്ചു എന്നും, വായു അത്, സന്താനലാഭത്തിനുവേണ്ടി തപസ്സനുഷ്ഠിച്ചു കഴിയുന്ന അഞ്ജനയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചു എന്നും ആ ശിശുവാണ് ഹനുമാനായി പിറന്നത്. കുഞ്ഞിന്റെ മുഖം കണ്ടതും അഞ്ജനയുടെ വാനരരൂപം പോയി. ഗന്ധര്‍വ്വനാരിയുടെ രൂപം തിരികെ വന്നു എന്ന് വാല്മീകി രാമായണത്തിൽ പരാമർശമുണ്ട്.

ഹനുമാന്റെ പിതാവ്

ഹനുമാന്റെ മാതാവ് അജ്ഞനയെന്ന വാനരസ്ത്രീയാണ്. എന്നാല്‍ യഥാര്‍ത്ഥ പിതാവാര് ❓

അഞ്ജനയുടെ ഭര്‍ത്താവായ കേസരിയല്ല വായുപുത്രനാണ് ഹനുമാന്‍ എന്നാണ് എല്ലാവരും പറയുന്നത്. പക്ഷേ മാരുതി ശിവബീജമാണ്. ശിവബീജം അജ്ഞനയുടെ ഗര്‍ഭത്തിലെങ്ങനെയെത്തി എന്നതിന് വ്യത്യസ്ത കഥകളാണുള്ളത്. ശിവപുരാണത്തില്‍ ഹനുമാന്‍ ശിവപുത്രനാണ്. കഥയിങ്ങനെ.

പാലാഴിമഥനം കഴിഞ്ഞ് അസുരന്മാര്‍ അമൃത് തട്ടിക്കൊണ്ടുപോയല്ലോ. വിഷ്ണുമോഹിനീരൂപമെടുത്ത് പാതാളത്തില്‍പോയി അമൃതു വീണ്ടെടുത്ത കഥ നമുക്കെല്ലാമറിയാം. വിഷ്ണുവിന്റെ മോഹിനിരൂപം കാണണമെന്ന് ശിവന്‍ ആഗ്രഹം പ്രകടിപ്പിച്ചു. അപ്പോള്‍ മായ ശിവനെയും ബാധിച്ചു. കാമാരിയായ ശിവന്‍ കാമവികാരം കൊണ്ട് അന്ധനായി മോഹിനിയെ പ്രാപിക്കാന്‍ ചെന്നു. ആ സമയത്ത് ശിവനു ബീജസ്ഖലനമുണ്ടായി. അതു താഴെ വീണാല്‍ മൂന്നുലോകവും വെന്തുപോകും എന്നുഭയന്ന് സപ്തര്‍ഷികള്‍ വായുവിനോട് അതേറ്റുവാങ്ങാന്‍ പറഞ്ഞു. വായു ഇതു സ്വീകരിച്ച് ഒരു വാനര രാജാവായ കേസരിയുടെ ഭാര്യ അഞ്ജനയുടെ ഗര്‍ഭത്തില്‍ നിക്ഷേപിച്ചു. അങ്ങനെയാണ് ശിവബീജമായ ഹനുമാന്‍ വായുപുത്രനായത്. ശ്രീ അയ്യപ്പന്റെ ജനനത്തെപ്പറ്റിയും ഈ കഥ പറയുന്നുണ്ട്.
വാല്‍മീകി രാമായണത്തില്‍ കഥയ്ക്കു വിത്യാസമുണ്ട്.

ബൃഹസ്പതിയുടെ ദാസിയായിരുന്നു പുഞ്ജികസ്ഥല എന്ന അപ്‌സരസ്സ്. അവളൊരുദിവസം വെള്ളമെടുക്കാനായി നദിയിലേക്കു പോയി. അവിടെ ഗന്ധര്‍വ്വന്മാര്‍ ഭാര്യമാരുമായി ജലക്രീഡ നടത്തുകയായിരുന്നു. ഇതുകണ്ട് അവൾ കാമപരവശയായി. ജലവുമായി ആശ്രമത്തിലെത്തിയ പുഞ്ജികസ്ഥല കാമപരവശയായി ബൃഹസ്പതിയുടെ കൈയില്‍ കടന്നുപിടിച്ച് കാമലീല നടത്താനാവശ്യപ്പെട്ടു. ഈ തപോഭൂമിയില്‍ മനസ്സടക്കാന്‍ കഴിയാത്ത ചപലയായ നീ ഒരു വാനരനാരിയായിത്തീരട്ടെ എന്ന് ബൃഹത്പതി ശപിച്ചു.

പശ്ചാത്താപിച്ച അപ്‌സരസ്സ് ശാപമോക്ഷം ചോദിച്ചു. നീ ശിവബീജത്തില്‍ നിന്നും ഒരു പുത്രനെ പ്രസവിക്കുന്ന സമയത്ത് അപ്‌സരസ്സായി മടങ്ങിവരാം എന്ന് അനുഗ്രഹിക്കുകയും ചെയ്തു. പുഞ്ജികസ്ഥല കഞ്ജരന്‍ എന്ന വാനരന്റെ മകളായി ജനിച്ചു. പേര് അഞ്ജന. യൗവനത്തില്‍ അഞ്ജനയെ ഒരു വാനരരാജാവായ കേസരി വിവാഹം ചെയ്തു. അവര്‍ക്ക് വളരെക്കാലം സന്തതിയുണ്ടായില്ല. അഞ്ജന വനത്തിലിരുന്ന് ശിവനെ തപസ്സുചെയ്തു. ആ കാലത്താണ് വായുഭഗവാന്‍ ശിവരേതസ്സുകൊണ്ടുവന്ന് അവളുടെ ഗര്‍ഭത്തില്‍ നിക്ഷേപിച്ചത് അഞ്ജന ഗര്‍ഭിണിയാണെന്നറിഞ്ഞ് കേസരി സന്തോഷിച്ചു.

No comments:

Post a Comment