രാമായണത്തിലെ ജടായു
അനീതിയും അക്രമങ്ങളും കൂടുകയും ധര്‍മ്മത്തിന് ക്ഷയം സംഭവിയ്ക്കുകയും ചെയ്യുമ്പോള്‍, നാമെല്ലാം തീര്‍ച്ചയായും, അവതാരങ്ങളുടെ അപേക്ഷ വെയ്ക്കുന്നുണ്ട്. അല്ലയോ ജഗദീശ്വരാ, എന്തുകൊണ്ടാണ് നീ ദുഷ്ടന്മാരെ വധിയ്ക്കുവാനും ശിഷ്ടരെ രക്ഷിയ്ക്കുവാനും വേണ്ടി വീണ്ടും അവതാരമെടുക്കാത്തത്. ധര്‍മ്മത്തിന് ഗ്ലാനി സംഭവിയ്ക്കുമ്പോളെല്ലാം, അല്ലയോ ഭഗവന്‍, അങ്ങ്‍ ഈ ഭൂമിയില്‍ അവതരിയ്ക്കുമെന്ന്‍ വാക്കുതന്നിട്ടുള്ളതല്ലേ. ഇനി വൈകിയ്ക്കരുതേ ഭഗവാനേ. ഇത്തരത്തിലൊക്കെ മനുഷ്യന്‍ പ്രാര്‍ത്ഥിയ്ക്കാറുണ്ട്. എന്നാല്‍ സത്യധര്‍മ്മാദികളൊന്നും അത്രകണ്ട് നശിച്ചിട്ടില്ലാ എന്ന്‍ വേണം കരുതാന്‍. അല്ലെങ്കില്‍ ഈശ്വരാവതാരം സംഭവിയ്ക്കണമായിരുന്നു.
എന്നാല്‍ ഈശ്വരാവതാരത്തിനുള്ള അപേക്ഷയിലേയ്ക്ക് എത്തുന്നതിനുമുമ്പ്‍ മൂന്നു കടമ്പകളുണ്ട്. ആ കടമ്പകള്‍ തീര്‍ച്ചയായും കടന്നിരിയ്ക്കണം എന്ന്‍ നമ്മുടെ ശാസ്ത്രങ്ങള്‍ അനുശാസിയ്ക്കുന്നു. പ്രയത്നം, പ്രാര്‍ത്ഥന, പ്രതീക്ഷ, പ്രാകട്യം ഇതാണ് അതിന്റെ ക്രമിക പടികള്‍. ഇത്‍ ഈശ്വര അവതാരത്തിനു മാത്രമായി ചുരുക്കുന്നത് അവിവേകമാണ് മറിച്ച്‍ നമ്മുടെ ഇഷ്ടാനിഷ്ട പരിണാമത്തിനും ഇതുതന്നെയാണ് മാര്‍ഗ്ഗം. അതുകൊണ്ട്, ബദ്ധപ്പാട്‍ വെയ്ക്കരുത്‍, വിശിഷ്യാ ആദ്ധ്യാത്മികതയില്‍.
ആദ്യത്തെ പടി പ്രയത്നമാണ്. പ്രകര്‍ഷേണയുള്ള യത്നം, അല്ലെങ്കില്‍ വിശേഷിച്ച ഒരു പ്രവര്‍ത്തി, വേറിട്ട ഒരു കര്‍മ്മം. ഇങ്ങിനെ, വേറിട്ട ഒരു കര്‍മ്മം എന്ന്‍ പറഞ്ഞാല്‍ അതിനെ എങ്ങിനെ അറിയാം, എങ്ങിനെ നിവര്‍ത്തിയ്ക്കാം.
തുഞ്ചത്ത്‍ രാമാനുജനെഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്‍ മറിച്ചു നോക്കുമ്പോള്‍, ജടായു എന്ന ഒരു പക്ഷിയുടെ കഥ കാണാം. എത്രയെത്ര മഹാക്കളായ ജീവാത്മാക്കളുണ്ട് ഈ ലോകത്ത്‍. എഴുത്തച്ഛന് വേറെ ഒന്നിനേയും കിട്ടിയില്ലേ ഒരു കഥാപാത്രമായിട്ട്‍ ചിത്രീകരിയ്ക്കാന്‍. ഈ ജടായുവിനെ എന്ത്‍ മഹാകാര്യത്തിനാണ് ഇത്രയും പ്രാധാന്യം കൊടുത്ത്‍ അവതരിപ്പിച്ചിരിയ്ക്കുന്നത് എന്നൊക്കെ ചിന്തിയ്ക്കുന്നവര്‍ ധാരാളം കാണും. ആധുനിക വിദ്യാസമ്പന്നനായ മാനവനും ആധുനിക ശാസ്ത്രസാങ്കേതിക വിദ്യക്കും, മാനവനെക്കൊണ്ടല്ലാതെ മറ്റാരെക്കൊണ്ടും ഒന്നും ചെയ്യാന്‍ കഴിവില്ലാ എന്ന നിര്‍ബന്ധബുദ്ധിയുണ്ട്‍, അതും ഒരു നിശ്ചിത അളവിലേ ആകാവൂ എന്നും നിബന്ധനയുണ്ട്‍.
രാമായണത്തില്‍ ജടായുവിന്റെ രംഗപ്രവേശം രണ്ടുസ്ഥലത്ത്‍ ഉണ്ട്. ആരണ്യകാണ്ഡത്തില്‍ ആദ്യം അഗസ്ത്യ സന്ദര്‍ശനവും അഗസ്ത്യസ്തുതിയും കഴിഞ്ഞ്, ജടായുവിനെ കാണാം.
പിന്നീട്‍ നീണ്ട പതിമൂന്നില്‍കൂടുതല്‍ വര്‍ഷത്തെ പഞ്ചവടീ വാസത്തിനുശേഷം, സീതാപഹരണം കഴിഞ്ഞ്, സീതാന്വേഷണത്തിനിറങ്ങിയ രാമലക്ഷ്മണന്മാര്‍ മാര്‍ഗ്ഗമദ്ധ്യത്തില്‍ ജടായുവിനെ കാണുന്നുണ്ട്.
പഞ്ചവടീ പ്രവേശനത്തിനുമുമ്പായി ജടായുവിനെ രാമായണത്തില്‍ എന്തിനാണ് രംഗപ്രവേശം ചെയ്യിയ്ക്കുന്നത്. ഈ പ്രകരണത്തില്‍ ജടായുവിനെ ഒന്ന്‍ പരിചയപ്പെടുത്തുന്നതുമാത്രമേ ഉള്ളു. ആദ്യം ജടായുവിനെ രംഗപ്രവേശം ചെയ്യിക്കുന്നതിന്റെ പൊരുളെന്താണ്. ഇവിടെ രാമനും സീതയും ലക്ഷ്മണനും ഉണ്ട്. തന്റെ ഈ അലൗകിക ലീലയില്‍ വരാനിരിയ്ക്കുന്ന രംഗങ്ങളില്‍ ജടായുവിന്റെ ഭൂമിക ഇനിയും ഉണ്ട് എന്നും അത്‍ അതീവ പ്രാധാന്യമുള്ളതാണ് എന്നും സീതയോട് പറയാതെ പറയുകയായിരിയ്ക്കാം ആചാര്യന്‍ ഇവിടെ ചെയ്യുന്നത്. ലക്ഷ്മണന്റേതായ എന്തെങ്കിലും കര്‍മ്മങ്ങളോ, എന്തെങ്കിലും സംവാദങ്ങളോ, ഇവിടെ കാണുന്നുമില്ല.
രാമലക്ഷ്മണന്മാര്‍ സീതാന്വേഷണാര്‍ത്ഥം പോകുമ്പോള്‍, ആദ്യം കാണുന്നത് ജടായുവിനെയാണ്.
ഏതോ രാക്ഷസന്‍ സീതയെ കൊണ്ടുപോകുമ്പോള്‍ മറ്റേതോ രാക്ഷസനുമായി യുദ്ധം ചെയ്തതിന്റെ തെളിവുകള്‍ ലക്ഷ്മണന് കാട്ടിക്കൊടുത്തു. അവിടെത്തന്നെയാണ് ജടായുവിനേയും കാണുന്നത് .
ശ്രീരാമന്‍ ജടായുവിനെ കാണുന്ന രംഗം -
അദ്രിശ്ര്‌ങ്ഗാഭം തത്ര പദ്ധതി മദ്ധ്യേ കണ്ടു
പത്രിസത്തമനാകും വ്ര്‌ദ്ധനാം ജടായുഷം
ഒരു പര്‍വ്വതത്തിന്റെ കൊടുമുടിയോളം പോന്ന - പത്രിസത്തമന്‍ - ഒരു പക്ഷിയെയാണ് ശ്രീരാമന്‍ ദര്‍ശിയ്ക്കുന്നത്. ഇത്‍ രാമായണാചാര്യന്മാര്‍ കുറെ പെരുപ്പിച്ചു പറയുകയാണോ എന്ന്‍ തോന്നും. ഒരു കൊടുമുടിയ്ക്കു സമമായി വലിപ്പമുള്ള ഒരു പക്ഷി ഉണ്ടാകുമോ.. ഇല്ല. ഒരു വലിയ പക്ഷി, എന്ന പ്രയോഗം ആയിരുന്നെങ്കില്‍ സ്വീകരിയ്ക്കാമായിരുന്നു, പക്ഷേ ഇതെങ്ങിനെ സ്വീകരിയ്ക്കും.
ഒരു ജീവാത്മാവിന്റെ ആന്തരിക വികാസം അല്ലെങ്കില്‍ അയാളുടെ ആദ്ധ്യാത്മിക ഔന്നത്യമാണ് വ്യക്തിയുടെ മഹാനതയുടെ മാനദണ്ഡം. മഹാവിഷ്ണുവിന്റെ വാഹനമായ ഗരുഡന്റെ മരുമകനായ ജടായു എന്ന പക്ഷിരാജന്‍ വിലയ വിഷ്ണുഭക്തനാണ്. പരമാത്മാവുമായി ജീവാത്മാവിനുള്ള ബന്ധത്തിന്റെ കാഠിന്യത്തിനനുസരിച്ചാണ് ജീവാത്മാവിന്റെ മഹാനത അളക്കുന്നത്. വിഷ്ണുഭക്തിയുടെ പാരമ്യത്തിലെത്തിനില്‍ക്കുന്ന ജടായുവിന്റെ കീര്‍ത്തിയാണ് അദ്രിശ്ര്‌ങ്ഗാഭമായി, പര്‍വ്വതസമാനമായി പരിലസിയ്ക്കുന്നത്. അല്ലാതെ, ജടായുവിന്റെ ഭൗതിക ശരീരത്തിന്റെ വലിപ്പമല്ല ഇവിടെ പ്രതിപാദ്യം.
വീണ്ടും ശ്രീരാമന്‍ ലക്ഷ്മണനോട്‍ പറയുന്നു : -
എത്രയും വളര്‍ന്നൊരു വിസ്മയംപൂണ്ടു രാമന്‍
ബദ്ധരോഷേണ സുമിത്രാത്മജനോടു ചൊന്നാന്‍
രക്ഷസാം പ്രവരനിക്കിടക്കുന്നതുമുനി-
ഭക്ഷകനിവനെ നീ കണ്ടതില്ലയോ സഖേ ..
ഹേ സുമിത്രാത്മജാ, ഹെ സുമിത്രയുടെ മകനായ എന്റെ സഖാവേ,
മുനിമാരെ ഭക്ഷിയ്ക്കുന്ന ഒരു രാക്ഷസപ്രവരനാണ് ഈ കിടക്കുന്നത്, ഇതു നീ കണ്ടില്ലേ.. -
ഇവിടെ സുമിത്രയുടെ മകനേ, എന്റെ സഖേ എന്നെല്ലാമുള്ള ശബ്‍ദങ്ങള്‍ മനനാത്മകമാണ്. ചെറുപ്പം മുതല്‍തന്നെ രാമനും ലക്ഷ്മണനും കൂട്ടുകാരാണല്ലൊ. സീതയെ കാണാതായതില്‍ ലക്ഷ്മണന്‍ അതീവ ദു:ഖിതനും ക്രോധിതനുമായിരുന്നു. ആ കാരണത്താല്‍ ലക്ഷ്മണന്‍ എന്തെങ്കിലും അവിവേകം പ്രവര്‍ത്തിച്ചേയ്ക്കുമോ എന്ന ഒരു ശങ്ക ശ്രീരാമനിലുണ്ടായി. ലക്ഷ്മണന്റെ ക്രോധം മനസ്സിലാക്കിയ ശ്രീരാമന്‍, ഹേ ലക്ഷ്മണാ, നിന്റെ ഭാവത്തെ ഞാന്‍ അറിയുന്നു, എന്നാല്‍ അതിനേക്കാള്‍ ക്രോധം എനിയ്ക്കുമുണ്ട്, എന്റെ പ്രിയസഖേ, ക്രോധം ഒന്നിനും പരിഹാരമല്ല. ലക്ഷ്മണന്റെ കോധാഗ്നിയെ ശമിപ്പിയ്ക്കാനെന്നവണ്ണം, അതിനൊരു മറിമരുന്നായി, വനവാസത്തിനു പുറപ്പെടുന്ന സമയത്ത്‍ ലക്ഷ്മണമാതാവായ സുമിത്ര ഒരു സൂത്രവാക്യം ഉപദേശിച്ചിരുന്നത്‍ ഓര്‍മ്മപ്പെടുത്തുകയാണ് ശ്രീരാന്‍ ഇവിടെ..
രാമം ദശരഥം വിദ്ധി, മാം വിദ്ധി ജനകാത്മജ, അയോദ്ധ്യാമടവിം വിദ്ധി, ഗച്ഛതാത യഥാ സുഖ:
ആ സൂത്രവാക്യം (ഫോര്‍മുല) ലക്ഷ്മണനെ ഓര്‍മ്മപ്പെടുത്താന്‍ വേണ്ടിയാണ് സുമിത്രാത്മജാ എന്ന പ്രയോഗം എന്ന്‍ ചില രാമായണ ചിന്തകര്‍ വളരെ രസാവഹമായി അവതരിപ്പിയ്ക്കാറുണ്ട്. അതോടെ ലക്ഷ്മണന്‍ അനുഭവിച്ചിരുന്ന ക്രോധം അടങ്ങിയത്രേ....
കുട്ടിക്കാലത്ത്‍ കളിച്ചുനടക്കുമ്പോള്‍ ശ്രീരാമന്‍ ചില ദുഷ്ട ജീവികളെ മോക്ഷം കൊടുക്കുന്നതിനുവേണ്ടി വധിയ്ക്കുമായിരുന്നു. ഒരിയ്ക്കല്‍ വലിയ ഒരു ക്ഷുദ്ര ജീവിയെ ഈ വിധം വധിച്ചപ്പോള്‍, കൂടെയുണ്ടായിരുന്ന ലക്ഷ്മണന്‍ പറഞ്ഞു, ഇതെത്ര വലുതാണ്, ഒരു മലപോലെ ഉണ്ടല്ലോ.
ഇവിടെ ജടായുവിനെ ചൂണ്ടിക്കാണിച്ചുകൊണ്ട്‍ ഭഗവാന്‍ ലക്ഷ്മണനോട്‍ പറയുന്നു, ഹേ പ്രിയസഖേ, ആ ജീവികളെല്ലാം എത്ര ചെറുതായിരുന്നു, ഈ ജടായുവിനെ ഒന്ന്‍ നോക്ക്‍, ഈ ജടായുവിന്റെ തേജസ്സ് ഒന്ന്‍ നോക്ക്‍, അതെത്ര വലുതാണ്, ഒന്ന്‍ സ്വയം വിലയിരുത്ത്‍.... ആ കുട്ടിക്കാലത്തെ സ്മരണകളിലേയ്ക്കുള്ള ഒരു ചൂണ്ടുപലകയായിട്ടാണ്, സഖേ, എന്ന സംബോധന, എന്ന്‍ ചില രാമായണ ചിന്തകര്‍ അഭിപ്രായപ്പെടുന്നു.
വിഷ്ണുഭക്തിയില്‍ അദ്രിശ്ര്‌ങ്ഗാഭനായി കണ്ട ഒരു ജീവാത്മാവില്‍, അടുത്ത നിമിഷം തന്നെ, എന്തുകൊണ്ടാണ് ശ്രീരാമന്‍ ഒരു രാക്ഷസനെ കാണുന്നത്.
മാനവജീവിതത്തില്‍ സാധകന്‍ അവന്റെ ജീവിതമാകുന്ന പഞ്ചവടിയിലേയ്ക്ക് കാലെടുത്തുവെയ്ക്കുമ്പോള്‍, ഏതൊരുവനും നേരിടേണ്ടി വരുന്നത് രാക്ഷസന്മാരെയാണ്. നമ്മുടെ പഞ്ചവടിയാകുന്ന, പഞ്ചഭൂതാത്മകവും പഞ്ചേന്ദ്രിയസഞ്ചിതവുമായ, ഈ ശരീരസംഘാതത്തിലെ, ശരീരിയാകുന്ന ആത്മചൈതന്യത്തെ അറിയാന്‍, ജീവാത്മാവ്‍ ആദ്യപടികള്‍ വെയ്ക്കാന്‍ തുടങ്ങുമ്പോള്‍, ചിത്തവ്ര്‌ത്തിനിരോധത്തിനായി തുനിയുമ്പോള്‍, അതിനു വിഘ്നങ്ങളായി അവന്റെ വഴിയില്‍ പര്‍വ്വതസമാനമായി രാക്ഷസീയവിചാരങ്ങള്‍ ഓരോന്നോരോന്നായി വന്നു തുടങ്ങുന്നു. ആ രാക്ഷസീയ വിചാരങ്ങളെ നശിപ്പിയ്ക്കുകതന്നെ വേണമെന്ന്‍ ശ്രീരാമന്‍ പറയുന്നു. അവയെ നശിപ്പിയ്ക്കാതെ ആത്യന്തികമായ പരമാത്മൈക്യം സാധ്യമല്ല. ശ്രീരാമന്‍ ജ്ഞാനം, സീത ഭക്തി, ലക്ഷ്മണന്‍ വിരാഗത. ഒരുത്തമ ജ്ഞാനിയ്ക്ക്‍, ഒരു വിരാഗിയ്ക്ക്‍, അവനിലുണ്ടായിരുന്ന ഭക്തിയ്ക്ക്‍ ക്ഷതം സംഭവിയ്ക്കുമ്പോള്‍, അവനറിയാതെത്തനെ ക്രോധിതനായിത്തീരുന്നു എന്ന തത്ത്വവും ഇതില്‍ കാണാം. ഉപനിഷദ്‍ സന്ദേശവും ഗീതാസന്ദേശവും എല്ലാം ഇതുതന്നെയല്ലേ. വേദസമ്മതമായ രാമായണം ചമയ്ക്കുന്നൂ എന്ന്‍ രാമായണകര്‍ത്താക്കള്‍ ഉദ്‍ഘോഷിയ്ക്കുന്നത്‍ ഇതുതന്നെയല്ലേ..
എന്നിലുള്ള രാക്ഷസീയ ചിന്തകള്‍ എന്റേതുതന്നെയാണോ, അതോ, അതില്‍ ചിലതെങ്കിലും എന്റെ പിതാവില്‍നിന്നോ എന്റെ പിതാമഹന്മാരില്‍നിന്നുമൊക്കെ കൈമാറ്റം ചെയ്തുകിട്ടിയതാണോ, പാരമ്പര്യമായി കൈവന്നിട്ടുള്ളതാണോ. എന്റെ കോശം, കോശഭാഗം, കോശഭാഗ അവയവം (സ്പേം അല്ലെങ്കില്‍ അണ്ഡം, ക്രോമോസോം, ജീന്‍) ഇതെല്ലാം പരമ്പരയാ കൈമാറ്റം വന്നിട്ടുള്ളതല്ലേ. എങ്കില്‍ ആ പാരമ്പര്യപ്രചോദിതമായ വസ്തുതകള്‍ എന്നില്‍ ആവിര്‍ഭൂതമായ രാക്ഷസീയ ചിന്തകള്‍ക്ക്‍ എന്റെ പഞ്ചവടീപ്രവേശം എന്ന ഉദ്യമത്തില്‍ എന്തെങ്കിലും സാംഗത്യമുണ്ടോ എന്ന് സാധകന്‍ പരിശോധിയ്ക്കേണ്ടതാണ് എന്ന ഒരു സൂചനയുംകൂടി ഇതിലുണ്ട്. ജീവിതത്തിലെ ഏതൊരു മേഖലയിലുമുള്ള മുന്നേറ്റത്തില്‍ അമ്പത്‍ ശതമാനത്തോളം ആ വ്യക്തിയുടെ പൂര്‍വ്വജന്മങ്ങളിലെ കര്‍മ്മങ്ങളുടെ ഫലങ്ങള്‍ -കാര്‍മിക് എക്കൗണ്ട്‍- സ്വാധീനം ചെലുത്തുന്നു. ഭൗതികമായി എത്രതന്നെ യത്നിച്ചാലും ആധ്യാത്മികയില്‍ മുന്നേറാന്‍ സാധ്യമല്ല. ആധ്യാത്മികതയോടുള്ള അഭിരുചിതന്നെ പാരമ്പര്യമായി കൈമാറിപ്പോന്ന സംസ്കാരത്തിന് അനുഗുണമായിട്ടല്ലേ സംഭവിക്കൂ.
ജടായുവിനെ കൊല്ലുമെന്ന്‍ ശ്രീരാമന്‍ പറഞ്ഞപ്പോള്‍ ജടായു പറഞ്ഞു, ഹേ ഭഗവന്‍, ഞാന്‍ വധിയ്ക്കപ്പെടേണ്ടവനല്ലാ, ഞാന്‍ ങ്ങയുടെ പിതാവായ ദശരഥന്റെ സുഹ്ര്‌ത്തും അങ്ങയുടെ ഹിതത്തിനുവേണ്ടി പ്രവര്‍ത്തിയ്ക്കുന്നവനുമാണ് എന്ന്. അത്രയും മാത്രമല്ല, ഞാന്‍ അങ്ങയുടെ ഭക്തനുമാണ്.
നമ്മുടെ ജീവിതത്തില്‍ ആരെങ്കിലും നമ്മെ ഉപദ്രവിയ്ക്കാന്‍ തുടങ്ങുമ്പോള്‍, ഞാന്‍ ഇന്ന തറവാട്ടിലെ ആളാണ്, ഇന്ന ആളുടെ മകനാണ്, ഇന്ന വീട്ടിലെയാണ്, ഞാന്‍ മുഖ്യമന്ത്രിയുടെ ബന്ധുവാണ് അല്ലെങ്കില്‍ നിങ്ങളുടെ അടുത്ത ഒരു ബന്ധുവിന്റെ ഭാര്യയുടെ അനിയത്തിയുടെ, മറ്റവനാണ് എന്നൊക്കെ പറഞ്ഞ്, ഈ വിധം ഞഞ്ഞാപിഞ്ഞാ ന്യായങ്ങള്‍ പറഞ്ഞ്, തടിതപ്പുന്ന പതിവില്ലേ. പിതാവിന്റെ വാക്ക്‍ പാലിക്കാനായിട്ടാണ് രാമന്‍ വനവാസമനുഷ്ഠിക്കുന്നത്‍. അപ്പോഴാണ് ഞാന്‍ നിങ്ങളുടെ അച്‍ഛന്റെ സുഹ്ര്‌ത്താണ് എന്ന്‍ ജടായു രാമനോട്‍ പറയുന്നത്‍. അച്‍ഛന്‍ എന്നത്‍ ശ്രീരാമന്റെ ഒരു ദൗര്‍ബല്യമാണെന്ന്‍ ജടായു വിചാരിച്ചുവോ എന്ന്‍ അറിയില്ല. ജടായു അങ്ങിനെ വിചാരിച്ചാലും ഇല്ലെങ്കിലും നമുക്ക്‍ അതൊക്കെ ബാധകമാണ് എന്ന്‍ ജനിപ്പിക്കുന്നതാണ് ആ ശബ്ദങ്ങള്‍. എന്നിട്ടോ നഷ്ടം സംഭവിച്ചുകഴിയുമ്പോള്‍, സുഹ്ര്‌ത്തുക്കളേയും വീട്ടുകാരേയും നാട്ടുകാരേയും ഭരണകര്‍ത്താക്കളേയും നിയമത്തിനേയും നിയമപാലകരേയും കോടതിയേയും ഭരണകര്‍ത്താക്കളേയും എല്ലാം കുറ്റം പറഞ്ഞ് ഞെളിഞ്ഞുനടക്കുന്ന ശീലമാണോ എനിയ്ക്കുള്ളത്.. ജടായുവിന്റെ ഈ വരികളില്‍ നമ്മുടെ കപടമുഖം വളരെ തെളിഞ്ഞ് പ്രകടമാകുന്നില്ലേ.
അടുത്തത്‍ - സീതാന്വേഷണത്തിനായി പുറപ്പെട്ട സമയത്ത്‍, ആദ്യം ജടായുവിനെയാണ് കാണുന്നത്. അവിടേയും ജടായുവിനെ പര്‍വ്വതകൊടുമുടിയ്ക്ക്‍ സമാനമായിട്ടാണ് കാണുന്നത്, മാത്രമല്ല, ജടായുവില്‍ രാക്ഷസനേയും കാണുന്നു.
ജടായുവിനെ പര്‍വ്വതം പോലെ കാണാനുള്ള കാരണം ഈശ്വരഭക്തിയാല്‍ സംഭൂതമായ തേജസ്സു തന്നെയാണ്. ഭഗവല്‍ഭക്തന്റെ തേജസ്സ്‍ നിസ്സീമമാണല്ലോ. ശ്രീ മഹാഭാരതത്തില്‍ രാമോപാഖ്യാന പര്‍വ്വത്തില്‍ ജടായുവിന്റെതന്നെ വാക്കുകള്‍ ശ്രീ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ മലയാളത്തില്‍ ചിത്രീകരിയ്ക്കുന്നത്‍ നോക്കൂ --
തേജസ്സ്വിയാമവന്‍ ചൊല്ലീ, രാമലക്ഷ്മണരോരുടന്‍
"ഗ്ര്‌ദ്ധ്രേന്ദ്രന്‍ ഞാന്‍ ശുഭം നിങ്ങള്‍ക്കിഷ്ടന്‍ ദശരഥന്നെടോ"
ഏറ്റവും തേജസ്സാര്‍ന്ന അവന്‍ (ജടായു) പറഞ്ഞു എന്നാണ് എല്ലായിടത്തും കാണുന്നത്. ജടായുവിന്റെ തേജസ്സായിരുന്നു അദ്രിശ്ര്‌ങ്ഗാഭം പോലെ കണ്ടത് എന്ന്‍ ഇതില്‍നിന്നും വ്യക്തമാണല്ലോ.
ശ്രീരാമന്‍ ജടായുവില്‍ രാക്ഷസനെ ദര്‍ശിയ്ക്കുന്നത്‍ ഒരു മന:ശ്ശാസ്ത്ര പഠനമാണെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. മായാവിയായ മാരീചനെന്ന രാക്ഷസനെ വധിച്ചിട്ട്‍ അധികം സമയമായിട്ടില്ല, അപ്പോഴാണ് ഇത്രയും ഭീമാകാരമായ ഒരു ജീവിയെ കാണുന്നത്. അങ്ങിനെ കാണുന്ന സമയത്ത്‍ അതും ഒരു രാക്ഷസന്‍ തന്നെയാണെന്ന തോന്നല്‍ ഉണ്ടാകുന്നത്‍ ശുദ്ധ മനശ്ശാസ്ത്രം മാത്രം. പിന്നെ, സീതയെ കൊണ്ടുപോയത്‍ ഏതോ ഒരു രാക്ഷസനാണെന്നാണ് ശ്രീരാമന് അറിയാന്‍ കഴിഞ്ഞത്‍. രാക്ഷസനെയും തേടിയിട്ടാണ് ശ്രീരാമനും ലക്ഷ്‍മണനും വനത്തിലൂടെ നീങ്ങുന്നത്‍. ആ സമയത്ത്‍ ആരെ കണ്ടാലും അതൊരു രാക്ഷസനാണോ എന്ന്‍ സംശയിക്കും. ഇതും മനശ്ശാസ്ത്രത്തിന്റെ ഒരു തലംതന്നെയാണ്. ഒരുത്തനെത്തന്നെ നിനച്ചിരുന്നാല്‍ വരുന്നതെല്ലാമവനെന്നുതോന്നും എന്ന കവിവാക്യവും സ്മരണീയം. രാമായണമെന്ന ഈ മഹദ്‍ഗ്രന്ഥത്തിനെ മനശ്ശാസ്ത്രത്തിന്റെ ദ്ര്‌ഷ്ടിയില്‍ പഠിച്ചാല്‍, എത്രയോ കാര്യങ്ങള്‍ ഗ്രഹിക്കാമെന്നുമാത്രമല്ല, എല്ലാ മന:ശ്ശാസ്ത്രസംബന്ധമായ സംശയങ്ങള്‍ക്കും ഇതില്‍നിന്ന്‍ ഉത്തരം കണ്ടെത്താനും കഴിയും.
ഘോരശരീരിയായ ഇവന്‍തന്നെയാണ് സീതയെ തിന്നിട്ടുണ്ടാവുക എന്നും, അതുകൊണ്ട് ഇതിനെ വധിയ്ക്കണം എന്ന്‍ രാമന്‍ പറയുന്നു. അതുകേട്ട ജടായു, തന്റെ വ്ര്‌ത്താന്തങ്ങളെല്ലാം ശ്രീരാമനോട്‍ പറഞ്ഞു.
ജടായുവിനെ കൊല്ലാന്‍വേണ്ടി രണ്ടുപേരും വില്ല് കുലച്ചുകൊണ്ടു നില്‍ക്കുന്ന ചിത്രം മഹാഭാരതത്തില്‍ വ്യാസഭഗവാന്‍ വരയ്ക്കുന്നു. അത്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ വരികളില്‍.
അവന്റെയാ വാക്കു കേട്ടുനല്ല വില്‍ പിന്‍വലിച്ചവര്‍
കൊടുമുടിയ്ക്ക്‍ സമാനമായ തേജസ്സാര്‍ന്ന ജടായുവിന്റെ വാക്കുകള്‍ കേട്ടപ്പോള്‍, തന്നെ കൊല്ലാനായി കുലയേറ്റിയ വില്ല് രാമനും ലക്ഷ്മണനും താഴ്‍ത്തി. കാലന്റെ കയ്യിലെ വില്ലില്‍ കുലയേറ്റിയ അമ്പിനെപ്പോലും പിന്‍വലിപ്പിയ്ക്കുന്നത്ര ശക്തമറ്റതാണ് ജടായുവിന്റെ വിഷ്ണുസ്മരണ. കാലനെന്ന കാലം ഇവിടെ ജടായുവിന്റെ മുന്നില്‍ നമ്രശിരസ്കനായി നില്‍ക്കുന്നു. വ്യക്തി ഈശ്വരസ്മ്‌രണയില്‍ മുഴുകുമ്പോള്‍, സര്‍വ്വം ഈശ്വരനായി സമര്‍പ്പിക്കുമ്പോള്‍, സര്‍വ്വവ്യാപിയെങ്കിലും അരൂപിയായ ഈശ്വരന്‍ സ്വരൂപിയായി ഭക്തന്റെ അരികില്‍ പ്രത്യക്ഷപ്പെടുന്നു. സാരൂപ്യമെങ്കിലും സാമീപ്യമെങ്കിലും ആയുരാന്തേ ലഭിച്ചീടും എന്ന്‍ ഋഷിവചനം. ജടായുവിന് ഈശ്വരസാമീപ്യവും സായൂജ്യവും ഉണ്ടായി.
ഈ രംഗം എഴുത്തച്ഛന്‍ നമുക്ക്‍ കാണിച്ചുതരുന്നത്‍ നോക്കൂ -
ജടായു രാമനോട് പറയുന്നു, രാക്ഷസരാജാവായ രാവണനാണ് സീതയെ കൊണ്ടുപോയത് എന്ന്‍ .
ദുഷ്ടനാം ദശമുഖന്‍ നിന്നുടെ പത്നിതന്നെക്കട്ടുകൊണ്ടാകാശേ പോകുന്നേരമറിഞ്ഞു ഞാന്‍
ജടായു പറയുന്നു, രാവണന്‍, തന്റെ രഥത്തിലേറ്റി ആകാശത്തിലൂടെ ദക്ഷിണദിക്കിലേക്ക്‍ പോകുമ്പോള്‍, രാമനേയും ലക്ഷ്മണനേയും വിളിച്ച്‍ രക്ഷയ്ക്കായി കേഴുന്ന സീതാവിലാപം ഞാന്‍ കേട്ടു. ഹേ, ഭഗവന്‍, ഞാന്‍ വ്ര്‌ദ്ധനായിരിക്കുന്നു, ഒന്നും ചെയ്യാന്‍ കഴിവില്ല, പക്ഷേ, രക്ഷിയ്ക്കണേ, രക്ഷിയ്ക്കണേ, രാമാ, ലക്ഷ്മണാ, എന്ന കരച്ചില് കേട്ടപ്പൊ, ഭഗവന്‍, ഏതോ ഒരു ഉള്‍പ്രേരണയാല്‍ എന്റെ ശരീരത്തിന്റെ ഭാരം കുറയുന്നതുപോലെ തോന്നി, ഞാന്‍ പറന്നുയര്‍ന്നു. വാര്‍ദ്ധക്യം മൂലം കാഴ്ചശക്തിയും വേണ്ടവിധത്തില്‍ ഇല്ലാത്തതുകൊണ്ട്, രഥത്തിന്റെ അരികില്‍ ചെന്നു നോക്കിയപ്പോള്‍, ഹേ ജഗദീശ്വരാ, ലങ്കാധിപതിയായ രാവണന്‍ സീതയെ കൊണ്ടുപോകുന്നതായിരുന്നു ആ രംഗം. എനിയ്ക്ക് സഹിയ്ക്കാന്‍ കഴിഞ്ഞില്ല, മറ്റ്‍ ആയുധങ്ങളൊന്നും കയ്യിലില്ലായിരുന്ന ഞാന്‍, എന്റെ ചിറകുകളും, കൊക്കും, നഖവും എല്ലാംകൊണ്ട്‍ ആ രാക്ഷസവീരനെ നേരിട്ടു.
ഭഗവന്‍, ഞാന്‍ സീതയോട്‍ പറഞ്ഞു, പുത്രീ, നീ ഒന്നുകൊണ്ടും ഭയക്കണ്ട, എന്നില്‍ പ്രാണന്‍ ഉള്ളിടത്തോളം, നിന്നെ ഞാന്‍ രക്ഷിയ്ക്കും. ഭയക്കണ്ട പുത്രീ, ഭയക്കണ്ട. ഒരു നീണ്ട യുദ്ധം തന്നെ നടന്നു. ഒടുവില്‍ വിജയം എന്റെ ഭാഗത്തുതന്നെയെന്ന്‍ രാവണന് ബോധ്യപ്പെട്ടപ്പോള്‍, ഹേ ഭഗവന്‍, രാവണന്‍ തന്റെ ചന്ദ്രഹാസം എന്ന വാളെടുത്ത്‍ എന്റെ ചിറകിനു വെട്ടി. ഭഗവന്‍ !! അത്‍ എനിയ്ക്ക് സഹിയ്ക്കാവുന്നതിനും അപ്പുറമായിരുന്നു. അതോടെ ഞാന്‍ ചിറകുകള്‍ അറ്റ് താഴെ പതിച്ചു. ആ സമയത്ത്‍ ദേവി സീതയോട്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു, ശ്രീരാനെ കണ്ട്, ഈ വാര്‍ത്തകളെല്ലാം ധരിപ്പിച്ചതിനുശേഷമേ എനിയ്ക്ക്‍ മരണം സംഭവിക്കാന്‍ പാടൂ, എന്ന്. സീതാദേവി അതിനായി എന്നെ അനുഗ്രഹിച്ചു.
ആസുരീയ വിചാരങ്ങള്‍ക്ക്‍ കരുത്തു പകരുന്നത് മനസ്സാണ്. രാവണന് വരപ്രസാദമായി കിട്ടിയതാണ് ചന്ദ്രഹാസം. ദേവന്മാര്‍ നമ്മുടെ ഇന്ദ്രിയങ്ങള്‍. മനസ്സ്‍ ദേവദേവന്‍. ഇന്ദ്രിയങ്ങളുടെ രാജാവ് മനസ്സ്‍. രാവണന്റെ മനോധൈര്യത്തിനുമുന്നില്‍ നിസ്സഹായനാവാനേ ജടായുവിന് കഴിഞ്ഞുള്ളു, കാരണം ധര്‍മ്മക്ഷേത്രമാകേണ്ടിയിരുന്ന എന്റെ കര്‍മ്മക്ഷേത്രം - ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ എന്ന ഗീതാവചനം പ്രമാണമനുസരിച്ച്‍ - കായ - ശരീരം - എന്ന കര്‍മ്മക്ഷേത്രം അഥവാ കുരുക്ഷേത്രം ക്ഷയിച്ചിരുന്നു, ജടായു വ്ര്‌ദ്ധനായിരിയ്ക്കുന്നു. ജടായു പറയുന്നുണ്ട്, ഞാന്‍ വ്ര്‌ദ്ധനാണെന്ന്‍. കാരണം ജടായു ദശരഥന്റെ സുഹ്ര്‌ത്താണ്. അഞ്ച് ജ്ഞാനേന്ദ്രിയങ്ങളും അഞ്ചു കര്‍മ്മേന്ദ്രിയങ്ങളുമാകുന്ന ദശരഥന്‍ എന്ന പത്ത്‍ ഇന്ദ്രിയങ്ങളുടെ സുഹ്ര്‌ത്ത്‍ ആവുക എന്നത്‍ ഒരു മഹാ കാര്യമല്ല. എല്ലാവരും ഇതുതന്നെയാണ്. ദശരഥന്റെ സുഹ്ര്‌ത്ത്‍ ആയി ജീവിച്ചാല്‍ നമ്മുടെ കര്‍മ്മക്ഷേത്രവും ധര്‍മ്മക്ഷേത്രവും പെട്ടെന്ന്‍ വ്ര്‌ദ്ധാവസ്ഥയെ പ്രാപിയ്ക്കുമെന്ന്‍ ഇതിലെ വ്യംഗ്യം. എല്ലാ ഇന്ദ്രിയങ്ങളുടേയും സ്വാമിയായ പരമാത്മാവിന്റെ കൂടെയാണോ വാസം..? ജടായു ഈ സമയത്ത്‍ ആ പത്തു ഇന്ദ്രിയങ്ങളുടേയും സ്വാമിയായ പരമാത്മാവിന്റെ കൂടെയാണ്. അതാണ് തത്ത്വം. ക്ഷീണിച്ച ശരീരത്തില്‍ ആരോഗ്യമുള്ള ഒരു മനസ്സ് ഇരിയ്ക്കില്ല. ഞാന് എന്റെ പത്ത്‍ ഇന്ദ്രിയങ്ങളിലും വ്യാപരിയ്ക്കുമ്പോള്‍, ആ ഇന്ദ്രിയങ്ങളുടെ സുഹ്ര്‌ത്തായി മാറുന്നു, അതോടെ ഞാന്‍ ശരീരിയാണെന്ന ബോധം സദാ ഉണര്‍ന്നിരിയ്ക്കുന്നു, അത്‍ അവനെ ക്ഷയിപ്പിയ്ക്കുന്നു. ഇന്ദ്രിയങ്ങളെല്ലാം ഗുണസംപ്രീതങ്ങളാണ്. ത്രിഗുണങ്ങള്‍ക്ക്‍ അതീതമാവാന്‍ വെമ്പല്‍കൊള്ളുന്ന ഒരു അന്ത:ക്കരണത്തെ സര്‍ജ്ജിക്കുമ്പോള്‍, ത്രിവിധദു:ഖങ്ങളില്‍നിന്നും മോചിതനാകുന്നു.
ജടായു പറയുന്നു, ദുഷ്ടനാം ദശമുഖന്‍ നിന്നുടെ പത്നിതന്നെക്കട്ടുകൊണ്ടാകാശേ പോകുന്നേരം, എന്ന്. ദശമുഖന്‍ എന്നാണ് ഇവിടെ രാവണനെ ജടായു വിശേഷിപ്പിയ്ക്കുന്നത്‍. പത്ത്‍ വായ്‍ ഉള്ളവന്‍. പത്ത്‍ വായ്‍ ഉണ്ടെങ്കില്‍ പത്തുതലകളും വേണമല്ലൊ. ഒരു വായയും ഒരു നാവും ഉള്ളവര്‍തന്നെ പറയുന്നതും കാട്ടിക്കൂട്ടുന്നതുമൊന്നും നമുക്ക്‍ സഹിക്കാന്‍ പറ്റുന്നില്ല. അപ്പൊ പത്ത്‍ മുഖങ്ങളുള്ളവനെ ആര് എങ്ങിനെ സഹിക്കും . ഈ രാഷ്ട്രത്തിന്റെ പുത്രവധുവിനെ തന്റെ കാമപൂര്‍ത്തിയ്ക്കായി തട്ടിക്കോണ്ടുപോകുന്ന ഒരുത്തന്, ഹേ ഭഗവന്‍, അങ്ങ്, പത്തു തലകളും, പത്തിരുപതു കൈകളും, പടയും പടക്കോപ്പുകളും, രഥവും, ചന്ദ്രഹാസമെന്ന വാളും ഒക്കെ കൊടുത്തില്ലേ, എന്നാല്‍, സനാതനധര്‍മ്മക്ഷേത്രത്തിന്റെ നിലനില്‍പ്പിനായി, സ്വന്തം കര്‍മ്മക്ഷേത്രംകൊണ്ട്, അണ്ണാറക്കണ്ണനും തന്നാലായത്‍ എന്ന അങ്ങയുടെതന്നെ പ്രമാണത്തില്‍, നിരായുധനായി സ്വന്തം ശരീരംകൊണ്ട്‍ പൊരുതുന്ന, പൊരുതിയ എനിയ്ക്ക്‍ വെറും കൊക്കും നഖവും മാത്രം..? ഹേ ജഗദീശ്വരാ, പത്തുതലകളില്ലെങ്കിലും, ഒന്നെങ്കിലും തരാമായിരുന്നില്ലേ, ഹേ ഭഗവന്‍, ഇത്‍ എവിടുത്തെ നീതിയാണ്... എന്നായിരിയ്ക്കാം ജടായു രാമനോട്‍ വ്യംഗ്യമായി പറഞ്ഞത്, അല്ലെങ്കില്‍ എഴുത്തച്ഛന്‍ പറയാന്‍ ഉദ്ദേശിയ്ക്കുന്നത്. ഇത്‍ എനിയ്ക്കും നിങ്ങള്‍ക്കും ഉള്ള സന്ദേശം. ജടായുവിന്റെ ഈ വചനങ്ങള്‍ കേട്ടപ്പോള്‍ ശ്രീരാമന്‍ ലജ്ജിതനായി തലകുനിച്ചുകാണും, ഇല്ലേ...
രാമായണത്തിലെ ജടായു എന്ന പക്ഷി, രാമായണത്തിലെ ശ്രേഷ്ഠതയില്‍ ശ്രേഷ്ഠമായ കഥാപാത്രമാണെന്ന് പറയാം. നമ്മുക്ക്‍ രണ്ടു ഇതിഹാസങ്ങളുണ്ട്, രാമായണവും മഹാഭാരതവും. മഹാഭാരതത്തിലെ വിശിഷ്ഠരില്‍ വിശിഷ്ഠനായ വ്യക്തി ഭീഷ്മരാണെന്ന്‍ എല്ലാവരും അഭിപ്രായപ്പെടുന്നതാണ്, സമ്മതിയ്ക്കുന്നതുമാണല്ലോ. ഈ രണ്ടു ഗ്രന്ഥങ്ങളും ഭാരതീയന്റെ രണ്ടു നേത്രങ്ങളാണ്, ഇത് രണ്ടിനേയും തമ്മില്‍ തുലനം ചെയ്യാന്‍ സാധ്യമല്ല. ഒന്ന്‍ ഭാരതീയന്റെ ഇടത്തേ കണ്ണും മറ്റേത്‍ വലത്തെ കണ്ണും. എന്നാലും മഹാഭാരതത്തിലെ വിശിഷ്ഠരില്‍ വിശിഷ്ഠമായ കഥാപാത്രമായ ഭീഷ്മരുടെ ചെയ്തിയേക്കാള്‍ ഒരു പടിയെങ്കിലും മുന്നില്‍നില്‍ക്കുന്നതാണ് രാമായണത്തിലെ അധമത്തില്‍ അധമമായ ജടായു എന്ന കഥാപാത്രത്തിന്റെ ചെയ്തികള്‍. മനുസ്മ്ര്‌തിയിലെ സകലവിധ നിയാമക തത്ത്വങ്ങളും നിലനിന്നിരുന്ന കാലത്ത് , ദ്വാപരയുഗാന്ത്യത്തില്‍, ഭാരതത്തിന്റെ രാജധാനിയായ ഹസ്തിനാപുരിയില്‍വെച്ച്‍, നിറഞ്ഞിരിയ്ക്കുന്ന സദസ്സില്‍, ഒരു ഭാഗത്ത്‍ ഭീഷ്മരും ദ്രോണരും ക്ര്‌പരും വിദുരരും ധ്ര്‌തരാഷ്ട്രരും എല്ലാം ഇരിയ്ക്കുമ്പോള്‍, രജസ്വലയായി വീടിനുള്ളില്‍ വ്രതാനുഷ്ഠാനത്തോടെ കഴിയേണ്ടുന്ന, ഈ ഭാരതത്തിന്റെ പരമപവിത്രവും അതിപരിശുദ്ധയുമായ ഒരു പുത്രവധു, ആ നിറസഭയില്‍ വെച്ച്‍ ദു:സ്സാസനന്‍ അവളുടെ വസ്ത്രാക്ഷേപം ചെയ്യുന്ന സമയത്ത്, ധര്‍മ്മത്തിന്റെ പ്രതീകമായി ചിത്രീകരിക്കപ്പെടുന്ന ഭീഷ്മര്‍, ആ അനീതിയ്ക്കെതിരായി ഒന്ന്‍ ഒച്ചവെയ്ക്കാനും കൂടി സന്മനസ്സ്‍ പ്രകടിപ്പിച്ചില്ല. ഈ ഭാരതാംബയുടെ സേവകരായ മക്കളെ എവിടെക്കണ്ടാലും കൊത്തിക്കൊല്ലാനും ഇല്ലായ്‍മ ചെയ്യാനും, അവന്റെ ധര്‍മ്മത്തെ നശിപ്പിക്കാനും മുന്നിട്ടിറങ്ങുന്ന നാണംകെട്ട രാഷ്ട്രീയ-അരാഷ്ട്രീയ സംഘടനകള്‍, മതേതരമെന്ന ശബ്ദത്തിന്റെ അര്‍ഥവും വ്യാപ്തിയും മനസ്സിലാക്കാതെ, മനുഷ്യാവകാശത്തിന്റെ പേരിലും മറ്റ്‍ പലപല പേരിലും, ഈ പരമപവിത്ര പുണ്യഭൂമിയുടെ സന്താനങ്ങളെ തുടച്ചുനീക്കാനുള്ള പദ്ധതികള്‍ ആസുത്രണംചെയ്ത്‍ നടപ്പിലാക്കുമ്പോള്‍, രാമായണത്തിലേയ്ക്കൊന്നു എത്തിനോക്കൂ, അതിലെ അധമത്തില്‍ അധമമായ ജടായു എന്ന കഥാപാത്രം, ഈ മണ്ണിന്റെ പുത്രവധുവായ സീതയുടെ കരച്ചില്‍ കേട്ടപ്പോള്‍ തിര്യക് യോനിയില്‍ ജനിച്ച ആ ജടായു ചെയ്ത വീരക്ര്‌ത്യം. ഞാന്‍ ദശരഥന്റെ ഉപ്പ്‍ തിന്നവനാണ് എന്നല്ല ജടായു പറഞ്ഞത്. അതൊക്കെ രാജ്യത്തിന്റെ രക്ഷാകാര്യങ്ങള്‍ നോക്കുന്ന രാജ്യരക്ഷാമന്ത്രിയുടെ ചുമതലയാണെന്ന്‍ അല്ല പറഞ്ഞത്‍, നിഷ്‍ക്രിയനായി വെറുതെ കുത്തിയിരിക്കുകയല്ല ജടായു ചെയ്തത്‍. അതിനെ നാമെങ്ങിനെ നോക്കിക്കാണണം, അതില്‍നിന്ന്‍ എന്തു പഠിയ്ക്കണം.
ലോകത്തിലെ സകലമാന ശാസ്ത്രസാങ്കേതിക വിദ്യകളും സ്വായത്തമാക്കിയ ഇന്നത്തെ വിദ്യാസമ്പന്നനും സംസ്കാരസമ്പന്നനും -സമ്പന്നോ അതോ സം, പന്നനോ- ഒക്കെ ആണെന്ന്‍ അഹങ്കരിയ്ക്കുന്ന മാനവന്‍, ഈ ജഗത്തില്‍ നഗ്നനേത്രങ്ങളാല്‍ ദ്ര്‌ഷ്ടമാകുന്ന ഈ അവസ്ഥതന്നെയാണ് സത്യമെന്നും, അതില്‍ എന്ത്‍ മായ, അതില്‍ എന്ത്‍ മിഥ്യ, എല്ലാം സത്യമല്ലേ എന്നും, ആത്മീയ ദര്‍ശനങ്ങളെല്ലാം വെറും ജല്‍പ്പനങ്ങളല്ലേ എന്നൊക്കെയുള്ള ചോദ്യശരങ്ങള്‍ ഉന്നയിയ്ക്കുമ്പോള്‍, ഈ പ്രക്ര്‌തിയിലേയ്ക്ക്‍ ഒരു പ്രാവശ്യമെങ്കിലും അവന്റെ ഉള്‍ക്കണ്ണുകൊണ്ട്‍ ഒന്നു നോക്കിയിരുന്നെങ്കില്‍ !! കാണുന്നതുമാത്രമാണ് സത്യമെന്ന്‍ പറഞ്ഞാല്‍ ഭൂമി പരന്നതാണെന്നും, അത്‍ ചലിയ്ക്കാത്തതാണെന്നും, സൂര്യന്‍ ചലിയ്ക്കുന്നതാണെന്നും, വായു എന്ന ഒന്ന്‍ ഇല്ലാ എന്നും, അങ്ങിനത്തെ ആയിരക്കണക്കിന് സംജ്ഞകളേയും അവന്‍ സ്വീകരിയ്ക്കേണ്ടി വരും. ജ്വലനകാരിയായ ഹൈഡ്രജനും ജ്വലന സഹായിയായ ഓക്സിജനും ചേരുമ്പോള്‍ ജ്വലിയ്ക്കുന്നതിനെ നശിപ്പിയ്ക്കുന്ന ജലം എന്ന തത്ത്വം സംജാതമാകുന്നുവെങ്കില്‍, ഹൈഡ്രജനേയും ഓക്സിജനേയും ഇക്കൂട്ടര്‍ ആരെങ്കിലും കണ്ടിട്ടുണ്ടോ എന്നൊന്ന്‍ ചോദിച്ചാല്‍....... രണ്ടുമാത്ര ഹൈഡ്രജനും ഒരുമാത്ര ഓക്സിജനുമാണ് ജലത്തിന്റെ ഘടന എന്ന്‍ ശാസ്ത്രം പറയുമ്പോള്‍, ഇതിനെ രണ്ടിനേയും ഈ അനുപാതത്തില്‍ അല്ലെങ്കില്‍ ഏതെങ്കിലും അനുപാതത്തില്‍ ചേര്‍ത്ത്‍ എന്തേ ഇന്നുവരെ, ലോകത്തിലെ ഒരു ശാസ്ത്രജ്ഞനും ശൂന്യത്തില്‍ നിന്ന് ഒരു തുള്ളി ജലം ഉണ്ടാക്കിയില്ല. കാണാത്തതിനെ വിശ്വസിയ്ക്കില്ല എന്ന്‍ ഉദ്ഘോഷിയ്ക്കുമ്പോള്‍, കാണാത്തതിന്റെ ഉപയോഗവും അത്തരക്കാര്‍ ചെയ്യരുത്. അങ്ങിനെ ചെയ്യുന്നത്‍ അവന്റെ കപടമുഖമാണ്. കണ്ടതിനെ മാത്രമേ വിശ്വസിയ്ക്കുള്ളുവെങ്കില്‍, അനുമാനത്തിനെ പ്രമാണമാക്കരുത്. അനുമാനത്തെ പ്രമാണമാക്കിയാല്‍ കാണാത്തതിനേയും വിശ്വസിയ്ക്കേണ്ടി വരും. കണ്ടതില്‍ മാത്രമേ വിശ്വസിയ്ക്കൂ എന്ന്‍ പറഞ്ഞാല്‍, ആ പറയുന്നവനും അവിടെ ഇല്ല. കാരണം അവന്‍ ഉണ്ടായത്‍ അവന്‍ കണ്ടിട്ടില്ല. ഞാന്‍ ഉണ്ടായത്‍ എങ്ങിനെയാണെന്ന്‍ ഞാന്‍ കണ്ടിട്ടില്ല. അപ്പോള്‍ ഞാനും ഇല്ലാല്ലോ. അങ്ങിനെ വരുമ്പോള്‍ എന്റെ അമ്മ എന്നത്‍ സത്യം അല്ലാതാകും. മദര്‍ ഈസ്‍ അ ട്രൂത്ത്‍ ആന്റെ ഫാദര്‍ ഈസ്‍ എ ക്വസ്ട്യന്‍ ഓഫ് ലോ... ഇതിനും കോട്ടം തട്ടും. ആധുനിക വിദ്യാസങ്കേതത്തിന്റെ വരദാനത്താല്‍ ഞാന്‍ വിദ്യാസമ്പന്നനായെന്നും, പുരോഗമനവാദിയായി എന്നും പരിഷ്കാരിയായി എന്നുമൊക്കെ അഭിമാനിയ്ക്കുന്ന മനുഷ്യന്‍ സ്വന്തം പൈത്ര്‌കത്തേയും സ്വന്തം ശാസ്ത്രസങ്കല്‍പ്പങ്ങളേയും തള്ളിപ്പറയുകയും പുച്ഛിയ്ക്കുകയുമൊക്കെ ചെയ്യുമ്പോള്‍ അവന്റേതന്നെ മുമ്പില്‍വെച്ച് അവന്റെ അമ്മ-പെങ്ങന്മാരെ, ഈ രാഷ്ട്രത്തിന്റെ പുത്രിമാരേയും പുത്രവധുമാരേയും, രാക്ഷസീയശക്തികള്‍ കടിച്ചുകീറുമ്പോള്‍, ദ്ര്‌ശ്യമാധ്യമങ്ങള്‍ അവതരിപ്പിയ്ക്കുന്ന അതിലെ ലൈംഗികതകണ്ട് ആസ്വദിക്കുന്നു, കയ്യടിയ്ക്കുന്നു. അതെ, അതും കണാന്‍ വേണ്ടി മാത്രമല്ലേ എന്നായിരിയ്ക്കാം നിഗമിയ്ക്കുന്നത്. അവിടെ ഒരു ഭീഷ്മരേക്കാള്‍ നല്ലത്‍ ഒരു ജടായുവല്ലേ എന്ന്‍ ചിന്തിയ്ക്കാനും അതിനനുഗുണമായി പ്രവര്‍ത്തിയ്ക്കാനുമല്ലേ ആത്മീയ ശാസ്ത്രം. ഞാന്‍ എന്റെ കണ്ണുകൊണ്ടു കണ്ടതിനേ മാത്രമേ വിശ്വസിയ്ക്കൂ എന്ന്‍ പറഞ്ഞല്‍ കണ്ണില്ലാത്തവന്‍, അന്ധന്‍, ജീവിയ്ക്കാന്‍ പാടില്ലല്ലോ, അന്ധന്‍ ഉണ്ടാവരുതല്ലോ.
ഈ ഭാരതമാതാവിന്റെ ശിരസ്സ് -കശ്മീര്‍- ഒരുപറ്റം രാക്ഷസീയശക്തികള്‍ കുത്തിക്കീറി ആ ശിരസ്സിലെ മസ്തിഷ്ക -ബ്രെയിന്‍- ത്തിലെ കുറേ പ്രധാനഭാഗത്തെ എടുത്ത്‍ -കാശ്മീരി പണ്ഡിറ്റുകള്‍- കാര്‍ക്കിച്ചുതുപ്പി, വെളിയിലേയ്ക്കെറിഞ്ഞു. ഇപ്പോള്‍ ഭാരതാംബയ്ക്ക് അവളുടെ മസ്തിഷ്കം കുറേ നഷ്ടമായ നിലയിലാണ്. ഭാരതാംബയുടെ പാദങ്ങള്‍ -കേരളം- മുഴുവനും ഇവിടുത്തെ അസുരന്മാര്‍ കുത്തിക്കീറിയ നിലയിലാണ്. വസ്ത്രാക്ഷേപ സമയത്ത്‍ പാഞ്ചാലി ഭീഷ്മരോട്‍ ന്യായത്തിനായി കേണപ്പോള്‍ അദ്ദേഹം പറഞ്ഞു, പുത്രീ, ഞാന്‍ ധുര്യോധനന്റെ ചോറ് തിന്നതാണ്, അത്‍ എന്നെ വിവശനാക്കിയിരിയ്ക്കുന്നു, അതുകൊണ്ട്, അയാം സോറി മോളേ എന്ന്. വേച്ച്‍ വേച്ച്‍ നടക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ് ഇന്ന്‍ ഭാരതമാതാവിന്റെ. തലയും കാലുമില്ലാത്ത ഭാരതാംബയെ നോക്കി "നമസ്തേ സദാ വത്സലേ മാത്ര് ഭൂമേ" എന്ന്‍ ചൊല്ലുകയല്ലാതെ വേറെ ഉപായമൊന്നുമില്ലന്ന സ്ഥിതിയിലേയ്ക്ക്‍ ഈ രാഷ്ത്രം കൂപ്പുകുത്തുമ്പോഴും അതിലെ കഥാപാത്രങ്ങളായ ഞാനും നിങ്ങളൂം കൗരവസഭയിലെ ഭീഷ്മരുടെ അതേ തലത്തിലല്ലേ .... കണ്ടതിലേ വിശ്വസിയ്ക്കൂ എന്ന്‍ ശഠിച്ചാല്‍ തീരാനഷ്ടത്തില്‍ ജീവിതം ഹോമിയ്ക്കപ്പെടും.
നാട്ടിന്‍പുറത്തെ കവലയിലെ ചായക്കടയില്‍ ഇരുന്നുകൊണ്ട്, അതിന്റെ മുന്നിലൂടെ നടന്നുപോകുന്ന ഭാരതത്തിന്റെ പുത്രിമാരേയും പുത്രവധുക്കളേയും വിസിലടിച്ചും മറ്റ് അസഭ്യ-അശ്ലീല വാക്കുകളും ആംഗ്യങ്ങളും കൊണ്ട് അവളെ കഷ്ടപ്പെടുത്തുന്നത്‍ കാണുമ്പോള്‍, എവിടെപ്പോയി, രാമായണവും അതിലെ ആദര്‍ശങ്ങളും എന്ന്‍ നിങ്ങള്‍ക്ക്‍ ആര്‍ക്കും തോന്നാറില്ലേ.. ആ സമയത്ത്‍, ഈശ്വരന്റെ അവതാരങ്ങള്‍ക്കായി പ്രാര്‍ത്ഥിയ്ക്കുന്ന മനുഷ്യന്‍ ഈ പുണ്യഭൂവിന് ശാപവും കുരുത്തംകെട്ടവനും കരുണയില്ലാത്തവനും ഈ ഭൂമിയ്ക്ക്‍ ഭാരവും അല്ലേ.. മറിച്ച്‍ , ഹേ ജഗദീശ്വരാ, എന്നെ നീ എന്തിന് ഒരു മനുഷ്യനായി ജനിപ്പിച്ചു, എന്നെ നീ ഒരു ജടായുവായി ജനിപ്പിച്ചില്ലല്ലോ, എന്നല്ലേ ചോദിയ്ക്കേണ്ടത്. ഭാരതാംബ ഇന്ന്‍ അവതാരങ്ങള്‍ക്കായിട്ടല്ല കേഴുന്നത്‍, മറിച്ച്‍ ഓരോ കവലയിലും ഓരോ ജടായുവിന്റെ ജന്മം ഉണ്ടാവണേ ഭഗവാനേ എന്നായിരിയ്ക്കില്ലേ പ്രാര്‍ത്ഥിയ്ക്കുന്നത്. മനുഷ്യനായി ജനിച്ചു, മനുഷ്യനായി ജീവിച്ചില്ല; വേണ്ട !! അധമത്തില്‍ അധമജീവിയായ ഒരു ജടായുവായിട്ടെങ്കിലും ജീവിച്ച്‍ മരിയ്ക്കാനുള്ള സദ്‍ഭാഗ്യം.... !! എല്ലാ വിജയദശമിയ്ക്കും രാമായണമെന്ന ഗ്രന്ഥത്തെ പൂജയ്ക്ക് വെച്ച്, ചന്ദനം തേച്ച്‍ കുങ്കുമം തേച്ച്‍ , ഞാനും നിങ്ങളും അതിന്റ് പുറംചട്ടയുടെ നിറം മാറ്റി എന്നല്ലാതെ, കര്‍ക്കിടകത്തില്‍ രാമായണമാസം ആചരിച്ചു, പാരായണം നടത്തിയില്ല. പരായണം മാത്രം നടന്നു. ഈ ജന്മഭൂമിയ്ക്കുവേണ്ടി, ഈ പുണ്യഭൂമിയ്ക്കുവേണ്ടി, ഈ ഭാരതമക്കള്‍ക്കുവേണ്ടി, എന്തു നേട്ടമാണുണ്ടാക്കിയത്, എന്തു ത്യാഗം ചെയ്തു. പുളിയിലയില്‍ ഊണുകഴിയ്ക്കില്ലെന്നും കാഞ്ഞിരത്തിന്റെ ഇല തിന്നില്ല എന്നുമൊക്കെയുള്ള ത്യാഗങ്ങളല്ലേ ഇന്നേവരെ ഞാനും നിങ്ങളും ചെയ്തിട്ടുള്ളത്.
ഒരു ജടായുവായി ജീവിച്ചാല്‍, ജീവിതത്തിന്റെ അവസാന നിമിഷങ്ങള്‍ സാക്ഷാല്‍ പരമാത്മാവിന്റെ മടിയില്‍ തലവെച്ചുകൊണ്ടായിരിയ്ക്കും. സ്വന്തം പിതാവിന്റെ അന്ത്യേഷ്ടികര്‍മ്മങ്ങള്‍ ചെയ്യാത്ത ശ്രീരാമന് , ചെയ്യാന്‍ പറ്റാത്ത രാമന്, ഒരു പക്ഷിയുടെ ശവദാഹകര്‍മ്മങ്ങള്‍ ഏറ്റെടുത്ത്‍ ചെയ്യേണ്ടി വന്നു. ജടായുവിന്റെ അദ്രിശ്ര്‌ങ്‍ഗാഭത്ത്വത്തിന് ഇനിയും പ്രമാണങ്ങള്‍ നിരത്തണോ....
രാമായണത്തില്‍ വെറുതെയൊന്നുമല്ല പക്ഷികളെയും വാനരരെയും മറ്റ്‍ മ്രഗങ്ങളെയുമൊക്കെ കഥാപാത്രങ്ങളാക്കിയിട്ട്‍ ഈ മഹദ്‍ഗ്രന്ഥം അവതരിപ്പിച്ചിട്ടുള്ളത്‍. ഒരു പക്ഷിയുടെ മനസ്സെങ്കിലും, ഒരു വാനരന്റെ മനസ്സെങ്കിലും മാനവനുണ്ടായെങ്കില്‍ എന്ന്‍ പ്രാര്‍ത്ഥിച്ചുപോകും ആ കഥാപാത്രങ്ങളുടെ അമൂല്യ സംഭാവനകള്‍ ഈ സംസ്‍ക്രിതിയ്ക്കായി തന്നതില്‍നിന്നൊക്കെ.
No comments:
Post a Comment