ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 July 2017

ഊര്‍മ്മിള

രാമായണ കഥാപാത്രങ്ങൾ

ഊര്‍മ്മിള

രാമായണത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള കഥാപാത്രങ്ങളിൽ ഒരാളാണ് ഊര്‍മ്മിള.

മിഥില ഭരിച്ചിരുന്ന ഹ്രസ്വരോമാവ് ധര്‍മജ്ഞനും മഹാത്മാവുമായിരുന്നു. ഇദ്ദേഹത്തിന്റെ പുത്രന്മാരാണ് സീരദ്ധ്വജനും കുശദ്ധ്വജനും. കലപ്പ കൊടിയടയാളമാക്കി കാര്‍ഷികവൃത്തിയിലൂടെ രാജ്യം അഭിവൃദ്ധിപ്പെടുത്തിയ സീരദ്ധ്വജനാണ് യഥാര്‍ത്ഥ ജനകമഹാരാജാവ്. മഹാജ്ഞാനിയും അനേകം യാഗങ്ങള്‍ നടത്തിയിട്ടുള്ളയാളുമായ ജനകന്‍ രാജര്‍ഷിയായിരുന്നു. 

മൈത്രേയിയുടെ ശിഷ്യയും ജ്ഞാനിയുമായ സുമേധനായിരുന്നു ജനകന്റെ പട്ടമഹിഷി. ഇവരുടെ വളര്‍ത്തു പുത്രിയാണ് സീത. ഔരസപുത്രി ഊര്‍മ്മിള. സീരദ്ധ്വജന്റെ അനുജന്‍ കുശദ്ധ്വജന്‍ സാംകാശ്യം എന്ന ചെറിയരാജ്യം ഭരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മക്കളാണ് മാണ്ഡവിയും ശ്രുതകീര്‍ത്തിയും. ഈ നാലു പെണ്‍കുട്ടികളും ജനകന്റെ കൊട്ടാരത്തില്‍തന്നെ ഒന്നിച്ചു കളിച്ചു വളര്‍ന്നു.

വിവാഹം:-
ശ്രീരാമൻ - സിത
ലക്ഷ്മണൻ - ഊര്‍മ്മിള
ഭരതൻ - മാണ്ഡവി
ശത്രുഘ്നൻ - ശ്രുതകീര്‍ത്തി

അഭിഷേകം മുടങ്ങിയിട്ടും അധികാരം നഷ്‌ടപ്പെട്ടിട്ടും കുലുങ്ങാത്ത രാമന്‍ അമ്മമാരോട്‌ യാത്രാനുമാതിക്കായി അന്തപ്പുരത്തില്‍ എത്തുന്നു. അവിടെ സീത അനുയാത്രക്ക്‌ നിര്‍ബന്‌ധം പിടിക്കുന്നു. രാമന്റെ സഹായത്തിനു കൂടെ പോകാന്‍ ലക്ഷ്‌മണനും ഒരുങ്ങുന്നു. ലക്ഷ്‌മണനും അമ്മമാരുടെ അനുഗ്രഹം തേടുന്നു. യാത്രാദുരിതങ്ങളെ കുറിച്ച്‌ പറയുമ്പോള്‍ സീത ആവര്‍ത്തിച്ചു പറയുന്നുണ്ട്‌… രാമന്‍ കൂടെ ഉണ്ടെങ്കില്‍ കല്ലും മുള്ളും കാടും മലയും ഒന്നും അവരെ വിഷമിപ്പിക്കില്ലെന്നു. ഭര്‍ത്താവിന്റെ പാദങ്ങളില്‍ ആണ്‌ ഭാര്യയുടെ സുഖം. സീത വാദമുഖങ്ങളാല്‍ രാമന്റെ തീരുമാനം മാറ്റുന്നു.

ലക്ഷ്‌മണനോട്‌ അമ്മ പറയുകയാണ്‌… രാമനെ ദശരഥനായി കാണണം .. സീതയെ അമ്മയായി കാണണം കാടിനെ അയോധ്യ ആയി കാണണം. അങ്ങിനെ രാമനെയും സീതയേയും ശുശ്രൂഷിച്ചും രക്ഷിച്ചും കൂടെ കഴിയണം. ഈ സമയത്ത്‌ ഊര്‍മ്മിള കാത്തുനില്‍ക്കുന്നുണ്ട്‌ തന്നെ കൂടി കൊണ്ടുപോകുമെന്നും അങ്ങനെ കാട്ടില്‍ ആണെങ്കിലും ഭര്‍ത്താവിന്റെ സാമീപ്യം അനുഭവിക്കാം എന്നും ഉള്ള പ്രതീക്ഷയോടെ. ഊര്‍മ്മിള ലക്ഷ്‌മണനോട്‌ ചോദിച്ചു കൂടെ വരട്ടെ എന്ന്‌.. ലക്ഷ്‌മണന്‍ പറഞ്ഞു കാട്ടില്‍ രാമനെയും സീതയേയും സംരക്ഷിക്കന്‍ ഞാനുണ്ട്‌ ഇവിടെ ഈ കൊട്ടാരത്തില്‍ പിതാവിനെയും അമ്മമാരെയും ശുശ്രൂഷിക്കാന്‍ ഊര്‍മ്മിള കൊട്ടാരത്തില്‍ നില്‍ക്കണമെന്ന്‌. ഊര്‍മ്മിള വാശിപിടിച്ചില്ല. ഭര്‍ത്താവിന്റെ ഒപ്പം പോകണമെന്ന്‌ നിര്‍ബന്‌ധിച്ചില്ല.. യാത്രാവേളയില്‍ ലക്ഷ്‌മണന്‍ ഊര്‍മ്മിളയോട്‌ ഒന്നേ ആവശ്യപ്പെട്ടുള്ളു… കരയരുത്‌…. അത്‌ ഊര്‍മ്മിള പാലിച്ചു. കരുത്തുറ്റ മനസ്സിന്റെ ഉടമ എന്നതിനേക്കാള്‍ ഭര്‍ത്താവിന്റെ വാക്കിനു വില കല്‍പ്പിക്കുന്ന ഒരു ഭാര്യയായി മാറുന്നു.

വനവാസക്കാലം പതിനാലു കൊല്ലമാണ്‌. ആ കാലമെല്ലാം ഒരു തുള്ളി കണ്ണുനീര്‍ പോലും ചൊരിയാതെ ഊര്‍മ്മിള അമ്മമാരെയും പിതാവിനെയും ശുശ്രൂഷിച്ചു.

ഒരിക്കല്‍ നിദ്രാദേവി ലക്ഷ്‌മണനെ സന്ദര്‍ശിച്ചു. വനവാസക്കാലത്ത്‌ ഒരിക്കല്‍ പോലും ലക്ഷ്‌മണന്‍ ഉറങ്ങിയിട്ടില്ല. ആ സമയത്താണ്‌ നിദ്രാദേവിയുടെ വരവ്‌ ലക്ഷ്‌മണനോട്‌ എന്തെങ്കിലും വരം ചോദിക്കാന്‍ ആവശ്യപ്പെട്ടു. ലക്ഷ്‌മണന്‍ പറഞ്ഞു കൊട്ടാരത്തില്‍ ഊര്‍മ്മിള ഉണ്ട്‌ അവള്‍ക്കു വരം കൊടുക്കാന്‍. ദേവി നേരെ കൊട്ടാരത്തില്‍ ചെന്ന്‌ ഊര്‍മ്മിളയെ കണ്ടു കാര്യം പറഞ്ഞു. ഊര്‍മ്മിള ആവശ്യപ്പെട്ടത്‌, വനവാസക്കാലത്ത്‌ ലക്ഷ്‌മണന്‍ ഊര്‍മ്മിളയെ ഓര്‍ക്കാതെ ഇരിക്കണം അല്ലാത്ത പക്ഷം സീതയേയും രാമനെയും ശുശ്രൂഷിക്കുന്നതില്‍ വീഴ്‌ച്ചവരുമെന്ന്‌!. സ്വന്തം ഭര്‍ത്താവ്‌ ഭാര്യയെ ഓര്‍ക്കാതിരിക്കാന്‍ വരം ചോദിക്കുക!. അതും ജ്യേഷ്‌ഠനെയും ജ്യേഷ്‌ഠ പത്‌നിയേയും സംരക്ഷിക്കാന്‍!. ഇവിടെ രാമായണകഥയിലെ ഊര്‍മ്മിളയെന്ന കഥാപാത്രം അസാധാരണ വലുപ്പമാര്‍ജിക്കുന്നു.

No comments:

Post a Comment