വിഷുവം
സൂര്യൻ ഖഗോളമദ്ധ്യരേഖ കടന്നു പോകുന്ന ജ്യോതിശാസ്ത്ര സംബന്ധിയായ പ്രതിഭാസത്തിനെയാണ് വിഷുവം (Equinox) എന്നു പറയുന്നത്. ഇതു മാർച്ച് 20നുംസെപ്റ്റംബർ 23നും ആണ് സംഭവിക്കുന്നത്. സാങ്കേതികമായി പറഞ്ഞാൽ ക്രാന്തിവൃത്തവും (ecliptic) ഖഗോളമദ്ധ്യരേഖയും (ഘടികാമണ്ഡലം) (celestial equator) കൂട്ടി മുട്ടുന്ന ഇടത്തിലുള്ള ബിന്ദുക്കളെയാണ് വിഷുവങ്ങൾ എന്ന് പറയുന്നത്. ഈ ദിവസങ്ങളിൽ പകലിനും രാത്രിക്കും ഏകദേശം തുല്യനീളമാണ്.
ഭൂമധ്യരേഖ ഖഗോളത്തെ ഛേദിക്കുമ്പോൾ ലഭിക്കുന്ന മഹാവൃത്തത്തിന് ഖഗോളമധ്യ രേഖ (celestial equator) അഥവാ ഘടികാമണ്ഡലം എന്ന് പറയുന്നു. രാശിചക്രത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്ന പാതയെ ക്രാന്തിവൃത്തം (ecliptic) എന്നും പറയുന്നു. ഭൂമിയുടെ അച്ചുതണ്ട് 23.5° ചെരിഞ്ഞാണ് കറങ്ങുന്നത് . അപ്പോൾ ഖഗോളമധ്യ രേഖയും ക്രാന്തിവൃത്തവും തമ്മിൽ 23.5° യുടെ ചരിവ് ഉണ്ട്. അതിനാൽ ഈ രണ്ട് മഹാവൃത്തങ്ങൾ തമ്മിൽ രണ്ട് ബിന്ദുക്കളിൽ മാത്രമേ കൂട്ടിമുട്ടുന്നുള്ളൂ. ഈ ബിന്ദുക്കളെ വിഷുവങ്ങൾ (Equinox)എന്ന് വിളിക്കുന്നു. Equinox എന്ന വാക്കിന്റെ മൂല പദം ലാറ്റിൻ ഭാഷയിൽ നിന്നുള്ള ഒരു പദമാണ്. Equal night എന്നാണ് അതിന്റെ അർത്ഥം. സൂര്യൻ ഈ രണ്ട് ബിന്ദുക്കളിലുള്ളപ്പോൾ രാത്രിക്കും പകലിനും തുല്യദൈർഘ്യമായിരിക്കും.
രണ്ട് വിഷുവങ്ങൾ
1. മഹാവിഷുവം
2. അപരവിഷുവം
സൂര്യൻ അതിന്റെ സഞ്ചാരമധ്യേ തെക്ക് നിന്ന് വടക്കോട്ട് ഘടികാമണ്ഡലത്തെ മുറിച്ച് കടക്കുന്നതായി നമുക്ക് അനുഭവപ്പെടുന്ന ബിന്ദുവിനെ മേഷാദി അഥവാ മഹാവിഷുവം (Vernal Equinox) എന്ന് വിളിക്കുന്നു. അതേ പോലെ സൂര്യൻ വടക്ക് നിന്ന് തെക്കോട്ട് ഘടികാമണ്ഡലത്തെ മുറിച്ചു കിടക്കുന്ന ബിന്ദുവിനെ തുലാദി, തുലാവിഷുവം അഥവാ അപരവിഷുവം (Autumnal Equinox) എന്ന് വിളിക്കുന്നു. മഹാവിഷുവം മാർച്ച് 20-നും അപരവിഷുവം സെപ്റ്റംബർ 23-നും ആണ് സംഭവിക്കുന്നത്.
സമരാത്രദിനം
സൂര്യൻ ഒരു വർഷത്തിൽ ഇപ്രകാരം പരമാവധി വടക്കോട്ട് ഉത്തരായനരേഖ വരെയും തെക്കോട്ട് ദക്ഷിണായനരേഖ വരെയും നീങ്ങുന്നതായി അനുഭവപ്പെടുന്നു. ഈ മാറ്റത്തിനിടയിൽ രണ്ട് പ്രാവശ്യം സൂര്യൻ ഭൂമധ്യരേഖയെ കടക്കുന്നു ദിവസങ്ങളെ വിഷുവങ്ങളെന്നു വിളിക്കുന്നു. ഈ ദിവസങ്ങളിൽ പകലും രാത്രിയും തുല്യമായിരിക്കുന്നതിനാൽ ഇവയെ (മാർച്ച് 21, സെപ്റ്റംബർ 23) സമരാത്ര ദിവങ്ങളെന്നും വിളിക്കുന്നു.
അയനാന്തങ്ങൾ
സൂര്യൻ ക്രാന്തിവൃത്തത്തിലൂടെ (ecliptic) സഞ്ചരിക്കുമ്പോൾ എത്തുന്ന ഏറ്റവും തെക്കും വടക്കും ഉള്ള രണ്ട് ബിന്ദുക്കളെ ആണ് അയനാന്തങ്ങൾ എന്നു പറയുന്നത്. അയനാന്തങ്ങൾ ദക്ഷിണ അയനാന്തവും ഉത്തര അയനാന്തവും ആണ്.
പുരസ്സരണം
സൂര്യചന്ദ്രന്മാർ ഭൂമിയിൽ ചെലുത്തുന്ന ഗുരുത്വ ആകർഷണം മൂലം ഭൂമിയുടെ അച്ചുതണ്ട് അതിന്റെ സ്വാഭാവികമായുള്ള കറക്കത്തിന് പുറമേ 26,000 വർഷം കൊണ്ട് പൂർത്തിയാകുന്ന വേറൊരു ഭ്രമണവും ചെയ്യുന്നുണ്ട്. ഇത് പുരസ്സരണം (precission) എന്ന പേരിൽ അറിയപ്പെടുന്നു.
ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണം മൂലം ഘടികാമണ്ഡലം ഓരോ വർഷവും 50.26‘’ (50.26 ആർക് സെക്കന്റ് ) വീതം കറങ്ങികൊണ്ടിരിക്കുന്നു. അതിന്റെ ഫലമായി വർഷം തോറും വിഷുവങ്ങളുടെ സ്ഥാനവും ഇത്രയും ദൂരം മാറുന്നു. ഏകദേശം 71 വർഷം കൊണ്ട് ഒരു ഡിഗ്രിയുടെ മാറ്റം ഉണ്ടാകും.
അയനചലനം
മഹാവിഷുവം, തുലാ വിഷുവം, ഉത്തര അയനാന്തം, ദക്ഷിണ അയനാന്തം തുടങ്ങിയ ക്രാന്തിവൃത്തത്തിലെ വിവിധ ബിന്ദുക്കൾക്ക് പുരസ്സരണം കാരണം സംഭവിക്കുന്ന സ്ഥാനചനത്തിനു അയനം എന്നു പറയുന്നു. ഈ ബിന്ദുക്കളെല്ലാം വർഷം തോറും 50.26 ആർക് സെക്കന്റ് വീതം നീങ്ങി കൊണ്ടിരിക്കുന്നു
സായനവും നിരയനവും
സായന രീതി അനുസരിച്ച് വിഷുവം വരുന്ന മാർച്ച് 21 അടിസ്ഥാനമാക്കി കണക്കാക്കി മേടമാസം കണക്കാക്കേണ്ടി വരും. എന്നാൽ പഞ്ചാംഗവും നമ്മുടെപല കലണ്ടറുകളും ഗണിച്ചിരിക്കുന്നത് നിരയന രീതി അനുസരിച്ചാണ്. അതാണ് വിഷുവും വിഷുവവും രണ്ടു വെവ്വേറെ ദിവസങ്ങളാവാൻ കാരണം.
വിഷുവങ്ങളുടെ ഇപ്പോഴത്തെ സ്ഥാനം
പണ്ട് (ഏതാണ്ട് 1000 വർഷങ്ങൾക്ക് മുൻപ്) മേഷാദി മേടമാസത്തിലായിരുന്നു. സൂര്യൻ മേഷാദിയിൽ വരുന്ന ദിവസം ആയിരുന്നു കേരളത്തിൽ വിഷുവായിആഘോഷിച്ചിരുന്നത്. എന്നാൽ വിഷുവങ്ങളുടെ പുരസ്സരണം നിമിത്തം മേഷാദി ഇപ്പോൾ മീനം രാശിയിൽ ആണ്. എങ്കിലും ഇപ്പോഴും വിഷു ആഘോഷിക്കുന്നത് മേടത്തിൽ തന്നെയാണ്. ഇതേ പോലെ തുലാദി ഇപ്പോൾ കന്നി രാശിയിൽ ആണ്.
ഗ്രീഷ്മ അയനാന്തം
ജൂൺ 20-22 തിയ്യതികളിലൊന്നിൽ സൂര്യൻ വടക്കോട്ട് സഞ്ചരിച്ച് ഉത്തരായനരേഖയുടെ മുകളിലെത്തിയതായി അനുഭവപ്പെടുന്നു.ഈ ദിവസത്തിൽ ഉത്തരായനരേഖയിൽ സൂര്യരശ്മികൾ ലംബമായി പതിക്കുന്നു. ഇതാണു ഉത്തരാർദ്ധഗോളത്തിലെ ഗ്രീഷ്മ അയനാന്തം. ദക്ഷിണാർദ്ധഗോളത്തിലിതു് ശൈത്യ അയനാന്തമാണു്.
ഈയടുത്ത കുറച്ച് വർഷങ്ങളിലെ ഗ്രീഷ്മ അയനാന്തത്തിന്റെ തിയ്യതികൾ താഴെക്കൊടുക്കുന്നു:
തിയ്യതി സമയം(UTC)
2000-06-21 ➖ 01:48
2001-06-21 ➖ 07:38
2002-06-21 ➖ 13:24
2003-06-21 ➖ 16:10
2004-06-21 ➖ 00:57
2005-06-21 ➖ 06:46
2006-06-21 ➖ 12:26
2007-06-21 ➖ 18:06
2008-06-20 ➖ 23:59
2009-06-21 ➖ 05:45
2010-06-21 ➖ 11:28
2011-06-21 ➖ 17:16
2012-06-20 ➖ 23:09
2013-06-21 ➖ 05:04
2014-06-21 ➖ 10:51
2015-06-21 ➖ 16:38
2016-06-20 ➖ 22:34
2017-06-21 ➖ 04:24
2018-06-21 ➖ 10:07
2019-06-21 ➖ 15:54
2020-06-20 ➖ 21:44
സൌരവർഷം
അടുത്തടുത്ത രണ്ട് ഉത്തര അയനാന്തങ്ങൾക്കിടയിലെ സമയം ഒരു വർഷമായി കണക്കിലെടുത്തുകൊണ്ടുള്ള വർഷ കാലഗണനാ സമ്പ്രദായത്തെയാണു് സൌരവർഷം(Tropical Year) എന്നു പറയുന്നതു്.
No comments:
Post a Comment