അഷ്ടാംഗമാര്‍ഗം
ദുഃഖത്തിന് എല്ലാം കാരണമുണ്ട് അവയെ ഒഴിവാക്കുവാനും നിരോധിക്കുവാനുമുള്ള മാര്‍ഗങ്ങളും. ദുഃഖത്തില്‍ നിന്നും, മോചനം നേടി നിര്‍വാണയില്‍ എത്തിച്ചേരുവാനുള്ള മാര്‍ഗങ്ങളാണ അഷ്ടാംഗമാര്‍ഗം. സന്മാര്‍ഗശാസ്ത്രത്തിന്റെയും ആത്മീയാന്വേഷണത്തിന്റെയും അടിസ്ഥാന ശിലയാണ് അഷ്ടാംഗമാര്‍ഗം.
1. സമ്യക്ദൃഷ്ടി [ശരിയായ ദൃഷ്ടി, കാഴ്ചപ്പാട്, വീക്ഷണം, ദര്‍ശനം]
ശരിയായ കാഴ്ചപ്പാടും ശരിയായ അറിവും ദുഃഖത്തില്‍ നിന്ന് അകറ്റും. മിഥ്യാധാരണങ്ങളാണ് ദുഃഖത്തിന്റെ കാരണം. ആര്യസത്യത്തെക്കുറിച്ചുള്ള ജ്ഞാനമാണ് സമ്യക്ദൃഷ്ടികൊണ്ട് അര്‍ത്ഥമാക്കുന്നത്.
2. സമ്യക് സങ്കല്പം [ശരിയായ ലക്‌ഷ്യം, ഉദ്ദേശം, സങ്കല്‍പം]
ലൗകിക സങ്കല്‍പങ്ങളില്‍ മുഴുകുന്നത് ദുഃഖത്തിന് കാരണമാകുന്നു. രാഗദ്വേഷാദികളില്‍ നിന്ന് മുക്തനായി ലോക സുഖങ്ങളില്‍ നിന്ന് മോചനം നേടുന്നതാണ് സമ്യക്‌സങ്കല്പം.
3. സമ്യക് വാക്ക് [ശരിയായ സംഭാഷണം, സംസാരം,രക്ഷ]
വാക്കുകള്‍ വേദനയ്ക്കും ദുഃഖത്തിനും കാരണമാകും. ധ്യാനത്തിന് തയ്യാറാകുന്നവര്‍ നിര്‍വാണം പ്രാപിക്കണമെങ്കില്‍ വാക്കുകളുടെ പ്രയോഗം നിയന്ത്രിക്കണം. സത്യഭാഷണം, സത്യ ഉപദേശം, മിതഭാഷണം എന്നിവ ശീലിക്കുക.
4. സമ്യക്കര്‍മ്മ [ശരിയായ കര്‍മ്മം, പെരുമാറ്റം, ഇടപെടല്‍]
തെറ്റായ കര്‍മങ്ങളില്‍ നിന്നുള്ള മോചനമാണ് സമ്യക്കര്‍മം. ഇതില്‍ പഞ്ചതത്ത്വങ്ങള്‍ അടങ്ങിയിരിക്കുന്നു. സത്യം സംസാരിക്കല്‍ (സത്യ), അഹിംസ, ബ്രഹ്മചര്യ, മോഷ്ടിക്കാതിരിക്കല്‍, ലഹരിവര്‍ജ്ജനം എന്നിവയാണവ. ഉദ്ദേശ ശുദ്ധിയോടുകൂടിയ കര്‍മങ്ങളേ അനുഷ്ഠിക്കാവൂ.
5. സമ്യക് ജീവിതം [ശരിയായ ആജീവം, ജീവിതമാര്‍ഗം, തൊഴില്‍]
ജീവിതം നയിക്കേണ്ടത് സത്യസന്ധതയോടെയായിരിക്കണം. മദ്യവില്‍പന, ആയുധവില്‍പന തുടങ്ങിയവ ജീവിക്കാന്‍ പോലും ചെയ്യരുത്. ഇവയെല്ലാം ദുഃഖം വരുത്തിവെയ്ക്കുന്നു. ആയതിനാല്‍ ശരിയായ ജീവിതം നയിക്കണം അത് ദുഃഖം അകറ്റും.
6. സമ്യക്‌വ്യായാമം [ശരിയായ വ്യായാമം, അദ്ധ്വാനം, പ്രവര്‍ത്തി]
ദുഷ് ചിന്തകളെ ഒഴിവാക്കി ആത്മനിയന്ത്രണത്തിലൂടെ മനസ്സിനെ സദ്ചിന്തകളില്‍ നിറയ്ക്കുന്നതാണ് സമ്യക്‌വ്യായാമം. അത്മനിയന്ത്രണം ധാര്‍മ്മികാധഃപതനത്തില്‍ നിന്നും ഒരുവനെ രക്ഷിക്കുന്നു.
7. സമ്യക്‌സ്മൃതി [ശരിയായ സ്മൃതി, ഓര്‍മ്മ, ചൂര്‍മ്മ]
ബന്ധങ്ങളില്‍ നിന്നുള്ള മോചനത്തിനായുള്ള സജ്ജമാകലാണ് സമ്യക്‌സ്മൃതി. ഇന്ദ്രിയങ്ങളെയും ഇന്ദ്രിയവിഷയങ്ങളെയും അവയുടെ ബന്ധങ്ങളെയും കുറിച്ച് മനസ്സിലാക്കി അവയെ ഒഴിവാക്കുവാനുള്ള ശ്രമമാണ് സമ്യക്‌സ്മൃതി.
8. സമ്യക്‌സമാധി [ശരിയായ തപസ്സ്, ധ്യാനം]
ഏഴ് പടികളും കടന്ന് സജ്ജമായ സാധകന്‍ ഏകാഗ്രതയില്‍ മുഴുകിയുള്ള ധ്യാനത്തിന് സജ്ജമാവുകയാണ്. ഇവിടെ ആന്തരിക ശാന്തിയും സന്തോഷവും അനുഭവിക്കുന്നു. പരിപൂര്‍ണ്ണ നിസ്സംഗത ഇതിലൂടെ നേടിയെടുക്കുന്ന സാധകന്‍ മുക്തി നേടി സ്വതന്ത്രനാകുന്നു.
മുകളില്‍ പറയുന്ന അഷ്ടാംഗ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുന്ന ഒരു വ്യക്തി ധ്യാനത്തിലൂടെ നേടിയെടുക്കുന്ന ദുഃഖ നിരോധമാണ് നിര്‍വാണ അഥവാ ബോധോദയം. 'നിര്‍വാണ' എന്നത് സംസ്‌കൃത പദവും 'നിബാന' എന്നത് പാലീപദവും. 'നിര്‍വാണ' എന്നാല്‍ തൃഷ്ണയില്‍ നിന്നുള്ള മോചനം (നി=ഇല്ല, വാണ = തൃഷ്ണ) നിര്‍വാണ അവസ്ഥയില്‍ ദുഃഖമോ തൃഷ്ണയോ ഇല്ല. എന്നാല്‍ നിര്‍വാണ പ്രാപിച്ചയാള്‍ നിഷ്‌ക്രിയനായ ഒരാളല്ല അനുദിന കര്‍മങ്ങളില്‍ വ്യാപൃതനായിരിക്കുന്ന ധ്യാനി തന്നെയായിരിക്കും. ഋഷിമാർ ഇത് തെളിയിക്കുകയും ചെയ്തു. ജ്ഞാനോദയത്തിന് ശേഷം ഋഷിമാർ അനുദിന കര്‍മത്തില്‍ നിന്ന് വിട്ടുമാറിയിട്ടില്ല. ഈ അവസ്ഥ കൈവരിക്കുന്ന മനുഷ്യനെ ഹീനയാന വിഭാഗം 'അര്‍ഹത്' എന്ന് വിളിക്കും.
No comments:
Post a Comment