ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

5 July 2017

എല്ലാ കര്‍മവും യജ്ഞമായിരിക്കണം

എല്ലാ കര്‍മവും യജ്ഞമായിരിക്കണം

ബ്രഹ്മാര്‍പ്പണം ബ്രഹ്മഹവിര്‍-
ബ്രഹ്മാഗ്‌ന്നൗ ബ്രഹ്മണാ ഹുതം
ബ്രഹ്‌മൈവ തേന ഗന്തവ്യം
ബ്രഹ്മകര്‍മസമാധിനാ

ഹവിസ്സും (അന്നം, നെയ്യ് മുതലായവ) അത് അഗ്‌നനിയില്‍ അര്‍പ്പിക്കാനുള്ള (സ്രുക്ക്, സ്രുവം, ചമസ മുതലായ) പാത്രങ്ങളും ബ്രഹ്മംതന്നെ. യജ്ഞാഗ്‌നനിയും യജ്ഞകര്‍ത്താവും ഹോമിക്കുക എന്ന ക്രിയയും ബ്രഹ്മംതന്നെ. ബ്രഹ്മമാകുന്ന (ഈ യജ്ഞ) കര്‍മത്തില്‍ ഏകാഗ്രമായ മനസ്സോടുകൂടിയവനാല്‍ പ്രാപിക്കപ്പെടേണ്ടതും ബ്രഹ്മംതന്നെ.
നമ്മുടെ നാട്ടില്‍ ഒരുപാടാളുകള്‍ ഇന്നും ആഹാരം കഴിക്കുന്നതിനു മുന്നോടിയായി ഒരു ചടങ്ങെന്ന നിലയില്‍ ഈ ശ്ലോകം ഉരുവിടാറുണ്ട്. അതിന്റെ ഭാവം പക്ഷേ, മിക്കപ്പോഴും മനസ്സിലുണ്ടാകാറില്ല. ഭക്ഷണപദാര്‍ഥവും അതു കഴിക്കുന്ന ആളും അതു ദഹിപ്പിക്കുന്ന ജഠരാഗ്‌നനിയും അതില്‍ നിന്ന് പോഷകം ലഭിക്കുന്ന ശരീരവും എല്ലാം ബ്രഹ്മമാണ്. ഈ ആഹാരസമര്‍പ്പണംകൊണ്ട് സാധിക്കേണ്ടത് സ്വാദനുഭവിക്കലല്ല, ബ്രഹ്മസായുജ്യമാണ്. ഈ ഭാവന ഉറച്ചാല്‍ ഊണും ഒരു മഹായജ്ഞമായി.
വന്‍തോതില്‍ ഭക്ഷണസാമഗ്രികളും മൃഗങ്ങളും അഗ്‌നനിക്കിരയാകുന്ന ഏര്‍പ്പാടിനെയല്ല, ഈ പറഞ്ഞ തരത്തിലുള്ള പരിശ്രമത്തെയാണ് യജ്ഞം എന്നു വിളിക്കേണ്ടത് എന്ന് ധ്വനി. ക്രിയാവിശേഷബഹുലമായ വൈദികയജ്ഞവിധി എന്തുകൊണ്ട് സ്വീകാര്യമല്ല എന്നു സൂചിപ്പിക്കുന്നുമുണ്ട്. അഗ്‌നനിഹോത്രം മുതലായ വൈദികാനുഷ്ഠാനങ്ങളില്‍, കൊടുക്കുന്നവനും സ്വീകരിക്കുന്നവനും വേറെ വേറെ ഉണ്ട്. വിലപ്പെട്ടതായി താന്‍ കരുതുന്ന എല്ലാം അഗ്‌നനിക്കും കൊടുക്കുന്നു. യജിക്കപ്പെട്ടതെല്ലാം ചാരമായിമാറുന്നു. എരിയിച്ച ദ്രവ്യങ്ങളുടെയെല്ലാം സൂക്ഷ്മരൂപത്തിലുള്ള മൂല്യം ഉപാസനാദേവതകള്‍ സ്വീകരിച്ചു എന്ന കൃതകൃത്യതയോടെ കൃത്യം അവസാനിക്കുന്നു. ഫലം ഇച്ഛിച്ചുകൊണ്ടുള്ളതാണ് വൈദികയജ്ഞം. അധികാരികള്‍ക്കോ പണക്കാര്‍ക്കോവേണ്ടി നടത്തുന്ന ഒരു കരാര്‍ജോലിയാണ് മിക്കപ്പോഴും അത്. പ്രപഞ്ചത്തിന്റെ ആത്മാവുമായുള്ള ഏകീഭാവം അതില്‍ ഉദ്ദേശിക്കുന്നേ ഇല്ല. അതുകൊണ്ട് ഇത്തരം യാഗയജ്ഞങ്ങളല്ല ഗീത ഉദ്ദേശിക്കുന്നത്. ബ്രഹ്മമെന്നാണ് യജ്ഞശബ്ദത്തിന് ഇവിടെ അര്‍ഥം എന്നുകൂടി ഓര്‍ക്കുക. എല്ലാ കര്‍മവും യജ്ഞമായിരിക്കണം എന്നും അതെല്ലാം പരമമായ ഏകത്വഭാവനയോടെ ആയിരിക്കണമെന്നുമാണ് ഗീത നിര്‍ദേശിക്കുന്ന തിരുത്തല്‍.

No comments:

Post a Comment