ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

8 July 2017

രാമകഥാ തത്ത്വം

രാമകഥാ തത്ത്വം

ഗുരു തന്റെ ശിഷ്യരോടായിപ്പറഞ്ഞു:

“ശ്രീരാമചന്ദ്രനും സീതാദേവിയും ലക്ഷ്മണനും പതിനാല് വര്‍ഷത്തെ വനവാസത്തിനായി കൊട്ടാരത്തിന്റെ പടിയിറങ്ങി. ശ്രീരാമചന്ദ്രന്‍ മുന്നിലും ലക്ഷ്മണന്‍ പിന്നിലും നടുക്ക് സീതാദേവിയുമായിട്ടായിരുന്നു യാത്ര. ഈ യാത്ര പോലും ഒരു വലിയ ആദ്ധ്യാത്മിക തത്ത്വത്തെയാണ് നമുക്കു മുന്നില്‍ വെളിവാക്കുന്നത്!”

കൗതുകപൂര്‍വം ശിഷ്യര്‍ ചേദിച്ചു:
“അതെങ്ങനെ?”
ഗുരു തുടര്‍ന്നു പറഞ്ഞു:
“മുന്നില്‍ നടക്കുന്ന ശ്രീരാന്‍ പരമാത്മാവിനെ പ്രതീകവല്‍ക്കരിക്കുന്നു. പിന്നിലുള്ള ലക്ഷ്മണന്‍ ജീവാത്മാവിനേയും മദ്ധ്യത്തിലുള്ള സീത മായയേയും സൂചിപ്പിക്കുന്നു. അതായത് പിന്നില്‍ നടക്കുന്ന ജീവാത്മാവിന് ഏറ്റവും മുന്നിലുള്ള പരമാത്മാവിനെ കാണാന്‍ കഴിയുന്നില്ല. കാരണം അവര്‍ക്കിടയില്‍ മറയായി മായയുടെ ഇടപെടല്‍ ഉണ്ടാവുന്നു.”

ഗുരുവിന്റെ വിശദീകരണം കേട്ട് ഒരു ശിഷ്യന്‍ ചോദിച്ചു:
“ഗുരോ! എപ്പോഴാണ് ആത്മാവിന് പരമാത്മാവിനെ കാണാന്‍ അവസരം ലഭിക്കുന്നത്?”
“സംശയെമെന്ത്? മായ എപ്പോള്‍ നടുവില്‍ നിന്ന് മാറിപ്പോകുന്നുവോ അപ്പോള്‍ മാത്രമേ ജീവാത്മാവിന് പരമാത്മാവിന്റെ ദര്‍ശനസൗഭാഗ്യം ലഭിക്കൂ. മനുഷ്യരായ നമുക്കുള്ള ഉപദേശം കൂടിയാണിത്. നമ്മെ ബന്ധിച്ചിരിക്കുന്ന ഈ മായാമോഹം അകന്ന്‌പോകുമ്പോഴേ ഈശ്വരദര്‍ശം ഉണ്ടാവുകയുള്ളൂ.”

ലക്ഷ്മണോപദേശം

“വത്സ! സൌമിത്രേ! കുമാര! നീ കേള്‍ക്കണം
മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകൾ.
നിന്നുടെ തത്ത്വമറിഞ്ഞിരിക്കുന്നതു
മുന്നമേ ഞാനെടോ, നിന്നുള്ളിലെപ്പോഴും
എന്നെക്കുറിച്ചുള്ള വാത്സല്യപൂരവും
നിന്നോളമില്ല മറ്റാർക്കുമെന്നുള്ളതും
നിന്നാൽ അസാദ്ധ്യമായില്ലൊരു കർമ്മവും
നിർണ്ണയമെങ്കിലുമൊന്നിതു കേൾക്ക നീ.”

ദേഷ്യം പിടിച്ചുനിൽക്കുന്ന അനുജനെ അനുനയിപ്പിക്കാതെ ഒരു കാര്യവും മനസ്സിലാക്കുവാൻ സാധിക്കില്ല എന്നുശ്രീരാമദേവനറിയാമായിരുന്നു. (ഗീതയിൽ കൂടിയും ഭഗവാൻ നമുക്കതുപറഞ്ഞു തരുന്നുണ്ടല്ലോ – ‘ക്രോധാത്ഭവതി സമ്മോഹ: സമ്മോഹാത് സ്മൃതിവിഭ്രമ:’ 2/63).
‘വത്സാ’ എന്നു സംബോധനചെയ്യുമ്പോൾ, ലക്ഷ്മണനു ഗുരുവിനെ ഓർമ്മ വരും; ‘സൗമിത്രേ’ എന്നു വിളിക്കുമ്പോൾ എല്ലാവരുടേയും നല്ല മിത്രമായ തന്റെ അമ്മയെ ഓർമ്മവരും, അമ്മയുടെ സദ് ഗുണങ്ങ്ൾ ഓർമ്മിക്കും. ‘കുമാര’ എന്നുവിളിക്കുമ്പോൾ, തന്നേക്കാൾ പ്രായം കുറഞ്ഞ കൂട്ടുകാരനോടു പറയുന്നതുപോലെ, അരുമയായി അനുജനോടു വാത്സല്യപൂർവം പറയുന്നതായി ലക്ഷ്മണനുതോന്നും. ദേഷ്യം അടങ്ങി, കേൾക്കാൻ തയ്യാറാകുന്ന ലക്ഷ്മണനോട്, അല്പം പോലും കുറ്റപ്പെടുത്താതെ, ശ്രീരാമദേവൻ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണു പറഞ്ഞുതുടങ്ങുന്നത്.
‘നിന്നെക്കൊണ്ട് സാധിക്കാത്തതായി എന്താണുള്ളത്?’

“മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകൾ” – കാമ-ക്രോധ-മദ-മാത്സര്യാദികൾ ആദ്യം വെടിയണം, എന്ന് ശ്രീരാമദേവൻ പറഞ്ഞത് ‘മോഹ’-ത്തിൽ നിന്നാണിതെല്ലാം ജനിക്കുന്നതെന്ന് നമുക്ക് സൂചിപ്പിക്കാനല്ലെ? ‘ശരീരമാണുതാൻ’ എന്ന തെറ്റിദ്ധാരണകൊണ്ടാണു നാം ശരീരസുഖത്തിനുവേണ്ടി വിഷയങ്ങൾക്കുപുറകേ ഓടിക്കൊണ്ടിരിക്കുന്നതും, ‘ഞാൻ ചെയ്യുന്നു’ എന്നും ‘എന്റേതാണെന്നും’ അഹങ്കരിക്കുന്നതും!
“നിന്നുടെ തത്ത്വമറിഞ്ഞിരിക്കുന്നതു മുന്നമേ ഞാനെടോ” – നിന്റെ ശരിയായ തത്ത്വം മുൻപേതന്നെ എനിക്കറിയാവുന്നതാണെന്നും, (ആദിശേഷനായ ‘അനന്തന്റെ’ അവതാരമാണല്ലോ ലക്ഷ്മണൻ) ശരീരാദികളായ ഇരുപത്തിനാലു തത്ത്വങ്ങൾക്കും ഉണ്മ കൊടുക്കുന്നത് ഭഗവാന്റെ പരമാത്മ ചൈതന്യമാണെന്നും;
“നിന്നാൽ അസാദ്ധ്യമായില്ലൊരു കർമ്മവും നിർണ്ണയമെങ്കിലും” – അനന്തസാദ്ധ്യതകൾ അകത്തുള്ളവനാണു ആദിശേഷനായ ലക്ഷ്മണാ നീയെന്നും, അതുകൊണ്ട് നീ വിചാരിച്ചാൽ ചെയ്യുവാൻ കഴിയാത്തതായി യാതൊന്നുമേയില്ല എന്നും തീർച്ചയാണെനിക്കെങ്കിലും;
“നിന്നുള്ളിലെപ്പോഴും എന്നെക്കുറിച്ചുള്ള വാത്സല്യപൂരവും” – നിന്നെപ്പോലെ എന്നെക്കുറിച്ച് (ശ്രീരാമനെ) വാത്സല്യപൂർവം ചിന്തിക്കുന്നവർ ആരും തന്നെ ഇല്ലെന്നും, എനിക്കറിയാവുന്നതാണെങ്കിലും;
ഞാൻ പറയുന്നതൊന്നുകേൾക്കൂ എന്റെ പൊന്നനിയാ….

“ദൃശ്യമായുള്ളൊരു രാജ്യദേഹാദിയും
വിശ്വവും നിശ്ശേഷധാന്യധനാദിയും
സത്യമെന്നാകിലേ തത്പ്രയാസം തവ
യുക്തം,അതല്ലായ്കിൽ എന്തതിനാൽ ഫലം?”

കാണുന്നതെല്ലാം ദൃശ്യവും കാണുന്നയാൾ ദൃക്-ഉം ആണു.
നമ്മുടെ ശരീരവും, ഈ രാജ്യവും, ധാന്യ-ധനാദികളും – ഈ ഭൗതികലോകത്തിൽ കാണപ്പെടുന്നതെല്ലാം തന്നെ, ‘ദൃശ്യം’ ആണു. ദൃശ്യങ്ങൾ എല്ലാം മാറുന്നതും, മാറ്റമില്ലാത്തത് ദൃക്.
(ഏതൊരു പരമാത്മചൈതന്യംകൊണ്ടാണോ നമ്മുടെ കണ്ണുകൾക്കുകാണുവാനും, ചെവികൊണ്ടുകേൾക്കുവാനും, ബുദ്ധിക്ക് വിവേചിച്ചറിയാനുമൊക്കെ കഴിയുന്നത്, ആ ചൈതന്യം തന്നെ ദൃക് അല്ലെങ്കിൽ സാക്ഷി). സത്യമെന്നാൽ മാറാത്തത്. സത്യം പണ്ടും, ഇന്നും, എന്നും ഒന്നായി നിലനിൽക്കുന്നതാണു. ഈ മാറിക്കൊണ്ടിരിക്കുന്നതായ, ഇന്നുവന്ന് കുറച്ചുസമയത്തേയ്ക്കുമാത്രം നമ്മുടെപക്കലുണ്ടെന്നുള്ള ഭ്രമം തോന്നിപ്പിക്കുന്ന ഭൗതികസുഖഭോഗങ്ങൾക്ക് ആഗ്രഹം മനസ്സിൽ വക്കുന്നത് യുക്തമാണോ? ഒരു രാജാവു രാജ്യം ഭരിച്ചുനാടുനീങ്ങി അടുത്ത രാജാവിനു കൈമാറേണ്ടതാണീ രാജ്യവും സമ്പത്തുമെല്ലാം കുറച്ചുനാളത്തേക്കുമാത്രമുള്ളതിനെച്ചൊല്ലി ആഗ്രഹം വച്ചുപുലർത്തുന്നത് യുക്തമല്ല.

ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
വേഗേന നഷ്ടമാമായുസ്സുമോർക്ക നീ.
വഹ്നിസന്തപ്തലോഹസ്ഥാംബുബിന്ദുനാ
സന്നിഭം മർത്ത്യജന്മം ക്ഷണഭംഗുരം.

ഭൗതികലോകത്തിലെ സുഖ-ഭോഗങ്ങളെല്ലാം തന്നെ വളരെ കുറച്ചുസമയത്തേയ്ക്കുമാത്രം ഉണ്ടെന്നപ്രതീതി തരുന്നവയാണുലക്ഷ്മണാ……എല്ലാം ഒരു മിന്നൽ പോലെ, ക്ഷണമാത്രയിൽ വന്നുപോകുന്നവയാണു. ചുട്ടുപഴുത്തിരിക്കുന്ന ഇരുമ്പിന്റെ മുകളിൽ പതിച്ച ഒരു തുള്ളി ജലമെത്രപെട്ടെന്നാണോ അപ്രത്യക്ഷമാകുന്നത് അതുപോലെയാണീ മനുഷ്യജന്മം. യുഗങ്ങളുമായി താരതമ്യംചെയ്യുമ്പോൾ മനുഷ്യായുസ്സെത്ര തുച്ഛമാണു.

(ലക്ഷ്മണനോടു പറയുന്നതായി തോന്നുമെങ്കിലും ഇത് നമ്മളോടല്ലേ ശ്രീരാമദേവൻ പറയുന്നത്? എന്നെന്നും നിലനിൽക്കുന്ന പരമസത്യത്തെ അന്വേഷിക്കൂ….നാളെ എന്തു സംഭവിക്കുമെന്നുനമുക്കറിയില്ല. ക്ഷണപ്രഭാചഞ്ചലമായ ഈ മനുഷ്യജന്മം ഒരു നിമിഷം പോലും പാഴാക്കാതെ, ‘ഏതൊന്നറിഞ്ഞാൽ എല്ലാമറിയുന്നുവോ, ശാശ്വതമായ ആ സത്യത്തെ സാക്ഷാത്കരിക്കൂ…’ ഭോഗങ്ങളെല്ലാം മിന്നൽ പോലെ വന്നുപോകുന്ന താൽക്കാലികസുഖങ്ങൾ പ്രദാനം ചെയ്യുന്നവയാണെന്നുമനസ്സിലാക്കിക്കൊണ്ട് ശാശ്വതമായ ആനന്ദത്തെ കണ്ടെത്തൂ. ഓരോശ്വാസവും വളരെ വിലയേറിയതാണു, സമയമൊട്ടും പാഴാക്കി കളയാതെ).

“ചക്ഷു:ശ്രവണഗളസ്ഥമാം ദർദ്ദുരം
ഭക്ഷണത്തിന്നപേക്ഷിക്കുന്നതുപോലെ
കാലാഹിനാ പരിഗ്രസ്തമാം ലോകവും
ആലോലചേതസാ ഭോഗങ്ങൾ തേടുന്നു”.

പാമ്പിന്റെ വായിൽ വിഴുങ്ങപ്പെട്ടുകൊണ്ടിരിക്കുന്ന തവള, പുറത്തേയ്ക്കുനാക്കുനീട്ടി അടുത്തുപറക്കുന്ന ഈച്ചയെപിടിക്കുവാൻ ശ്രമിക്കുന്നതുകാണുമ്പോൾ നമുക്ക് എന്താണുതോന്നുക?……! കാലമാകുന്ന സർപ്പത്തിന്റെ വായിൽ അനുനിമിഷം വിഴുങ്ങപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മളോർക്കാറുണ്ടോ, നമ്മളും ഇതുതന്നെയല്ലേ ചെയ്യുന്നതെന്ന്?

ഗുരുവിന്റെ വിശദീകരണത്തില്‍ ശിഷ്യന്മാര്‍ സംതൃപ്തരായി.

No comments:

Post a Comment