ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 April 2017

അർധശലഭാസനം

അർധശലഭാസനം

ദീർഘനേരം ഇരുന്നു ജോലി ചെയ്യുന്നവർ, വിദ്യാർഥികൾ, ദീർഘദൂരം ഡ്രൈവ് ചെയ്യുന്നവർ എന്നിങ്ങനെയുള്ളവർക്കു കണ്ടുവരുന്ന നടുവേദന, നടുകഴപ്പ്, നടുവെട്ടൽ, ഡിസ്‌ക്കിന്റെ ന്യൂനതകൾ എന്നിവയ്‌ക്കു പരിഹാരമാണ് അർധശലഭാസനം. രോഗാവസ്‌ഥയിലുള്ളവർക്കും ശ്വാസതടസ്സമോ വിഷമമോ ഇല്ലാതെ അഭ്യസിക്കത്തക്ക വിധമുള്ള രീതിയാണ് ഇവിടെ വിവരിക്കുന്നത്. അൾസർ, ഹൃദ്‌രോഗം, ഹെർണിയ എന്നീ അസുഖങ്ങൾ ഉള്ളവർ ഒരു യോഗാ തെറപ്പിസ്‌റ്റിന്റെ നേരിട്ടുള്ള ശ്രദ്ധയിൽ പരിശീലിക്കുന്നതാണ് ഉത്തമം.

ചെയ്യുന്ന വിധം

കമിഴ്‌ന്നു കിടക്കുക. കാലുകൾ പിറകോട്ടു നീട്ടി, പാദങ്ങൾ മലർത്തി, ഉപ്പൂറ്റികൾ ചേർത്തു വിരലുകൾ നീണ്ടിരിക്കണം. കൈകൾ നിവർത്തി കൈപ്പത്തികൾ ചുരുട്ടിയോ, മലർത്തിയ കാലിന്റെ വശത്തോ അടിയിലോ വയ്‌ക്കാവുന്നതാണ്. താടി നിലത്ത് അമർത്തിവയ്‌ക്കുക. ഈ നിലയിൽ മനസ്സു ശാന്തമാക്കി ഏകാഗ്രതയോടെ അൽപനേരം കിടക്കുക. ഇനി ശ്വാസം ദീർഘമായി അകത്തേക്കു വലിച്ചെടുത്തു വലതുകാൽ മുട്ടുവളയ്‌ക്കാതെ നേരെ മുകളിലേക്ക് ഉയർത്തുക. ഇതിനു പരിധിയൊന്നുമില്ല. അവരവർക്കു സാധിക്കുന്നത്രയും ഉയർത്തിയാൽ മതി. പരിശീലനം കൊണ്ടു തലയ്‌ക്കു മുകളിൽ വരെ ഇത്തരത്തിൽ ഉയർത്താനാവും. രണ്ടുമൂന്നു സെക്കൻഡ് ഈ നിലയിൽ നിന്നശേഷം ശ്വാസം വിട്ടുകൊണ്ടു വലതുകാൽ പൂർവസ്‌ഥാനത്തു കൊണ്ടുവന്നു വയ്‌ക്കുക. ഇനി ഇടതുകാൽ കൊണ്ടും ഇത് ആവർത്തിക്കുക. ഓരോ കാലും മാറിമാറി അഞ്ചോ ആറോ തവണ ആവർത്തിക്കണം. ക്ഷീണം തോന്നിയാൽ ഉടൻ ശവാസനം ചെയ്യണം. രോഗികൾക്കു രാവിലെയും വൈകിട്ടും ഈ യോഗാസനം പരിശീലിക്കാവുന്നതാണ്.

പ്രയോജനം

അടിവയറ്റിലെ എല്ലാ അവയവങ്ങൾക്കും നല്ല വ്യായാമം ലഭിക്കുന്നു. ജനനേന്ദ്രിയ വ്യൂഹത്തിന്റെയും ദഹനേന്ദ്രിയത്തിന്റെയും പ്രവർത്തനം സുഗമമാക്കുന്നതിനു പുറമേ മലബന്ധം, ഗ്യാസ്‌ട്രബിൾ, മൂലക്കുരു തുടങ്ങിയ പല പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനും സഹായിക്കുന്നു. കരൾ, വൃക്ക, കുടൽ, പാൻക്രിയാസ് എന്നിവയുടെ ആരോഗ്യത്തിനും ഉത്തമം.

No comments:

Post a Comment